ആദ്യരാത്രി
Story written by Saji Thaiparambu
അവരുടേതൊരു ലൗമാര്യേജായിരുന്നത് കൊണ്ട് ,അന്നവർക്ക് സംസാരിക്കാൻ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു
ആറ് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവീട്ടുകാരെയും മുൾമുനയിൽ നിർത്തിയാണ് അവർ വിവാഹിതരായത്, ആ കാലയളവിനുള്ളിൽ തന്നെ, ഭൂമിയിലെ മാത്രമല്ല, ചൊവ്വയിലെ ജലസാന്നിദ്ധ്യം പോലും, അവർ ചർച്ച ചെയ്ത് കഴിഞ്ഞിരുന്നു.
ഇന്ന് ഏത് വിഷയം സംസാരിക്കുമെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ആ നവവധൂവരൻമാർ.
എങ്കിൽ നമുക്ക്, ലൈറ്റണച്ച് കിടന്നാലോ?
ഒടുവിൽ മൗനവ്രതത്തിന് വിരാമമിട്ട് കൊണ്ട് അയാൾ ചോദിച്ചു.
അയ്യോ വേണ്ട, മണി പത്ത് പോലുമായിട്ടില്ല ,ഇവിടെ മറ്റുള്ളവരൊന്നും ഉറങ്ങിയിട്ടില്ല ,തൊട്ടപ്പുറത്തെ ഡൈനിങ്ങ് റൂമിൽ മീനുഅമ്മായിയും ഗീതച്ചിറ്റയും അമ്മയുമൊക്കെ, ഇത് വരെ വിശേഷങ്ങൾ പറഞ്ഞ് തീർന്നിട്ടില്ല, ദേ ഈ ജനാലയ്ക്കപ്പുറത്തെ പന്തലിൽ വല്യേട്ടൻ കൂട്ടുകാർക്ക് ഹോട്ട് ട്രീറ്റ് കൊടുത്ത് കൊണ്ടിരിക്കുവാണ്, ഇത്ര നേരത്തെ ഈ മുറിയിലെ ലൈറ്റ് ഓഫാക്കിയാൽ, അവരൊക്കെ എന്ത് വിചാരിക്കും, നമുക്ക് ആക്രാന്തമാണെന്ന് കരുതി ല്ലേ?എന്തായാലും വേകും വരെ ക്ഷമിച്ചില്ലേ ?ഇനീപ്പോ ആറും വരെ കാത്തിരിക്കാം, നീയെന്തെങ്കിലും വിഷയം പറയ്, നമുക്ക് കുറച്ച് നേരം കൂടി സംസാരിച്ചിരിക്കാം
ബനാന ടോക്കിൻ്റെ സഹായത്തോടെ അവൾ അവനെ ഉപദേശിച്ചു.
എനിക്ക് പറയാൻ, സബ്ജക്ട് ഒന്നുമില്ലാത്തത് കൊണ്ടല്ലേ? കിടക്കാമെന്ന് ഞാൻ പറഞ്ഞത്, ഒരു കാര്യം ചെയ്യ് , കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, എന്നോട് ചോദിക്കണമെന്ന് കരുതിയിട്ട്, അന്നത് ചോദിച്ചാൽ ചിലപ്പോൾ ബ്രേക്ക് അപ് ആകു മെന്ന ഭയം മൂലം ,മനസ്സിൽ കുഴിച്ച് മൂടിയ എന്തെങ്കിലും കാര്യം ,ഇപ്പോൾ നിൻ്റെ ഓർമ്മയിൽ തെളിഞ്ഞ് വരുന്നുണ്ടെങ്കിൽ , നീഎന്നോട് ധൈര്യമായിട്ട്ചോദിച്ചോളു ,
ഇപ്പോൾ നമ്മുടെ വിവാഹം കഴിഞ്ഞില്ലേ?ഇനിയിപ്പോൾ ബ്രേക്ക് അപ് ആകുമെന്ന് പേടിക്കണ്ടല്ലോ?
അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ…. ഞാനെന്ത് പറയാനാണ് ,അല്ല ,നിനക്കും കാണുമല്ലോ? ,ഞാൻ നിന്നെ വിട്ട് പോകുമെന്ന ഭയം കാരണം, ചോദിക്കാതെ മനസ്സിൽ തന്നെ കുഴിച്ച് മൂടിയ, ചില സംശയങ്ങൾ , അത് ആദ്യം നീ ചോദിക്ക്?
സംശയങ്ങളോ? നീയെന്താ പറഞ്ഞു വരുന്നത് ? അതിൻ്റെയർത്ഥം, മുൻപ് ഞാനൊരു സംശയ രോഗിയായിരുന്നെന്നല്ലേ? അപ്പോൾ നിൻ്റെ മനസ്സിൽ, എന്നെക്കുറിച്ച് അങ്ങനെ ചില മിഥ്യാധാരണകളുണ്ടായിരുന്നല്ലേ?എന്നിട്ടെന്താ, നിയതൊന്നും കല്യാണത്തിന് മുമ്പ് ചോദിച്ച് ക്ളിയറ് ചെയ്യാതിരുന്നത് ? ഓഹ്, അങ്ങനെ ചോദിച്ചാൽ എന്നെ പോലെ യോഗ്യനായൊരാളെ നഷ്ടപ്പെടുമെന്ന് നീ കരുതിയിട്ടുണ്ടാവുമല്ലേ?
അയ്യടാ .. ദേ യോഗ്യതയെക്കുറിച്ചൊന്നും നീയെന്നോട് പറയരുത്, നിൻ്റെ ആദ്യ റിലേഷൻ, ബ്രേക്ക് അപ് ആയപ്പോഴല്ലേ? നീയെൻ്റെ പുറകെ വന്നത്?അന്ന് നീ എൻ്റെ മുന്നിൽ വന്ന് കരഞ്ഞ് സെൻ്റിയടിച്ചപ്പോൾ ഞാൻ വീണു പോയെന്നുള്ളത് സത്യമാണ്, എന്ന് വച്ച് അതെൻ്റെ വീക്ക്നെസ്സായിട്ട് നീ കരുതേണ്ട, യോഗ്യത പോലും …, എന്നെ ക്കൊണ്ട് കൂടുതല് പറയിപ്പിക്കരുത്,
ചൂണ്ട് വിരൽ അയാളുടെ മൂക്കിന് നേരെ നീട്ടിയിട്ട് , ഒരു താക്കീത് പോലെ അവൾ പറഞ്ഞു.
നീ വലിയ പതിവ്രതയൊന്നുമാകണ്ടാ.. നിൻ്റെ ചരിത്രമൊക്കെ എനിക്കുമറിയാം ,നീയാ വിനീഷിൻ്റെ പുറകെ നടന്നവളല്ലേ? അവസാനം കാര്യം കഴിഞ്ഞ് ,അവൻ മൂട്ടിലെ പൊടിയും തട്ടിപ്പോയപ്പോഴല്ലേ? നീയെൻ്റെ തോളിൽ ചാടിക്കയറിയത്?
ഷട്ട് അപ്… ,ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത് ,ഇതെൻ്റെ വീടായത് കൊണ്ടും ആദ്യരാത്രിയായത് കൊണ്ടും നിന്നോട് ഇറങ്ങിപ്പോകാൻ ഞാൻ പറയുന്നില്ല, പക്ഷേ നാളെ നേരം വെളുക്കുമ്പോൾ നിന്നെ ഈ വീട്ടിൽ കണ്ട് പോകരുത് ,അന്ന് നല്ലവനാണെന്ന് കരുതി ,
നിന്നെ നഷ്ടപ്പെടാതിരിക്കാൻ എൻ്റെ മനസ്സിലെ സംശങ്ങളെയൊക്കെ ഞാൻ മനസ്സിൽ തന്നെ അടക്കം ചെയ്തു ,പക്ഷേ ആദ്യരാത്രിയിൽ തന്നെ എൻ്റെ വിർജിനിറ്റിയിൽ സംശയം പ്രകടിപ്പിച്ച നീയുമൊത്തൊരു ദാമ്പത്യജീവിതത്തിന് ഇനിയെനിക്ക് താല്പര്യമില്ല
ഗുഡ് ബൈ ….
ഉണ്ണിയാർച്ചയെപ്പോലെ ഉറഞ്ഞ് തുള്ളിക്കൊണ്ടവൾ മുറിവിട്ട് പുറത്തേയ്ക്ക് പാഞ്ഞ് പോയപ്പോൾ ആദ്യരാത്രി കാളരാത്രിയായതിൻ്റെ ഞെട്ടലിലായിരുന്നയാൾ .
NB :- നഷ്ടപ്പെടുമെന്ന പേടി കൊണ്ട് പ്രണയിക്കുന്ന സമയത്ത് പലതും മറച്ച് വയ്ക്കുന്ന കമിതാക്കൾ ഓർക്കുക ,വിവാഹം കഴിയുമ്പോൾ ബ്രേക്ക് അപ് എന്ന വാക്ക് മാത്രമേ മാറുന്നുള്ളു, അതിന് ശേഷമുള്ള ഡൈവോഴ്സെന്ന പ്രക്രിയയിലൂടെ സംഭവിക്കുന്നതും നഷ്ടപ്പെടല് തന്നെയാണ് ,