നീ തീരെ പോരായിരുന്നു കേട്ടോ…. ആവതില്ല….നിന്റെ മറ്റവൻ…അവൻ പിന്നെയും കൊള്ളായിരുന്നു…….

കാഴ്ചപ്പാടുകൾ…

Story written by Jisha Raheesh(സൂര്യകാന്തി)

ഓഫിസിൽ നിന്ന് വന്നപ്പോഴേ ശാന്തിയുടെ മുഖഭാവം അരുൺ ശ്രെദ്ധിച്ചിരുന്നു…

എന്തോ ടെൻഷനുണ്ട് ആൾക്ക്… ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്.. കൈകൾ കൂട്ടിത്തിരുമ്മുകയും,ഇടയ്ക്കിടെ ദുപ്പട്ട മുറുകെ പിടിച്ചമർത്തുകയുമൊക്കെ ചെയ്യുന്നുണ്ട്….

ഹാ വരട്ടെ… എന്തായാലും തന്നോട് പറയാതിരിക്കില്ല…

അരുൺ ഗ്യാസ് ഓൺ ചെയ്ത് കാപ്പിയ്ക്ക് വെള്ളം വെച്ചു..താനാണ് ജോലി കഴിഞ്ഞു, ആദ്യം എത്താറുള്ളത് എന്നും.. ശാന്തി കുറച്ചു കൂടെ കഴിഞ്ഞേ വരാറുള്ളൂ…

ഒരു ടു വീലർ എടുക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.. ഒരു വിധം പഠിച്ചു, ലൈസൻസ് ഒക്കെ എടുത്തിട്ടുണ്ടെങ്കിലും അവൾക്ക് പേടിയാണ്.. കോൺസെൻട്രേഷൻ കിട്ടില്ലെന്നാണ് പറയാറ്…

വെള്ളം തിളയ്ക്കാനായി കാത്തു നിൽക്കവേ,അരുണിന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു..

ശാന്തിയെ ആദ്യമായി കണ്ടത് ഓർക്കുകയായിരുന്നവൻ…

മഞ്ഞു പോലൊരു പെൺകുട്ടി…

അതായിരുന്നു ആദ്യമായി കണ്ടപ്പോൾ മനസ്സിൽ വന്ന വാക്കുകൾ….

സ്ഥലം മാറി വന്ന ആദ്യ ദിവസം… പൊതുവെ സംസാരപ്രിയനാണ് താൻ.. അതുകൊണ്ട് തന്നെ എല്ലാവരെയും ഇടിച്ചു കയറിയങ്ങ് പരിചയപ്പെട്ടു…

തന്റെ സീറ്റിൽ ഒതുങ്ങിക്കൂടിയ, അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്നൊരു പെൺകുട്ടി.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ പോലും,മുഖത്ത് നോക്കാതെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടിയൊതുക്കും…

ടീ ബ്രേക്കിലോ ലഞ്ച് ബ്രേക്കിലോ ഒന്നും പതിവ് കൂട്ടിടങ്ങളിൽ അവളെ കണ്ടിട്ടില്ല.. പരദൂഷണസഭകളിൽ,ചിലപ്പോഴൊക്കെ അവളുടെ പേര് അടക്കി പിടിച്ചു പറയുന്നത് ചെവികളിൽ എത്തിയിരുന്നു…

തനിയ്ക്ക് കിട്ടിയ പ്രൊജക്റ്റിന്റെ ഭാഗമായി അവളോടൊപ്പം ജോലി ചെയ്യേണ്ട തുണ്ടായിരുന്നു.. ജോലിയെ സംബന്ധിച്ചല്ലാതെ ഒരക്ഷരം പോലും പറയില്ല.. വ്യക്തി പരമായ എന്തെങ്കിലും ചോദിച്ചാൽ തന്നെ കേട്ടില്ലെന്ന് നടിക്കും..

ഇടയ്ക്കെപ്പോഴോ ജാഡക്കാരിയെന്ന് മനസ്സ് പറഞ്ഞതിൽ പിന്നെ താനും അവളോട് സംസാരിക്കാൻ ശ്രെമിച്ചില്ല…

ഒരു ദിവസം തന്റെ പിഴവ് കൊണ്ടാണ് അവൾക്ക് സാറിന്റെയടുത്ത് നിന്നും വഴക്ക് കേൾക്കേണ്ടി വന്നത്.. കറക്റ്റ് ചെയ്ത ഫയൽ താൻ തിരികെ ഏൽപ്പിക്കാൻ വൈകിയിരുന്നു..

അവളൊന്നും പറയാതെ മുഴുവനും കേട്ടു നിന്നുവെന്നറിഞ്ഞതും ദേഷ്യമാണ് തോന്നിയത്..

“തനിയ്ക്ക് പറഞ്ഞൂടായിരുന്നോ.. ഞാൻ കാരണമാണെന്ന്… വായിൽ നാവില്ലായിരുന്നോ..?”

താൻ പറഞ്ഞതൊക്കെ കേട്ട്,നിസംഗതയോടെ തന്നെയൊന്നു നോക്കി അവൾ വീണ്ടും ജോലി തുടർന്നു..…

“ഛെ.…”

മുഖം കുടഞ്ഞു കൊണ്ടു,സീറ്റിലേയ്ക്ക് നടന്നപ്പോഴാണ് ഇപ്പുറത്തെ സീറ്റിലെ സിബി പറയുന്നത്…

“ഹാ വിട്ടേക്ക് അരുൺ.. അവൾക്കിതൊന്നും പുത്തരിയല്ല.. ആരെന്തു പറഞ്ഞാലും മിണ്ടാതെ നിന്നു കേട്ടോളും..”

താൻ അയാളെ നോക്കിയതും, കണ്ണൊന്നിറുക്കി ശബ്ദം താഴ്ത്തിയവൻ പറഞ്ഞു..

“ആളിച്ചിരി പിഴയാ..”

തന്റെ തുറിച്ചു നോട്ടം കണ്ടാണ് ഒരിളം ചിരിയോടെ അയാൾ കൂട്ടിച്ചേർത്തത്…

“അതേടോ.. താൻ കേട്ടിട്ടില്ലേ,ഒരു ഉദയം പേരൂർ പീഡനകേസ്.. അതാണ്‌ കക്ഷി..”

ഞെട്ടലോടെ നിന്നു പോയിരുന്നു താൻ..

“ഇവിടെ പിന്നെ ആരെയും അടുപ്പിക്കത്തില്ല…. വല്യ ശീ ലാവതിയാ.. ആർക്കും ഒന്നും അറിയില്ലെന്നാ വിചാരം…”

ബാക്കി കേൾക്കാൻ തോന്നിയില്ല.. സീറ്റിൽ ചെന്നിരിക്കുമ്പോഴും തലയുടെ പെരുപ്പ് മാറിയിരുന്നില്ല…

ഉദയം പേരൂർ പീ ഡനകേസ്.. ഏറെ വിവാദമായിരുന്നു.. ഒരിക്കൽ വാർത്തകളിൽ നിറഞ്ഞിരുന്നവൾ…

അവളുടെ രണ്ടു സഹപ്രവർത്തകർ തന്നെയായിരുന്നു പ്രതികൾ… ജ്യൂസിൽ മയക്കു മരുന്ന് ചേർത്ത് കൊടുത്തതിനു ശേഷമുള്ള പീ ഡനം… പക്ഷെ കഥകൾ പലതും മെനയപ്പെട്ടു..

ശാന്തി സ്വഭാവദൂഷ്യമുള്ളവളാണെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു.. സ്വഭാവദൂഷ്യ മുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ ആർക്കും പീ ഡിപ്പിക്കാമല്ലോ… കുറ്റം അവരുടേത് മാത്രമാണത്രേ..…

പ്രതികളുടെ ഉന്നതസ്വാധീനം കൊണ്ടു തുടരന്വേഷണമൊന്നും ഫലപ്രദമായി നടന്നില്ല…അവളുടെ സമ്മതപ്രകാരമായിരുന്നത്രെ ‘പീ ഡനം ‘നടന്നത്..

പ്രതികൾ ഒരു ശിക്ഷയ്ക്കും വിധേയരാവാതെ രക്ഷപ്പെട്ടു..

പിന്നെയും കുറച്ചു കാലം കഴിഞ്ഞാണെന്ന് തോന്നുന്നു..

ശാന്തിയുടെ കുടുംബം ആത്മഹത്യ ചെയ്‌തുവെന്നൊരു വാർത്ത എവിടെയോ കണ്ടതായി ഓർക്കുന്നു…അവൾ മാത്രം രക്ഷപ്പെട്ടു..

അവളൊറ്റയൊരുത്തി കാരണം ഒരു കുടുംബം ഒന്നാകെ കെട്ടി തൂങ്ങേണ്ടി വന്നുവെന്നൊക്കെ പറഞ്ഞു കേട്ടിരുന്നു..

പിന്നെ അവളും വാർത്തകളിൽ നിന്നും മാഞ്ഞിരുന്നു….

കേട്ടതൊന്നും ഉൾക്കൊള്ളാനാവാതെ അരുൺ ഒന്ന് തിരിഞ്ഞു നോക്കി.. ശാന്തി ആരെയും ശ്രെദ്ധിക്കാതെ ഫയലിൽ മുഖം പൂഴ്ത്തിയിരിക്കുന്നു…

വരുന്നു.. ജോലി ചെയ്യുന്നു.. പോവുന്നു…

രാഘവൻ സാറിനെയും ഗീതേച്ചിയെയും പോലെ അവൾക്ക് ആശ്വാസം പകരുന്ന ചുരുക്കം ചിലരും ആ ഓഫീസിൽ ഉണ്ടായിരുന്നു..

സീനിയറായ ബഷീർക്ക ഒരിക്കൽ പറഞ്ഞിരുന്നു…

“പാവമാടോ.. ഈ ചെറിയ പ്രായത്തിനുള്ളിൽ എന്തെല്ലാം അനുഭവിച്ചു.. എന്നിട്ടും അതിനെ വെറുതെ വിടുന്നില്ല ചെന്നായ്ക്കൾ.. എത്രയോ വട്ടം ശ്രെമിച്ചിട്ടും മരണവും അതിനെ കയ്യൊഴിഞ്ഞതാണ്..”

ഈ പെൺകുട്ടി എങ്ങനെ പിടിച്ചു നിന്നുവെന്ന ചിന്തയായിരുന്നു…

ഉറ്റവരും ഉടയവരുമൊക്കെ നഷ്ടമായി സമൂഹത്തിനു മുൻപിൽ അപമാനിതയായി..

അവളെ പീ ഡിപ്പിച്ചവരേക്കാൾ, ചുറ്റുമുള്ളവരാണ് ഏറെ വേദനിപ്പിച്ചി ട്ടുണ്ടാവുകയെന്നെനിക്ക് തോന്നിയിരുന്നു……

എല്ലായ്പ്പോഴും എന്തിനെന്നറിയാതെ മിഴികൾ അവളെ തേടുന്നുണ്ടായിരുന്നു..

അവളെ പറ്റി,അടക്കി പിടിച്ചു അപവാദങ്ങൾ പറഞ്ഞു രസിക്കുന്നവരെ, ശരീരഭാഗങ്ങളെ പറ്റി വർണ്ണിക്കുന്നവരെയൊക്കെ, ജീവനോടെ കുഴിച്ചു മൂടാൻ തോന്നിത്തുടങ്ങിയിരുന്നു…

തനിയ്ക്ക് ചുറ്റും,അദൃശ്യമായൊരു മതിൽ കെട്ടി പൊക്കിയിരിക്കുന്നവളെ അറിയണമെന്ന് തോന്നി.. അവളുടെ മനസ്സിനെ കേൾക്കണമെന്നും…

എളുപ്പമായിരുന്നില്ല.. ഒന്ന് സംസാരിച്ചു തുടങ്ങാൻ പോലും മാസങ്ങളെടുത്തു…

പതിയെ ഒരു സൗഹൃദം തുടങ്ങിയിരുന്നു.. എങ്കിലും എപ്പോഴുമൊരു അകലം അവൾ സൂക്ഷിച്ചിരുന്നു.. അടുക്കാനാവാത്ത അകലം…

ഒരു ദിനം രണ്ടും കല്പിച്ചങ്ങു പറഞ്ഞു..

“ശാന്തി… എനിക്ക് തന്നെ ഇഷ്ടമാണ്..”

പ്രതീക്ഷിച്ചത് പോലെയൊരു പൊട്ടിത്തെറിയായിരുന്നു…

“താനും ഇങ്ങനെയാവുമെന്ന് കരുതിയില്ല… ഛെ.… എല്ലാ അവന്മാരെയും പോലെ അരുണും,എന്നെ കൂട്ട് കിടക്കാൻ വിളിക്കുമെന്ന്..”

പൂർത്തിയാക്കാനാവാതെ നിർത്തിയപ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു..

എന്തൊക്കെ പറഞ്ഞിട്ടും കേൾക്കാൻ പോലും കൂട്ടാക്കാതെ, തിരിഞ്ഞു നടക്കാൻ ശ്രെമിച്ചവളുടെ,കൈയിൽ ഇത്തിരി ബലമായി പിടിച്ചു തിരിച്ചു നിർത്തി..…തന്നെയൊന്ന് കേൾക്കാൻ പോലും തയ്യാറാവാതിരുന്നപ്പോൾ,ദേഷ്യം വന്നിരുന്നു തനിക്കും…

“എടി പുല്ലേ.. നിന്നെ കെട്ടി കൂടെ പൊറുപ്പിക്കാനാണ് ചോദിച്ചത്.. അല്ലാതെ..”

എന്തോ പറയാൻ തുടങ്ങിയ അവൾ പൊടുന്നനെ നിശബ്ദയായി.. തന്നെ തുറിച്ചു നോക്കി… പിന്നെ പതിയെ ചിരിച്ചു..

“ആദ്യമായാണ്,ഒരാൾ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്…അരുൺ…”

അവളുടെ ശബ്ദം വീണ്ടും ഇടറി.. മുഖത്ത് നോക്കാതെയവൾ തുടർന്നു …

“പക്ഷെ…വേണ്ടാ അരുൺ.. ഒരു കുടുംബജീവിതമൊന്നും ഇനി എന്നെകൊണ്ട് പറ്റില്ല..”

നിശബ്ദത അലയടിച്ച നിമിഷങ്ങൾക്കൊടുവിൽ താൻ ചോദിച്ചു…

“കാരണം..? തനിയ്ക്ക് എന്നെ ഇഷ്ടമല്ലെ…?”

ഒരു നിമിഷത്തിനു ശേഷമാണു അവൾ പറഞ്ഞത്….

“അത്…അതിനു ശേഷം ആദ്യമായാണ് ഞാനൊരു ആണിനോട് ഇത്രയും സമയം സംസാരിക്കുന്നത് തന്നെ അരുൺ… നിങ്ങൾ എന്റെ മുഖത്ത് നോക്കിയാണ് സംസാരിക്കാറുള്ളത്…”

താൻ കേൾക്കുകയായിരുന്നു അവളെ..

‘എനിക്ക് പേടിയാണ് അരുൺ… അതിന് ശേഷം അച്ഛനെയും ഏട്ടനെയും വരെ പേടിയായിരുന്നു… അവര്.. അവരെ കണ്മുന്നിൽ കാണുമ്പോൾ പോലും ഞാൻ അലറിക്കരയുമായിരുന്നു.. എന്നെ നെഞ്ചിലിട്ട് വളർത്തിയ അച്ഛനെയും,എന്നെ വിരൽത്തുമ്പിൽ പിടിച്ചു വളർത്തിയ ഏട്ടനെയും വരെ ഞാൻ ഭയത്തോടെ നോക്കി.. അവരുടെ നെഞ്ച് പൊട്ടിപ്പോയിട്ടുണ്ടാവും…അപമാനവും പരിഹാസവുമൊന്നും താങ്ങാനാവാതെ,സഹിക്കാനാവാതെ മരണത്തിലേയ്ക്ക് നടക്കുമ്പോഴും അവർ എന്നെ കൂടെ കൂട്ടിയിരുന്നു.. പക്ഷെ എന്നെ മാത്രം മരണവും കൈ വിട്ടു… “

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..…

“പീ ഡനത്തിനിരയാവുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയോ, മുൻപോട്ടുള്ള ജീവിതത്തെ പറ്റിയോ ആരും ചിന്തിക്കാറില്ല, അരുൺ… ആഘോഷങ്ങൾക്ക് ശേഷമുള്ള അവളുടെ ജീവിതം…”

അവളുടെ വാക്കുകളിൽ അടക്കി വെച്ച രോഷം എനിക്ക് തിരിച്ചറിയാനാ വുന്നുണ്ടായിരുന്നു…

“അരുണിനറിയാമോ.. പീ ഡനത്തിനിരയാവുന്ന പെൺകുട്ടികളോട് ഒരു പ്രത്യേക താല്പര്യം കാണിക്കുന്ന ചിലരുമുണ്ട്.. എന്നെ കാണുമ്പോൾ തന്നെ കാ മം തോന്നുന്നുവെന്ന് പറഞ്ഞവർ പോലും..”

ചിലമ്പിച്ച സ്വരത്തിൽ അവളൊന്നു ചിരിച്ചു.. അതിൽ ഒളിപ്പിച്ചിരുന്ന കരച്ചിൽ എന്റെ ഉള്ളുലച്ചിരുന്നു…

“എന്റെ സഹപ്രവർത്തകരെന്നതിലുപരി ഏട്ടന്റെ സ്ഥാനത്ത് കണ്ടവരായിരുന്നു അവർ… അവരാണ് എന്നെ…ശ്യാം…അവന്റെ കുഞ്ഞിനെ പോലും ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ.. അനിയത്തിയാണെന്ന് പറഞ്ഞവൻ..”

തുടരാതെ അവൾ നിർത്തി…

“സാരമില്ല.. അരുൺ ഒരു ആവേശത്തിന്റെ പുറത്തു പറഞ്ഞതാണെന്ന് എനിക്കറിയാം…ഫോർഗെറ്റ്‌ ഇറ്റ്…”

അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവളോട് തെല്ലുച്ചത്തിലാണ് പറഞ്ഞത്…

“ആവേശത്തിന്റെ പുറത്ത് തന്നെയാണ്.. തന്നോടുള്ള പ്രണയത്തിന്റെ.. തന്നെ കൂടെ കൂട്ടി,ശരീരം പങ്കിട്ട് കഴിയുമ്പോൾ കെട്ടടങ്ങുന്നതല്ല അത്.. ജീവിതകാലം മുഴുവനും കൂടെയുണ്ടാവും…”

അവൾ അവിശ്വസനീയതയോടെയൊന്നു നോക്കി.. പിന്നെ തിരിഞ്ഞു നടന്നു…

പിടി തന്നില്ലവൾ… സ്നേഹത്തോടെയും, ദേഷ്യത്തോടെയും,ഇണങ്ങിയും പിണങ്ങിയുമൊക്കെ,തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചിരുന്നവൾ..…

അവസാനവഴിയായിരുന്നു തന്റെ അമ്മയെ വിളിച്ചു പറഞ്ഞത്.. മകനെ പിന്തിരിപ്പിക്കണമെന്ന് …

തന്റെയല്ലേ അമ്മ… എന്റെ മകന്റെ ഇഷ്ടമാണ് എന്റെയുമെന്ന് തിരിച്ചടിച്ചപ്പോൾ പെണ്ണൊന്നു പതറി…

പിന്നെയും സമയമെടുത്തു തന്റെ താലി ആ കഴുത്തിൽ ചേരാൻ…

ആ ത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടവളെ സംരക്ഷിച്ചതും,വീണ്ടും ജോലിയ്ക്ക് പോവാൻ പ്രേരണ നൽകിയതുമൊക്കെ അവളുടെ ഏട്ടന്റെ സുഹൃത്തും കുടുംബവുമായിരുന്നു.. അവരെ മാത്രമേ സാക്ഷികളാവാൻ വിളിച്ചതുള്ളൂ.. തന്റെ അമ്മയും..

ജോലി മാറ്റം കിട്ടിയപ്പോൾ അവളും കൂടെ പോന്നു.. ഈ നഗരത്തിലേയ്ക്ക്… പുതിയൊരു ജോലി ഇവിടെ അവളും കണ്ടെത്തിയിരുന്നു…

കൂടെയുണ്ട്.. ഇന്ന് ഈ നിമിഷം വരെ…

തന്റെ നെഞ്ചിൽ കിടന്നവൾ കരഞ്ഞു തീർത്ത രാവുകൾ.. ആരോടും പറയാതെ, ആരോടും പറയാനാവാതെ അവൾ കൂട്ടിവെച്ച നോവുകൾ… എല്ലാം കേട്ടെങ്കിലും ഒന്നും പറയാതെ ചേർത്തു പിടിച്ചതേയുള്ളൂ.. പെയ്തൊഴിയാനായി..…

ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് അവളിൽ…ആരുടേയും മുഖത്ത് നോക്കി സംസാരിക്കാനുള്ള തന്റേടമുണ്ട് ഇന്നവളിൽ.. പഴയ കുറുമ്പുകളിൽ ചിലതൊക്കെ തിരിച്ചു വന്നിട്ടുമുണ്ട്…

പക്ഷെ ഇപ്പോഴും മനസ്സ് കൊണ്ടേ ഒന്നായിട്ടുള്ളൂ… എന്തോ ഒരു തടസ്സം കൂടിയുണ്ട് അവളിൽ.. പറഞ്ഞില്ലെങ്കിലും തനിയ്ക്കത് മനസ്സിലാക്കാൻ പറ്റുന്നുണ്ട്…

പറയാതെ തന്നെ,തന്റെ പെണ്ണിന്റെ മനസ്സിനൊരു വാക്ക് കൊടുത്തിട്ടുണ്ട് താൻ.. അത് പാലിച്ചിട്ടേയുള്ളൂ മറ്റെന്തും…

കോഫി,കപ്പുകളിലേയ്ക്ക് പകർത്തുമ്പോൾ അരുണിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നെങ്കിലും, അതുമായി ശാന്തിയ്ക്കരികിലേയ്ക്ക് നടക്കുമ്പോൾ അവന്റെ ഭാവം ശാന്തമായിരുന്നു…

അരുൺ നീട്ടിയ കപ്പ് വാങ്ങിയെങ്കിലും,അത് കുടിക്കാതെ കയ്യിൽ പൊതിഞ്ഞു പിടിച്ചവളെ നോക്കി, അവൻ പുരികമുയർത്തി..

“ഉം..?”

ശാന്തി ഒന്നും പറയാതെ, പുറത്തേയ്ക്ക് നോട്ടം മാറ്റി…

“എന്തു പറ്റി എന്റെ പൊണ്ടാട്ടിയ്ക്ക്…? വരുന്ന വഴിയ്ക്ക് കടന്നൽ കുത്തിയോ…. ഉം..?”

കൂർപ്പിച്ചു നോക്കിയ അവളോടായി മനോഹരമായൊന്നു ചിരിച്ചു കാട്ടിയെങ്കിലും, ആ മുഖത്തെ കനം തെല്ലും കുറഞ്ഞില്ല.…

“എന്ത് പറ്റിയെഡോ..?”

“ഞാൻ… ഞാൻ അവനെ കണ്ടിരുന്നു, അരുൺ..”

അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.. ആരെയെന്ന് അരുൺ ചോദിച്ചില്ല…

“അവൻ നിന്നെ കണ്ടോ…?”

“ഇല്ല.. ഞാൻ.. ഞാൻ…”

ശാന്തിയുടെ ശബ്ദം പതറി…

“അവനെ കാണാതെ ഒളിച്ചു പോന്നു അല്ലെ…”

അവളൊന്നും പറഞ്ഞില്ല…

“എന്തിന്…?താൻ തെറ്റ് വല്ലതും ചെയ്തോ..?”

അരുണിന്റെ ശബ്ദം കനത്തു.. ശാന്തി അപ്പോഴും ഒന്നും പറഞ്ഞില്ല…

ദിവസങ്ങൾ പിന്നെയും കടന്നു പോയി…

അന്ന്,ശാന്തി തിരക്കിട്ട് ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ് ഒരാൾ മുൻപിൽ വന്നു നിന്നത്…

“ശ്യാം.. “

അവളുടെ ചുണ്ടൊന്ന് ചലിച്ചു…

അവൻ,അവളെ കണ്ണുകൾ കൊണ്ടാകെയൊന്നുഴിഞ്ഞു.. ഒരു വഷളൻ ചിരി ആ മുഖത്ത് നിറഞ്ഞു …

“നീയാകെയൊന്നു തുടുത്തല്ലോടി…”

ശാന്തിയ്ക്ക് ശരീരമാകെ പുഴുക്കൾ അരിക്കുന്നത് പോലെ തോന്നിയിരുന്നു…

“കല്യാണമൊക്കെ കഴിഞ്ഞൂന്നറിഞ്ഞു.. എങ്ങനെയുണ്ടവൻ..? കൊള്ളാമോ..?”

വീണ്ടും ആ ചിരി.. ശാന്തി കണ്ണുകൾ ഇറുക്കെ ചിമ്മിയടച്ചു…

“എന്തായാലും ഞങ്ങളോളം വരില്ലല്ലോ അല്ലെ.. മോൾക്ക് ഓർമ്മയില്ലേ..?”

“പേപ്പട്ടി കടിച്ചത് അങ്ങനെ എല്ലായ്പ്പോഴും ഓർത്തിരിക്കണോ ശ്യാമേ.. അവയെ പേടിച്ചു ആരും ജീവനൊടുക്കാറുമില്ല….”

ശ്യാമിന്റെ മുഖത്തെ ഞെട്ടൽ ശാന്തിയ്ക്ക് കാണാമായിരുന്നു…

“എന്താടി നിനക്കൊരു നെഗളിപ്പ്.. നിന്റെ മറ്റവനെ കണ്ടിട്ടാണോ..?”

“അതേടാ.. ആണൊരുത്തനൊപ്പം കഴിയുന്നത് കൊണ്ട്, അവനെ അറിഞ്ഞത് കൊണ്ടുള്ള നെഗളിപ്പ് തന്നാ…”

ശാന്തിയുടെ ശബ്ദം മുറുകിയിരുന്നു..ശ്യാം ഒന്ന് പതറി.. അവൾ ചൂളി ചുരുങ്ങി നിൽക്കുമെന്നാണ് കരുതിയത്.. അയാൾ അവസാന ആയുധം പുറത്തെടുത്തു…

“അത്രയ്ക്കങ്ങ് തെളയ്ക്കാതെടി… ഞാൻ കാണാത്തതൊന്നും അല്ലല്ലോ നിന്റെയീ..”

അവളെ നോക്കിയൊന്നാക്കി കൊണ്ട്, ശ്യാം പറഞ്ഞെങ്കിലും,ശാന്തിയുടെ മുഖത്ത് തെല്ലും പതർച്ചയുണ്ടായിരുന്നില്ല…

“അതിനു ഞാൻ കാണാത്തതൊന്നും നിന്നിലും ഇല്ലല്ലോ ശ്യാമേ.. എനിക്ക് മാത്രമായിട്ടൊന്നും നഷ്ടമായിട്ടുമില്ല..”

ശ്യാം വാക്കുകൾ നഷ്ടപ്പെട്ടു നിന്നു…

“ഹാ പിന്നെ… നേരത്തെ ചോദിച്ചതിനുള്ള ഉത്തരം.. പേപ്പട്ടികളാണേലും… നീ തീരെ പോരായിരുന്നു കേട്ടോ…. ആവതില്ല….നിന്റെ മറ്റവൻ…അവൻ പിന്നെയും കൊള്ളായിരുന്നു.. എന്നാലും ആണെന്ന് പറയുന്നത് എന്റെ കെട്ട്യോൻ തന്നെ…”

കണ്ണൊന്നിറുക്കി തിരിഞ്ഞു നടന്നവളെ പകപ്പോടെ നോക്കി നിന്നു പോയിരുന്നു ശ്യാം….

ഇവിടെ വെച്ച് അവളെ വീണ്ടും കണ്ടപ്പോൾ ഒരു കൊതി.. പേടിച്ചു വിറച്ചു നിൽക്കുമെന്നാണ് കരുതിയത്…

അവൾ പറഞ്ഞതിന്റെ ഷോക്കിലാണ്,ശ്യാം റോഡിനപ്പുറം വെച്ചിരുന്ന തന്റെ വണ്ടിയ്ക്കരികിലേയ്ക്ക് നടന്നത്..ഫുട്പാത്തിലൂടെ നടന്നിരുന്ന ശാന്തിയെ ഒന്ന് തിരിഞ്ഞു നോക്കിയതും, എതിർദിശയിൽ നിന്നും വന്ന വാഹനം അയാളെ ഇടിച്ചു തെറിപ്പിച്ചിരുന്നു..

നിർത്താതെ,തിരക്കേറിയ റോഡിലൂടെ ആ വാഹനം ചീറിപ്പാഞ്ഞു പോവുമ്പോൾ, തെറിച്ചു വീണ ശ്യാമിന് ചുറ്റും ചോരപ്പുഴ ഒഴുകിയിരുന്നു… നടക്കുന്നതിനിടയിൽ തല ചെരിച്ചൊന്നു നോക്കിയ ശാന്തിയായിരുന്നു ശ്യാമിന്റെ കണ്ണുകളിലെ അവസാന കാഴ്ച്ച.. അവളുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു…

മൂന്നാലു ദിവസം മുൻപേ,തൊട്ടടുത്ത നഗരത്തിലും ഇത് പോലൊരു അപകടം നടന്നിരുന്നു.. അവളുടെ കണ്മുന്നിൽ വെച്ചു തന്നെ…

ശാന്തി നടന്നു വരുമ്പോൾ വഴിയരികെ ചായക്കടയിൽ നിന്നൊരാൾ പറയുന്നുണ്ടായിരുന്നു…

“ഈ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുവാണ്… വീട്ടിൽ കയറിയാണ് ഇപ്പോൾ കൊച്ചുങ്ങളെ കടിക്കുന്നത്…”

“ഈ പേപ്പട്ടികളെയൊക്കെ തല്ലിക്കൊല്ലാമെന്ന് വെച്ചാലും അതിനെതിരെ വാദിക്കാനും ആളുണ്ടാവും..”

മറ്റൊരാൾ പറഞ്ഞു…

“അതല്ലേലും സ്വന്തം വീട്ടിൽ എത്തുന്നത് വരെ അങ്ങനെയാണല്ലോ.. ആരാന്റേത് നമുക്ക് ആഘോഷിക്കാനുള്ളതല്ലേ…?”

അവർ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

ശാന്തി വേഗം നടന്നു…അരുൺ കാത്തിരിക്കുന്നുണ്ടാവും…

അവളുടെ ചൊടികളിൽ മനോഹരമായൊരു ചിരി വിടർന്നിരുന്നു.. അതിൽ നിറഞ്ഞത് പ്രണയമായിരുന്നു…കണ്ണുകളിൽ സ്വപ്നങ്ങളും…