നീ എഴുതിയ ഇന്നലെകളിലെ വഴിത്താരകളിൽ,നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ അക്ഷരങ്ങൾ ചമച്ച ആ അത്ഭുതലോകത്ത് നിന്നെപ്പോലൊരാളായി ഞാനും……

യാത്രാമൊഴി

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

പാസഞ്ചർ ട്രെയിന്റെ ഗതിവേഗം, നന്നേ കുറഞ്ഞുവന്നു. ചതുരജാലകത്തിനടുത്തേ ഇരിപ്പിടത്തിലിരുന്ന് അയാൾ പുറത്തേക്കു കണ്ണോടിച്ചു. സ്റ്റേഷൻ എത്താറായിരിക്കുന്നു. ഫ്ലാറ്റ്ഫോം ആരംഭിക്കുന്നിടത്ത്,.രണ്ട് കോൺക്രീറ്റ് തൂണുകളിലായി സ്ഥാപിക്കപ്പെട്ട ശിലാഫലകത്തിൽ, റെയിൽവേ സ്‌റ്റേഷന്റെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതിവച്ചിരിക്കുന്നു.

ഇരിപ്പിടത്തിൽ നിന്നും മെല്ലെയെഴുന്നേറ്റ് വാതിൽക്കലേക്ക് വന്നുനിന്നു. തീവണ്ടി പൂർണ്ണമായും നിന്നതിന്റെ ഉലച്ചിലിൽ അയാളൊന്നു മുന്നോട്ടു വേച്ചു..പതിയെ, പരുക്കൻ ഫ്ലാറ്റ്ഫോമിലേക്കിറങ്ങി..തീരെ തിരക്കുകുറഞ്ഞ ഒരു കുഞ്ഞു സ്റ്റേഷൻ.
പുലരിമഴ നനയിച്ച ഫ്ലാറ്റുഫോമിലുടെ തെല്ലു നടന്ന്, റെയിൽവേ സ്റ്റേഷനു മുൻപിലെ കൽബഞ്ചുകളിലൊന്നിൽ ഇരുന്നു. വളരേക്കുറച്ചു യാത്രികരേ ഇറങ്ങാനുണ്ടായിരുന്നുള്ളൂ..ഏകദേശം അത്രത്തോളം പേർ ട്രെയിനിലേക്ക് കയറുകയും ചെയ്തു..ഒരു മിനുറ്റിന്റെ ഇടവേള..ചൂളംവിളിയുടെ അകമ്പടിയോടെ തീവണ്ടി മുന്നോട്ടു നിരങ്ങിനീങ്ങാൻ തുടങ്ങി..ഒച്ചയനക്കങ്ങളില്ലാതെ, ഒരു കൂറ്റൻ തേരട്ട കണക്കേ ഉരുക്കുപാളങ്ങളിലൂടെ പാസഞ്ചർ വണ്ടി പതിയേ കാഴ്ച്ചയിൽ നിന്നും മറഞ്ഞു.

തെല്ലു ദൂരേയുള്ള സൂചനാവിളക്കിൽ പച്ചനിറം മാറി കടുംചുവപ്പ് തെളിഞ്ഞു.
ട്രെയിനുകളുടെ സഹജമായ ഗന്ധം അന്തരീക്ഷത്തിൽ അവശേഷിച്ചു..തെല്ലു നേരത്തിനപ്പുറം അകലെയൊരിടത്തുനിന്ന്, വലിയ വ്യാപാരസ്ഥാപനത്തിന്റെ ഷട്ടറുകൾ ഉയർത്തുന്ന കണക്കേയൊരു ഒച്ചയുണർന്നു മാഞ്ഞു. തെല്ലകലേയുള്ള ഏതോ പാലം തീവണ്ടി പിന്നിട്ടിരിക്കുന്നു. അകലെയൊരു നീണ്ട ചൂളംവിളി മുഴങ്ങിയൊടുങ്ങി..യാത്രാവണ്ടി ദൂരങ്ങൾ താണ്ടുകയാണ്.

കൽബഞ്ചിന്നരികിലേ ഫ്ലൂറസെന്റ് വിളക്കുകാലിന്നു കീഴേ പരശ്ശതം ഈയൽച്ചിറകുകൾ ചിതറിക്കിടന്നു..ഏതോ പഥികന്റെ വിഫല മോഹങ്ങൾപോലെ.. പ്രഭാതനടത്ത ക്കാരിലൊരാൾ ഇരുകയ്യും വീശി മുൻപിലൂടെ കടന്നുപോയി. നടത്തവസ്ത്രം സ്വേദത്താൽ ഈറനായിരിക്കുന്നൊരാൾ. ഫ്ലാറ്റുഫോമിൽ നിശ്ചിത അകലങ്ങളിലായി ചെറുസ്തൂപങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവയിലോരോന്നിലും കംപാർട്ട്മെന്റിനെ ദ്യോതിപ്പിക്കുന്ന അക്കങ്ങളുമായി ഒരു കൊമ്പനാനയുടെ ഇരുമ്പുരൂപം..അവസാന യാത്രക്കാരനും പോയ്മറഞ്ഞപ്പോൾ അയാളും ഏകാന്തതയും മാത്രമായി..ഇരുണ്ട വാനത്തിലേക്ക് കണ്ണുകൾ സഞ്ചരിച്ചു.. പെയ്യാൻ വെമ്പിനിൽക്കുന്ന മാനം..ആകാശമേലാപ്പിൽ തമ്പടിച്ച കാർമേഘങ്ങൾ. ഒരീറൻ കാറ്റിന്റെ മൃദുസ്പർശം പോരും, ഒരു മഴപ്പെയ്ത്തിന്. ദൂരങ്ങളിലേക്ക് നീണ്ട, സമാന്തരങ്ങളായ ഉരുക്കുപാളങ്ങൾ തേഞ്ഞു മിനുങ്ങിക്കൊണ്ടേയിരുന്നു.. കൃശഗാത്രങ്ങളായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളിലൊരെണ്ണം അയാളെ സൂക്ഷിച്ചൊന്നു നോക്കി കടന്നുപോയി. പതിവുമുഖങ്ങളിൽ നിന്നന്യമായെത്തിയ അപരിചിതത്വത്തോടു കലഹിക്കുന്ന മാതിരി.

നാലു വർഷങ്ങൾക്കു മുൻപ്, കുടുംബസമേതം ഇതേ സ്റ്റേഷനിൽ വന്നിറങ്ങിയിരുന്നു..അന്ന്, ജയപ്രഭ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു..സ്വന്തം ഇന്നോവയിൽ സ്വയം ഡ്രൈവു ചെയ്ത്..ഭാര്യയേയും, കുട്ടികളേയും സഹർഷം സ്വാഗതം ചെയ്ത്..ഒപ്പം, പ്രഭയുടെ മകനു മുണ്ടായിരുന്നു.. പതിനഞ്ചുകാരൻ വിഷ്ണുശങ്കർ..പ്രവാസ ജീവിതകാലത്തേ ഭക്ഷണക്രമങ്ങളുടെ സ്വാധീനമാകാം, വിഷ്ണുവിന് പ്രായത്തിൽ കവിഞ്ഞ വളർച്ച തോന്നിച്ചു. മേൽച്ചുണ്ടിനു താഴെ കിളിർക്കാൻ തുടങ്ങിയ പൊടിമീശ..എത്ര വേഗമാണ് അവൻ അതിഥികളോട് അടുത്തത്..സൗമ്യയും മക്കളും അവന് പൊടുന്നനേ സുഹൃത്തുക്കളായി.. ജയപ്രഭ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടേയിരുന്നു. കാർ മുന്നോട്ട് യാത്ര തുടർന്നു. പ്രഭയുടെ വീട്ടിലേക്ക്.

ജയപ്രഭാ ചന്ദ്രശേഖർ..എന്നാണ് ആദ്യം പരിചയപ്പെട്ടത്? ഓർമ്മകളിൽ കഴിഞ്ഞകാലം വിരുന്നുവന്നു..ഫേസ്ബുക്ക് പേജിൽ താൻ എഴുതിയ ഇന്നലെകളുടെ ലിഖിതങ്ങൾ. ചെറുകഥകൾ..പിൻതുടരാനും അഭിനന്ദനങ്ങൾ ചൊരിയാനും ഏറെ സൗഹൃദ ങ്ങളുണ്ടായിരുന്ന കാലം. അന്നൊരിക്കൽ വന്നെത്തിയ ഫ്രണ്ട് റിക്വസ്റ്റ്. ‘ജയപ്രഭാ ചന്ദ്രശേഖർ’.മൂന്നോ നാലോ സൗഹൃദങ്ങൾ പൊതുവായുണ്ട്. അവരെല്ലാം തന്നെ എഴുത്തിന്റെ ലോകത്തുള്ളവർ..ആ പ്രൊഫൈലിലൂടെ കുറച്ചുദൂരം സഞ്ചരിച്ചു..മാസങ്ങൾ ഇടവേളയിട്ടാണ് ഓരോ പോസ്റ്റും ഇട്ടിരിക്കുന്നത്..എല്ലാം എഴുത്തുകൾ..മികച്ച അവതരണങ്ങൾ..അക്ഷരങ്ങളാൽ തീർത്ത ഇന്നലെകളേക്കുറിച്ചുള്ള സ്മരണകൾ. ഓരോ വാക്കിലും ഓരോ ചിത്രം തെളിയുന്നു.

ഗ്രാമീണതയുടെ, ഗൃഹാതുരത്വത്തിന്റെ, പ്രണയത്തിന്റെ, നഷ്ടബോധങ്ങളുടെ,
ഓരോ എഴുത്തും വായിക്കുമ്പോൾ ഒരു ചലച്ചിത്രം കാണുന്ന പ്രതീതി. വിരൽ ത്തുമ്പുകളിൽ വിസ്മയമൊളിപ്പിച്ച അനുഗ്രഹീത. തെല്ലും സംശയമില്ലാതെ ആ സൗഹൃദം സ്വീകരിച്ചു. രാമനാഥൻ മംഗലത്ത് എന്ന തന്റെ പ്രൊഫൈലിലെ പോസ്റ്റുകൾ, ജയപ്രഭാ ചന്ദ്രശേഖറിന്റെ കവിത തുളുമ്പുന്ന അഭിപ്രായങ്ങൾക്കു വേണ്ടി വിരഹം പൂണ്ടു..പ്രഭയുടെ അഭിപ്രായമെത്തും വരേ, ഓരോ എഴുത്തുകളും അപൂർണ്ണമായി തോന്നി. സൗഹൃദം മുഖപുസ്തകവും, വാട്സ്ആപ്പുമൊക്കെയായി തുടർന്നു കൊണ്ടേയിരുന്നു.

ചന്ദ്രശേഖർ എന്ന പ്രവാസിയുടെ ഭാര്യയായ പ്രഭ..നഗരത്തിലേ പ്രമുഖ ഹൗസിംഗ് കോളനികളിലൊന്നിലാണ് താമസം..ഏറെ നാളായിട്ടില്ല അമ്മയും മകനും കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടിട്ട്..പ്രഭയുടെ എഴുത്തുകളിലെല്ലാം അടിസ്ഥാനഭാവമായത് വിരഹവും വിഷാദവുമായിരുന്നു..ഏറെ അടുത്തപ്പോൾ, അവൾ പറഞ്ഞു.

“നാഥൻ, നിന്റെ എഴുത്തുകളിൽ എന്റെ ഇന്നലെകളുണ്ട്..അതിൽ, ഞാൻ ജനിച്ചുവളർന്ന ഗ്രാമമുണ്ട്. ബാല്യത്തിന്റെ കുസൃതികളുണ്ട്. കൗമാരത്തിന്റെ കുതൂഹലങ്ങളുണ്ട്..എനിക്കു തോന്നുന്നു, ഞാനും നീയും ഏതോ മുൻജന്മത്തിൽ പരിചിതരായിരുന്നുവെന്ന്..രാമനാഥന്റെ എഴുത്തിലെ ഭൂമികകൾ അത്രമേൽ സുപരിചിതമായിത്തോന്നാൻ വേറെന്തു ഹേതു?.നിന്റെ എഴുത്തുകളിലൂടെ സഞ്ചരിക്കുമ്പോൾ, ഞാൻ എന്നിലെ ഇന്നിന്റെ ദു:ഖങ്ങളേ മറക്കും.
മധ്യപൂർവ്വദേശത്തേ യാന്ത്രികതകളേ അറിയാതെ പോകുന്നു. ചന്ദ്രശേഖരന്റെ കൂടെക്കഴിയുന്ന മ ദ്യഗന്ധമുള്ള രാത്രികളെ സഹിക്കാൻ സാധിക്കുന്നു..വിഷ്ണുവും ഞാനും ഈ ജൂണിൽ നാട്ടിലേക്കു മടങ്ങും..ഇനി, നാട്ടിലാണ് വിഷ്ണുന്റെ പഠനം. അന്നൊരിക്കൽ, നീയും കുടുംബവും എന്റെ വീട്ടിലേക്കു വരണം. കഥകളിലും, ഫോട്ടോകളിലും മാത്രം കണ്ട നിന്റെ പ്രണയിനിയായ ഭാര്യയെ എനിക്കു പരിചയപ്പെടണം..നിന്റെ മക്കൾക്ക് നിറയേ സമ്മാനങ്ങൾ തരണം. ഒരു മേശക്കു ചുറ്റുമിരുന്ന്, രാവെളുക്കുവോളം സംസാരിക്കണം..കവിതകൾ ചൊല്ലണം.”

പിന്നേയും, എത്രയോ വിശേഷങ്ങൾ..വിരസവിരഹരാവുകൾ സമ്മാനിച്ച ചന്ദ്രശേഖരന്റേ മ ദ്യപാനാസക്തി..അതിലും നടുക്കം പകർന്നത് അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധങ്ങളേ ക്കുറിച്ചുള്ള അറിവുകളായിരുന്നു.. ഓർത്തോർത്തു ദു:ഖിച്ച്, മനോനില കൈവിട്ടതും ജീവിതതാളം തെറ്റിയതും പ്രഭ വിവരിച്ചു. ഏറെ ചികിത്സകൾക്കു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതുമെല്ലാം. പ്രഭ എപ്പോഴും പറയുമായിരുന്നു..നാഥന്റെ എഴുത്തുകളാണ്, തന്നെ ജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ ഉത്പ്രേരകങ്ങളായതെന്ന്.

കാർ നഗരഹൃദയത്തിലൂടെ ഏറെദൂരം സഞ്ചരിച്ച്, പ്രഭയുടെ വീട്ടിലെത്തി. വലിയ വീട്..സമസ്ത സൗകര്യങ്ങളും ഒപ്പം ഐശ്വര്യവും തുടിച്ചുനിന്ന ഗേഹം..അതിരാവിലെ എത്തിയതു മുതൽ തുടങ്ങിയ സമാചാരങ്ങൾ..സമുദാചാരങ്ങൾ..വിഭവസമൃദ്ധിയുടെ ഉച്ചവിഭവങ്ങൾ..വിഷയങ്ങളും വിശേഷങ്ങളും തുടർന്നു..രാമനാഥൻ എന്ന അലസന്റേ ജീവിതം..സൗമ്യയേ കണ്ടുമുട്ടിയത്. പ്രണയം, വീട്ടുകാരുടെ എതിർപ്പിനേ അവഗണിച്ചുള്ള പരിണയം. കുട്ടികൾ, അവരുടെ കുസൃതികൾ..

കുട്ടികളോട് ഏറെ പ്രിയങ്കരമായി പെരുമാറിയെങ്കിലും,.പ്രഭ, സൗമ്യയോട് എന്തോ അകലം കാണിച്ചു..സൗമ്യയ്ക്ക് ഭർത്താവിലുള്ള നിർണ്ണായക സ്വാധീനം പ്രഭയെ ഏറെ അസ്വസ്ഥമാക്കുന്നതായി തോന്നി..വൈകീട്ട്, തിരിച്ചു റെയിൽവേ സ്‌റ്റേഷനിലേക്ക് കൊണ്ടുവിടുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ പ്രഭ ഏറെ മൗനിയായിരുന്നു..ഒരു മികച്ച സൗഹൃദത്തിന്റെ താൽക്കാലിക വിരഹത്തിന്റെ അനന്തരഫലമാകാം ഹേതു എന്നേ കരുതിയുള്ളൂ.

തിരികേയുള്ള തീവണ്ടിയാത്രയിൽ, സൗമ്യ പറഞ്ഞു. “നാഥാ, നിങ്ങളുടെ പ്രഭയ്ക്ക് എന്നെ അത്രകണ്ട് ബോധിച്ചിട്ടില്ലെന്നു തോന്നുന്നു. എന്നോടെന്തോ ഒരകൽച്ച പോലെ”

ആശ്വാസം പകർന്നാണ് മറുപടി പറഞ്ഞത്.

“ഹേയ്,.അതു വെറും തോന്നലാണ് സൗമ്യാ,.അവർ നല്ലവരാണ്. മനസ്സിലെ ചില സങ്കടങ്ങൾ വെറുതേ പുറത്തുവന്നതാകാം”

അന്നു രാത്രിയിൽ വന്ന വാട്സ് ആപ്പ് സന്ദേശത്തിൽ പ്രഭ ഇങ്ങനെ എഴുതിയിരിക്കുന്നു.

“നാഥൻ, നീയറിയുന്നുവോ? നീ എഴുതിയ ഇന്നലെകളിലെ വഴിത്താരകളിൽ,
നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ അക്ഷരങ്ങൾ ചമച്ച ആ അത്ഭുതലോകത്ത് നിന്നെപ്പോലൊരാളായി ഞാനും..എന്തേ, നീയെന്നെ കാണാതെ പോയി?.നിന്റെ ഓരോ എഴുത്തുകളും എന്നെ കൈപിടിച്ചു നടത്തിയത് എവിടേയ്ക്കാണ് ?.ചിലപ്പോഴെക്കെ എനിക്ക് സംശയം തോന്നാറുണ്ട്. ആ എഴുത്തുകളിലേ നീ, എനിക്കാരാണെന്ന്?.ഒരു പക്ഷേ, ഞാൻ നിന്റെ നിഴൽ തന്നെയാകാം. ഒരിക്കലും, നീയെന്റെ ഏട്ടനോ അനുജനോ ആയിരുന്നില്ല.
ര ക്തബന്ധങ്ങൾക്ക് ആശയവിനിമയങ്ങളിൽ പരിമിതികളുണ്ടല്ലോ..നമുക്കിടയിൽ തീർത്തും ഔപചാരികതകളുടെ വേലികളില്ലായിരുന്നു..ആ ഒരു സ്വാതന്ത്ര്യം, അതിനെ പ്രണയമെന്നാണോ വിവക്ഷിക്കേണ്ടത്? അറിയില്ല..ഒരു കാര്യം തീർച്ച; സൗമ്യയോട് നീ തീർത്തും ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ ചിന്തകളിലെ ലോകത്ത്, നീയും നിന്റെ കുട്ടികളുമുണ്ട്. പക്ഷേ, സൗമ്യയില്ല. നീ പോയ നേരം മുതൽ, എന്റെ മനസ്സ് വീണ്ടും ചഞ്ചലമാകുന്നു. പഴയ കൗൺസിലിംഗ് സെന്ററിന്റെ കടുംമഞ്ഞച്ചുവരുകൾ ഒരിക്കൽക്കൂടി ഓർമ്മയിലെത്തുന്നു. നീ, ക്ഷമിക്കുക. ഞാൻ, മുഖപുസ്തകവും, വാട്സ്ആപ്പും കുറേ നാളത്തേക്ക് ഉപേക്ഷിക്കയാണ്..വെറുതേ ഒരൊളിച്ചോട്ടം. എന്നോട് ക്ഷമിക്കുക”

സൗമ്യ, അത് വായിച്ചിട്ടു പറഞ്ഞു.

“സത്യത്തിൽ, ഇവർക്ക് എന്തോ പ്രശ്നമുണ്ട്..ചിലപ്പോൾ കുടുംബബന്ധത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവഗണനകളുടെ ഫലമാകാം..അവരേ, അവരുടെ ഇഷ്ടത്തിനു വിട്ടേക്കു..ആ കുട്ടിക്ക്, വിഷ്ണൂന് നല്ലതുമാത്രം വരട്ടേ. അവർക്കിഷ്ടമുള്ളപ്പോൾ വിളിക്കുകയോ, മെസേജ് അയക്കുകയോ ചെയ്യട്ടേ. അവരുടെ മനസ്സിലെ കലക്കങ്ങൾക്ക്, കാലം അറുതി നൽകട്ടേ”

മൂന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു..റെയിൽവേ സ്‌റ്റേഷനിലെ കൽബഞ്ചിലിരുന്ന് അയാൾ മുഖപുസ്തകം തുറന്നു..തെല്ലുദൂരം സ്ക്രോൾ ചെയ്ത്, അയാൾ ഇന്നലത്തേ ആ പോസ്റ്റിലേക്ക് വീണ്ടും മിഴികൾ പായിച്ചു..തന്റെയും പ്രഭയുടെയും പ്രിയപ്പെട്ട സൗഹൃദങ്ങളിലൊരാളും, പ്രഭയുടെ നാട്ടുകാരനുമായ സ്നേഹിതന്റെ അറിയിപ്പ്.

“നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിക്ക് വിട ” താഴെ, ജയപ്രഭയുടെ ചിത്രം. അതിനു താഴേയ്ക്ക് പെയ്തിറങ്ങിയ ‘ആദരാഞ്ജലി’കളുടെ പെരുമഴ. ആരോ ഒരാൾ എഴുതിച്ചോദിച്ചിരിക്കുന്നു. “എന്തു പറ്റിയതാ”ണെന്ന്..”ആത്മഹ ത്യ” എന്ന ഒറ്റവാക്കിൽ മറുപടിയൊതുങ്ങുന്നു.

മെല്ലെ എഴുന്നേറ്റ്, റെയിൽവേ സ്‌റ്റേഷനു പുറകിലേ ഓട്ടോസ്റ്റാൻഡിലേക്ക് നടന്നു. സമയം എട്ടുമണിയാകുന്നതേയുള്ളു…പത്തുമണിക്കാണ് ആ ‘സമയം’ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ, പ്രഭയുടെ വീട്ടുമുറ്റത്ത്, അവളെ ഒരു നോക്കു കാണാൻ എന്തെന്നില്ലാത്ത ജനക്കൂട്ടമുണ്ടായിരിക്കും..വിഷ്ണു, കരഞ്ഞു തളർന്നു വീണിരിക്കാം. ചന്ദ്രശേഖരൻ വന്നിട്ടുണ്ടാകാം..അയാളുടെ മിഴികൾ സജലങ്ങളാകുമോ? അറിയില്ല..

ആൾക്കൂട്ടത്തിനിടയിൽ ഈയൊരാളുണ്ടാകും..എഴുത്ത് തീർത്ത നവലോകങ്ങളിൽ ജയപ്രഭയേ കൈപിടിച്ചു നടത്തിയ, ഇതുവരേ വിവക്ഷിക്കാനാവാത്ത ബന്ധുത പേറിയ ഒരാൾ. സ്വർണ്ണനദികളുടെ തീരത്ത് ഒരിക്കൽ കണ്ടുമുട്ടും വരേ പിരിയുമ്പോൾ,.ഒരു വാക്കു ചൊല്ലാൻ,.ഒരു യാത്രാമൊഴി ചൊല്ലാൻ…..