തീരുമാനം
എഴുത്ത്:- ദേവാംശി ദേവ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“വയസ്സിത്രയും ആയില്ലേ … ഇനി അമ്മയുടെ ഇഷ്ടത്തിന് അമ്മക്ക് ജീവിക്കാൻ പറ്റില്ല..”
“ഇത്രയും കാലം അമ്മയുടെ തീരുമാനത്തിനല്ലേ അമ്മ ജീവിച്ചത്.. ഇനി തീരുമാനങ്ങൾ ഞങ്ങളെടുത്തോളാം.”
വന്ദന തന്റെ മുന്നിൽ നിന്ന് തന്നെ ചോദ്യം ചെയ്യുന്ന രണ്ട് പെണ്മക്കളെയും നോക്കി മനോഹരമായി പുഞ്ചിരിച്ചു.
അഖിലയും അമൃതയും…. വന്ദനയുടെ ഇരട്ട പെണ്മക്കൾ..
“അമ്മ എന്തിനാ ചിരിക്കുന്നത്..ഞങ്ങളെ കളിയാക്കുകയാണോ..”
“എനിക്കൊന്ന് കിടക്കണം..” വന്ദന എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
“അമ്മയുടെ അവസാന തീരുമാനം ഞങ്ങൾക്ക് അറിയണം..” അഖില വന്ദനയുടെ മുന്നിലേക്ക് കയറി നിന്നു..
“എത്രയോ നാളുകൾക്ക് ശേഷമല്ലേ എന്റെ മക്കൾ ഈ വീടിന്റെ പടി ചവിട്ടുന്നതും..കുറച്ചുനേരം ഇവിടെ നിൽക്ക്..എന്റെ തീരുമാനം ഞാൻ വൈകുന്നേരം പറയാം.” അഖിലയും അമൃതയും പരസ്പരം നോക്കി..
റൂമിലേക്ക് പോയ വന്ദന കട്ടിലിൽ തളർന്നിരുന്നു..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. മേശപ്പുറത്തിരുന്ന് അവളുടെയും മനോജിന്റെയും വിവാഹഫോട്ടോ കൈയ്യിലെടുത്തു..
“ഞാനെടുത്ത തീരുമാനം തെറ്റാണോ മനുവേട്ടാ…ജീവതത്തിൽ ആദ്യമായാണ് ഞാൻ സ്വന്തമായൊരു തീരുമാനമെടുക്കുന്നത്..അതിനെ എതിർക്കുവാ നമ്മുടെ മക്കൾ… ഞാൻ എന്താ ചെയ്യേണ്ടത്..” ആ ഫോട്ടോയും നെഞ്ചോട് ചേർത്ത് കട്ടിലിലേക്ക് കിടന്നു..
“അമ്മയുടെ തീരുമാനം ഇനി നടക്കില്ല..” മകളുടെ വാക്കുകൾ ഓർക്കുമ്പോൾ അവളുടെ ചുണ്ടിലൊരു പുച്ഛചിരി വിരിഞ്ഞു.
പതിനെട്ടാമത്തെ വയസ്സിൽ അച്ഛൻ തനിക്ക് വിവാഹം ആലോചിച്ചു തുടങ്ങിയപ്പോൾ തന്നോടൊരു വാക്കുപോലും ചോദിച്ചിരുന്നില്ല..
ഇരുപതാമത്തെ വയസിൽ സർക്കാർ ഉദ്യോഗസ്ഥനായ മനോജേട്ടന്റെ ആലോചന വന്നപ്പോൾ എന്നോടൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വിവാഹം ഉറപ്പിച്ചു…
വിവഹം കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ രണ്ട് മക്കളും ജനിച്ചു..
അവർക്ക് മൂന്ന് വയസ്സ് തികയും മുൻപ് മനോജേട്ടനൊരു അക്സിഡന്റിൽ പോയപ്പോൾ രണ്ട് മക്കളെയും ചേർത്ത് പിടിച്ച് ജീവിതത്തെ പകപ്പോടെ നോക്കാനേ തനിക്ക് കഴിഞ്ഞുള്ളു..
“നീ എന്തിനാ വിഷമിക്കുന്നെ അവന്റെ ജോലി നിനക്ക് കിട്ടുവല്ലോ…അതുകൊണ്ട് സുഖമായി ജീവിച്ചു കൂടെ..” അമ്മയത് പറഞ്ഞപ്പോൾ ദേഷ്യം തോന്നി.. “മനുവേട്ടന് പകരമാകുമോ ജോലി” എന്ന് ചോദിക്കണമെന്ന് കരുതി. പക്ഷെയൊന്നും മിണ്ടിയില്ല…
അധികം താമസം ഇല്ലാതെ തന്നെ മനുവേട്ടന്റെ ജോലി തനിക്ക് കിട്ടി..
“വിനുവിന്റെ കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ഇനി നീ ഇവിടെ നിൽക്കുന്നത് ശരിയല്ല വന്ദനെ..” മനുവേട്ടന്റെ അമ്മ പറഞ്ഞു..
“ഏട്ടന്റെ ജോലിയാ ഏടത്തിക്ക് കിട്ടിയത്..അതിൽ അമ്മക്കും അവകാശമുണ്ട്.”
മക്കളെയും കൂട്ടി ഇറങ്ങാൻ നേരം വിനു പറഞ്ഞു. പറയുക മാത്രമല്ല എല്ലാമാസവും ശമ്പളത്തിന്റെ പങ്ക് വാങ്ങാൻ അവൻ കൃത്യമായി എത്തി.
“നിനക്കൊരു സർക്കാർ ജോലിയുളളതല്ലെ .എന്നിട്ടാണോ അവൻ വാങ്ങിയ നക്കാപിച്ച കാശ് ഇങ്ങനെ തിരികെ ചോദിക്കുന്നത്.” സ്വന്തം വീട്ടിലേക്ക് വന്ന നാൾ മുതൽ വീട്ടുചിലവ് മുഴുവൻ നോക്കുന്നതിന് പുറമെ സഹോദരൻ ഇടക്കിടക്ക് വാങ്ങിയ കാശ് തിരികെ ചോദിച്ചപ്പോൾ അമ്മയുടെ വക ചോദ്യമാണ്.
കിട്ടുന്ന ശമ്പളം മനുവേട്ടന്റെ വീട്ടിലും കൊടുത്ത് സ്വന്തം വീട്ടിലും ചിലവാക്കി കഴിയുമ്പോൾ പിന്നെ കൈയ്യിൽ ഒന്നും കാണില്ല.. അതിന്റെ കൂടെ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ വിവാഹമോ മറ്റോ വന്നാൽ പിന്നെ കടം വാങ്ങണം. വണ്ടിക്കൂലിക്ക് പോലും കാശ് തികയാതെ വന്നപ്പോഴാണ് അവനോട് കടം കൊടുത്ത കാശ് തിരികെ ചോദിച്ചത്.
“വരുൺ ഇന്ന് കാണാൻ പോയ പെൺകുട്ടിയെ അവന് ഇഷ്ടമായി..
ഈ വിവാഹം നടക്കും..അതിനുമുൻപ് ഈ വീടൊക്കെയൊന്ന് പുതുക്കി പണിയണം..നീയൊരു ലോൺ എടുക്ക്.
നിന്റെ ശമ്പളത്തിൽ നിന്ന് തൽക്കാലം അടക്ക്..അവനത് തിരികെ തരും.”
അമ്മ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഞാൻ മുറിയിലേക്ക് പോയി.
പിന്നെ മറ്റൊരു ജില്ലയിലേക്ക് സ്ഥലമാറ്റം ചോദിച്ചു വാങ്ങി.. അവിടെയൊരു വാടക വീടെടുത്ത് അങ്ങോട്ടേക്ക് പോയി.. അതുകൊണ്ട് തന്നെ സഹോദരന്റെ വിവാഹം എന്നെ അറിയിച്ചില്ല. ഞാൻ തിരക്കി പോയതും ഇല്ല…
മനോജേട്ടന്റെ അമ്മ മരിക്കും വരെ ശമ്പളത്തിൽ നിന്നൊരു തുക ഞാൻ അവർക്ക് കൊടുത്തു..അമ്മയുടെ മരണ ശേഷൻ വിനു കാശിനായി വന്നപ്പോൾ തരില്ലെന്ന് തീർത്തു പറഞ്ഞു.
പുതിയ ഓഫീസിൽ വെച്ചാണ് വേണുവിനെ കാണുന്നത്.. വേണുവിന്റെ ഭാര്യയും മരിച്ചു പോയതാണ്…മക്കൾ ഇല്ല. വീട്ടിൽ അമ്മയും വേണുവും മാത്രം.
വേണുവുമായുള്ള സൗുഹൃദം വലിയൊരാശ്വാസമായിരുന്നു. ഒരിക്കൽ എന്നെ വിവാഹം കഴിക്കാൻ വേണു ആഗ്രഹം പറഞ്ഞു.. എന്നാൽ തനിക്ക് അതിന് കഴിയില്ലായിരുന്നു.. എന്റെ ജീവിതം എന്റെ മക്കൾക്ക് വേണ്ടിയാണെന്ന് പറഞ്ഞു. പിന്നീടൊരിക്കലും വേണു അതിനെ പറ്റി സംസാരിച്ചില്ല.നല്ലൊരു സുഹൃത്തായി തന്നെ കൂടെ നിന്നു..
വാശിയോടെ മുന്നോട്ട് ജീവിച്ചു.. സ്ഥലം വാങ്ങി വീടുവെച്ചു. മക്കളെ രണ്ടുപേരെയും പഠിപ്പിച്ചു.. ഒരാൾ ഡോക്ടർ ആണ്. ഒരു ഡോക്ടർ തന്നെയാണ് അവളെ വിവാഹം കഴിച്ചത്. മറ്റെയാൾ എഞ്ചിനീയർ..ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥൻ. രണ്ടുപേർക്കും സന്തോഷകരമായ ജീവിതം…അതിനിടയിൽ അമ്മയെ കാണാനോ വരാനോ,ഫോണിൽ വിളിച്ചു സംസാരിക്കാനോ പോലും രണ്ട് പേർക്കും സമയമില്ല.. അങ്ങോട്ട് വിളിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ സംസാരം നിർത്തും..
“താൻ എന്തിനാ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത്..മക്കളൊക്കെ നല്ല നിലയിലെത്തിയല്ലോ..ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് ജീവിച്ചാലോ..”
വേണു അത് ചോദിച്ചപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞതിന്റെ അത്ഭുതമായിരുന്നു എനിക്ക്..
എങ്കിലുമത് പുറത്തു കാട്ടാതെ ഒരു തമാശ കേട്ടതുപോലെ ചിരിച്ചു ഞാൻ.
കഴിഞ്ഞാഴ്ച ബി പി കൂടി ഓഫീസിൽ തലകറങ്ങി വീണ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് വേണുവാണ്.. ഡിസ്റ്റാർജ് ആകുന്നതുവരെ എനിക്ക് കൂട്ടിരുന്നു.. എന്നെ വീട്ടിൽ ആക്കിയ ശേഷമാണ് തിരികെ പോയത്. അഞ്ച് ദിവസം മക്കളെ രണ്ടുപേരെയും വിളിച്ചില്ല.. ദിവസവും വിളിക്കുന്ന അമ്മ വിളിക്കാതായിട്ടും രണ്ടുപേരും അന്വേഷിച്ചില്ല.. അതോടെയാണ് താനും മാറി ചിന്തിച്ചത്..
തനിക്കുമൊരു കൂട്ട് വേണം..ഇനിയും ഒറ്റക്ക് വയ്യ… എന്റെ ബാക്കിയുള്ള ജീവിതം വേണുവിനോടൊപ്പം ജീവിക്കാൻ ഞാൻ തീരുമാനിച്ചു..അത് മക്കളെ രണ്ടുപേരെയും വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം എല്ലാ തിരക്കുകളും മാറ്റിവെച്ച് അവർ തന്നെ കാണാനെത്തി..
സ്നേഹം കൊണ്ടല്ല..ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ലെന്ന് പറയാം.”
അക്ഷമയോടെ അഖിലയും അമൃതയും വന്ദനയുടെ തീരുമാനത്തിനായി കാത്തിരുന്നു.
വന്ദന വാതിൽ തുറന്ന് കൈയ്യിലൊരു ബാഗുമായി പുറത്തേക്ക് വന്നു..
“അമ്മയിത് എങ്ങോട്ടാ ബാഗൊക്കെയായി.”അമൃത ചോദിച്ചെങ്കിലും വന്ദന ഒന്നും മിണ്ടാതെ വീടിന് പുറത്തേക്ക് നടന്നു.. പുറകെ അഖിലയും ആമൃതയും.
“അമ്മേ…”
ഗേറ്റിന് പുറത്ത് കാറുമായി വന്ദനയെ കാത്തുനിൽക്കുന്ന വേണുവിനെ കണ്ടതും അഖില ദേഷ്യത്തോടെ വിളിച്ചു.
“എന്റെ ഈ തീരുമാനം നിങ്ങൾക്ക് തെറ്റ് ആയിരിക്കും..പക്ഷെ എനിക്ക് ഇതാണ് ശരി..അതുകൊണ്ട് തന്നെ ഇനി ആ ശരിക്കൊപ്പം നടക്കാൻ ഞാൻ തീരുമാനിച്ചു.”കൂടുതലൊന്നും പറയാൻ നിൽക്കാതെ വന്ദന വേണുവിനൊപ്പം പോയി.. അവരുടെ ജീവിതത്തിലേക്ക്.