നിവേദ്യം ~ ഭാഗം 28, എഴുത്ത്: ഉല്ലാസ് OS

നാളെ കാലത്തേ വൈശാഖനെ കൂട്ടി ദേവിക്ഷേത്രത്തിൽ പോയിട്ട് ഒരു നൂല് ജപിച്ചു കെട്ടണം…പേടിയൊന്നും തട്ടാതെ ഇരിക്കാൻ ആണ്… “

“അമ്മ ആവശ്യം ഇല്ലാതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കുകയാണ് …. ഏട്ടത്തി പോയി കുളിക്ക്…. “വീണ പറഞ്ഞു..

“നീ ഒന്നു പോടീ മിണ്ടാതെ,,, ഞാൻ പേടിപ്പിച്ചു പറഞ്ഞത് ഒന്നും അല്ല…”

“അമ്മേ എന്നാൽ ഞാൻ പോയി കുളിക്കാം… “ഒരു ഉണ്ണിയപ്പവും കൂടി എടുത്തു വായിലേക്ക് ഇട്ടുകൊണ്ട് ലക്ഷ്മി അടുക്കളയിൽ നിന്ന് ഇറങ്ങി പോയി..

“ഏട്ടത്തിക്ക് ഇതൊക്ക പേടി ആയിരിക്കും അമ്മ വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കല്ലേ…

“എടി ഇതൊക്കെ പറഞ്ഞു കൊടുക്കാണ്ടെ… ആ കുട്ടിക്ക് ഇതൊന്നും അറിയില്ല. മനസ്സിൽ എന്തെങ്കിലും പേടി തട്ടിയാലോ, അതൊക്കെ വയറ്റിൽ കിടക്കുന്നതിനെയാണ് ബാധിക്കുന്നത്.. നിന്നോട് അതൊന്നും പറഞാൽ നിനക്ക് മനസിലാകില്ല… “

“ആഹ് അമ്മ എന്ത് വേണമെങ്കിലും ചെയ്യു.. ഞാൻ പറഞ്ഞൂന്നേ ഒള്ളു.

“അമ്മായി…. ആരും ഇല്ലേ ഇവിടെ . “

ആരോ വിളിച്ചല്ലോ അമ്മേ… എന്നും പറഞ്ഞു വീണ വെളിയിലേക്ക് തല ഇട്ടു…

“ആരാ അത്‌… “സുമിത്രയും വാതിലക്കലേക്ക് വന്നു..

“അല്ല… ആരിത് ഗിരിജയോ… വാ വാ.. കേറി വാ.. “

ശേഖരന്റെ മൂത്ത പെങ്ങളുടെ മകൾ ആണ് ഗിരിജ… ഇടയ്ക്ക് ഒക്കെ ഗിരിജ ഇങ്ങനെ വരുന്നതാണ്..

“എന്തൊക്കെ ഉണ്ട് ഗിരിജേ വിശേഷങ്ങൾ.. ഇതെന്താ നേരം പോയി ഇറങ്ങിയത്… “

“ഞാൻ ബീനിടെ അടുത്ത് പോകാൻ വന്നതാണ് അമ്മായി… അപ്പോൾ പിന്നെ ഇവിടെ ഒന്ന് കേറീട്ടു പോകാം എന്ന് വിചാരിച്ചു.. വൈശാഖന്റെ പെണ്ണ് ഇവിടെ ഇല്ലെ”…

“കുളിക്കാൻ കയറിയതാ… ഇപ്പോൾ വരും… മോളെ വീണേ നീ ഒരു ചായ എടുത്തേ… “

“അമ്മായി ഇവിടെ എന്തൊക്കെ ഉണ്ട് വിശേഷം.. അമ്മാവൻ പാടത്തേക്ക് പോയി കാണും അല്ലേ.. “

“മ്… ശേഖരേട്ടൻ ഉച്ചയ്ക്ക് ഊണും കഴിഞ്ഞിട്ട് പോയി… ഇപ്പോൾ വരാറായി… പിന്നെ ഇവിടെ ഒരു വിശേഷം ഉണ്ടായി കെട്ടോ..ഇവിടെ ഒരു കുഞ്ഞു വാവ വരാൻ പോകുന്നു.. ലക്ഷ്മി മോൾക്ക് ഒരു മാസം ആയി.. “

“ആണോ.. എന്നിട്ടാരും ഒന്നും പറഞ്ഞില്ലാലോ…”

“ഇന്നലെ വൈകിട്ടാണ് അറിഞ്ഞത്.. ഞാൻ എല്ലാവരോടും വിളിച്ചു പറഞ്ഞുകൊണ്ട് ഇരിക്കുന്നതെ ഒള്ളു.. “

ഇതെന്ത് മാങ്ങാപ്പഴം ആണ് ഗിരിജേച്ചി… ” അവർ കൊണ്ടുവന്ന കവറിൽ നിന്നും ഒരു മാങ്ങാപ്പഴം എടുത്തു വീണ രുചിച്ചു നോക്കി..

“അത്‌ ചന്ദ്രക്കാരൻ മാങ്ങയ… പുളിശ്ശേരി വെയ്ക്കാൻ കേമം ആണ് കെട്ടോ.. “

അപ്പോളേക്കും ലക്ഷ്മി കുളി കഴിഞ്ഞു ഇറങ്ങി വന്നു .

“ആഹ്… ഞങ്ങൾക്ക് ഒക്കെ ചിലവ് ഉണ്ട് കെട്ടോ….അമ്മായിക്ക് ഏത് സമയവും പ്രാർത്ഥിക്കാൻ ഈ ഒരു ഒറ്റ കാര്യം ഉണ്ടായിരുന്നുള്ളു “

അവളെ കണ്ടതും ഗിരിജ ചിരിച്ചു കൊണ്ട് പറഞ്ഞു …

“ചേച്ചി.. എപ്പോൾ വന്നു… രേണുനെ കൂടി കൊണ്ടുവരാൻ മേലായിരുന്നോ.. “

“ഞാൻ ബിനിടെ അടുത്ത് വരെ വന്നതാ… അവളുടെ അമ്മായിമ്മ വീണു കിടപ്പിലായി… അതുകൊണ്ട് ഒന്നു കാണാൻ വന്നതാ.. അപ്പോൾ പിന്നെ ഇവിടെ ഒന്ന് കേറാം എന്ന് വിചാരിച്ചു.. “

ഉണ്ണിയപ്പവും ചായയും ഒക്കെ കഴിച്ചുകൊണ്ട് സൊറ പറഞ്ഞു ഇരിക്കുക ആണ് ഗിരിജ..

“വൈശാഖന് പോലീസിൽ കിട്ടിയല്ലേ.. ഇനി ട്രൈനിങ്ങിനു ഒക്കെ പോകണ്ടെ.. “

“മ്.. പോണം… അവനു ഇനി അതിന്റ പുറകെ ഒക്കെ നടക്കണം.. “

“വൈശാഖൻ ഇവിടെ ഇല്ലേ.. വന്നിട്ട് കണ്ടില്ല… “

“ഏട്ടൻ ആരെയോ കാണുവാൻ വേണ്ടി പുറത്ത് പോയതാണ്.. ഇപ്പോൾ വരും… “

കുറച്ചു സമയം കൂടി എല്ലാവരോടും ആയി വർത്തമാനം പറഞ്ഞിരുന്നിട്ട് ഗിരിജ യാത്ര പറഞ്ഞു പോയി..

“അമ്മേ… നമ്മൾക്ക് മാമ്പഴപുളിശ്ശേരി ഉണ്ടാക്കിയാലോ… “..ലക്ഷ്മി ഒരു മാമ്പഴം ആസ്വദിച്ചു ഇരുന്നു കഴിക്കുന്നതിനു ഇടയിൽ പറഞ്ഞു..

“അതിനെന്താ മോളേ… നമ്മൾക്ക് ഇപ്പോൾ തന്നെ ഉണ്ടാക്കാം… “

വീണേ… കുറച്ചു ശർക്കര ചീകി എടുത്തു പാനി ആക്കേടി… എന്നും പറഞ്ഞു കൊണ്ട് സുമിത്ര ഏഴെട്ട് മാങ്ങാ എടുത്തു കഴുകി തൊലി കളഞ്ഞു വെച്ചു..

അപ്പോളേക്കും ലക്ഷ്‌മി പതിയെ എഴുനേറ്റ് സുമിത്രയുടെ അരികതയി നിന്നു..

അരഗ്ലാസ്സ് വെള്ളവും ഒഴിച്ചു മാമ്പഴം ആവി കയറാൻ വെയ്ക്കുക ആണ് സുമിത്ര…

ഇത് ആവി വന്ന ശേഷം ആണോ അമ്മേ ശർക്കരപാനി ഒഴിക്കുന്നത്… “

“അതേ മോളേ.. എന്നിട്ട് ഈ ശർക്കര നീരിൽ ഈ മാമ്പഴം വഴറ്റി എടുക്കണം.. “

അതെയോ… ഈ രീതിയിൽ ആണ് അല്ലേ അമ്മ വെയ്ക്കുന്നത്… ശ്യാമള അമ്മ ഇങ്ങനെ അല്ല വെയ്ക്കുന്നത്.”

“ഏട്ടത്തി ഇതൊന്നു കൂട്ടി നോക്കിക്കേ.. സൂപ്പർ ആണ്.. അമ്മയുടെ സ്പെഷ്യൽ ആണ് ഈ പുളിശേരി.. “

“എങ്ങനെ ആണ് അമ്മേ… നോക്കട്ടെ… “

മാമ്പഴം ശർക്കരപാനിയിൽ കിടന്ന് തിളച്ചു മറിഞ്ഞു..

“അത്രക്ക് ഒന്നുല്ല മോളേ… ഈ മാമ്പഴം ഇതിൽ കിടന്ന് നന്നായി വരണ്ട് വരണം..അപ്പോളേക്കും കുറച്ചു നാളികേരവും കുറച്ചു തൈരും ഒരു പച്ചമുളകും ഇത്തിരി മഞ്ഞൾ പൊടിയും കൂടി നന്നായി അരച്ച് എടുക്കുക… “

“അപ്പോൾ ചുവന്നുള്ളിയും ജീരകവും ഒന്നും വേണ്ടേ അമ്മേ “

“ഒന്നും വേണ്ട… ഈ നാല് കൂട്ടവും കൂടി നല്ല വെണ്ണപോലെ അരച്ചെടുക്കുക .. എന്നിട്ട് ദേ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക… “സുമിത്ര ആണെങ്കിൽ അരച്ച കൂട്ട് ഒഴിച്ച് കൊണ്ട് പറഞ്ഞു..

“ഇത്രയും ഒള്ളോ അമ്മേ…. “

“ഇത്രയും അല്ല…. ഇനി ആണ് പ്രധാനപെട്ട കാര്യം… “എന്നും പറഞ്ഞു ഒരു ചെറിയ ചീന ചട്ടി സുമിത്ര അടുപ്പത്തേക്ക് വെച്ചു…

ചട്ടി ചൂടായി വന്നപ്പോൾ ഒരു സ്പൂൺ നെയ് ഒഴിച്ഛ്.. എന്നിട്ട് അതിലേക്ക് കടുകും ഉലുവയും കറിവേപ്പിലയും വറ്റൽ മുളക് കൂടി ഇട്ടു….. ആ മണം അടിച്ചപ്പോൾ തന്നെ കറിയുടെ രുചി എന്തായിരിക്കും എന്ന് ലക്ഷ്മി ഊഹിച്ചു..

“ഒരഞ്ചു മിനിറ്റ് ഇതു ഇങ്ങനെ മൂടി വെയ്ക്കണം… എന്നിട്ടേ തുറക്കാവൂ “

“അമ്മ ഇതൊക്ക എങ്ങനെ ആണ് പഠിച്ചത്… “

“അമ്മമ്മയുടെ കൈപ്പുണ്യം അപാരം ആയിരുന്നു ഏട്ടത്തി…. അമ്മമ്മ മോര് കാച്ചുമ്പോൾ ആ മണം അടിച്ചാൽ മതി ആയിരുന്നു ഒരു പറ ചോറുണ്ണാൻ എന്നാണ് എല്ലാവരും പറയുന്നത് അല്ലേ അമ്മേ… “

‘മ്… അതേ മോളെ… എന്റെ അമ്മ എല്ലാകുട്ടവും നന്നായി ഉണ്ടാക്കുമായിരുന്നു..അതിന്റെ ഒരു ചെറിയ അംശം എനിക്കും കിട്ടിയിട്ടുണ്ട്..അത്രയും ഒള്ളു… “

“സൂപ്പർ ടേസ്റ്റ് ആണ് അമ്മേ… പറയാണ്ട് വയ്യാ…. “സുമിത്ര കൊടുത്ത മാമ്പഴപുളിശേരി കഴിച്ചു കൊണ്ട് ലക്ഷ്‌മി പറഞ്ഞു..

“ഏട്ടന് ഈ ഒരു പുളിശേരിയും പിന്നെ ഇത്തിരി കട്ട തൈരും മാങ്ങാ അച്ചാറും ഉണ്ടെങ്കിൽ പിന്നെ…. കുശാലാ… “

“അതെല്ലാം കൂടി ആകുമ്പോൾ പുളി അല്ലേ…. “ലക്ഷ്മിക്ക് സംശയം ആയി..

“ഇല്ല ഏട്ടത്തി… അത്‌ ഏട്ടത്തി അങ്ങനെ കഴിച്ചിട്ടില്ലാത്തത് കൊണ്ട് ആണ്… “

“വീണേച്ചി.. ഏട്ടത്തി… നാമം ചൊല്ലാൻ വായോ… “ഉമ്മറത്ത് നിന്നും ഉണ്ണിമോൾ വിളിച്ചു…

“വീണേ. . നീ അങ്ങോട്ട്‌ ചെല്ല്… ലക്ഷ്മി മോളേ ഒന്നു ഇങ്ങട് വന്നേ.. ഒരു കൂട്ടം പറയാം…”

“ഓഹ്.. അമ്മ അടുത്തത് എന്തോ ഒപ്പിക്കുന്നുണ്ട്…. “അതും പറഞ്ഞു കൊണ്ട് വീണ എഴുനേറ്റു പോയി..

“മോളെ… എന്നും കാലത്തേ എഴുനേറ്റു രണ്ടുകൈയും കൂപ്പി സൽബുദ്ധിയും സൽസ്വഭാവവും ഉള്ള ആയുരാരോഗ്യത്തോട് കൂടിയ കുഞ്ഞിനെ തരണമേ എന്ന് സൂര്യഭഗവാനോട് പ്രാർത്ഥിക്കണം കെട്ടോ… “

“ഉവ്വ് അമ്മേ.. എന്തൊക്കെ ആണെന്ന് അമ്മ പറഞ്ഞു തന്നാൽ മതി… ഞാൻ അതുപോലെ ചെയ്തോളാം.. “

സുമിത്ര അവളെ നോക്കി മന്ദഹസിച്ചു…

“മോള് പോയി നാമം ചൊല്ലിക്കൊ… അമ്മയ്ക്ക് ഇത്തിരി ജോലി കൂടി ഉണ്ട്.. “

***

കുറഞ്ഞത് ആറേഴ് പ്രാവശ്യം എങ്കിലും ശ്യാമളയും അശോകനും ദീപയെ വിളിച്ചു…

“അച്ഛാ… പേടിക്കുക ഒന്നും വേണ്ട.. രാജീവേട്ടൻ എന്നെ ഒന്നും ചെയ്യില്ല… “

“എന്നാലും എന്റെ മോളെ… ഞങ്ങളുടെ വിഷമം എത്രയാണെന്ന് നിന്നോട് പറഞ്ഞാൽ മനസിലാകില്ല..”

“അതിന്റ ഒന്നും ഒരു ആവശ്യവും ഇല്ലാ…വിഷമിക്കേണ്ട സമയം ഒക്കെ കഴിഞ്ഞിരിക്കുന്നു…….”

“നീ എന്താ ഇങ്ങനെ ഒക്കെ പറയണത്… എനിക്ക് ഒരു സമാധാനവും ഇല്ലാ…..”

“ഞാൻ ഇനി ആത്മഹത്യ ഒന്നും ചെയ്യാൻ തുനിയത്തിലാ… അന്നേരം എന്റെ വിവരം ഇല്ലായ്മ കൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ ചെയ്തത്… അതിൽ ഞാൻ ഇന്ന് ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്.. “

“മോളേ… ഞാൻ അവനോട് ഒന്നു സംസാരിക്കണ്ടേ… ഇല്ലെങ്കിൽ ഇനിയും അവൻ… “

“അച്ഛാ… കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്….ഇനി രാജീവേട്ടനെ കുറിച്ച് അങ്ങനെ ഒന്നും കേൾക്കാതെ ഞാൻ നോക്കിക്കോളാം.. “

“നിന്നെ അവിടെ നിർത്താൻ എനിക്ക് ഭയം ആണ് മോളേ “

“എന്തിനു… അച്ഛൻ കാട് കയറി ചിന്തിച്ചു വേവലാതിപെടേണ്ട… അമ്മയോടും പറഞ്ഞേക്ക്… “

“അച്ഛാ… എങ്കിൽ വെച്ചോളൂ.. ഞാൻ നാളെ വിളിക്ക്കം

അശോകൻ അപ്പോളേക്കും ഫോൺ വെച്ചു കഴിഞ്ഞു..

രാജീവന്റെ ഫോൺ നിർത്താതെ റിങ് ചെയുന്നുണ്ട്… അയാൾ കുളിക്കുക ആയിരുന്നു.. ദീപ പോയി ഫോൺ എടുത്തു നോക്കി..

“ഹേമ കാളിങ്… “

അവൾ അത്‌ എടുത്തു ലൗഡ് സ്പീക്കർ ഓൺ ചെയ്തു..

“ഹലോ രാജീവൻ, ഇന്നെന്താ വിളിക്കാതിരുന്നത്…. “

“രാജീവേട്ടൻ കുളിക്കുവാണ്…. ഇറങ്ങുമ്പോൾ പറയാം… “ദീപ മറുപടി നൽകി..

പെട്ടന്ന് തന്നെ ആ കാൾ കട്ട്‌ ആയി…

അപ്പോളേക്കും രാജീവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നിരുന്നു..

“രാജീവേട്ടന് ഒരു കാൾ ഉണ്ടായിരുന്നു… ഒരു ഹേമ.. ഇറങ്ങുമ്പോൾ തിരിച്ചു വിളിക്കാം എന്ന് ഞാൻ പറഞ്ഞു.. “

ദീപ ഫോൺ അവന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു…

അവൻ ഫോണും ആയിട്ട് വേഗം പുറത്തേക്ക് ഇറങ്ങി പോയി..

“മോളെ… ഊണ് കഴിക്കാൻ വാ… “ഭാരതിയമ്മ വിളിച്ചപ്പോൾ അവൾ അവരുടെ പിന്നാലെ പോയി..

“അച്ഛൻ കഴിച്ചിട്ട് പോയോ അമ്മേ… “

“മ്.. പോയി… മോള് വാ.. വന്നു വയറു നിറച്ചു എന്തെങ്കിലും കഴിക്ക്… “
അവർ സ്നേഹത്തോടെ പറഞ്ഞു..

രാജീവൻ മുറ്റത്തു നിന്നു കൊണ്ട് ഫോണിൽ സംസാരിക്കുന്നത് അവൾ കണ്ടു..

ഭക്ഷണം കഴിച്ചു കഴിഞ്ഞു തിരികെ അവൾ റൂമിൽ എത്തിയതും രാജീവൻ പോയി റൂമിന്റെ വാതിൽ ലോക്ക് ചെയ്തു..

“എടി… നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഇനി മേലാൽ നീ എനിക്ക് വരുന്ന ഒറ്റ കാളു പോലും എടുത്തു പോയേക്കരുത്… കെട്ടോടി.. പുല്ലേ… “

“ഹേമ എന്ന് കണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി… ഇനി ആ പെണ്ണ് ആണോ നിങ്ങളുടെ മനo കവർന്ന മാദകസുന്ദരി എന്നോർത്ത്.. അതുകൊണ്ട് എടുത്തതാ “

താൻ എന്തെങ്കിലും പറയുമ്പോൾ പേടിച്ചു വിറയ്ക്കുന്ന ദീപയെ അല്ലായിരുന്നു അവൻ അപ്പോൾ കണ്ടത്.. തന്നോട് പോരാടാൻ ഉറച്ചായിരുന്നു അവൾ എന്ന് രാജീവൻ ഉറപ്പിച്ചു.. അവളിൽ ഉണ്ടായ മാറ്റം അവനെ ഞെട്ടിച്ചു കളഞ്ഞു..

“എടി… നിന്നെ ഞാൻ,, നിന്റെ തർക്കുത്തരം ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കും … “അവൻ അവളുടെ നേർക്ക് പാഞ്ഞു ചെന്നു..

“തൊട്ടുപോകരുത്….. നിങ്ങളുടെ അടിയും ചവിട്ടും തൊഴിയും എല്ലാം ഏറ്റുവാങ്ങി കരഞ്ഞുകൊണ്ട് ഇരുന്ന ദീപയില്ലേ… അവൾ മരിച്ചു കഴിഞ്ഞിരിക്കുന്നു.. ഇനി എന്നെ എന്തെങ്കിലും ചെയ്താൽ നിങ്ങൾ അഴി എണ്ണേണ്ടി വരും…. കാണണോ..”

അത്‌ കേട്ടതും രാജീവൻ പൊട്ടിച്ചിരിച്ചു…

“നീ കാണിക്കേടി… എന്നെ നീ ജയിലിൽ പിടിച്ചു കൊണ്ട് അടയ്ക്കെടി… നീ ആരാടി എന്ന് പറഞ്ഞാൽ… “

“ഞാൻ ആരാണെന്ന് പറയണോ… ഇനി എനിക്കെന്തെങ്കിലും സംഭവിച്ചു ഹോസ്പിറ്റലിൽ ഞാൻ കയറിയാൽ ആ നിമിഷം നിങ്ങൾ ജയിലിൽ ആകും…അപ്പോൾ അറിയും നിങ്ങൾ ഈ ഞാൻ ആരാണെന്നു.. “

അതുംപറഞ്ഞുകൊണ്ട് ദീപ കട്ടിലിൽ കയറി കിടന്നു..

എന്നും താൻ ഉറങ്ങിയോ എന്ന് ഉറപ്പ് വരുത്തിയിട്ട് കിടന്നിരുന്നവൾ ആണ്…

ഇപ്പോൾ യാതൊരു കൂസലും ഇല്ലാതെ അവൾ കയറി കിടന്നിരിക്കുന്നു…

രാജീവൻ ചവിട്ടി തുള്ളി മുറി വിട്ടു ഇറങ്ങി പോയി…

ആ തക്കം നോക്കി ദീപ വേഗം അവന്റെ ഫോണിൽ നിന്നും ഹേമയുടെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്തു..

********

“നീ ഇത് എവിടെ പോയതായിരുന്നു വൈശാഖാ… എത്ര നേരമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.. “

മുറ്റത്തു ബൈക്ക് വെച്ചിട്ട് അവൻ ഉമ്മറത്തേക്ക് കയറി..

“അച്ഛാ… ഞാൻ നമ്മുടെ പോറ്റി സാറിനെ കാണാൻ പോയതാണ്..ട്രെയിനിങ് ഉണ്ട് അച്ഛാ… അതിന്റ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ പോയതാണ്… “

“എന്നാലും നീ ആ ഫോൺ ഒന്നു എടുക്കാൻ മേലായിരുന്നോ മോനേ… ആ കുട്ടി എത്ര വിഷമിച്ചു…. “

“ഓഹ്.. സാറിനോട് സംസാരിച്ചു ഇരുന്നത് കൊണ്ട് ആണ്… അച്ഛനറിയാല്ലോ സാറിന്റെ കാര്യം.. “

“മ്.. എന്തെങ്കിലും ആകട്ടെ… നീ മുറിയിലോട്ട് ചെല്ല്… “

വല്ലാത്ത ഉഷ്ണം… ശേഖരൻ തോർത്ത്‌ എടുത്തു വീശിക്കൊണ്ട് ചാരുകസേരയിൽ ഇരുന്നു..

“അമ്മേ… ദേ.. ഏട്ടൻ വന്നു… “

“നീ ഇത് എവിടെ പോയതാടാ… നേരം എത്ര ആയിന്നു അറിയുമോ നിനക്ക്…വിളിച്ചാൽ ഫോണും എടുക്കില്ല… “

“അമ്മേ… ഇത്രക്ക് ദേഷ്യപ്പെടാനും മാത്രം എന്താ സംഭവിച്ചത്… ഞാൻ ഇങ് വന്നില്ലേ… ഞാൻ സാറിനെ കാണാൻ പോയതാണ്… “

“മിണ്ടരുത്…. പൊയ്ക്കോ എന്റെ മുന്നിന്ന്… “

ഇത് എന്താ ഇവർക്ക് എല്ലാം പറ്റിയത്… മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാൻ..

അവൻ മെല്ലെ റൂമിലേക്ക് കയറി പോയി…

ലക്ഷ്മിയുടെ അടുത്ത് ഉണ്ണിമോൾ ഉണ്ടായിരുന്നു…

“ആഹ് ഏട്ടൻ വന്നല്ലോ.. ഏട്ടത്തി അപ്പോൾ ഗുഡ് നൈറ്റ്‌.. “

ഉണ്ണിമോൾ അവനെ ഒന്നു അടിമുടി നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി..

“എന്റെ മോളേ… ഞാൻ പോറ്റി സാറിനെ കാണാൻ പോയതാ… അവിടെ ചെന്നപ്പോൾ മുടിഞ്ഞ മഴ… പിന്നെ ആണെങ്കിൽ സാറിനോട് സംസാരിച്ചു ഇരുന്നു… സമയം പോയത് അറിഞ്ഞിലാ.. “

ലക്ഷ്മി ഒരക്ഷരം പോലും മിണ്ടാതെ തല കുനിച്ചു ഇരിക്കുക ആണ്…

ദേ… കുഞ്ഞുലക്ഷ്മി .. നിന്റെ അമ്മ എന്നോട് പിണങ്ങി കെട്ടോ… അച്ഛെടെ പൊന്നിന് അറിയാമല്ലോ സത്യത്തിൽ അച്ഛ എവിടെ ആണ് പോയതെന്ന്…

അവൻ കൊഞ്ചിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു..

‘ലക്ഷ്മി… പിണങ്ങിയോ… അവൻ അവളുടെ താടി പിടിച്ചു ഉയർത്തി…എന്നിട്ട് അവളെ അവൻ പിടിച്ചു എഴുന്നേൽപ്പിച്ചു…

തന്റെ നെഞ്ചോട് ചേർത്ത് പിടിക്കുകയും അവൾ വാഷ്‌റൂമിലേക്ക് ഓടി..

കാര്യം മനസിലാകാതെ വൈശാഖൻ പിറകെയും..

ഭയങ്കര ഓക്കാനo ആയിരുന്നു അവൾ…

“ലക്ഷ്മി… എന്താ പറ്റിയത്… അമ്മേ… ഒന്നിങ്ങോട്ട് വരു…”വൈശാഖൻ വിളിച്ചു കൂവി..

അപ്പോളേക്കും ലക്ഷ്മി തളർന്നു വന്നു കട്ടിലിൽ ഇരുന്നു..

“എന്താടാ… എന്താ പറ്റിയത്… “സുമിത്രയും വീണയും കൂടി ഓടി വന്നു…

“ഒന്നുല്ല അമ്മേ… എനിക്കു ഓക്കാനം പോലെ തോന്നി… അതിനു ആണ് ഈ ഏട്ടൻ വെറുതെ ബഹളം വെയ്ക്കുന്നത്… “

“ഹോ.. എന്റെ ദൈവമേ ഈ ഏട്ടൻ പേടിപ്പിച്ചു കളഞ്ഞല്ലോ “

“എന്താ മോളേ.. ഇത് വരെ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ.. “

“അറിയില്ല അമ്മേ… ഇപ്പോൾ കുറഞ്ഞു..അമ്മ പോയി kകിടന്നോളു . “

“എന്തെങ്കിലും ഉണ്ടെങ്കിൽ മോള് വിളിച്ചാൽ മതി കെട്ടോ “സുമിത്രയും വീണയും കൂടി മുറിവിട്ട് ഇറങ്ങി പോയി..

വൈശാഖൻ വാതിൽ അടച്ചു ലോക്ക് ചെയ്തിട്ട് ലക്ഷ്മിക്ക് അരികിലേക്ക് വന്നു…

“ഇങ്ങോട്ടു വരരുത്… പ്ലീസ്… “

ലക്ഷ്മി വൈശാഖനെ നോക്കി..

“ഞാൻ സോറി പറഞ്ഞില്ലേ…നോക്ക് ലക്ഷ്മി…നീ ഇങ്ങനെ തുടങ്ങരുത് കെട്ടോ… ലേറ്റ് ആയി പോയി… വിളിച്ചിട്ടു കിട്ടിയുമില്ല….. “അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് വന്നു

“ഏട്ടാ.. എന്റെ അടുത്ത് വരരുത്.ഒന്നു മാറി പോകു… ..” ഈ തവണ അവൾ തന്റെ നാസിക പൊത്തി പിടിച്ചു കൊണ്ട് ആണ് പറഞ്ഞത്..

“എന്താ… നിനക്കെന്ത് പറ്റി ലക്ഷ്മി.. “

“ഏട്ടാ പ്ലീസ്…ഏട്ടൻ അടുത്ത് വരുമ്പോൾ എനിക്കു എന്തോ… വൊമിറ്റു ചെയ്യാൻ തോന്നുന്നു… “

തുടരും…