മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ശരി… ഞാൻ ഇവിടെ വെയിറ്റ് ചെയ്തോളാം… ഉച്ച ആകുമ്പോൾ നീ വന്നേക്കണം… അവൻ പറഞ്ഞു..
വൈശാഖേട്ട… ഉച്ചകഴിഞ്ഞു കമ്പയിൻ സ്റ്റഡി ഉണ്ട്… അവൾ വേഗം തിരിഞ്ഞു നിന്നു..
കമ്പനി തരാൻ ഞാൻ ഉണ്ട്… മര്യാദക്ക് വന്നോണം… വേഗം പോയി നല്ല കുട്ടി ആയി പരീക്ഷ എഴുതു പെണ്ണേ …. അവൻ അവളെ പറഞ്ഞയച്ചു..
വൈശാഖൻ വെറുതെ ബൈക്കിൽ ഒന്നു കറങ്ങി… കുറച്ചു സമയം പാർക്കിൽ പോയിരുന്നു..
അവൻ നോക്കിയപ്പോൾ രണ്ട് യുവമിഥുനങ്ങൾ നടന്നു വരുന്നുണ്ടായിരുന്നു..
കോളേജിൽ പോകുവനെന്നു പറഞ്ഞു പോരും, എന്നിട്ട് ഇങ്ങനെ കറങ്ങി നടക്കും.. പാവപ്പെട്ട മാതാപിതാക്കൾ വിഡ്ഢികൾ… അവരുണ്ടോ ഇത് വല്ലതും അറിയുന്നു. എന്നിട്ട് പ്രണയതിന്റെ അവസാനം “നീ എന്നെ ഒരു ഫ്രണ്ടായി കാണണം, നമ്മൾക്ക് നല്ല ഫ്രണ്ട്സ് ആകാം… എന്നു പറഞ്ഞു പാട്ടും പാടി പോകും “
നിനക്ക് എന്താടാ ആരോടും പ്രണയം തോന്നാത്തത്… നീ ഒരു വികാരജീവി ആണോ… ഒരു ദിവസo വിഷ്ണു കൊണ്ടുവന്ന കള്ളും കുടിച്ചിട്ട് അനൂപ് തന്നോട് ചോദിക്കാൻ വന്നത് അവൻ ഓർത്തു..
ഒള്ള കാര്യം പറയാമെടാ.. മൂന്നു പെങ്ങന്മാർ ഉള്ളവർക്ക് ഈ പ്രണയം ഒന്നും തലയ്ക്കു പിടിക്കില്ല…അതിനു സമയം ഇല്ലാ… അതാണ്… സത്യം… താനും രണ്ടെണ്ണം വീശിയിട്ട് ഇരിക്കുക ആണ്..
പക്ഷേ…. മംഗലത്തെ പാർവതി…. കാച്ചെണ്ണ തേച്ച ഇടതൂർന്ന മുടിയിൽ എന്നും കാണും ഒരു തുളസിക്കതിർ… വിടർന്ന കണ്ണുകളിൽ കരിമഷി പടർന്നിരിക്കും.. ഒരു കുഞ്ഞു വട്ടപ്പൊട്ടും അതിന്റെ മുകളിൽ ഒരു ചന്ദനക്കുറിയും… അവൾ അടുത്തുവരുമ്പോൾ കാച്ചെണ്ണയുടെയും പനിനീരിന്റെയും സുഗന്ധം ആയിരുന്നു… നാട്ടിന്പുറത്തുകാരി സുന്ദരി പെണ്ണ്…
ധനുമാസത്തിലെ തിരുവാതിരക്കും, സ്കൂൾയുവജനോത്സവത്തിനും ഒക്കെ അവൾ നല്ല അസ്സലായി തിരുവാതിര കളിക്കും..
അങ്ങനെ തുടങ്ങിയ ആരാധന ആണ് അവസാനം പ്രണയമായി മാറിയത്..
പക്ഷേ ഒരു പാളിച്ച പറ്റി….താൻ അല്ലാതെ മറ്റൊരാൾക്കും ഇത് അറിയില്ലായിരുന്നു…. അവൾക്ക് പോലും…
അവസാനം കണ്ടത് കഴിഞ്ഞ മീനത്തിലെ, കാവിലെ ഉൽസവത്തിനാണ്…..
അവളുടെ കുഞ്ഞിന് ബലൂണും ഐസ്ക്രീമും മേടിച്ചു കൊടുത്തത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..
എല്ലാവരുടെയും ജീവിതത്തിൽ പ്രണയം എന്ന വികാരം ഉണ്ടാകും…ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങളിൽ പ്രണയത്തിനു തീവ്രത ഏറും..
ഈ ഭൂമിയിൽ എല്ലാത്തിനും പരസ്പരം പ്രണയം ആണ്..
ഒരു പൂവിനോട് ഒരു പൂമ്പാറ്റക്ക് പ്രണയം തോന്നും, പൂമ്പാറ്റ വന്നു അവളെ ഇക്കിളിപെടുത്തുന്നതും കാത്തു ആ പനിനീർപൂവ് cനിൽക്കും… കാത്തിരിപ്പിനും ഒരു സുഖം ഉണ്ടല്ലോ…
ഒരു ഇളംകാറ്റിനു ഒരു ചെറുചില്ലയോട് ആയിരിക്കും പ്രണയം, ഇളം കാറ്റിന്റെ തലോടൽ ഏറ്റു അവൾ അങ്ങനെ ചായും…
മുല്ലവള്ളിക്ക് എന്നും തേന്മാവിൽ പടരാൻ ആണ് ഇഷ്ടം…. കാരണം അതിനു മധുരം കുടും..
മഴയോട് ഏറ്റവും പ്രണയം ഭൂമിദേവിയ്ക്കാണ്… മഴയിൽ ലയിച്ചു ഈ ധരിത്രി ശയിക്കും..
പ്രണയം അനശ്വരമാണ്….
കവി പാടിയത് പോലെ…
എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ… ആ കമിതാക്കളെ കണ്ടത് കൊണ്ട് അല്ലേ എന്നു അവൻ ഓർത്തു.. തനിക്കു പ്രണയിക്കാന് ഉള്ളവൾ ഇപ്പോൾ പരീക്ഷ എഴുതികൊണ്ട് ഇരിക്കുവാണ്..
സമയം 12കഴിഞ്ഞു…
ഇനി ഒരു മണിക്കൂർ കൂടി വേണം..
അവൻ വെറുതെ ഫോണിൽ നോക്കിയിരുന്നു..
അവൾക്ക് എന്താണ് തന്നോട് മിണ്ടാൻ ഒരു മടി… വിവാഹം ഉറപ്പിച്ച പെൺകുട്ടികൾ ഇങ്ങനെ ആണോ ആവോ… ആർക്കറിയാം… വരട്ടെ നോക്കാം
അങ്ങനെ ഒരു മണി ആയപ്പോൾ വൈശാഖൻ വീണ്ടും കോളേജിലേക്കുള്ള പോക്കറ്റ് റോഡിൽ ചെന്നു..
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ലക്ഷ്മി വന്നു. വാ….ആരെങ്കിലും കാണും മുൻപ് പോകാം.. അവൾ പെട്ടന്ന് അവന്റെ ബൈക്കിൽ കയറി..
വേഗം വണ്ടി വിട്……അവന്റെ തോളത്തു അവളുടെ നീളമുള്ള നഖങ്ങൾ ആഴ്ന്നു ഇറങ്ങി..
ഹാ… വേദനിക്കുന്നു….വേഗം തിരുമ്മിക്കൊ… അവൻ ഒച്ച വെച്ചു
നിനക്ക് ഐസ്ക്രീം വേണോ?? അവൻ ചോദിച്ചു.
യ്യോ…. വേണ്ട.. അവൾ പെട്ടെന്ന് പറഞ്ഞു.
പക്ഷെ അവൻ പോയത്, നേരെ ഒരു ഐസ് ക്രീം പാർലറിൽ ആണ് പോയത്..
ഓരോ ഫ്രൂട്ട് സാലഡ് ഓർഡർ ചെയ്തിട്ട് ഇരിക്കുക ആണ് രണ്ടാളും.
നിനക്ക് എന്താ ഇത്ര പേടി… അവൻ ചോദിച്ചു..
എന്റെ ടീച്ചേർസ് ആരെങ്കിലും കാണും. ഇടക്കൊക്കെ അവർ ഇവിടെ വരും, ലവ് ബേർഡ്‌സ്നെ കണ്ട് പിടിക്കാൻ…. . ചുറ്റിലും നോക്കികൊണ്ട് അവൾ പറഞ്ഞു..
അതിനെന്താ… നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവർ അല്ലേ… അവൻ അവളെ നോക്കി.
എന്നാലും എനിക്ക് നാണമാ…. 19 വയസിൽ ആരെങ്കിലും കല്യാണം കഴിക്കുമോ… ചുമ്മാ ജാതകദോഷം എന്നും പറഞ്ഞു.. അവൾ പതിയെ പറഞ്ഞു .
“ജാതകദോഷം ഉള്ളത്കൊണ്ടല്ലേ നിന്നെ എനിക്ക് കിട്ടിയത്…. “
“പതുക്കെ പറ.. ആരെങ്കിലും കേൾക്കും “…… അവൾക്ക് ദേഷ്യം വന്നു.
ശരി.. നീ വേഗം കഴിക്ക്.. നമ്മൾക്ക് പോകാം… അവൻ പറഞ്ഞുതീർന്നതും അവൾ പെട്ടന്ന് കഴിച്ചു തീർത്തു.
ബില്ല് തീർത്തിട്ട് ഇറങ്ങിയപ്പോൾ ലക്ഷ്മി അവന്റെ പിന്നിലൂടെ ചക്കിപ്പൂച്ചയുടെ കൂട്ട് പതുങ്ങി നടക്കുക ആണ്..
അവൻ അവളുടെ കൈയിൽ പിടിച്ചു മുൻപോട്ട് വലിച്ചു.
ശോ… ആരെങ്കിലും കാണും…. അവൾ കൈ വിടുവിച്ചു..
അയ്യോ,,, ദേ… വാണി ടീച്ചർ.. ഏട്ടാ വേഗം വണ്ടി എടുക്ക്…
അവൾ ദൃതി കാട്ടി.
എന്താ.. എന്റെ, പെണ്ണേ നിനക്ക്.. അവനു ദേഷ്യം വന്നു.
ഡിപ്പാർട്മെന്റ് ഹെഡ് ആണ്… വേഗം വണ്ടി എടുക്ക്… അവൾ അവനോട് ഒട്ടിച്ചേർന്നു പതുങ്ങി ഇരുന്നു.
ആരെങ്കിലും കാണുമോ എന്നോർത്ത് ആണെങ്കിലും ഈ ഇരുപ്പിനു സുഖം ഉണ്ട്…അവൻ ബൈക്ക് ഓടിച്ചുകൊണ്ട് ഊറി ചിരിച്ചു.
കുറച്ചു കഴിഞ്ഞതും അവൾ വേഗം അവനിൽ നിന്നു അടർന്നു മാറി.
എന്താ പേടി പോയോ… അവൻ ചോദിച്ചു.
എന്നെ ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി.. അവൾ പറഞ്ഞു, എങ്കിലും അവൻ നേരെ പാർക്കിലേക്ക് ആണ് പോയത്.
അയ്യോ…എന്തായിത് വൈശാഖേട്ട… എനിക്ക് നാളത്തെ പരീക്ഷക്ക് പഠിക്കാൻ ഉള്ളതാ… വേഗം വീട്ടിൽ പോകണം… “
എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്… അതിനാണ് ഞാൻ രാവിലെ മുതൽ ഇവിടെ ഇരിക്കുനത്… അവൻ പറഞ്ഞു.
“ശരി ശരി…. ചോദിച്ചോളൂ…”
“നിനക്ക് ഈ വിവാഹത്തിന് ഇഷ്ടക്കുറവ് ഉണ്ടോ…?
“ആദ്യം ഉണ്ടായിരുന്നു….ഇപ്പോൾ ഇല്ലാ .. “
“ഫോൺ വിളിക്കുമ്പോൾ പോലും എന്താ മിണ്ടാത്തത് “
“അതു… കുറച്ചു ദിവസം ആയിട്ട് മുത്തശ്ശി ഉണ്ട്… നിശ്ചയത്തിന് വന്നതാ… ഇനി കല്യാണം കഴിഞ്ഞേ പോകു….എന്റെ കൂടെ ആണ് കിടക്കുന്നത് “
“ഓക്കേ… ഞാൻ വിശ്വസിച്ചു.. “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
വൈശാഖേട്ട… ആരെങ്കിലും കാണും… പോകാം… അവൾക്ക് ക്ഷമ നശിച്ചു..
ശരി പോകാം എന്നു പറഞ്ഞു അവനും എഴുനേറ്റു.
കൂട്ടംതെറ്റിപോയ മാൻപേടയെ പോലെ ആണ് അവൾ എന്നു അവനു തോന്നി.
അത്രക്ക് ഭയം ആയിരുന്നു ആ കണ്ണുകളിൽ…
കണ്ടു കൊതി തീർന്നിട്ടെങ്കിലും അവൻ അവളെ ബസ് സ്റ്റോപ്പിൽ കൊണ്ട് ചെന്നു ഇറക്കി വിട്ടു..
അതേയ്… .. ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിച്ചു കൂട്ടേണ്ട കേട്ടോ.. എനിക്ക് ഇയാളെ വല്യ ഇഷ്ടമാ… ഇറങ്ങാൻ നേരം അവൾ പറഞ്ഞു..
പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതകൾ തുള്ളികൾ പെയ്തതാവാം…
അവൻ ഒരു മൂളിപ്പാട്ടും പാടി വണ്ടി മുന്നോട്ട് എടുത്തു…
–—–——
അമ്മേ… അച്ഛൻ എവിടെ പോയി.. തിരികെ വീട്ടിലേക്ക് വന്ന വൈശാഖൻ ചോദിച്ചു
“അച്ഛൻ ആണെങ്കിൽ കല്യാണം വിളി തുടങ്ങി കഴിഞ്ഞിരിക്കുന്നു..നമ്മൾക്ക് മറ്റന്നാൾ പെൺകുട്ടിക്ക് സാരീ എടുക്കാൻ പോകാം.ഇനി എന്നാ ദിവസം ഉണ്ട്… സുമിത്ര മകനോട് പറഞ്ഞു… “
ആ പെൺകുട്ടിക്ക് എന്ത് നിറം ആണ് ഇഷ്ടം എന്നു ചോദിക്ക് കെട്ടോ.. ഏത് ഡിസൈൻ ആണെന്ന് ഫോട്ടോ അയച്ചു മേടിക്ക്.. അമ്മ പറഞ്ഞപ്പോൾ അവൻ തല കുലുക്കികൊണ്ട് അകത്തേക്ക് പോയി.
അപ്പോൾ തന്നെ അവൻ അവൾക്ക് മെസ്സേജ് അയച്ചു.
അവൾ കുറച്ചു കഴിഞ്ഞു പറയാമെന്ന് പറഞ്ഞു ഫോൺ വെച്ചു.
വീണയും ഉണ്ണിമോളും പരീക്ഷ ആയത് കൊണ്ട് ഡ്രസ്സ് എടുക്കാനായി വന്നില്ലായിരുന്നു…
വീണക്ക് ദാവണി ആണ്… ഉണ്ണിമോൾക്ക് ഏതോ സ്കർട്ട് ഉം ബ്ലൗസും.. അവർ രണ്ടാളും വിജിയുടെ ഫോണിലേക്ക് ഫോട്ടോ അയച്ചു കൊടുത്തു.
കുറെ ബ്രൈറ്റ് കളർസ് ആണ് ലക്ഷ്മി വൈശാഖന്റെ ഫോണിലേക്ക് അയച്ചു കൊടുത്തത്…
ആദ്യം വീണക്കും ഉണ്ണിമോൾക്കും എടുത്തു, വിജിക്കു ഒരു കാഞ്ചിപുരം സാരീ എടുത്തു. സുമിത്രക്കും ചെറിയ കസാവോടുകൂടിയ ഒരു കോട്ടൺ സാരീ മേടിച്ചു. വിജിയുടെ അമ്മയ്ക്കും ഗോപനും ഉള്ളത് എല്ലാം കൂടി ഒരു കവറിൽ വെയ്ക്കാൻ വിജി നിർദ്ദേശിച്ചു.
ഇനി പെണ്ണിനും ചെറുക്കനും ഉള്ളത്… വിജി നിർദ്ദേശിച്ചപ്പോൾ സെയിൽസ്ഗേൾ അവരെ വേറൊരു സെക്ഷനിൽ കൊണ്ട് പോയി..
വൈശാഖൻ കാണിച്ചുകൊടുത്ത സാരീ ഡിസൈൻ ഒക്കെ അവിടെ ഉണ്ടായിരുന്നു.
പക്ഷെ 20000 രൂപയിൽ ആയിരുന്നു തുടക്കം. സത്യം പറഞ്ഞാൽ, ലക്ഷ്മി പറഞ്ഞ ഡിസൈനർ സാരിക്ക് മുപ്പത്തി അയ്യായിരം രൂപയോളം വിലവരും ആയിരുന്നു….
ഇത്രയും വിലയുള്ള സാരി ഒരു ദിവസത്തേക്ക് എടുക്കണോ,, അവൻ വിളിച്ചു ചോദിച്ചു…
ഏട്ടന് ഇഷ്ടം ഉള്ളത് സെലക്ട് ചെയ്തോളു..ക്ലാസ്സിൽ ആയതിനാൽ അവൾ പെട്ടന്ന് പറഞ്ഞിട്ട് ഫോണ് കട്ട് ആക്കി..
അത്രയും രൂപ ക്യാഷ് ആയിട്ട് തന്നതുകൊണ്ട്, നല്ല സാരി തന്നെ എടുക്കാം അല്ലേ അമ്മേ വിജിയുടെ ആയിരുന്നു ആ നിർദേശം…
അത് തന്നെയാണ് നല്ലതെന്ന് സുമിത്രയും പറഞ്ഞു.
അങ്ങനെ 20000 രൂപയുടെ ഒരു സാരിയാണ് അവൾക്ക് മന്ത്രകോടി ആയിട്ട് എടുത്തത്,..
വൈകിട്ടത്തെ ഫങ്ക്ഷന് വേണ്ടി അവൾക്ക് എടുത്തത് ഒരു ഡിസൈനർ ലെഹെങ്ക ആണ്.. അതു വൈശാഖന്റെ ഇഷ്ടപ്രകാരം ആണ് എടുത്തത്, അതു എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്തു.
പിന്നെ അവൾക്ക് സെറ്റും മുണ്ടും, വീട്ടിൽ ഉപയോഗിക്കാനുളളത്.. എല്ലാം കൂടി ചുരുക്കി പറഞ്ഞാൽ ലക്ഷ്മിക്ക് എടുത്തതിനു തന്നെ നല്ല തുക ആയി…
അങ്ങനെ വിവാഹത്തിനുളള ഡ്രസ്സ് എല്ലാം ഏകദേശം എടുത്തു…
ഉണ്ണിമോളും വിജിയും വന്നപ്പോൾ അടുത്ത വീട്ടിലെ മായ ചേച്ചിയും,, ജാനകി അമ്മയും ഒക്കെ അടങ്ങുന്ന സംഘം ഉണ്ട്..
എല്ലാവരും ഡ്രസ്സ് എല്ലാം കാണുക ആണ്..
ഉണ്ണിമോളേ…. അടിപൊളി ആണ് കെട്ടോ…. മായ ചേച്ചി അവളെ നോക്കി.
ഡ്രെസ്സുകൾ എല്ലാം കണ്ടു കഴിഞ്ഞു ഭദ്രമായി വീണ അതു അലമാരയിൽ കൊണ്ട് പോയി വെച്ചു.
അന്ന് രാത്രിയിൽ സാരിയുടെ ഫോട്ടോ അവൻ ലക്ഷ്മിക്ക് അയച്ചു കൊടുത്തു..
അവൾക്ക് അതു അത്ര പിടിച്ചില്ല എന്നു അവനു തോന്നി…
വല്യ രസത്തിൽ അല്ലായിരുന്നു അവൾ.
ആർഭാടം ഇത്തിരി കൂടുതൽ ഉള്ള പെണ്ണാണ് എന്നു അവനു പലപ്പോഴും തോന്നിയിരുന്നു..
ഒരു ദിവസം 10 മണി ആയപ്പോൾ വിജി അവിടേക്ക് വന്നു… അവൾ ലക്ഷ്മിയുടെ അളവ് ബ്ളൗസുമായിട്ട് വന്നത് ആയിരുന്നു..
മന്ത്രകോടിക്കുള്ള ബ്ലൗസ് തയ്യ്ക്കാൻ ആണ് അളവ് ബ്ലൗസ് തന്നു വിട്ടിരിക്കുന്നത്…
“എന്റെ ദൈവമേ…. ഈ കുട്ടി എന്ത് ക്ഷീണിച്ചാണ് ഇരിക്കുന്നത്… “സുമിത്ര അവളുടെ ബ്ലൗസ് കൈയിൽ എടുത്തിട്ട് പറഞ്ഞു.
ശരിയാണെന്നു വൈശാഖനും തോന്നി..
അമ്മേ.. അമ്മയുടെ സങ്കടം എല്ലാം ഈ വൈശാഖൻ മാറ്റും… അവളെ പുഷ്ട്ടിപ്പെടുത്തി എടുക്കുന്ന കാര്യം ഈ വൈശാഖൻ ഏറ്റു… അവൻ മനസിൽ പറഞ്ഞു എങ്കിലും മുഖത്തു ഒരു കള്ളചിരി വിരിഞ്ഞത് വിജി കണ്ടു പിടിച്ചു..
എന്താടാ ചിരിക്കണത്… അവൾ ചോദിച്ചു.
എനിക്കെന്താ ചിരിക്കാൻ അനുവാദം ഇല്ലെടി.. . അവൻ അവളുടെ നേർക്ക് കൈ ഓങ്ങി..
തുടങ്ങി രണ്ടും കൂടെ… ഒരാഴ്ച കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട അവനാണ് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല… സുമിത്ര രണ്ടാളെയും വഴക്കുപറഞ്ഞു,,
അങ്ങനെ ദിവസങ്ങൾ പിന്നിട്ടു…
വിവാഹഒരുക്കങ്ങൾ എല്ലാം ഏകദേശം പൂർത്തിയായി….
വീടെല്ലാം മോടി പിടിപ്പിച്ചു, എല്ലാവരുടെയും തുണിത്തരങ്ങൾ ഒക്കെ തയ്ച്ചു കിട്ടി… വിവാഹക്ഷണം എല്ലാം ഏറെക്കുറെ കഴിഞ്ഞു..
വൈശാഖൻ എന്നും പതിവ് പോലെ അവളെ വിളിക്കും… അഞ്ച് മിനിറ്റ് സംസാരിച്ചതിന് ശേഷം അവൾ കട്ട് ചെയ്യും… അവളുടെ മുത്തശ്ശി ആയിരുന്നു വില്ലത്തി…
അനൂപ്, വിഷ്ണു, ജിത്തു, ഡെന്നിസ്… ടീന, മേഖ,,, അങ്ങനെ കുറച്ചു കുട്ടുകാർ മാത്രമേ വൈശാഖന് വിളിക്കാൻ ഉള്ളായിരുന്നു.
അവർ എല്ലാവരും അടിച്ചു പൊളിക്കാൻ ഇരിക്കുക ആണ്..
ഒരു ദിവസം വൈശാഖൻ വിളിച്ചപ്പോ ദീപ ആണ് ഫോൺ എടുത്തത്…
വളരെ മാന്യമായി ആയിരുന്നു ദീപ അവനോട് സംസാരിച്ചത്… ശ്യാമളയും ഇടയ്ക്കു അവളോട് ഫോൺ മേടിച്ചു വൈശാഖനോട് സംസാരിച്ചു..
ഈ ദീപയെ ആ മുരടൻ രാജീവനെ കൊണ്ട് കെട്ടിച്ചതിൽ ആണ് അവരുടെ അച്ഛന് തെറ്റ് പറ്റിയത് എന്നു അവൻ ഓർത്തു..
അന്ന് വൈകുന്നേരം കുറച്ചു സമയം ലക്ഷ്മി അവനോട് പിണങ്ങി ഇരുന്നു, കാരണം എന്താണെന്നോ…
ലക്ഷ്മി വൈശാഖനെ വിളിച്ചു സംസാരിക്കുന്ന കാര്യം വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല…
അവൻ വിളിച്ചപ്പോൾ ആണ് അവർ ഈ കാര്യം അറിയുന്നത്..
എല്ലാവരും കളിയാക്കിയപ്പോൾ അവൾക്ക് സങ്കടം ആയി…വീട്ടിലെ കുഞ്ഞി ആണ് അവൾ ഇപ്പോളും..
വൈശാഖൻ വിളിച്ചപ്പോൾ, അവൾ അവനോട് ദേഷ്യപ്പെട്ടിട്ട് ഫോൺ കട്ട് ചെയ്തു.
നാളെ നിന്നെ ഞാൻ കോളേജിൽ വന്നു കണ്ടോളാം,, ഇപ്പോൾ ഫോൺ എടുത്തില്ലെങ്കിലും കുഴപ്പമിലാ… …. അവസാനം അവന്റെ ഭീഷണിക്ക് മുൻപിൽ അവൾ മുട്ട് മടക്കി..
പലപ്പോളും അവൾ അമ്പലത്തിൽ വെച്ചു തനിക്കിട്ട് അടിച്ചതിനെ പറ്റി അവനു അവളോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നു.
അതെങ്ങനെ ആണ്, വിളിച്ചു കഴിഞ്ഞാൽ അഞ്ചു മിനിറ്റ് കഷ്ടിച്ച് മിണ്ടും… അപ്പോൾ ഇത് ചോദിക്കാൻ എവിടെ സമയം…
അതൊക്കെ കല്യാണം കഴിഞ്ഞു, രണ്ട് പേരും കൂടി ഒരുമിച്ചു ഇരിക്കുമ്പോൾ ,,,ആവാം എന്ന് അവൻ ഒടുവിൽ തീരുമാനിച്ചു..
അങ്ങനെ കല്യാണം വന്നെത്തി..
വിജിയും ഗോപനും തലേദിവസം വൈകിട്ട് ആണ് എത്തിയത്..
നാരായണന്മാമയും കുടുംബവും രണ്ട് ദിവസം മുന്നേ എത്തി..
അമ്മ ആണെങ്കിൽ ദേഷ്യപ്പെട്ട് വരുന്നുണ്ട്.. എന്താ കാര്യം എന്നറിയാതെ അവൻ അങ്ങോട്ട് ചെന്നു…..
ശോ… ഞാൻ ഇനി എന്നാ ചെയ്യും… അമ്മ പിറുപിറുക്കുക ആണ്..
എന്തമ്മേ…. എന്താ പ്രശ്നം .
.ന്റെ മോനേ… ആ മിക്സി കേടായി…അതുള്ളത് കൊണ്ട് ആയിരുന്നു ഈ അരയ്ക്കലും പൊടിയ്ക്കലും ഒക്കെ ഞാൻ നടത്തി പോന്നിരുന്നത്.. അമ്മക്ക് സങ്കടം വന്നിട്ട് ഒരു രക്ഷയും ഇല്ലാ…
സാരമില്ല അമ്മേ… മറ്റന്നാൾ നമ്മൾക്ക് റെഡി ആക്കാം… അവൻ അമ്മയെ സമാധാനിപ്പിച്ചു..ഉണ്ണിമോളുടെ പ്രായം ഉള്ള മിക്സി ആണ്, ഈ കാലം അത്രയും ഒരു പണിമുടക്ക് പോലും നടത്തിയിട്ടില്ല.. പാവം… കൃത്യസമയത്തു അവൾ ഹർത്താൽ പ്രഖ്യാപിച്ചു..
കല്യാണത്തലേന്ന് ലക്ഷ്മിയുടെ വീട്ടിൽ മൈലാഞ്ചിരാവ് ഭയങ്കര ആഘോഷം ആയിരുന്നു..
അവൾ കുറച്ചു ഫോട്ടോസ് ഒക്കെ വൈശാഖന് അയച്ചു കൊടുത്തു..
ബ്യൂട്ടിഫുൾ…. അവൻ തിരിച്ചു അയച്ചു.
അവളെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുക്കാനുള്ള മനസ് ഉണ്ടായിരുന്നു അവനു…
മ്… നാളെ ആയിക്കോട്ടെ…വെച്ചിട്ടുണ്ടെടി കാന്താരി… എത്രയും പെട്ടെന്ന് നാളെ ഈ സമയം ആകുവാൻ അവൻ പ്രാത്ഥിച്ചു…
——————–
കാലത്തെ എല്ലാവരും ഒരുക്കത്തിൽ ആണ്.
വിജിയും, വീണയും ഉണ്ണിമോളും ഒക്കെ കണ്ണാടിയുടെ മുൻപിൽ ആണ്..
മതിയെടി ഒരുങ്ങിയത്… ആളുകൾ ഒക്കെ വരാൻ തുടങ്ങി… സുമിത്ര മകകളുടെ അരികിലേക്ക് വന്നു.
അമ്മ വേഗം സാരീ ഉടുക്കാൻ നോക്ക്.. ഉണ്ണിമോൾ ദൃതി വെച്ചു..
നീ ഒക്കെ ഒന്നു കഴിഞ്ഞെങ്കിൽ മാറ്.. എന്നിട്ട് വേണം എനിക്ക് സാരീ ഉടുക്കാൻ..സുമിത്ര പറഞ്ഞു ..
അപ്പോളേക്കും വിജിയും ഉണ്ണിമോളും കൂടി മാറി നിന്നു..
എടി… ഫോട്ടോ എടുക്കാൻ വാ… അവിടെ വൈശാഖൻ ബഹളം കൂട്ടുന്നു… രമ ചിറ്റ അവരോട് പറഞ്ഞു.
കഴിഞ്ഞില്ലേ വിജി…. ഗോപൻ വന്നു വിളിച്ചപ്പോൾ വിജി വേഗം ഇറങ്ങി ചെന്നു..
വൈശാഖന്റെ മൂന്നു സഹോദരിമാരും സുന്ദരിമാരായിട്ട് അണിഞ്ഞൊരുങ്ങി വന്നു.
ദക്ഷിണ മേടിക്കാനുള്ളവർ എല്ലാവരും വരിക… മാധവമ്മാമ പറഞ്ഞപ്പോൾ ഓരോരുത്തർ ആയി വന്നു..
അങ്ങനെ അവസാനം അമ്മയ്ക്കും ദക്ഷിണ കൊടുത്തിട്ട് വൈശാഖൻ മുറ്റത്തേക്ക് ഇറങ്ങി.
————————-
കാലത്തെ മുതൽ ലക്ഷ്മിയെ അണിയിച്ചൊരുക്കുന്ന തിരക്കിൽ ആയിരുന്നു ബ്യുട്ടീഷൻ..
സ്വര്ണാഭരണങ്ങളും കാഞ്ചിപുരം പട്ടും അണിഞ്ഞു അവൾ ഒരു ദേവതയെ പോലെ ആയിരുന്നു.
എന്താ.. നിന്റെ മുഖത്തു ഒരു തെളിച്ചം ഇല്ലാത്തത്.. ഇടയ്ക്കു ദീപ അവളോട് ചോദിച്ചു.
അവളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകി..
അയ്യേ… നീ കരയുക ആണോ… ആരെങ്കിലും കാണും… കണ്ണ് തുടയ്ക്ക്….
ദീപ അവളുടെ തോളിൽതട്ടി..
കരഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങരുത്…അതു ശ്രീയല്ല കുട്ടി… അപലക്ഷണം ആണ്. ദേവി ചെറിയമ്മ ലക്ഷ്മിയോട് പറഞ്ഞു.
കഴിഞ്ഞില്ലേ… ഓഡിറ്റോറിയത്തിൽ പോകാൻ സമയം ആയി… രാജുമാമന്റെ ശബ്ദം കേട്ടതും ദീപയും ലക്ഷ്മിയും കൂടി പുറത്തേക്ക് വന്നു..
ശ്യാമളയും അശോകനും രണ്ട് ദിവസം ആയിട്ട് മിണ്ടാട്ടം പോലും ഇല്ലാ… മകളെ കെട്ടിച്ചു അയക്കുന്നതിൽ അവർക്ക് നല്ല വിഷമം ഉണ്ട്… ദീപക്കാണെങ്കിൽ 24വയസ് ആയതിൽ പിന്നെ ആയിരുന്നു വിവാഹം.. ഇതിപ്പോൾ ഇവൾക്ക് 19വയസേ ഒള്ളു…
രാഹുകാലത്തിനു മുൻപ് ഇറങ്ങേണ്ടത് അല്ലേ… വാ വാ… ആരോ പറഞ്ഞപ്പോൾ അശോകൻ അവിടേക്ക് വന്നു..
അശോകൻ ആണ് മകളെ പിടിച്ചു കാറിൽ കയറ്റിയത്.. അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു..
ആർപ്പുവിളികളും ആരവങ്ങളും ഒക്കെ ആയി ആകെ ബഹളമയം ആണ് ഓഡിറ്റോറിയം..
മണ്ഡപം ആണെങ്കിൽ ഒരു കൊട്ടാരസദൃശ്യം ആയിരുന്നു.
അശോകൻ കുറച്ചു കാശ് ഇറക്കിയല്ലോ ഇളയമകളെ കെട്ടിക്കാൻ… ഈ അടുത്ത നാളിൽ ഒന്നും ഇത്രയും കേമമായ ഒരു കല്യാണം കൂടിയിട്ടില്ല… എല്ലാവരിൽ നിന്നും ഉയർന്നത് ആ ഒരു വാചകം ആയിരുന്നു.
വധുവിനെ ഇനി വിളിക്കാം… തന്ത്രിമുഖ്യൻ അതു പറയുമ്പോൾ അവന്റെ കണ്ണുകളും അവളെ തിരഞ്ഞു..
സർവ്വാഭരണവിഭുഷിതയായ ലക്ഷ്മിയെ കണ്ടപ്പോൾ വൈശാക്ന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
അങ്ങനെ എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ വൈശാഖൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി.
മഹാദേവാ…… നീ തന്നെ തുണ…അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കതിര്മണ്ഡപത്തിനു വലം വെയ്ക്കുമ്പോൾ അവൻ പ്രാർത്ഥിച്ചു..
ഫോട്ടോഗ്രാഫേർസ് ആണ് പിന്നീട് അങ്ങോട്ട് കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്.
അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു വൈശാഖനും ലക്ഷ്മിയും ചേഷ്ടകൾ കാണിക്കുന്നുണ്ട്
ഇടക്കെല്ലാം അശോകന്റെ പരിചയത്തിലുള്ള പ്രമുഖ വ്യക്തികളെ എല്ലാം അയാൾ വന്നു പരിചയപ്പെടുത്തി പോയി.. രാഷ്ട്രീയ നേതാക്കന്മാരും, പ്രമുഖ വ്യവസായ സംരംഭകരും ഒക്കെ ഉണ്ട്..വൈശാഖൻ തന്റെ കുട്ടുകാരെ എല്ലാവരെയും വിളിച്ചു ഫോട്ടോ എടുപ്പിച്ചു.
വിജിയും വീണയും ഉണ്ണിമോളും എല്ലാവരും വളരെ സന്തോഷത്തിൽ ആണ്…..
“വൈശാഖേട്ട. ഇത് എന്റെ ക്ലാസ്സ് ടീച്ചർ ആണ്,ഇത് അക്കൗണ്ടൻസി പഠിപ്പിക്കുന്ന സാർ, അതു സെക്കന്റ് ലാംഗ്വേജ് പഠിപ്പിക്കുന്ന ടീച്ചർ, ലക്ഷ്മി അവളുടെ കോളേജിൽ നിന്ന് വന്ന ടീച്ചേഴ്സിനെ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി..
വൈശാഖൻ എവിടെ ആണ് വർക്ക് ചെയുന്നത്…? രാജി ടീച്ചർ ചോദിച്ചപ്പോൾ ലക്ഷ്മി ഒന്നു പതറി പോയി..
വർക്ക് ചെയ്യുന്നില്ല… ഒന്നു രണ്ട് പരീക്ഷ എഴുതിയിട്ട് റിസൾട്ട് വെയിറ്റ് ചെയുവാ… അവൻ പറഞ്ഞു..
ആണോ… ഓക്കേ.. ഓക്കേ… ടീച്ചർ അവനെ നോക്കി പുഞ്ചിരി തൂകി.
ലക്ഷ്മിക്ക് ആകെ ഒരു കുറച്ചിൽ അനുഭവപെട്ടു..
ജോലി ഇല്ലാത്തതിന്റെ നാണക്കേട് ആദ്യമായി വൈശാഖനും തോന്നി.
ലക്ഷ്മിയുടെ കൂട്ടുകാരുടെ മുൻപിലും വൈശാഖന്റെ തൊഴിലില്ലായ്മ ഒരു ചർച്ച ആയി മാറി..
എടാ… വൈശാഖ… ഇടയ്ക്കു അനൂപ് അവന്റെ അടുത്തേക്ക് വന്നു.
അവന്റെ പ്രണയിനി ആയ പ്രിയയും അവന്റെ കൂടെ ഉണ്ടായിരുന്നു.
പ്രിയയും ലക്ഷ്മിയും വാതോരാതെ സംസാരം ആണ്.
എടാ… ലക്ഷ്മിയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് പ്രിയ… അനൂപ് പറഞ്ഞു.
എന്റേടി ഈ വേലേം കൂലിയും ഇല്ലാത്തവന്റെ കൂടെ ആണോ നിന്റെ അച്ഛൻ നിന്നെ കെട്ടിച്ചയക്കുന്നത്… പ്രിയ പതിയെ അവളോട് ചോദിച്ചു.
നിനക്ക് അറിയാമോ വൈശാഖട്ടനെ… അമ്പരപ്പ് വിട്ടു മാറാതെ ലക്ഷ്മി അവളെ നോക്കി.
എടി അനൂപേട്ടന്റെ ഫ്രണ്ട് ആണ്, നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ നിന്നെ ഈ വിവാഹത്തിന് ഞാൻ സമ്മതിപ്പിക്കില്ലായിരുന്നു… പ്രിയയുടെ വാക്കുകൾ കേട്ടതും ഇടിവെട്ടേറ്റത് പോലെ നിൽക്കുക ആണ് ലക്ഷ്മി.
ദീപയും അവളുടെ നാത്തൂനും അവരുടെ വീട്ടുകാരും ഒക്കെ ഫോട്ടോ എടുക്കാനായി വന്നു.
അപ്പോളേക്കും പ്രിയ അവിടെ നിന്നു പിൻവാങ്ങി..
ഇനി ഊണ് കഴിക്കാം കെട്ടോ….. സമയം പോയി… ശേഖരൻ അവരെ വന്നു വിളിച്ചു.
എല്ലാവരും ആസ്വദിച്ചിരുന്നു സദ്യ കഴിക്കുക ആണ്..
പാലട പ്രഥമനും അടപ്രഥമനും പാൽ പായസവും…. മൂന്നുതരം പായസം കൂട്ടി ഉള്ള വിഭവങ്ങൾ ആണ് ഇലയിൽ നിരന്നത്..
ഈ നാരങ്ങ അച്ചാറും ഇഞ്ചി പച്ചടിയും മാത്രം മതി ചോറുണ്ണാൻ… ഏതോ ഒരു കാരണവർ അഭിപ്രായപെടുന്നുണ്ട്..
എല്ലാവരും വലിയ സന്തോഷത്തിൽ ആണ്…
കുറെ സമയം കൂടി ഫോട്ടോഎടുക്കൽ എന്ന കർമം തുടർന്ന് കൊണ്ടേ ഇരുന്നു..
അങ്ങനെ ലക്ഷ്‌മിക്കും വൈശാഖനും ഇറങ്ങാനുള്ള മുഹൂർത്തം ആയി..
ദീപയുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുക ആയിരുന്നു ലക്ഷ്മി.
അശോകന്റെയും ശ്യാമളയുടെയും കാൽ തൊട്ടു വന്ദിക്കുമ്പോൾ, ലക്ഷ്മിക്ക് അതു വരെ അടക്കിപ്പിടിച്ച കണ്ണീർ അണപൊട്ടി ഒഴുകി….
അച്ഛനും മകളുംകൂടി വിങ്ങി കരഞ്ഞപ്പോൾ എല്ലാവർക്കും സങ്കടം ആയി…
അപ്പോളേക്കും അശോകന്റെ പെങ്ങളുടെ മകൻ കണ്ണൻ അലങ്കരിച്ച ഒരു ഹോണ്ടാസിറ്റി കാറും ആയി അവിടേക്ക് വന്നു..
അശോകൻ ആ കാറിന്റെ ചാവി മേടിച്ചു വൈശാഖന്റെയുo മകളുടെയും കൈയിൽ കൊടുത്തു…
അച്ഛന്റെയും അമ്മയുടെയും വിവാഹ സമ്മാനം ആണിത്… അയാൾ മകളോട് പറഞ്ഞു.
വീണയ്ക്കും വിജയ്ക്കും ഒന്നും ഇപ്പോളും ഞെട്ടൽ വിട്ടുമാറിയിട്ടില്ല…
ഈശ്വരാ… അടിപൊളി കാർ…
അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവർ രണ്ടാളും അശോകൻ മേടിച്ചു കൊടുത്ത കാറിൽ കയറി..
വൈശാഖൻ ഇടയ്ക്കു ലക്ഷ്മിയുടെ കൈയിൽ പിടിച്ചപ്പോൾ അവൾ അതു തട്ടി മാറ്റി..
ആക്രാന്തം പാടില്ല കുട്ടാ….. അവൻ തന്നോട് തന്നെ പറഞ്ഞു.
വൈശാഖന്റെ വീടിന്റെ മുറ്റത്തു കാർ വന്നു നിന്നു.
ഇറങ്ങിവാടോ…. വൈശാഖൻ അവളെ വിളിച്ചു.
അവൾ സാവധാനം കാറിൽ നിന്ന് ഇറങ്ങി.
ചുറ്റിനും ഒന്നു കണ്ണോടിച്ചു.
ഒരു സാധാരണ വീട് ആണെന്ന് അവൾക്ക് തോന്നി..
വിജി വന്നു അവളുടെ കൈയിൽ പിടിച്ചു..
വരു….മോളേ… ഏതോ ഒരു സ്ത്രീ വന്നു അവളെ വിളിച്ചു.
സുമിത്രയും ഒന്നു രണ്ട് സ്ത്രീകളും ചേർന്ന്, നിലവിളക്കും ആരതിയും ഒക്കെ ആയി അവളെ സ്വീകരിച്ചു..
അങ്ങനെ വലതുകാൽ വെച്ചു അവൾ ഗ്രഹപ്രേവേശനം നടത്തി.
മധുരം വെയ്പ്പായിരുന്നു അടുത്ത ചടങ്ങ്.
ലക്ഷ്മിക്കാണെങ്കിൽ പാൽ കുടിച്ചപ്പോൾ ശർധിക്കാൻ വരുന്നുണ്ടായിരുന്നു… കാരണം അവൾ ബ്രൂ കോഫി ആണ് കുടിച്ചുകൊണ്ട് ഇരുന്നത്.. പാൽ കുടിക്കില്ല..
കുറെ സ്ത്രീകൾ പുതിയ പെണ്ണിനെ കാണാൻ എത്തിയിരുന്നു..
ലക്ഷ്മിക്ക് ആണെങ്കിൽ ആകെ അസ്വസ്ഥത ആയിരുന്നു…
ഈ ആഭരണങ്ങൾ എല്ലാം അണിഞ്ഞ കൊണ്ടുളള ഈ നിൽപ്പ്…
കുറച്ചു കഴിഞ്ഞതും വിജി അവളുടെ അടുത്തേക്ക് വന്നു.
നമ്മൾക്ക് പോയി ഈ വേഷം ഒക്കെ മാറാം.. വിജി അവളെ വിളിച്ചുകൊണ്ടു വൈശാഖന്റെ മുറിയിലേക്ക് പോയി.
സ്വര്ണാഭരങ്ങൾ എല്ലാം അഴിച്ചുമാട്ടി ഭദ്രമായിട്ടു സുമിത്ര അലമാരയിൽ വെച്ചു പൂട്ടി..
വൈകിട്ടത്തെ ഫങ്ക്ഷന് ഉളള ഡ്രസ്സ് മാറിക്കോളു,,, ബ്യുട്ടീഷൻ വന്നിട്ടുണ്ട്… വീണ പറഞ്ഞു.
അങ്ങനെ വൈകിട്ടത്തേക്കുളള മേക്കപ്പ് ആയിരുന്നു അടുത്തത്..
ഇടയ്ക്ക് വൈശാഖൻ വന്നു എത്തി നോക്കിയപ്പോൾ റൂം അടച്ചു ലോക്ക് ചെയ്തിരിക്കുക ആയിരുന്നു.
5.30 ആയപ്പോൾ ആളുകൾ എല്ലാവരും എത്തി തുടങ്ങിയിരുന്നു..
അശോകനും കുടുംബാംഗങ്ങളും എല്ലാവരും കൂടി 6മണി ആയപ്പോൾ വന്നു.
കുറച്ചു സ്ത്രീകൾ ലെക്ഷ്മിയുമായി അവരുടെ മുറിയിൽ വന്നു.
ഈ ഡ്രെസ്സ് സൂപ്പർ ആണ് കെട്ടോ… വല്യമ്മയുടെ മകൾ അനുരാധ പറഞ്ഞു.
എല്ലാവരും അതു ശരി വെച്ചു…
എ സി ഇല്ലേടി ഈ റൂമിൽ… അച്ഛന്റെ പെങ്ങൾ ശരദ ചോദിച്ചപ്പോൾ ആണ് ലക്ഷ്മി പോലും അതു ശ്രദ്ധിച്ചത്.
ഈ മരങ്ങളുടെ ഒക്കെ നല്ല തണുപ്പും കുളിർമയും ഉള്ളപ്പോൾ എന്തിനാ അപ്പച്ചി എ സി…. ദീപ അതു ഏറ്റുപിടിച്ചു.
കുറച്ചു സ്ത്രീജനങ്ങൾക്ക് വീടും ചുറ്റുപാടും അത്രക്ക് രസിച്ചില്ല.. ഈ മുതൽ എല്ലാം കൊടുത്തിട്ട് കുറച്ചൂടെ നല്ല വീട്ടിലേക്ക് പറഞ്ഞു അയക്കമായിരുന്നു… ചിലർ അടക്കം പറഞ്ഞു.
ചെറുക്കന്റെ സൗന്ദര്യം കണ്ട് വീണുപോയതാണ്… ശാരദ പറഞ്ഞു.
ആഹ്… അഴകുള്ള ചക്കയിൽ ചുള ഇല്ലാ… വല്യച്ഛന്റെ മകൾ രാധ പറഞ്ഞപ്പോൾ ദീപക്ക് ദേഷ്യം വന്നു .
ലക്ഷ്മിമോളെ…. സുമിത്ര വന്നു വിളിച്ചു.
വരു മോളേ… വൈശാഖൻ വിളിക്കുന്നു, അവന്റെ സാർ വന്നിട്ടുണ്ട്, എന്നു പറഞ്ഞു അവർ അവളെ അവിടെ നിന്നും കൂട്ടി കൊണ്ട് പോയി…
ശാരദ അപ്പച്ചി ജനിച്ചു വീണത് എ സി യിലോട്ട് ആണോ അമ്മേ… ദീപ ശ്യാമളയോട് ചോദിച്ചു
മിണ്ടാതിരിക്കു…നൂറു കുറ്റം കാണും ഒരു കല്യാണം കഴിയുന്പോൾ. നമ്മൾ കണ്ടിലാ കേട്ടില്ല ന്നു നടിച്ചാൽ മതി.. അവർ മകളോട് പറഞ്ഞു
9മണിയോട് കൂടി ആണ് എല്ലാവരും പിരിഞ്ഞു പോയത്….
ലക്ഷ്മിക്ക് ആണെങ്കിൽ വേഷം മാറി ഒന്നു കുളിച്ചു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയത്..
ആരൊക്കെയോ ചേർന്ന് മണിയറ ഒക്കെ നന്നയി അലങ്കരിച്ചിരുന്നു..
പാലും പഴങ്ങളും ഒക്കെ മേശമേൽ വെച്ചിട്ടുണ്ട്..
ഭക്ഷണം കഴിച്ചിട്ട് വൈശാഖനും ലക്ഷ്മിയും കൂടി മുറിയിലേക്ക് പോയി. ആഹ്ഹാ ആരാണ് ഈ അലങ്കോല പണികൾ ഒക്കേ ചെയ്തു വെച്ചിരിക്കുന്നത്… ലക്ഷ്മി അടക്കി ചിരിച്ചു കൊണ്ട് കട്ടിലിൽ പോയി ഇരുന്നു..
എന്തൊരു ചൂട് ആണ് വൈശാഖേട്ട… അവൾ ഒരു മാഗസിൻ എടുത്തു വീശി.
ഫാനിനു നല്ല സ്പീഡ് ഉണ്ടല്ലോ… അവൻ പോയി പരിശോദിച്ചു നോക്കിയിട്ട് പറഞ്ഞു.
ഏട്ടാ… അത്യാവശ്യം ആയിട്ട് നമ്മൾക്ക് ഒരു എ സി മേടിക്കണം…എനിക്ക് ഈ ചൂട് സഹിച്ചു കിടക്കാൻ വയ്യാ… അവൾ പറഞ്ഞപ്പോൾ വൈശാഖൻ അന്തം വിട്ടു അവളെ നോക്കി..
അവൻ പതിയെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു, അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു..
എന്നിട്ട് ജനാലയുടെ അടുത്തേക്ക് കൊണ്ടുപോയി.
ജനാലവാതിൽ അവൻ തുറന്നിട്ട്..
പാടവരമ്പത്തു നിന്നും നല്ല തണുത്ത കാറ്റ് അടിച്ചു വന്നു.. അവൾക്ക് നല്ല ഒരു ഉന്മേഷം തോന്നി.
ഒരു നിമിഷം അവൾ അവിടെ നിന്നു..
അപ്പോളേക്കും അവൻ അവളെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി..
ഈ സുഖം ഏത് കമ്പനിയുടെ എ സി ക്ക് കിട്ടും മോളേ… അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
അവൾ അവനെ അടിമുടി ഒന്നു നോക്കി…
കിടക്കണ്ടേ… ഇങ്ങനെ നിന്നാൽ മതിയോ..
അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
മ്… അവൾ ഒന്നു മൂളി.
അതേയ്… ഈ വേഷം ഒക്കെ മാറി പോയി കുളിക്ക്..
അവൾ പറഞ്ഞതും അവൻ വേഗം ബാത്റൂമിലേക്ക് പോയി.
ആസ്വദിച്ചുള്ള കുളി ഒക്കെ കഴിഞ്ഞു ഒരു മൂളിപ്പാട്ടും പാടി ഇറങ്ങിവന്നപ്പോൾ വൈശാഖൻ ഞെട്ടി പോയി.
ലക്ഷ്മി സുഖമായി ഉറങ്ങുന്നു..
ലക്ഷ്മി… അവൻ പതിയെ വിളിച്ചു.
ഒന്നു രണ്ട് ആവർത്തി കൂടി വിളിച്ചു കഴിഞ്ഞപ്പോൾ അവൾ ഒന്നു ഞെരങ്ങി..
എന്താ മുത്തശ്ശി… കിടന്നു ഉറങ്ങു.. അവൾ അവ്യക്തമായി പറഞ്ഞു.
മുത്തശ്ശിയോ… എടി പെണ്ണേ…. ഇത് മുത്തശ്ശി അല്ല…. നിന്റെ കെട്ടിയോൻ ആണ്… അവൻ പിറുപിറുത്തു.
പാവം…. നല്ല ക്ഷീണം ഉണ്ട്… ഉറങ്ങട്ടെ… അവനും മനസില്ലാമനസോടെ കട്ടിലിൽ കയറി കിടന്നു.
ചെരിഞ്ഞുകിടന്നു ഉറങ്ങുന്ന ലക്ഷ്‌മിയെ അവനൊന്നു നോക്കി.
ഒന്നുമറിയാതെ കിടക്കണ കിടപ്പ് കണ്ടില്ലേ… അവളുടെയൊരു എ സി….
എപ്പോളോ അവന്റെ കണ്ണുകളും അടഞ്ഞു.
–**
രാവിലെ 6മണി….
വൈശാഖൻ പതിവ് പോലെ എഴുനേറ്റു.
നോക്കിയപ്പോൾ ലക്ഷ്മി നല്ല ഉറക്കത്തിൽ ആണ്.
സാധാരണ ഭാര്യമാർ ആണ് ഭർത്താവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു കാപ്പി ഒക്കെ ആയിട്ട് നിൽക്കണത്..
ഇത് നേരെ തിരിച്ചു ആവുമോ..
ലക്ഷ്മി…. എഴുന്നേൽക്കു….ലക്ഷമി…. അവൻ കുറെ തട്ടി വിളിച്ചപ്പോൾ അവൾ ചാടി എഴുനേറ്റു .
അയ്യോ… നേരം എത്ര ആയി… അവൾ അവനോട് ചോദിച്ചു.
അവൻ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി..
അവൻ എടുത്തു കൊടുത്ത ബ്രഷും മേടിച്ചുകൊണ്ട് വേഗം അവൾ ബാത്റൂമിലേക്കയറി.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കിടുകിടാന്നു വിറച്ചു കൊണ്ട് അവൾ പുറത്തേക്ക് വന്നു.
താൻ കുളിച്ചോ… അവൻ ചോദിച്ചു.
മ്… എന്റെ മുത്തശ്ശി പറഞ്ഞു കുളിച്ചിട്ടേ അടുക്കളയിൽ പോകാവൊള്ളൂ എന്നു…അവൾ വിറച്ചു..
ആഹ് ബെസ്റ്റ്….. ശരി ശരി എന്നാൽ ചെല്ല്… അവൻ പറഞ്ഞപ്പോൾ അവൾ വേഗം പുറത്തേക്ക് ഇറങ്ങി പോയി …..
അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ മൊരിഞ്ഞ ദോശയുടെ മണം അവിടമാകെ നിറഞ്ഞിരുന്നു..
വീണ എഴുനേറ്റ് മുറ്റം അടിക്കുന്നുണ്ട്..
സുമിത്ര അടുക്കളയിൽ എന്തൊക്കെയോ പണികൾ ആണ്..
വിജി ആണെങ്കിൽ അമ്മിക്കല്ലിൽ ചമ്മന്തി അരക്കുക ആണ്..
“എന്റെ മോളേ… നീ കുളിച്ചോ…. ഈ വെള്ളം മാറി കാലത്തെ കുളിച്ചാൽ എന്താകുമോ… സുമിത്ര വന്നു അവള്‌ടെ മുടിയിൽ പിടിച്ചു…
സാരമില്ലമ്മേ….കുഴപ്പമിl.ല്ല…അവൾ പറഞ്ഞു..
അപ്പോളേക്കും ഉണ്ണിമോളും അടുക്കളയിലേക്ക് വന്നു..
അയ്യോ.. ചേച്ചി കുളിച്ചോ… വല്ല പനിയും പിടിക്കും കെട്ടോ… അവൾ പറഞ്ഞു..
മോളേ… ഇനി, കുളിക്കുവൊന്നും വേണ്ട കെട്ടോ… ഇവിടെ അങ്ങനെ ഒന്നും ഇല്ലാ…സുമിത്ര അത് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷം ആയി…
ഇതാ മോളേ.. ഈ ചായ കൊണ്ടുപോയി വൈശാഖന് കൊടുക്ക്.. സുമിത്ര ഒരു കപ്പ് ചായ അവൾക്ക് കൊടുത്തിട്ട് പറഞ്ഞു.
അവൾ അതുമായി മുറിയിലേക്ക് ചെന്നു.
അവൻ കാപ്പി മേടിച്ചു മേശയിൽ വെച്ചിട്ട് അവളെ വാരിപ്പുണർന്നു..
അയ്യേ…..ഇതെന്താ ഈ കാണിക്കുന്നത്… അവൾ അവനെ തള്ളി മാറ്റിയിട്ട് വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി.
കാലത്തെ ദോശയും ചമ്മന്തിയും ആയിരുന്നു ബ്രേക്ക്‌ഫാസ്റ്റ്..
എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു ആണ് കഴിച്ചത്..
അച്ഛൻ ഒരുപാട് ഒന്നും സംസാരിക്കുന്ന പ്രകൃതം അല്ലെന്നു ലക്ഷ്മിക്ക് തോന്നി…
കാലത്തെ തന്നെ അശോകനും ശ്യാമളയും ദീപയും ഒക്കെ അവളെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു.
അവൾ സന്തോഷത്തോടെ ആണ് എന്ന് എല്ലാവർക്കും അവളുടെ സംസാരത്തിൽ നിന്ന് മനസിലായി..
വൈശാഖൻ കാലത്തെ ഡ്രസ്സ് മാറി വന്നപ്പോൾ വിജി അവിടേക്ക് വന്നു.
നീ എവിടെ പോകുവാ…അവൾ ചോദിച്ചു.
മിക്സി നന്നാക്കാൻ കൊടുക്കാൻ പോകുവാടി… അവൻ പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി.
കാറിൽ നോക്കി കൊണ്ട് നിൽക്കുക ആണ് വിജിയും, വീണയും…
നല്ല കാർ ആണ്… അവർ ലക്ഷ്മിയോട് പറഞ്ഞു..
അച്ഛൻ എന്നോട് പോലും പറഞ്ഞില്ലെന്നേ… ഞാൻ അറിയുന്നത് ഇന്നലെ ഇങ്ങോട്ട് പുറപ്പെടാൻ നേരം ആണ്… ലക്ഷ്മി അവരോട് പറഞ്ഞു..
“ചേച്ചിക്ക് ഡ്രൈവിംഗ് അറിയാമോ “ഉണ്ണിമോൾ ചോദിച്ചപ്പോൾ അവൾ തലകുലുക്കി…
വല്യേട്ടൻ പഠിച്ചിട്ടില്ല… ഇനി പഠിക്കാൻ പറയണം… വീണയും പറഞ്ഞു
തുടരും…