എഴുത്ത് :- നഹ്‌ല
“”” എനിക്കൊരു അബദ്ധം പറ്റിയതാണ് ഇക്ക ഞാൻ തിരിച്ച് അങ്ങോട്ടേക്ക് തന്നെ വന്നോട്ടെ?? “”
ഫോണിലൂടെയുള്ള ചോദ്യം കേട്ടതും കാലിൽ നിന്ന് ദേഷ്യം അരിച്ചു കയറി നൗഷാദിന്!!
“” മേലാൽ എന്റെ ഫോണിലേക്ക് വിളിക്കരുത്!””
എന്നും പറഞ്ഞ് കട്ട് ചെയ്തു ഇതിപ്പോൾ എത്രയോ തവണയായി അവളോട് ഇങ്ങനെ പറയുന്നു വീണ്ടും ഫോൺ റിങ്ങ് ചെയ്തു. അവൾ തന്നെയാണ് അതുകൊണ്ടാണ് സ്വിച്ച് ഓഫ് ചെയ്തു വെച്ചത്..
അന്നേരമാണ് ഉമ്മ വന്നു വിളിക്കുന്നത് താഴെ ആരൊക്കെയോ നിന്നെ കാണാൻ വന്നിട്ടുണ്ട് എന്നും പറഞ്ഞ് ദേഷ്യത്തോടെ അങ്ങോട്ടേക്ക് ചെന്നു. എന്തോ മുറിയിൽ ഒറ്റക്കിരിക്കാൻ ആയിരുന്നു അപ്പോൾ തോന്നിയത് താഴെ ചെന്നപ്പോൾ കണ്ടത് അവളുടെ ഉപ്പയെയും ആങ്ങളയെയും ആയിരുന്നു വന്ന ദേഷ്യം അവരുടെ മുന്നിൽ കാണിച്ചില്ല അല്ലെങ്കിലും മക്കൾ ചെയ്യുന്ന തെറ്റിന് ബാക്കിയുള്ളവരോട് ദേഷ്യപ്പെട്ടിട്ട് എന്ത് കാര്യം..
“”” നൗഷാദ് അന്റെ കാല് പിടിക്കാനാണ് ഞങ്ങൾ വന്നത്!!! ആരിഫാക്ക് ഒരു തെറ്റുപറ്റിയതാണ് അവൾ അത് തിരിച്ചറിയുകയും ചെയ്തു ചെറിയ കുട്ടിയല്ലേ?? തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ നീ അതൊന്ന് ക്ഷമിച്ചേക്ക് എന്നിട്ട് എല്ലാം മറന്ന് അവളെ ഇങ്ങോട്ട് തിരിച്ചു കൊണ്ടുവരാം!””
അവർ വന്നതിന്റെ ഉദ്ദേശം മുഖവുര ഇല്ലാതെ പറഞ്ഞു തീർത്തു അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..
ഞാൻ എന്റെ ഉപ്പയെ നോക്കി ഉപ്പ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. എനിക്കറിയാം തീരുമാനം മുഴുവൻ എനിക്ക് വിട്ടു തന്നിരിക്കുകയാണ് കാരണം എന്റെ ആണല്ലോ ജീവിതം..
“”” നിങ്ങൾക്ക് എന്റെ ഉപ്പാന്റെ പ്രായമുണ്ട് ആ ഒരു ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയുകയാണ് ആരിഫ എന്നൊരു പെണ്ണ് ഇനി എന്റെ ജീവിതത്തിൽ ഇല്ല!!! നിങ്ങടെ മോള് പോയി എന്ന് വിചാരിച്ച് താടിയൊക്കെ വളർത്തി ദേവദാസനായി നടക്കാനും ഞാൻ ഉദ്ദേശിച്ചിട്ടില്ല ഉമ്മയോട് ഞാൻ പറഞ്ഞു കഴിഞ്ഞു മറ്റൊരു പെണ്ണിനെ നോക്കാൻ എന്തായാലും ഇത്തവണ പോകുന്നതിനു മുമ്പ് എന്റെ കല്യാണം നടത്തുക തന്നെ ചെയ്യും!!! ഇനി അവളുടെ കാര്യം പറഞ്ഞ് ഇങ്ങോട്ട് വരണ്ട കല്യാണം ശരിയായാൽ ഞങ്ങൾ അങ്ങോട്ട് വരാം ക്ഷണിക്കാൻ!””
എന്റെ തീരുമാനം പറഞ്ഞ് ഞാൻ അവിടെ നിന്ന് എണീറ്റ് മുറിയിലേക്ക് തന്നെ പോയി അന്നേരം അവർ ഉപ്പയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്തുതന്നെ പറഞ്ഞാലും എന്റെ ഇഷ്ടത്തിനെതിരായി ഉപ്പ ഒന്നും തന്നെ ചെയ്യില്ല എന്നെനിക്കറിയാം മുറിയിൽ പോയി ഇരുന്നു ഫോൺ എടുത്തു ഓൺ ചെയ്തു..
ഗാലറിയിൽ വെറുതെ ഒന്ന് നോക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നു അവളുടെയും എന്റെയും നിക്കാഹിന്റെ ഫോട്ടോ.
ഇത്തവണ നാട്ടിൽ വന്നപ്പോൾ എന്തായാലും നിന്റെ കല്യാണം നടത്തിയേ വിടൂ എന്ന് നിർബന്ധം പറഞ്ഞിരുന്നു ഉമ്മ അത് പ്രകാരമാണ് അവരോട് ഒരു പെൺകുട്ടിയെ നോക്കി വെച്ചോളാൻ പറഞ്ഞത്!! വളരെ സുന്ദരി ആയിരിക്കണം എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ.
അങ്ങനെ നോക്കി വച്ചതായിരുന്നു ആരിഫയെ.. എല്ലാവർക്കും ഇഷ്ടമായി നല്ല സുന്ദരിക്കുട്ടി അതുകൊണ്ടുതന്നെയാണ് ഞാൻ ലീവിൽ വന്ന ഉടനെ കല്യാണം എന്നു പറഞ്ഞത് ആദ്യമേ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഒരുപാട് സമയം കിട്ടുമല്ലോ ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ എന്നൊക്കെയായിരുന്നു വീട്ടുകാരുടെ തീരുമാനം വീഡിയോ കോളിലൂടെ ഞാൻ അവളെ കണ്ടു എനിക്കും ഇഷ്ടമായി..
നാട്ടിൽ വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ കല്യാണം നടത്തി പിന്നെയും രണ്ടുമാസം ലീവ് ഉണ്ടായിരുന്നു അത് വേണമെങ്കിൽ എക്സ്റ്റന്റ് ചെയ്യുകയും ചെയ്യാം!!
പക്ഷേ കല്യാണം നടത്തിയ അന്ന് അവൾ എന്നോട് തുറന്നു പറഞ്ഞു, അവൾക്കൊരു പ്രണയബന്ധം ഉണ്ടെന്നും അയാളുടെ കൂടെ അവൾ പോവുകയാണ് എന്നും എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുമ്പ് അവൾ പുറത്ത് കാത്തുനിന്ന് അവളുടെ കാമുകനൊപ്പം സ്ഥലം വിട്ടിരുന്നു…
എല്ലാം ഒരു സിനിമ കഥ പോലെ തോന്നി ഞാൻ അവളുടെ വർത്തമാനം കേട്ട് എന്റെ വീട്ടുകാരെ അറിയിക്കാൻ വേണ്ടി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗ്യാപ്പിന് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് പോയി. അവിടെ ബൈക്കും കൊണ്ട് കാത്തുനിൽക്കുകയായിരുന്ന അവന്റെ കൂടെ കയറിപ്പോയതാണ് ഞങ്ങൾക്ക് കുറെ പുറകെ പോയി നോക്കി.. പക്ഷേ അവരെ പിടിക്കാൻ പറ്റിയില്ല..
അവളുടെ വീട്ടിലേക്ക് വിളിച്ചുപറഞ്ഞു അവർക്കും അറിയാമായിരുന്നു അത് ഏതാ ചെക്കൻ എന്ന്!!!സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ അവൾക്ക് ആ പയ്യനുമായി റിലേഷൻ ഉണ്ടായിരുന്നു വീട്ടുകാർ അറിഞ്ഞപ്പോൾ അവളെ വാണിംഗ് കൊടുത്തു മാറ്റിയതാണ് അതിൽ നിന്ന്.
എന്നിട്ടും അവർ അറിയാതെ അവർ ആ ബന്ധം തുടർന്നു ഒടുവിൽ ഞാനുമായുള്ള കല്യാണത്തിന് അവളെക്കൊണ്ട് നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു..
എല്ലാവരും കൂടി അവന്റെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്..
പിന്നെ എങ്ങോട്ട് പോയി എന്നൊരു രൂപവും ഉണ്ടായിരുന്നില്ല.. അവന്റെ ഏതോ ഒരു കൂട്ടുകാരന്റെ വീട്ടിൽ അന്ന് രാത്രി അവർ കഴിഞ്ഞു അതുകഴിഞ്ഞ് അടുത്ത ദിവസം അവർ അവന്റെ വീട്ടിലേക്ക് ചെന്നിരുന്നു പക്ഷേ അവൾ ഉദ്ദേശിച്ച പോലെ ഒരു വീട് ആയിരുന്നില്ല അത് …
ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് മനസ്സിലായി, വളരെ പാവപ്പെട്ട ഒരു കുടുംബമാണ് അത് എന്ന്.. പ്രണയിച്ച് നടന്നപ്പോഴത്തെ സുഖം ഒന്നും അവിടെയുള്ള ജീവിതത്തിന് അവൾക്ക് നൽകാൻ ആവില്ല എന്നും അവൾ തിരിച്ചറിഞ്ഞു.
അതുകൊണ്ടുതന്നെ അവൾ മെല്ലെ അവിടെനിന്ന് സ്കൂട്ടായി അവളുടെ വീട്ടിലേക്ക് പോയി..
ഇപ്പോ അവൾ പറയുന്നത് ഒരു അബദ്ധം പറ്റിയതാണ് അവളെ ഭീഷണി പ്പെടുത്തി കൊണ്ടു പോയതാണ് അവൻ എന്നെല്ലാം ആണ് അവൾക്കിപ്പോൾ എന്റെ കൂടെ കഴിയണമെന്ന്.. അവൾ പറഞ്ഞത് പച്ചക്കള്ളമാണെന്ന് എനിക്കറിയാമായിരുന്നു അവന്റെ കൂടെ പോകുമ്പോഴത്തെ അവളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല..
കുറെ പേര് അവളെ അനുകൂലിച്ചു വന്നു പക്ഷേ എനിക്ക് ഇനി അവളെ എന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല .
പള്ളിയിലെ തലമൂത്ത ആളുകൾ വന്ന് ചർച്ചയ്ക്ക് ഇരുന്നു എല്ലാവരും എന്നെ അനുകൂലിച്ചു തന്നെയാണ് സംസാരിച്ചത് എന്റെ ഭാഗത്താണ് ന്യായം എന്ന് എല്ലാവരും പറഞ്ഞു അതുകൊണ്ടുതന്നെ ഈ വിവാഹം റദ്ദാക്കി തന്നു..
അധികം വൈകാതെ തന്നെ അറിയാവുന്ന ഒരു കുട്ടിയെ കല്യാണം ഉറപ്പിച്ചു പെട്ടെന്ന് തന്നെ ഞാൻ കല്യാണവും കഴിച്ചു..!! സൗന്ദര്യം ഉള്ള കുട്ടി മതി എന്ന് എന്റെ തീരുമാനം മാറിയിരുന്നു.. എന്നെ സ്നേഹിക്കാൻ മനസ്സുള്ള ഒരു കുട്ടി എന്ന് തിരുത്തി..
അവളെ ഒരു രാജകുമാരിയെ പോലെ കൊണ്ട് നടക്കണം എന്ന് എനിക്ക് വാശിയായിരുന്നു ആരിഫയോളം ഭംഗിയില്ല എങ്കിലും സ്നേഹിക്കാൻ പറ്റുന്ന ഒരു മനസ്സുണ്ടെന്ന് അവളും തെളിയിച്ചു..
ആരിഫ ആകട്ടെ എല്ലാവരുടെയും നിർബന്ധപ്രകാരം അവൾക്ക് അവൾ കണ്ടുപിടിച്ച ചെർക്കന്റെ കൂടെ തന്നെ പോകേണ്ടിവന്നു!!!
ആ കുഞ്ഞ് വീട്ടിൽ അവൾ ഇപ്പോൾ സ്വന്തം വിധിയെ പഴിച്ച് ജീവിക്കുന്നുണ്ട് സ്വന്തമായി തീരുമാനിച്ച എടുത്ത് ചാട്ടത്തിന് കിട്ടിയ തിരിച്ചടി!!!
പക്ഷേ എനിക്ക് അവളുടെ കാര്യം ഓർത്ത് ഒട്ടും വിഷമം തോന്നുന്നില്ല അത് അവൾക്ക് അർഹിക്കുന്നത് തന്നെയായിരുന്നു കുറച്ചു ദിവസത്തെയെങ്കിലും അവളെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നൊരു തെറ്റു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.. അതിന്റെ ഒരു വേദനയും ഉണ്ടായിരുന്നു..
എന്റെ മെഹറിൻ വന്നപ്പോൾ, അതും മാറി ഇപ്പോൾ ഞങ്ങളുടെ ജീവിതം സ്വർഗ്ഗതുല്യം ആണ്