നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഒക്കെയുള്ള നല്ലൊരു പെൺകുട്ടി. നിനക്ക് എന്നെപ്പോലെ ഒരു കൃഷിക്കാരൻ അല്ല ചേരുക…..

_upscale

നീയെന്റെയാണ്

എഴുത്ത്:-ആമി

” നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു ഞാൻ പിന്നാലെ നടക്കുന്നതല്ലേ..? അതെങ്കിലും ഓർക്കാമായിരുന്നു.. “

ശബ്ദം ഇടറിയിരുന്നു ആ പെണ്ണിന്റെ.അത് കേൾക്കുമ്പോൾ ഉണ്ണിയ്ക്ക് വേദനയുണ്ട്.പക്ഷേ ഇപ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലത്.

” നീ കരുതുന്നതു പോലെയല്ല ആമി. നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഒക്കെയുള്ള നല്ലൊരു പെൺകുട്ടി. നിനക്ക് എന്നെപ്പോലെ ഒരു കൃഷിക്കാരൻ അല്ല ചേരുക.നിന്നെപ്പോലെ തന്നെ ഒരു ഡോക്ടറിനെ നോക്കാൻ നിന്റെ അച്ഛനോട് ഞാൻ പറയാം.”

ഗൗരവത്തോടെ ഉണ്ണി അത് പറയുമ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അങ്ങനെ ഇപ്പോൾ എനിക്ക് ആരുടെയും ഔദാര്യം വേണ്ട.ഞാൻ ഉണ്ണിയേട്ടന്റെ മുറപ്പെണ്ണ് അല്ലേ..? അപ്പോൾ എന്നെ വിവാഹം ചെയ്യേണ്ടത് ഉണ്ണിയേട്ടൻ തന്നെയല്ലേ..? പണ്ടുമുതൽക്കേ നമ്മുടെ വിവാഹം തീരുമാനിച്ചതല്ലേ..? എന്നിട്ടും ഉണ്ണിയേട്ടൻ എന്താ ഇങ്ങനെ..?”

വാശിയോടെ അവൾ വീണ്ടും വീണ്ടും ചോദിച്ചു.

“നിനക്ക് ചേരില്ല എന്ന് എനിക്ക് ഉത്തമ ബോധ്യം ഉള്ളതുകൊണ്ട്.”

ഒരു വാചകത്തിൽ അവൻ മറുപടി അവസാനിപ്പിച്ചു. പക്ഷേ അത് കേട്ട് മടങ്ങി പോകാൻ അവൾ ഉദ്ദേശിച്ചിരുന്നില്ല.

” എനിക്ക് ചേരില്ല എന്ന് ഉണ്ണിയേട്ടൻ പറയുന്നുണ്ടല്ലോ.. ഏത് അളവുകോൽ വെച്ചിട്ടാണ് ഉണ്ണിയേട്ടൻ അത് അളന്നെടുത്തത്..? വിദ്യാഭ്യാസമാണോ..? ഉണ്ണിയേട്ടൻ ഒരു എൻജിനീയർ അല്ലേ..? എന്നിട്ടും പണ്ട് മാമൻ വാങ്ങിയിട്ട് ഈ കൃഷിസ്ഥലം അന്യാദീന പോകാതിരിക്കാൻ വേണ്ടിയല്ലേ കൃഷി ചെയ്യുന്നത്..? ഉണ്ണിയേട്ടന് അതിലാണ് താൽപര്യമെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. അതുകൊണ്ടല്ലേ മറ്റൊരു ജോലിക്ക് ഉണ്ണിയേട്ടൻ ശ്രമിക്കാത്തത്.. ഞങ്ങളാരും അതിൽ കുറ്റപ്പെടുത്തുന്ന പോലുമില്ലല്ലോ.. പിന്നെ സൗന്ദര്യം, ഉണ്ണിയേട്ടനെ കാണാൻ എന്തൊരു ഭംഗിയാ..തൂവെള്ള നിറം അല്ലെങ്കിലും കാണാനായി ഐശ്വര്യം ഉള്ള മുഖം തന്നെയാണ് ഉണ്ണിയേട്ടന്റെ..! ശരിക്കും പറഞ്ഞാൽ ഉണ്ണിയേട്ടന്റെ പ്രശ്നം കോംപ്ലക്സ് ആണ്. “

ദേഷ്യത്തോടെ അവൾ വിളിച്ചു പറഞ്ഞു.

“അങ്ങനെയാണെങ്കിൽ തന്നെ നിനക്ക് എന്താ..? എനിക്ക് കോംപ്ലക്സ് ആണ്. എനിക്ക് ഒരുപാട് നെഗറ്റീവുകൾ ഉണ്ട്. ഇതൊക്കെ സഹിച്ചു എന്റെ കൂടെ നിൽക്കണമെന്ന് നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ..? നിനക്ക് നിന്റെ പണി നോക്കി പൊയ്ക്കൂടേ..?”

ദേഷ്യത്തോടെ തന്നെയാണ് അവനും പ്രതികരിച്ചത്.

“അതെ പോവുകയാണ്.. ഇനി എന്തായാലും ഉണ്ണിയേട്ടന് ഒരു ശല്യമായിട്ട് ഞാൻ വരില്ല. നമ്മുടെ വിവാഹം നടക്കില്ലെന്ന് ഞാൻ അച്ഛനെ പറഞ്ഞ് മനസ്സിലാക്കിക്കോളാം..”

വാശിയോടെയും അതിലുപരി സങ്കടത്തോടെയും വിളിച്ചു പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി.

അവൾ പോയി കഴിഞ്ഞപ്പോൾ അവൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു.

” പൊട്ടിപ്പെണ്ണ്.. “

അവൻ വാത്സല്യത്തോടെ പറഞ്ഞു.

പാടത്തു പണി കഴിഞ്ഞു തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ വരവേറ്റത് അമ്മയുടെ ദേഷ്യം നിറഞ്ഞ മുഖം ആയിരുന്നു. അത് കണ്ടപ്പോൾ തന്നെ ഉണ്ണിക്ക് മനസ്സിലായി പരാതി കൃത്യമായി ഇവിടെ എത്തിയിട്ടുണ്ടെന്ന്..!

” എന്താ അമ്മേ..? “

ഒന്നും അറിയാത്ത പോലെയുള്ള അവന്റെ അന്വേഷണം അവരുടെ ദേഷ്യം കൂട്ടിയതേയുള്ളൂ..

” നിനക്ക് ഒന്നും അറിയില്ല അല്ലേടാ..? “

ദേഷ്യത്തോടെ അമ്മ ചോദിച്ചപ്പോൾ അവൻ അവരെ പകച്ചു നോക്കി. പിന്നെ ഇല്ലെന്ന് കണ്ണ് ചിമ്മി.

” നീ ആമിയോട് എന്താടാ പറഞ്ഞെ..? “

” ഞാൻ ഒന്നും പറഞ്ഞില്ല.. “

തികച്ചും നിഷ്കളങ്കമായ മറുപടി.

” പിന്നെ എന്തിനാടാ ആ കൊച്ചു കരഞ്ഞോണ്ട് പോയത്.? നിന്നെ കാണാൻ എന്ന് പറഞ്ഞു ഇവിടന്ന് ആവേശത്തോടെ പോന്നതാ അങ്ങോട്ട്. എന്നിട്ടിപ്പോ അവൻ ഒന്നും അറിഞ്ഞില്ല പോലും.. “

അമ്മ ദേഷ്യം അടക്കാൻ വയ്യാതെ അവനെ ചീiത്ത പറയുന്നുണ്ട്.

” എന്റെ അമ്മേ.. അമ്മ ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഒന്നൂല്ല.അവളോട് ഞങ്ങളുടെ വിവാഹം നടക്കില്ലെന്നു ഞാൻ പറഞ്ഞു. അതിപ്പോ എല്ലാ ദിവസവും ഞാൻ പറയുന്നതല്ലേ..? അതിലെന്താ ഇത്ര പുതുമ..? “

നിസ്സാരം പോലെ അതും പറഞ്ഞുകൊണ്ട് അവൻ തന്നെ മുറിയിലേക്ക് കയറി പോയി.

” ഇത് എല്ലാ തവണത്തെയും പോലെയല്ല. നീ പറഞ്ഞത് എന്തായാലും മോൾക്ക് നല്ല വിഷമം ആയിട്ടുണ്ട്.അല്ലാതെ ഇങ്ങനെ കരഞ്ഞു കൊണ്ടു പോകില്ല .. “

അമ്മ ആദിയോടെ പിന്നിൽ നിന്ന് പറയുന്നത് കേട്ടു. എങ്കിലും അവൻ അത് കാര്യമാക്കിയില്ല.

ഒന്നു ഫ്രഷായി കട്ടിലിലേക്ക് വീഴുമ്പോൾ അവൻ ആലോചിച്ചത് മുഴുവൻ അവളെ കുറിച്ച് ആയിരുന്നു.

ആമി.. അവന്റെ ഒരേയൊരു അപ്പച്ചിയുടെ മകളാണ്. രണ്ടു പേർക്കും മറ്റു സഹോദര ങ്ങളൊന്നും ഇല്ലാത്തതു കൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇരുവരും തമ്മിൽ നല്ല കൂട്ടായിരുന്നു.

മക്കൾ ഇണ പിരിഞ്ഞു പോകാതിരിക്കാൻ മാതാപിതാക്കൾ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു ഇരുവരെയും തമ്മിൽ വിവാഹം കഴിപ്പിക്കുക എന്നുള്ളത്.

പക്ഷേ അതിനും ഒരുപാട് മുൻപേ ആമിയുടെ ഹൃദയത്തിൽ ഉണ്ണി സ്ഥാനം പിടിച്ചിരുന്നു. അവൾ കൗമാരപ്രായത്തിൽ എത്തിയപ്പോൾ മുതൽ ഉണ്ണിയുടെ സ്ഥാനത്ത് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം അവളുടെ ഉള്ളിൽ അവൻ വേരുറപ്പിച്ചു.

അത് പിന്നീട് പലപ്പോഴും അവളുടെ പ്രവർത്തികളിൽ നിന്ന് ഉണ്ണി മനസ്സിലാക്കുകയും ചെയ്തു. അവരും അവളോട് ഒരു സോഫ്റ്റ് കോർണർ ഉള്ളതുകൊണ്ടു തന്നെ അത് അവൻ ശാസിച്ചില്ല.മറിച്ച് അത് ആസ്വദിക്കുകയും ചെയ്തു.

അവൾ ഏകദേശം പ്ലസ് ടു പഠിക്കുന്ന സമയത്താണ് അവൻ എൻജിനീയറിങ് പഠിക്കാൻ പോയിട്ട് ഒരു വെക്കേഷൻ നാട്ടിലേക്ക് വരുന്നത്. ആ സമയത്ത് അവനോടൊപ്പം ആൺകുട്ടികളും പെൺകുട്ടികളുമായി ഒന്ന് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് അവനോട് ഒരു ഇഷ്ടം ഉള്ളത് മറ്റുള്ളവർക്ക് അറിയാമായിരുന്നു.

തറവാട്ടിൽ വന്ന് ഉണ്ണിയും ആമിയും തമ്മിലുള്ള അടുപ്പം കണ്ടപ്പോൾ, ഉണ്ണിക്ക് തന്നെയാണ് ഇഷ്ടം എന്ന് സ്ഥാപിക്കാൻ ആ പെൺകുട്ടി ഒരുപാട് ശ്രമിച്ചിരുന്നു.

അന്നു മുതലാണ് ഉണ്ണി തന്റെ കൈവിട്ടു പോകുമോ എന്നൊരു ഭയം ആമിക്ക് തോന്നിത്തുടങ്ങിയത്. അതിന്റെ പരിണിത ഫലമായി പിന്നീട് അവനെ കാണുമ്പോഴൊക്കെ അവൾ ഇഷ്ടമാണ് എന്ന് പറയാൻ തുടങ്ങി.

പഠനം കഴിഞ്ഞ് അവൻ കൃഷിയുമായി നാട്ടിൽ കൂടിയപ്പോൾ അവർക്ക് തമ്മിൽ കാണാനുള്ള അവസരങ്ങൾ കൂടി. അതോടെ വല്ലപ്പോഴും മാത്രം അവൾ പറഞ്ഞിരുന്ന ഐ ലവ് യു, അവൻ സ്ഥിരമായി കേൾക്കേണ്ടി വന്നു.

ഇടയ്ക്ക് എപ്പോഴോ അവളെ ചൊടിപ്പിക്കാൻ വേണ്ടിയാണ്, അവളെ വിവാഹം ചെയ്യാൻ അവന് ഇഷ്ടമല്ല എന്ന് അവൻ പറഞ്ഞത്. അതോടെ അവൾ വാശിയോടെ എല്ലാ ദിവസവും അവനെ പ്രൊപ്പോസ് ചെയ്യും.

അത് ഇപ്പോൾ ഒരു ദിനചര്യയായി മാറിയിരിക്കുന്നു..!

ഓർമ്മയിൽ അവനൊന്ന് ചിരിച്ചു.

പിന്നെ അവളെ ഓർത്തു.

ഇന്ന് പറഞ്ഞതൊക്കെ കുറച്ചു കൂടിപ്പോയി.അവളെ ഒരു ശല്യം എന്ന രീതിയിലൊന്നും പറയേണ്ടിയിരുന്നില്ല..

അവന് വല്ലാതെ കുറ്റബോധം തോന്നി.

അവളെ ഒന്ന് കണ്ടില്ലെങ്കിൽ ശ്വാസം കിട്ടില്ല എന്ന് തോന്നിയപ്പോൾ അവൻ വേഗം തന്നെ അവളുടെ വീട്ടിലേക്ക് നടന്നു.

തൊട്ടടുത്ത് തന്നെയാണ് അവളുടെ വീട്.

അവൻ ചെല്ലുമ്പോൾ പുറത്തൊന്നും അവളെ കണ്ടില്ല. മാമനും അപ്പച്ചിയും ആ സമയത്ത് അവിടെ ഒന്നും ഉണ്ടാകില്ല എന്ന് അവനറിയാം.

അവൾ പുറത്തൊന്നും ഇല്ലാത്ത സ്ഥിതിക്ക് മുറിയിൽ ഉണ്ടാകും എന്നുള്ള ധാരണയിൽ അവൻ അവളുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ അതൊന്നും അറിയാതെ അവൾ കട്ടിലിൽ കിടക്കുകയായിരുന്നു.

അവൾ കരയുകയാണ് എന്ന് ഒറ്റനോട്ടത്തിൽ തന്നെ അവന് മനസ്സിലായി. അവൾ ഏങ്ങലടിക്കുന്ന ശബ്ദം കേട്ടപ്പോൾ അവന്റെ ഹൃദയം നീറി.

പതിയെ ശബ്ദമുണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു. പിന്നെ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംiബിച്ചു. ഞെട്ടലോടെ അവൾ കണ്ണ് തുറന്നു നോക്കി. മുന്നിൽ നിൽക്കുന്ന ഉണ്ണിയെ കണ്ടപ്പോൾ വിശ്വാസം വരാതെ കണ്ണു തിരുമ്മി.

” നീ എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നത്..? “

അവൻ കുസൃതിയോടെ തിരക്കിയപ്പോൾ അവൾ വാശിയോടെ അവനെ പിടിച്ചു തള്ളി.

” എടി ഉപദ്രവിക്കാതെ.. നീ എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്..? “

അവൻ കുറുമ്പൊടെ അന്വേഷിച്ചു.

” ഞാൻ ഇനിയും വാശി കാണിക്കും. എന്നെ വേണ്ടെന്നു പറഞ്ഞില്ലേ..? എന്നെ വിവാഹം ചെയ്യില്ല എന്ന് പറഞ്ഞില്ലേ..? “

അവൾ പരിഭവത്തോടെ അന്വേഷിച്ചു.

” അതൊക്കെ ഞാൻ തമാശ പറയുന്നതാണെന്ന് എനിക്കും അറിയാം നിനക്കും അറിയാം.. എന്നാണെങ്കിലും നീ എന്റെ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ..? പിന്നെന്തിനാ ഈ കള്ള പിണക്കം..? “

അവൻ ചോദിച്ചപ്പോൾ അവൾ നാണത്തോടെ ചിരിച്ചു. അത് കണ്ടപ്പോൾ നിറഞ്ഞ മനസ്സോടെ അവൻ അവളെ ചേർത്തു പിടിച്ചു.

” നീയെന്നും എന്റെ ആണ്.. എന്റെ മാത്രം..!!”

അത് സമ്മതം എന്നപോലെ അവൾ അവനിലേക്ക് ചേർന്നിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *