എഴുത്ത്:-അപ്പു
മiദ്യപിച്ച് ലെക്ക് കെട്ട് വീട്ടിലേക്ക് കയറി വരുന്ന മകനെ കണ്ടപ്പോൾ വനജയുടെ കണ്ണ് നിറഞ്ഞു.
“ഇതെന്ത് കോലമാണ് മോനെ.നീ എന്തിനാ ഇങ്ങനെ കുiടിച്ചു നശിക്കുന്നത്..?”
അവർ സങ്കടത്തോടെ ചോദിച്ചു.
” ഞാനെങ്ങനെ കുiടിക്കാതിരിക്കുന്നെ..ആകെ കയ്യിലുണ്ടായിരുന്ന ഒക്കെക്കൂടി കൊടുത്ത് ഒരു ബിസിനസ് തുടങ്ങി. അത് എട്ടു നിലയിൽ പൊട്ടി എന്ന് മാത്രമല്ല മനുഷ്യന് നാട്ടിൽ നിൽക്കാൻ പറ്റാത്ത കടവും. ഇത്തിരിയെങ്കിലും സമാധാനം കിട്ടട്ടെ എന്ന് ഓർത്തിട്ടാണ്. ഇത് കുiടിച്ച് ബോധം പോകുന്ന കുറച്ച് സമയമെങ്കിലും ഇതിനെക്കുറിച്ച് ആലോചിച്ചിട്ട് ടെൻഷൻ അടിക്കേണ്ടല്ലോ..”
മകൻ പറഞ്ഞത് കേട്ടപ്പോൾ അവർക്ക് വിഷമം തോന്നി.
” നീ ഇങ്ങനെ കുടിച്ചു നശിക്കുന്നത് കൊണ്ട് എല്ലാ പ്രശ്നവും തീരും എന്നാണോ നിന്റെ വിചാരം..? നീ പോയി നിന്റെ ഭാര്യയോട് പറയു.. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അല്ലേ അവൾ നിന്നെ സഹായിക്കേണ്ടത്..? “
അവർ പറഞ്ഞപ്പോൾ മകൻ അവരെ തുറിച്ചു നോക്കി.
“അവൾ എന്നെ എങ്ങനെ സഹായിക്കും എന്നാണ്..? അവൾക്ക് സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഒന്നുമില്ലല്ലോ. എന്നുമാത്രമല്ല അവളുടെ കയ്യിലുണ്ടായിരുന്ന സ്വർണം മുഴുവൻ ഞാൻ എടുത്ത് വിൽക്കുകയും ചെയ്തു. അപ്പോൾ പിന്നെ അവളുടെ കയ്യിൽ എവിടുന്നാ..?”
അവൻ മടിയോടെ ചോദിച്ചു.
“നീ എന്തിനാടാ ഇങ്ങനെയൊക്കെ വിചാരിക്കുന്നത്..? നീ അവളോട് പോയി നിന്റെ വിഷമം പറയുമ്പോൾ അവൾ അത് അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞോളും. പണ്ടത്തെ പേര് കേട്ട തറവാട്ടുകാരാണ്. എത്ര ഏക്കർ പുരയിടങ്ങളാണ് അവർക്കുണ്ടായിരുന്നത് എന്നറിയാമോ. എന്തെങ്കിലുമൊക്കെ നീക്കിയിരുപ്പ് അവർക്ക് ഉണ്ടാകാതെ ഇരിക്കില്ല.”
അമ്മ പ്രോത്സാഹിപ്പിച്ചു.
” പണ്ട് അവർ വലിയ തറവാട്ടുകാരായിരുന്നു എന്നത് ശരി തന്നെ. പക്ഷേ ഇപ്പോൾ അവരുടെ അവസ്ഥ അങ്ങനെയൊന്നും അല്ല എന്ന് അമ്മയ്ക്ക് അറിയില്ലേ..?”
അവൻ ചോദിച്ചപ്പോൾ അമ്മ ചിരിച്ചു.
” എടാ.. അവൾ അവർക്ക് ആകെയുള്ള ഒരു മോളാണ്. അവരുടെ എല്ലാ സ്വത്ത് വകകൾക്കും അവകാശി അവളാണ്.അപ്പോൾ പിന്നെ നിനക്ക് ഒരു ആവശ്യം വരുമ്പോൾ വിറ്റൊ പണയപ്പെടുത്തിയോ തരുന്നതു കൊണ്ട് എന്താണ് നഷ്ടം..? നിനക്ക് വേണ്ടി മാത്രമല്ലല്ലോ.. അവരുടെ മകൾക്ക് കൂടി വേണ്ടിയല്ലേ..? “
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അത് ശരിയാണെന്ന് അവന് തോന്നി. അതോടെ ഭാര്യയോട് പണം ചോദിക്കാം എന്നൊരു തീരുമാനത്തോടെ അവൻ മുറിയിലേക്ക് പോയി.
അവൻ അവിടേക്ക് ചെല്ലുമ്പോൾ അവൾ കുഞ്ഞിന് ആഹാരം കൊടുക്കുക യായിരുന്നു.
“ഇന്നും ഏട്ടൻ കുiടിച്ചിട്ടാണോ വന്നത്..?”
അവന്റെ വരവ് കണ്ടപ്പോൾ സങ്കടത്തോടെ അവൾ ചോദിച്ചു.
“സോറി.ഇനി കുടിക്കില്ല.. എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.”
അവളോട് ക്ഷമാപണം നടത്തിക്കൊണ്ട് അവൻ അവളുടെ അടുത്തിരുന്നു.
” പുതിയൊരു ബിസിനസ് ഐഡിയ കിട്ടിയിട്ടുണ്ട്. അത് നടപ്പിലാക്കണമെങ്കിൽ നീ കൂടി എന്നെ സഹായിക്കണം. “
അവൻ തന്ത്രത്തിൽ അവളോട് പറയുമ്പോൾ അവൾ പകച്ചിരുന്നു.
“ഞാൻ ഏട്ടനെ എങ്ങനെ സഹായിക്കാനാണ്.? എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണം മുഴുവൻ ഏട്ടൻ നേരത്തെ തന്നെ കൊണ്ടു പോയില്ലേ..? ഇനി ഞാനെന്തു തരാനാണ്..?”
അവൾ നിസ്സഹായതയോടെ ചോദിച്ചു.
” നിന്റെ കയ്യിൽ ഇല്ലെങ്കിൽ നീ നിന്റെ വീട്ടിൽ ചോദിച്ചാലും മതി. “
അവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു.
“അവിടുത്തെ അവസ്ഥയൊക്കെ ഏട്ടനു അറിയാവുന്നതല്ലേ..?അവർ എവിടുന്ന് എടുത്തിട്ട് സഹായിക്കും എന്നാണ്.. കഴിഞ്ഞ തവണ തന്നെ ഏട്ടന് 5 ലക്ഷം രൂപ തരാൻ വേണ്ടി അവർ കഷ്ടപ്പെട്ടത് ഞാൻ കണ്ടതാണ്. അവർക്ക് ആകെയുള്ള വരുമാനം അച്ഛൻ ജോലിക്ക് പോകുന്നത് മാത്രമാണ്. അതിൽ നിന്ന് നീക്കിയിരുപ്പുണ്ടാക്കി ഇങ്ങനെ പണം തരാൻ എന്നും അവർക്ക് വരുമാനം ഇല്ലല്ലോ.”
അവൾ എതിർത്തു പറയുന്നത് അവനു സഹിക്കാൻ കഴിഞ്ഞില്ല.
” നീ നാളെ രാവിലെ തന്നെ വീട്ടിലേക്ക് പൊക്കോ. എന്നിട്ട് പണവുമായി തിരികെ വന്നാൽ മതി. അല്ലെങ്കിൽ നീ ഇങ്ങോട്ട് വരണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. “
ദേഷ്യത്തോടെ അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിവിട്ട് പുറത്തേക്ക് പോകുമ്പോൾ അവൾ കരയാൻ തുടങ്ങിയിരുന്നു.
തിരികെ അവൻ അമ്മയുടെ അടുത്തേക്ക് എത്തുമ്പോൾ അവർ ആകാംക്ഷയോടെ കാര്യങ്ങൾ അന്വേഷിച്ചു.
” ഞാൻ അവളോട് നാളെ രാവിലെ തന്നെ വീട്ടിൽ പോയി പണം കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ ഇങ്ങോട്ട് വരണ്ട എന്നും പറഞ്ഞു. ഇനിയിപ്പോൾ അവൾ ഇങ്ങോട്ട് വരാതെ എങ്ങാനും ഇരിക്കുമോ..?”
അവൻ ആശങ്കയോടെ ചോദിച്ചു.
“എടാ മണ്ടാ.. കല്യാണം കഴിഞ്ഞ് മകൾ ഒരു ചെറിയ കൊച്ചിനെയും കൊണ്ട് ഇങ്ങനെ ഒരു ആവശ്യത്തിന് വീട്ടിലേക്ക് ചെന്ന് നിന്നാൽ ഏതെങ്കിലും മാതാപിതാക്കൾ അവളെ തിരികെ വിടാതിരിക്കുമോ.. അവരുടെയൊക്കെ നെഞ്ചിൽ തീ ആയിരിക്കും. എവിടെ നിന്നെങ്കിലും പണം ഒപ്പിച്ചു അവർ അവളെ ഇവിടെ കൊണ്ടു വന്നാക്കും. നീ പേടിക്കണ്ട.”
അമ്മയുടെ വാക്കുകൾ അവന് വല്ലാത്ത ആശ്വാസം നൽകുന്നതായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ അവൾ അവളുടെ വീട്ടിലേക്ക് പോയി. അവളെ കണ്ടതോടെ അമ്മ ആകെ അതിശയിച്ചു.
“നീയെന്താ മോളെ പറയാതെ വന്നത്..? അവൻ എവിടെ..?’ “
അവർ ചോദിച്ചപ്പോൾ കൂടുതൽ ഒന്നും പറയാതെ കുഞ്ഞിനെ അവരുടെ കയ്യിലേക്ക് കൊടുത്തിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.
അവളുടെ ഭാവത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി അവർക്ക് തോന്നി. പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ അവർ അത് അന്വേഷിക്കുകയും ചെയ്തു.
ഭർത്താവിന്റെ വീട്ടിലേക്ക് കാര്യങ്ങൾ ഓരോന്നായി അവൾ പറയുമ്പോൾ, വല്ലാത്തൊരു വിഷമത്തോടെയാണ് അവർ അത് കേട്ടിരുന്നത്.
” ഇവർ ഇങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യാനാ മോളെ.. ഇപ്പോൾ 5 ലക്ഷം രൂപ വേണമെന്ന് പറഞ്ഞാൽ ഞങ്ങൾ എവിടെ നിന്നും തരാനാണ്..? ഇവിടുത്തെ കാര്യങ്ങളൊക്കെ നിനക്ക് അറിയാവുന്നതല്ലേ..? “
സങ്കടത്തോടെ അവർ ചോദിച്ചു.
” എനിക്ക് എല്ലാം അറിയാം. ഞാൻ ഇനി അവിടേക്ക് പോകുന്നില്ല. “
അത്രയും പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റ് പോയി.
വൈകുന്നേരം അവളുടെ അച്ഛൻ ജോലി കഴിഞ്ഞു വന്നപ്പോൾ അമ്മ കാര്യങ്ങളൊക്കെ ധരിപ്പിച്ചു.
” ഇപ്പോൾ 5 ലക്ഷം രൂപയ്ക്ക് നമ്മൾ എന്ത് ചെയ്യാനാ.. ആരോടും കടം ചോദിച്ചാൽ പോലും കിട്ടില്ല. തറവാടിന്റെ പേര് മാത്രമേയുള്ളൂ നമ്മുടെ കയ്യിൽ ഒന്നുമില്ല എന്ന് എല്ലാവർക്കും അറിയാം. ഒരു ഗ്യാരണ്ടിയും ഇല്ലാതെ ആരും ഇത്രയും വലിയ തുകയൊന്നും നമുക്ക് തരില്ലല്ലോ.. “
സങ്കടത്തോടെ അയാൾ പറഞ്ഞു.
” എന്നുവച്ച് ഈ പെൺകുട്ടിയെ ഇങ്ങനെ ഇവിടെ നിർത്താൻ പറ്റുമോ..? “
അമ്മ ആശങ്കയോടെ ചോദിച്ചു.
” നമുക്ക് പ്രൈവറ്റ് ബാങ്കിൽ നിന്നും ലോൺ എടുക്കാം. വീടിന്റെ ആധാരം പണയം വയ്ക്കാം. അല്ലാതെ ഞാൻ നോക്കിയിട്ട് മറ്റ് മാർഗ്ഗങ്ങൾ ഒന്നും കാണുന്നില്ല. “
ആലോചനയോടെ അച്ഛൻ പറയുന്നതും കേട്ടു കൊണ്ടാണ് അവൾ അവിടേക്ക് വരുന്നത്.
” അച്ഛാ.. എനിക്ക് വേണ്ടി അച്ഛൻ വലിയൊരു ബാധ്യത എടുത്ത് തലയിൽ വയ്ക്കേണ്ട. എനിക്കിനി ആ വീട്ടിലേക്ക് മടങ്ങി പോകണമെന്നില്ല. “
അവൾ പറഞ്ഞപ്പോൾ അമ്മയും അച്ഛനും പരസ്പരം നോക്കി.
” നിങ്ങളെക്കൊണ്ട് സാധിക്കുന്നത് മുഴുവൻ തന്നിട്ടാണ് നിങ്ങൾ എന്നെ വിവാഹം കഴിച്ചു വിട്ടത്. എന്നിട്ട് അവരുടെ ആവശ്യങ്ങൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഇപ്പോൾ എവിടെനിന്നെങ്കിലും നിങ്ങളെ എനിക്ക് ഈ അഞ്ചുലക്ഷം രൂപ തന്നാൽ നാളെ പണത്തിന് മറ്റെന്തെങ്കിലും ആവശ്യം വന്നാൽ അവർ വീണ്ടും നിങ്ങളോട് ചോദിക്കും.ഇപ്പോഴത്തെ പോലെ തന്നെ പലതരത്തിലുള്ള ഭീഷണികളും ഉണ്ടാകും. അന്നൊക്കെ അതിനു വഴങ്ങി പണം തരാൻ ഇവിടെ ഉണ്ടാകില്ല. അതിനെക്കാളൊക്കെ എത്രയോ നല്ലതാണ് ഞാൻ ഇനി അവിടേക്ക് പോകാതിരിക്കുന്നത്.. “
അവൾ പറയുമ്പോൾ അമ്മ അതിശയിച്ചു.
” അവിടേക്ക് പോകാതെ പിന്നെ ഈ കുഞ്ഞിനെ എങ്ങനെ വളർത്തും.. “
അവർ ആശങ്കയോടെ ചോദിച്ചു.
” നിങ്ങൾ എനിക്ക് നല്ല വിദ്യാഭ്യാസം നേടി തന്നിട്ടില്ലേ..? എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ച് ഞാൻ എന്റെ മകനെ വളർത്തി കൊള്ളാം. ഞാനിവിടെ നിൽക്കുന്നതിൽ നിങ്ങൾക്കെന്തെങ്കിലും എതിർപ്പുണ്ടോ..? “
ഉറച്ച സ്വരമായിരുന്നു അവളുടെ.
“ഞങ്ങൾക്ക് എന്ത് എതിർപ്പാ മോളെ.. എന്നാലും അച്ഛനില്ലാതെ ഒരു കുട്ടിയെ വളർത്തുക എന്നൊക്കെ പറഞ്ഞാൽ…”
അമ്മയുടെ ആശങ്ക ഒഴിയുന്നുണ്ടായിരുന്നില്ല.
” എന്റെ മകന് അവന്റെ അച്ഛന്റെ സ്നേഹം നിഷേധിക്കണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല. ചെയ്ത തെറ്റ് മനസ്സിലാക്കി അയാൾ എന്നിലേക്ക് മടങ്ങി വന്നാൽ അയാളെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ഇങ്ങനെ ഞങ്ങളെ വച്ച് വിലപേശുന്ന ഒരാളെ എനിക്ക് ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്.. “
അത്രയും പറഞ്ഞു അവൾ അകത്തേക്ക് പോകുമ്പോൾ നാളെ കുറിച്ച് വ്യക്തമായ ഒരു ധാരണ അവൾക്കുണ്ടായിരുന്നു.
ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് ഭാര്യവീട്ടുകാരെ ഇങ്ങനെ സമ്മർദ്ദത്തിൽ ആക്കുന്ന കുറച്ചു ഭർത്താക്കന്മാർ..!