നിഴൽ പോലെ ~ ഭാഗം 03, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഗൗതം കാർ വഴിയരികിലേക്ക് ഒതുക്കിയിട്ടു മനസ്സ് വല്ലാതെ അസ്വസ്ഥമാണെന്ന് തോന്നി അവനു.

കുറച്ചു നേരം കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്നു. സമയം കടന്നു പോയതറിഞ്ഞില്ല.

മഴയുടെ ശബ്ദം കേട്ടപ്പോളാണ് ഇത്രയും നേരം ഇവിടെ നിർത്തിയിട്ടിരിക്കുവാണെന്ന് ഓർത്തത്.

ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോൾ ആദ്യം കണ്ണിലുടക്കിയത് ഒരു സ്കൂട്ടിയാണ് അത് ആരുടെയാണെന്ന് അറിയാൻ അധികം ആലോചിക്കേണ്ടി വന്നില്ല.” നാശം പിടിക്കാൻ.ഓഫീസിൽ സമാധാനം തരാത്തത് പോരാഞ്ഞിട്ടാണോ വീട്ടിലും കൂടി വരുന്നത്.”

ദേഷ്യം സഹിക്കാൻ വയ്യാതെ അവൻ അകത്തേക്ക് കയറി.

സോഫയിൽ ചാരി കിടക്കുകയാണ് മാളു. ഒരു കൈയിൽ ടീവി യുടെ റിമോട്ടും അടുത്ത കൈയിൽ അച്ചപ്പവും പിടിച്ചിരിക്കുന്നു. അവനെ ഒന്ന് നോക്കിയ ശേഷം കാണാത്ത ഭാവത്തിൽ അവൾ വീണ്ടും ടീവിയിലേക്ക് മിഴികൾ നട്ടിരുന്നു.

“ഡീ…”ഗൗതം അലറി.

“ഹോ… ഇതെന്തോത്തിനാ ഈ കിടന്നലറുന്നെ എനിക്ക് ചെവി കേൾക്കാം”. അവന്റെ അലർച്ച കേട്ട് ചെവികൾ പൊത്തി മാളു പറഞ്ഞു.

“നിന്നെ എന്തിനാടി ഇങ്ങോട്ട് കെട്ടിയെടുത്തെ. വീട്ടിൽ പോലും സമാധാനം തരില്ലേ.” അവൻ ദേഷ്യത്തോടെ പറഞ്ഞു.

“അതിനു ഞാൻ ഏട്ടനെ കാണാൻ വന്നതല്ല. ബീനാമ്മ വിളിച്ചിട്ട് വന്നതാ. ഏട്ടന് എന്നേ കാണണ്ടെങ്കിൽ ഏട്ടൻ റൂമിലേക്ക് പൊക്കോ”. ചാനൽ മാറ്റുന്നതിൽ ശ്രെദ്ധിച്ചു അവൾ പറഞ്ഞു.

അവളുടെ ഏട്ടൻ എന്നുള്ള വിളി കേട്ട് ഞെട്ടി നിൽക്കുകയാണ് ഗൗതം. സാധാരണ propose ചെയ്യുമ്പോൾ മാത്രമേ അവൾ അങ്ങനെ വിളിക്കാറുള്ളു.

“ഏട്ടനോ ആരാടി നിന്റെ ഏട്ടൻ.മര്യാദക്ക് സർ എന്ന് വിളിച്ചോണം”. സ്വബോധം വീണ്ടെടുത്ത ശേഷം അവൻ വീണ്ടും അലറി.

“ആഹാ ഓഫീസ് ടൈം ഒക്കെ കഴിഞ്ഞു. മാത്രവുമല്ല ഞാൻ ഇപ്പൊ ബീനാമ്മേടെ വീട്ടിലാ. so എനിക്കിപ്പോ Mr.ഗൗതം വാസുദേവ് എന്റെ കമ്പനിയുടെ മുതലാളി അല്ല ബീനാമ്മയുടെ മോൻ മാത്രമാണ്. ഈ വീടിന്റെ പുറത്തിറങ്ങുമ്പോ ഞാൻ അനുസരിച്ചോളാം കേട്ടോ”.അവനെ ഒളികണ്ണിട്ടു നോക്കി അവൾ പറഞ്ഞു.

അവന് അവളുടെ സംസാരം കേട്ടിട്ട് ദേഷ്യം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.” ഡീ നിന്നെ ഞാൻ..” വീണ്ടും അവൻ ചൂടാക്കാൻ തുടങ്ങി.

“ശെടാ ഇത് വല്യ ശല്യമായല്ലോ.ഏട്ടാ എന്ന് വിളിക്കുന്നതല്ലേ കുഴപ്പം. എന്നാ പിന്നെ താൻ എന്ന് വിളിക്കാം. അപ്പൊ കുഴപ്പമില്ലല്ലോ. അത് മതിയോ. തന്നെ കാണാൻ വന്നതല്ല ഞാൻ. അവൾ ദേഷ്യത്തോടെ പറഞ്ഞു

ദുഷ്ടൻ. ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ ഉണ്ടാക്കിയ റിപ്പോർട്ടാ ചവറ്റുകുട്ടയിൽ ഇടീപ്പിച്ചത്. അവൾ മനസ്സിൽ ഓർത്തു.

“ഡീ ” എന്നും വിളിച്ചു ഗൗതം അവളെ അടിക്കാൻ കൈ ഓങ്ങിയപ്പോളേക്ക് അടുക്കളയിൽ നിന്നും ബീനയുടെ വിളി എത്തി.

” മോനു നീ വെറുതെ മാളുവിനോട് തല്ലു പിടിക്കാൻ നിൽക്കണ്ടാട്ടൊ. ഞാനാ അവളെ വിളിച്ചേ. കിട്ടും നിനക്ക് എന്റെ കൈയിൽ നിന്നും”.

കുറച്ചു നേരം മുഷ്ടി ചുരുട്ടി പിടിച്ചു അവന്റെ ദേഷ്യം അടക്കാൻ ശ്രെമിച്ച ശേഷം മാളുവിനെ നോക്കി ദഹിപ്പിച്ചു കൊണ്ട് ഗൗതം ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി.

മാളു നെഞ്ചിൽ കൈ വെച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു. “ദൈവമേ നന്ദി. ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ട്. ഓഫീസിലെ ഷോ കണ്ടപ്പോഴേ ഇങ്ങനൊരു പണി വിചാരിച്ചതാ”. അതും ഓർത്തു ഇരുന്ന് ചിരിക്കുമ്പോളാണ് അവളെയും നോക്കി കൈ കെട്ടി നിൽക്കുന്ന ബീനയെ കാണുന്നത്.

അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു.

ബീന അവളുടെ അടുത്തു വന്നിരുന്നു. “അപ്പൊ ഇനി സത്യം പറ. കുറച്ചു മുൻപേ കണ്ട നാടകത്തിന്റെ കാരണം പറയു. ഡയലോഗ് മാത്രമേ നേരത്തെ തന്നുള്ളൂ.”

“അങ്ങനെ വലിയ കാരണം ഒന്നും ഇല്ല. ഞാൻ ഉച്ചക്ക് ഫുഡ്‌ പോലും കഴിക്കാതെ ഏഴു മണിക്കൂർ എടുത്ത് തയാറാക്കിയ റിപ്പോർട്ട്‌ അമ്മേടെ മോൻ ഒരു ദാക്ഷിണ്യവും ഇല്ലാതെ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞു. അപ്പൊ പിന്നെ ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ”. അതും പറഞ്ഞു അവൾ ഇരുന്നു ചിരിച്ചു. മെല്ലെ ആ ചിരി ബീനയുടെ ചുണ്ടിലേക്കും പടർന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കുറച്ചു നേരം അവിടിരുന്ന ശേഷം പാട്ടും പാടി സ്കൂട്ടിയുടെ അടുത്തേക്ക് നടക്കുമ്പോളാണ് പിറകിൽ നിന്നും “മാളവിക” എന്നുള്ള വിളി കേട്ടത്.
അത് ആരാണെന്നറിയാൻ കൂടുതൽ ആലോചിക്കേണ്ട ആവശ്യം ഒന്നും ഇല്ലായിരുന്നു അവൾക്ക്. കാരണം ഈ ലോകത്ത് ബാക്കി എല്ലാവരും അവളെ മാളു എന്ന് വിളിക്കുമ്പോൾ മാളവിക എന്ന് നീട്ടി വിളിക്കുന്ന ഒരേയൊരാളെ ഉള്ളു.

ഗൗതം ഒരു ഫയലും എടുത്ത് കൊണ്ട് അവളുടെ മുൻപിൽ വന്നു. “ഇപ്പൊ നീ വീടിനു പുറത്താണല്ലോ. അപ്പോൾ പിന്നെ ഞാൻ പറയുന്നത് അനുസരിക്കാം. ഇത് പിടിക്ക്. നാളെ രാവിലെ വരുമ്പോൾ ഇതിലെ error ഒക്കെ കറക്റ്റ് ചെയ്തു വേണം കൊണ്ട് വരാൻ.”

അവൾ അവന്റെ മുഖത്തേക്കും ഫയലിലേക്കും മാറി മാറി നോക്കി. “എന്തിനാ ചവറ്റുകൊട്ടയിൽ ഇടാനല്ലേ. അതിനു error ഉള്ള ഫയൽ ആണെങ്കിലും കുഴപ്പമില്ല”.

അവൾ മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചത് എങ്കിലും അവളുടെ നാവിന്റെ അനുസരണ കൊണ്ട് അറിയാതെ സൗണ്ട് കൂടി പോയി.

ഗൗതം അവളെ കലിപ്പിച്ചു നോക്കി.” നിന്നോട് പറയുന്ന പണി നീ ചെയ്താൽ മതി. അതിനാ നിനക്ക് ശമ്പളം തരുന്നത്. വേസ്റ്റ് ബിന്നിൽ ഇടുന്നതും ഇടാത്തതും ഒക്കെ എന്റെ ഇഷ്ടം. അതിൽ നീ തലയിടാൻ വരണ്ട. കേട്ടല്ലോ… “അവൻ ദേഷ്യത്തിൽ പറഞ്ഞു.

അവൾ ചുണ്ടും കോട്ടി കൊണ്ട് അവന്റെ കൈയിൽ നിന്നും ഫയൽ വാങ്ങി. തിരിഞ്ഞു നോക്കാതെ വണ്ടിയും എടുത്ത് പെട്ടെന്ന് പോയി. വെറുതെ എന്തിനാ നിന്നിട്ട് അടുത്ത പണി കൂടി വാങ്ങുന്നേ.ഇന്ന് രാത്രിയിലെ ഉറക്കവും പോയി കിട്ടിയല്ലോ… എന്നുള്ള വിഷമവുമായി

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രിയിൽ ഗാർഡനിൽ ബീനയുടെ മടിയിൽ തല വെച്ചു കിടന്നു കൊണ്ട് ആകാശം വീക്ഷിക്കുകയായിരുന്നു ഗൗതം. ഇത് പതിവാണ്. അവന്റെ എല്ലാ ടെൻഷനും വിഷമങ്ങളും മാറാനുള്ള വഴി.

.ബീന അവന്റെ മുടികൾക്കിടയിലൂടെ വിരൽ ഓടിച്ചു. “മോനു അമ്മ ഒരു കാര്യം പറയട്ടേ”.

“എന്തിനാ അമ്മ പെർമിഷൻ ചോദിക്കുന്നെ. അമ്മക്ക് പറഞ്ഞൂടേ. “

“അത് നമ്മുടെ മാളു ഇല്ലേ അവളെ നമുക്ക് ഇങ്ങോട്ട് കൊണ്ട് വന്നാലോ. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയായിരിക്കും എന്ന് എന്റെ മനസ്സ് പറയുന്നു.” ബീന പറഞ്ഞു നിർത്തി.

ഗൗതം പെട്ടെന്ന് എണീറ്റിരുന്നു. “അത് വേണ്ട അമ്മ. നടക്കില്ല”.

അവൻ മുഖം തിരിച്ചിരിക്കുന്നത് കണ്ട് ബീന നെടുവീർപ്പിട്ടു.

“നീ പിണങ്ങണ്ട. ഞാൻ ചോദിച്ചെന്നെ ഉള്ളു. മനീഷിന് നല്ലൊരാലോചന വന്നിട്ടുണ്ട്. മാറ്റ കല്യാണത്തിനാണ് അവർക്ക് കൂടുതൽ താല്പര്യം എന്ന് പറഞ്ഞു മോള് വിഷമിക്കുന്നത് കണ്ടോണ്ട് ഞാൻ പറഞ്ഞതാ. നിനക്കിഷ്ടമല്ലെങ്കിൽ വേണ്ട.” അതും പറഞ്ഞു ബീന എണീറ്റ് അകത്തേക്ക് പോയി.

എന്ത് കൊണ്ടോ ബീനയുടെ അവസാന വാക്കുകൾ അവന്റെ മനസ്സിനെ വല്ലാതെ കലുഷിതമാക്കി.

കുറച്ചു സമയം കൂടി മാനത്തു നോക്കിയിരുന്ന ശേഷം അവൻ മിഴികൾ അടച്ചു. ചിരിച്ചു കൊണ്ട് നിൽക്കുന്ന മാളുവിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. ഒരു ഞെട്ടലോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.

തുടരും