നിഴൽ പോലെ ~ ഭാഗം 15, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എങ്ങനെങ്കിലും അവനെക്കൊണ്ട് ഒന്ന് സമ്മതിപ്പിച്ചു കിട്ടിയാൽ മതി. പിന്നെ അവന്റെ ഈ ചമ്മൽ ഒക്കെ അങ്ങ് മാറിക്കോളും. അവനെക്കാൾ നിന്നേ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല മോളെ.” നന്ദൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

മാളുവിന്റെ മുഖത്തെ വിഷാദ ഭാവം മാറി നാണം വിടരുന്നത് കണ്ട് അവൻ സമാധാനത്തോടെ ശ്വാസം വിട്ടു.

കിഷോർ വന്നു വിളിച്ചപ്പോളാണ് രണ്ടുപേരുടെയും സംസാരം തീർന്നത്.
“മാളു ഗൗതം സർ വിളിച്ചു. സർ ന്റെ ഫ്രണ്ടിന്റെ ആ പുതിയ പ്രൊജക്റ്റ്‌ ഇല്ലേ അതിന്റെ ഫയലും കൊണ്ട് ചെല്ലാൻ പറഞ്ഞു. “

മാളുവും കിഷോറും അകത്തേക്ക് ചെന്നു. ഗൗതം ആരോടോ കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു .

പുറം തിരിഞ്ഞിരിക്കുന്നത് കാരണം അവർക്ക് ആളെ മനസ്സിലായില്ല.

പെട്ടെന്ന് അയാൾ തിരിഞ്ഞു നോക്കി. ആ മുഖം കണ്ട് മാളു ഞെട്ടലോടെ വിളിച്ചു. “സിദ്ധുവേട്ടാ .”

അവൾ അയാളുടെ അടുത്തേക്ക് ഓടി ചെന്നു.
അവളെ കണ്ട സിദ്ധാർത്ഥിന്റെ മുഖവും പ്രസന്നമായി .

അവൻ പെട്ടെന്നെഴുന്നേറ്റ് തോളിലൂടെ കൈയിട്ടു അവളെ ചേർത്തു പിടിച്ചു. “നിന്റെ ഒരു വിവരവും ഇല്ലല്ലോ പെണ്ണെ. ശിഖ ഇന്നലെയും കൂടി പറഞ്ഞതെ ഉള്ളൂ. നിനക്ക് എപ്പോഴും തിരക്കാ എന്ന്. ഒന്ന് കാണാനിരിക്കുവാ അവൾ”.

“മനപ്പൂർവം അല്ല സിദ്ധുവേട്ടാ ജോലിയുടെ തിരക്ക് കാരണം സമയം കിട്ടുന്നില്ല”.

സംസാരത്തിൽ മുഴുകി ഇരുന്ന മാളുവും സിദ്ധുവും അവരെ പോലെ തന്നെ എഴുന്നേറ്റു നിൽക്കുന്ന ഗൗതമിനെ ശ്രെദ്ധിച്ചില്ല .

“മാളവിക…. “ഗൗതമിന്റെ ഉച്ചത്തിൽ ഉള്ള വിളി കേട്ടിട്ടാണ് മാളു സിദ്ധുവിന്റെ അടുത്തു നിന്നും ഞെട്ടി മാറി നിൽക്കുന്നത്.

അവൾ ഗൗതമിനെ നോക്കിയപ്പോൾ മുഖം ഒക്കെ ചുമപ്പിച്ചു നിൽപ്പുണ്ട്. കുശുമ്പ് സഹിക്കാൻ വയ്യാതെ നിൽക്കുവാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

” ഓഹോ ഞാൻ സംസാരിക്കാൻ ചെന്നാൽ എന്നോടൊന്നും മിണ്ടാൻ വയ്യ. എന്നാലോ വേറെ ആരോടെങ്കിലും സംസാരിക്കാം എന്ന് വെച്ചാൽ അപ്പോഴേക്കും കുശുമ്പും കേറും”. ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു.

“ഇതെന്റെ അനിയത്തിയുടെ ബെസ്റ്റ് ഫ്രണ്ട് ആടോ. ഞങ്ങളെല്ലാം ഒരു കോളേജിൽ ആയിരുന്നു. ദിവസവും സംസാരിച്ചുകൊണ്ടിരുന്ന പെണ്ണാ. ജോലി കിട്ടിയതിൽ പിന്നെ വിളിയും ഇല്ല ഒന്നും ഇല്ല”. സിദ്ധു ഗൗതമിനോട് ചിരിച്ചോണ്ട് പറഞ്ഞു.

“ഹ്മ്മ്… നല്ല ആളോടാ പറയുന്നേ. മനുഷ്യന് ഉറങ്ങാൻ പോലും സമയം കിട്ടാറില്ല പണി കാരണം”. അവൾ മനസ്സിൽ പറഞ്ഞു.

സിദ്ധാർത്ഥിന്റെ അടുത്ത ചോദ്യം കേട്ടിട്ട് ആ ജനലിൽ കൂടി എടുത്തു താഴേക്ക് ചാടിയാലോ എന്ന് തോന്നി അവൾക്ക്.

“എവിടെ നിന്റെ മാക്കാൻ. . വളച്ചെടുത്തോ അതോ ഇപ്പോഴും പിറകേ ഉള്ള നടപ്പ് മാത്രെ ഉള്ളോ”. അവൻ ചിരിയോടെ അവളുടെ തലയിൽ കൊട്ടിക്കൊണ്ട് ചോദിച്ചു.

“മാക്കാനോ” ഗൗതം അവരെ സംശയത്തോടെ നോക്കി.

“ഹാ അളിയാ. മാക്കാനോ ചെകുത്താനോ അങ്ങനെ എന്തോ ഒരു സാധനം. വർഷം കുറേ ആയി ഇവൾ പിറകേ നടക്കുന്നു. ഒരു പ്രയോജനവും ഇല്ല”. സിദ്ധു ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ ചിരി പക്ഷേ മാളുവിന്‌ അവളുടെ കൊലച്ചിരി ആയിട്ടാണ് തോന്നിയത്. അവൾ ഒരു കണ്ണടച്ചു മറ്റേ കണ്ണ് കുറച്ചു മാത്രം തുറന്നു ഗൗതമിനെ നോക്കി.

വിസിൽ അടിക്കാൻ പോകുന്ന പ്രഷർ കുക്കർ പോലെ ഇരുപ്പുണ്ട് . രണ്ടാമത് ഒന്ന് കൂടി നോക്കാൻ അവൾക്ക് തോന്നിയില്ല.

“അതെന്താ അങ്ങനെ ഒരു പേര്”. ഗൗതം മാളുവിനെ തന്നെ തറപ്പിച്ചു നോക്കി സിദ്ധുവിനോട് ചോദിച്ചു.

“ഒന്നും പറയണ്ട അളിയാ. കക്ഷിയുടെ കുറേ നാളായിട്ടുള്ള പ്രേമമാ. പക്ഷേ വൺ സൈഡ് ആണെന്ന് മാത്രം. ഈ പേര് ആദ്യമായി പ്രൊപ്പോസ് ചെയ്യാൻ പോയപ്പോൾ ഇട്ടതാ. നല്ലൊരെണ്ണം കിട്ടി… അതിന്റെ ദേഷ്യത്തിന് ഇട്ടതാ എന്ന് തോന്നുന്നു”. ആരോടാ ഇതൊക്കെ പറയുന്നേ എന്നറിയാതെ സിദ്ധു നിന്ന് തകർക്കുകയാണ്.

ഭൂമി പിളർന്നു ഇപ്പൊ അങ്ങ് താഴേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന ഭാവത്തിൽ മാളു നിന്നു.

അവൾ കിഷോറിനെ നോക്കിയപ്പോൾ “നീ തീർന്നു മോളെ” എന്നവൻ ചുണ്ടനക്കി പറഞ്ഞു.

അവനെ മനസ്സിൽ സ്മരിച്ചു കൊണ്ട് നേരേ നോക്കിയത് ഗൗതമിന്റെ മുഖത്തേക്ക്. അതോടെ തൃപ്തിയായി.

“സിദ്ധുവേട്ടൻ വെറുതെ പറയുന്നതാണ് ഏ… അല്ല സർ. ഏട്ടനെപ്പോഴും ഇങ്ങനാ വെറുതെ തമാശ പറഞ്ഞോണ്ടിരിക്കും”. അവൾ സിദ്ധുവിന്റെ തോളിൽ അടിച്ചിട്ട് അവനെ നോക്കി കണ്ണ് കാണിച്ചു.

പാവം സിദ്ധുവിനു അവളുടെ കഥകളി മനസ്സിലായില്ല. “തമാശയോ…. ഒന്ന് പോ മാളു. അത് നമ്മുടെ കോളേജിൽ എല്ലാർക്കും അറിയാവുന്ന കാര്യം അല്ലെ”. സിദ്ധു വീണ്ടും ഗൗതമിനെ നോക്കി.

“കേട്ടോ ഗൗതം ഇവളുണ്ടല്ലോ അതിനു ശേഷം എന്നും ഫോണിലെ ഫോട്ടോ നോക്കി ഇരുന്നു ചെകുത്താനെ ചീത്ത വിളിക്കും. അങ്ങനെ ഒരു ദിവസം എന്റെ അനിയത്തി കൈയോടെ അങ്ങ് പൊക്കി. വല്യ കാര്യത്തിൽ അവൾ ഫോട്ടോ എടുത്തു നോക്കിയപ്പോളുണ്ട് സ്കൂളിൽ എങ്ങാണ്ട് പഠിക്കുന്ന ഒരു കൊച്ചു ചെക്കൻ. ചെകുത്താന്റെ കുട്ടിക്കാലത്തെ ഫോട്ടോ ആണ് പോലും. എന്നേ പക്ഷേ കാണിച്ചില്ല. കല്യാണത്തിന് കണ്ടാൽ മതി എന്നൊരു വെല്ലുവിളിയും. “

“അന്നത് കാണിച്ചിരുന്നെങ്കിൽ എനിക്ക് ഇന്നീ ഗതി വരുമായിരുന്നോ ദൈവമേ. ഈ പൊട്ടൻ ഇതാരോടാ പറയുന്നേ എന്ന് പോലും നോക്കുന്നില്ലല്ലോ.” അവൾ മുകളിലേക്ക് നോക്കി മനസ്സിൽ വിഷമം പറഞ്ഞു.

ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല എന്നവൾക്ക് തോന്നി. പതുക്കെ ഫയൽ ടേബിളിലേക്ക് വെച്ചു പിന്നോട്ട് നടക്കാൻ തുടങ്ങി.

“മാളവിക പുറത്തേക്ക് പോകരുത്. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്”. അവൾ മനസ്സിൽ കണ്ടത് മാനത്തു കണ്ട പോലെ ഗൗതം പറഞ്ഞു.

“ഓക്കേ സിദ്ധാർഥ്. ഞാൻ ഈ ഫയൽ ഒന്ന് പഠിക്കട്ടെ. എന്നിട്ട് തീരുമാനം പറയാം”. അവൻ സിദ്ധുവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു.

“കിഷോർ താൻ സിദ്ധുവിന്റെ കൂടെ ചെല്ല്. നന്ദന്റെ ക്യാബിനിൽ വിട്ടാൽ മതി. ബാക്കി അവൻ ഹാൻഡിൽ ചെയ്തോളും.”

“ശെരിയെടാ എന്നാൽ പിന്നെ കാണാം. നീ വീട്ടിലേക്ക് ഒന്ന് ഇറങ്ങു കേട്ടോ. എത്ര നാളായി ഒന്നിച്ചൊന്നു കൂടിയിട്ട്. “സിദ്ധു ഗൗതമിനെ കെട്ടിപ്പിടിച്ചു.

“പോട്ടെ മാളു. നിന്നേ കണ്ട കാര്യം അവളോട്‌ പറയണം. സർപ്രൈസ് ആയിരിക്കും അവൾക്ക്. .” അവൻ മാളുവിന്റെ കവിളിൽ തട്ടിയ ശേഷം പുറത്തേക്കിറങ്ങി.

മാളുവിനെ നോക്കി ഒരു ആക്കി ചിരി ചിരിച്ച ശേഷം കിഷോർ പിന്നാലെ പോയി.

എങ്ങോട്ടോടും എന്ന അവസ്ഥയിൽ ആയിരുന്നു മാളു. കിഷോറും സിദ്ധുവും പുറത്തിറങ്ങിയ ഉടൻ തന്നെ ഗൗതം ഡോർ ലോക്ക് ചെയ്തു.

“ഈശ്വരാ എന്തിനാ ഡോർ ഒക്കെ ലോക്ക് ചെയ്യുന്നേ”. അവൾക്ക് ഉള്ളിൽ പേടി തോന്നി കണ്ണുകൾ ഇറുക്കി അടച്ചു നിന്നു.

കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ട് ഒരു കണ്ണ് പതുക്കെ തുറന്നു നോക്കി.
ഗൗതം കൈയും കെട്ടി മുൻപിൽ നിൽക്കുന്നു.

“കഴിഞ്ഞോ നിന്റെ ഒളിച്ചു കളി.” അവൻ ഗൗരവത്തിൽ ചോദിച്ചു.

അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു. പക്ഷേ എത്ര ചിരിച്ചിട്ടും ആ മുഖത്തെ ഗൗരവം മാറുന്നില്ല എന്ന് കണ്ടു ഇനിയിപ്പോ എന്താ ചെയ്ക എന്നറിയാതെ നിന്നു.

“എന്റെ പേരെന്താടി”.

“ഗ… ഗൗതം വാസുദേവ് എന്നല്ലേ.” . അവൾ ധൈര്യം സംഭരിച്ചു പറഞ്ഞു.

“അപ്പോ നിനക്കറിയാം. പിന്നേ ആരോട് ചോദിച്ചിട്ടാടി നീ ആ പേരിൽ സേവ് ചെയ്തു വച്ചത്. ഒന്നുങ്കിൽ എന്റെ പേരിൽ സേവ് ചെയ്തോണം. അല്ലെങ്കിൽ സർ എന്ന് സേവ് ചെയ്യണം. മര്യാദക്ക് ഫോൺ എടുത്തു പേര് മാറ്റെഡി…”അവൻ അലറി.

“എന്നാ എന്നോട് ഐ ലവ് യു പറ”. അവൾ പെട്ടെന്ന് പറഞ്ഞു.

കേട്ടതിന്റെ കുഴപ്പമാണോ എന്നറിയാതെ ഗൗതം ഒരു നിമിഷം നിന്നു. “എന്താ നീ പറഞ്ഞേ…”

“എന്നോട് ഐ ലവ് യു എന്ന് പറയാൻ. അങ്ങനെ ആണെങ്കിൽ പേര് മാറ്റാം”. അവൾ വീണ്ടും ഒന്നുകൂടി പറഞ്ഞു.

“ഇതിന് നാണവും മാനവും ഒന്നും ഇല്ലേ ദൈവമേ” അവൻ മനസ്സിൽ ഓർത്തു. പെട്ടെന്ന് തന്നെ ദേഷ്യത്തിന്റെ മുഖംമൂടി അണിഞ്ഞു. “അല്ലെങ്കിൽ നീ മാറ്റില്ലേ”. അവൻ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു.

“ആഹ്…. അല്ലാതെ മാറ്റാൻ പറ്റില്ല. ഞാൻ എന്നേ തൊട്ട് സത്യം ചെയ്തതാ”. അവൾ വേദന കൊണ്ട് നിന്ന നിൽപ്പിൽ ചാടാൻ തുടങ്ങി.

“ഹോ… എന്റെ കൈ പോയി”. കൈ വലിച്ചെടുത്തു തിരുമ്മിക്കൊണ്ടവൾ പറഞ്ഞു.

ഒളികണ്ണിട്ട് ഗൗതമിനെ നോക്കിയപ്പോൾ ഇനിയെന്താ ചെയ്യേണ്ടേ എന്നുള്ള ഭാവത്തിൽ ആലോചിച്ചു നിൽക്കുന്നത് കണ്ടു.” ഇത് തന്നെ പറ്റിയ അവസരം. കുറച്ചു സെന്റി അടിച്ചു നോക്കാം.”

“ഞാൻ വേണമെങ്കിൽ പേര് മാറ്റാം. വെറുമൊരു സത്യം അല്ലെ. അതിന്റെ പേരിൽ എനിക്കിപ്പോ ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ. ഇനി അഥവാ എങ്ങാനും അറംപറ്റി ഞാനെങ്ങാൻ തട്ടിപ്പോയാൽ….” ബാക്കി പറയാൻ വരുമ്പോഴേക്ക് ഗൗതം പെട്ടെന്നവളുടെ വാ പൊത്തിപിടിച്ചു.

അവന്റെ കണ്ണുകളിൽ നോക്കി നിൽക്കുമ്പോൾ അവൾക്ക് അവളെ തന്നെ നഷ്ടപ്പെടും പോലെ തോന്നി. ആ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹമെല്ലാം മറ നീക്കി പുറത്തു വരും പോലെ.

ഒരു നിമിഷത്തേക്കെങ്കിലും ആ മിഴികളിൽ മിന്നി മാഞ്ഞ ഭീതിയിൽ അവളുടെ എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഉണ്ടായിരുന്നു.

“ഇനി ഒരിക്കൽ കൂടി നീ ഇങ്ങനെ സംസാരിക്കരുത്. മനസ്സിലായല്ലോ”. അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

യാന്ത്രികമായി തലയാട്ടിപ്പോയി. ചോദിയ്ക്കാൻ വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ഒന്നും തന്നെ ഓർമയിൽ തെളിഞ്ഞു വന്നില്ല.

അൽപ സമയം കഴിഞ്ഞു ആ കൈയുടെ ചൂട് ചുണ്ടുകളിൽ നിന്നും അകന്നപ്പോൾ മാത്രം ആണ് യാഥാർഥ്യത്തിലേക്ക് മടങ്ങിവരാൻ തുടങ്ങിയത്.

അപ്പോഴേക്കും കാറ്റു പോലെ പുറത്തേക്ക് പോയി കഴിഞ്ഞു. കളിയാക്കുമോ എന്നുള്ള പേടിയോ ചമ്മലോ ആകാം.

“മതി ഇത്രയും മതി എനിക്ക്. ബാക്കിയൊക്കെ പതുക്കെ ഞാൻ ശെരിയാക്കിക്കോളാം”. അവൻ പോയ വഴിയേ നോക്കി ചിരിയോടെ നിന്നു അവൾ.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“എന്താ ഏട്ടാ ഇത്.” ദർശൻ കുടിച്ചുകൊണ്ടിരുന്ന മദ്യം അവൾ പിടിച്ചു വാങ്ങി..

“ഇന്നലെ മനുവേട്ടൻ വിളിച്ചപ്പോൾ മുതൽ തുടങ്ങിയതല്ലേ. ഇനിയെങ്കിലും ഒന്ന് നിർത്തേട്ടാ.” ദക്ഷിണ അവന് നേരേ കയർത്തു.

“ദച്ചു നീ ഇതിൽ ഇടപെടേണ്ട. നീ എത്ര പറഞ്ഞിട്ടും അവനെക്കൊണ്ട് ആ കല്യാണം മുടക്കാൻ പറ്റിയോ ഇല്ലല്ലോ. ഇനി എന്റെ കാര്യത്തിൽ നീ പറയണ്ട എന്ത് വേണമെന്ന്. ഈ ദർശനറിയാം എന്താ ചെയ്യേണ്ടേ എന്ന്. തോൽക്കില്ല ഞാൻ അവന്റെ മുൻപിൽ..” ദർശൻ ദേഷ്യത്തോടെ മുൻപിൽ ഇരുന്ന കുപ്പി എറിഞ്ഞു പൊട്ടിച്ചു.

മാളുവിനെ നഷ്ടപ്പെടും എന്നതിനേക്കാൾ ഗൗതം ജയിക്കും എന്ന തോന്നൽ അവനെ വല്ലാതെ അസ്വസ്ഥനാക്കി.

ആടി ആടി റൂമിനു പുറത്തേക്ക് നടന്നു പോകുന്ന അവനെ ദക്ഷിണ വേദനയോടെ നോക്കി നിന്നു.

തുടരും…..

ഗൗതമിന്റെ മനസ്സ് കുറച്ചൊക്കെ മാറി തുടങ്ങി എന്ന് തോന്നുന്നു.