രചന: സുധിൻ സദാനന്ദൻ
ഒരു പെണ്ണിനോട് തന്നെ കൂടുതൽ തവണ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷൻ എന്ന ഗിന്നസ്സ് റെക്കോർഡ് ഇയാളെനിക്ക് വാങ്ങി തരോ…?
ഇതും കൂടി ചേർത്ത് എത്ര തവണയാ എന്റെ പ്രണയം തന്നോട് ഞാൻ പറയുന്നത്. എപ്പോഴും ദാ ഇതുപോലെ ഒരു ചിരിയും തന്ന് ലക്ഷ്മി നടന്ന് പോവും. എന്നെ ഇഷ്ടമാണോ അല്ലെന്നോ ഒരു വാക്ക് എങ്കിലും പറയൂ ലക്ഷ്മി…
ദാ…പിന്നെയും ചിരിക്കുന്നു.
ക്ഷമയ്ക്ക് ഒരു പരിധിയൊക്കെ ഉണ്ട് ലക്ഷ്മി. ഇത്രയും കിലോമീറ്റർ ഡ്രൈവ് ചെയ്ത് ഈ കലാമണ്ഡലത്തിന്റെ മുന്നിലിങ്ങനെ ഒരു ഉളുപ്പും ഇല്ലാതെ നിൽക്കുന്നത്, റോഡരികിൽ കരിമ്പിൻ ജ്യൂസ്സ് ഉണ്ടാക്കുന്ന ബംഗാളിയെ കാണാനല്ല ലക്ഷ്മിയെ കാണാനാണ്.
ഒരിക്കൽ എപ്പോഴോ കൂടെ ഉണ്ടായിരുന്ന കൂട്ടുക്കാരികളിൽ ഒരാൾ, തന്നെ ലക്ഷ്മി എന്ന് പേര് ചൊല്ലി വിളിക്കുന്നത് കേട്ടു. അതല്ലാതെ ലക്ഷ്മിയെ കുറിച്ചൊന്നും എനിക്ക് അറിയില്ല.
ഇനി എന്ത് തന്നെ ആയാലും അതൊന്നും എനിക്ക് പ്രശ്നവും അല്ല. ഞാനൊരു സത്യം പറയട്ടെ ലക്ഷ്മി, എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ലടോ. കണ്ണടച്ചാൽ തന്റെ ഈ ചിരിയാണ് കാണുന്നത്. എനിക്ക് തന്റെ തീരുമാനം ഇന്ന് അറിയണം.
അയ്യോ…ചേട്ടാ അവൾ ചേട്ടനോട് ഒന്നും സംസാരിക്കില്ല, അതും പറഞ്ഞ് അവളുടെ കൂട്ടുകാരി ഞങ്ങളുടെ അരികിലേക്ക് നടന്ന് വന്നു.
അത് തന്നെയാണ് എനിക്ക് അറിയേണ്ടതും, എന്നോട് ഒന്നും മിണ്ടാത്തതിന്റെ കാരണം…
ചേട്ടാ അവൾ ചേട്ടനോട് എന്നല്ല ഈ എന്നോട് പോലും ഒന്നും സംസാരിക്കില്ല. അവൾക്ക് അതിന് കഴിയില്ല. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ലക്ഷ്മി. അതൊന്നും അറിയാതെയാണോ ഇഷ്ടമാണെന്ന് പറഞ്ഞ് ലക്ഷ്മിയുടെ പിന്നാലെ നടന്നത്…
കെട്ടിപടുത്ത സ്വപ്നത്തിന്റെ ഗോപുരം നിലംപതിച്ച ആഘാതത്തിൽ ഒരു നിമിഷം ഞാൻ നിശബ്ദനായി നിന്നു. അപ്പോഴും ലക്ഷ്മിയുടെ മുഖത്ത് അതേ ചിരി മായാതെ നിന്നിരുന്നു.
തലതാഴ്ത്തി നില്ക്കുന്ന എന്റെ കൈകളിലേക്ക് ലക്ഷ്മി ഒരു ലെറ്റർ വെച്ച് തന്ന് കുട്ടുകാരിക്കൊപ്പം നടന്ന് പോയി…
ലക്ഷ്മി നല്കിയ ലെറ്റർ നിർവികാരനായി തുറന്ന് ലെറ്ററിലെ അക്ഷരങ്ങളിലൂടെ ഞാനെന്റെ കണ്ണ് പായിച്ചു.
ഈ നിമിഷം ഒരിക്കൽ ഉണ്ടാവുമെന്ന് എനിക്ക് അറിയാമായിരുന്നു. തിരിച്ച് ഒന്നും പറയാത്ത എന്നോട് വാതോരാതെ സംസാരിച്ചിരുന്ന ഇയാളെ ഞാനും അറിയാതെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ സംസാര പ്രിയനായ തനിക്ക് ഈ ഊമപെണ്ണ് ചേരില്ലാട്ടോ…
നൃത്തമാണ് എന്റെ ലോകം, മറ്റൊന്നും മോഹിക്കാൻ പോലും എനിക്ക് അർഹതയില്ല. ഇനി ഒരിക്കലും എന്നെ തേടി വരില്ലെന്ന് അറിയാം. സംസാരിക്കുവാനും നന്നായി സ്നേഹിക്കുവാനും കഴിയുന്ന ഒരു കുട്ടിയെ ഇയാൾക്ക് കിട്ടുവാൻ ഞാൻ പ്രാർത്ഥിക്കാം. ഇനി എവിടെയെങ്കിലും വെച്ച് തമ്മിൽ കാണുമ്പോൾ എന്റെ പോലെ ചിരിക്കണം കേട്ടോ…എന്ന് ലച്ചു…
ആ ലെറ്റർ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് മുഖം ഉയർത്തി നോക്കുമ്പോൾ അവൾ അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു…
കൂട്ടുകാരികൾക്കൊപ്പം നടന്ന് വരുന്ന അവളുടെ ചുണ്ടിൽ ഇന്നലെ കണ്ടിരുന്ന ചിരി മാഞ്ഞുപോയിരുന്നു. എന്നെ കണ്ടതും കൺമഷിയാൽ നീട്ടിയെഴുതിയ കണ്ണുകൾ വിടർന്ന് അത്ഭുതത്തോടെ എന്നെ നോക്കി നില്ക്കുന്ന അവളുടെ ചിരി ഞാനാദ്യമായി കടമെടുത്തു.
നിറഞ്ഞ ചിരിയോടെ അവളുടെ അരികിലേക്ക് എത്തിയപ്പോൾ, മുഖം ഉയർത്തി എന്തിനാ വീണ്ടും വന്നത് എന്ന ചോദ്യഭാവത്തിൽ എന്റെ മുന്നിൽ നിന്ന ലച്ചുവിനോടായി ഞാൻ പറഞ്ഞു…
ലച്ചൂ, കുഞ്ഞിലെ നിന്റെ നാവ് ഇല്ലായിരുന്നെങ്കിൽ നിന്നെ കുറുക്കൻ പിടിച്ച് കൊണ്ടു പോയേനെ…എന്ന് അമ്മ തമാശ രൂപേണ പറയുമായിരുന്നു. വലുതായപ്പോൾ വർത്തമാനം പറഞ്ഞതിന് ക്ലാസ്സിൽ എന്റെ സ്ഥാനം എന്നും ബെഞ്ചിന് മുകളിലായിരുന്നു. രണ്ടാളുടെ സംസാരം ഒറ്റയ്ക്ക് പറയുന്ന നാവ് ഈശ്വരൻ എനിക്ക് നല്കിയത് തനിക്ക് വേണ്ടി കൂടി സംസാരിക്കാനാവും…
നൃത്തമാണ് തന്റെ ലോകമെന്ന് പറഞ്ഞുവല്ലോ, ആ ലോകത്തിൽ എനിക്കും ഒരിടം തരുമോ…?
ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഞാൻ അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കുമ്പോൾ കൺതടത്തിൽ കൺമഴി പടർന്നിരുന്നു. നിറകണ്ണുകളോടെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാതെ നില്ക്കുന്ന ലക്ഷ്മിയ്ക്ക് പോക്കറ്റിൽ നിന്നും തൂവാല എടുത്ത് നീട്ടുമ്പോൾ…എന്റെ കൈകൾ ചേർത്ത് പിടിച്ചത് എന്നെ മോഹിപ്പിച്ച് കൈവിടരുതെന്ന അർത്ഥത്തിലായിരുന്നു.
ആ നിമിഷം എന്റെ മിഴികളിലും നനവ് പടർന്നിരുന്നു. അവളെ ചേർത്ത് പിടിച്ച് എന്റെ വിരലിലെ മോതിരം അവളുടെ മോതിരവിരലിൽ അണിയിക്കുമ്പോൾ ഒരിക്കലും നിന്നെ തനിച്ചാക്കില്ലായെന്ന് പറയാതെ പറയുകയായിരുന്നു…
*** *** ***
എന്നിട്ട്…എന്നിട്ട്…
എന്നിട്ട് എന്താ…ഗുരുവായൂരപ്പന്റെ നടയിൽ വെച്ച് അമ്മയുടെ കഴുത്തിൽ അച്ഛൻ താലികെട്ടി വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ ഈ കുറുമ്പി പെണ്ണ് ഉണ്ടായി.
ഞാനോ…? ഞാനെങ്ങനെ ഉണ്ടായത്, അത് പറഞ്ഞില്ലല്ലോ അച്ഛാ…അമ്മുവിന്റെ ഈ ചോദ്യം കേട്ട് കണ്ണാടിയ്ക്കു മുന്നിൽ നിന്ന് മുടി ചീകുന്ന ലക്ഷ്മി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. മോൾക്ക് അതും കൂടി പറഞ്ഞ് കൊടുക്ക് മനുഷ്യാ…എന്ന അർത്ഥത്തിൽ.
അമ്മു ആണെങ്കിൽ പിടിവിടുന്ന ലക്ഷണമില്ല. ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞിട്ടും അവൾ വീണ്ടും വീണ്ടും ചോദിക്കുകയാണ്…
ഒരു നിലാവുള്ള രാത്രിയിൽ ആകാശത്തിൽനിന്ന് ഒരു കുഞ്ഞു നക്ഷത്രം അമ്മുക്കുട്ടിയുടെ അമ്മയെ നോക്കി കണ്ണിറുക്കി കാണിച്ചു. അപ്പൊ അമ്മുക്കുട്ടി കുഞ്ഞുവാവയായി അമ്മയുടെ വയറിനുള്ളിൽ വന്നു.
കണ്ണ് മിഴിച്ച്, വായ തുറന്ന് അത്ഭുതത്തോടെ അമ്മു, ഞാൻ പറഞ്ഞത് കേട്ട് ഭയങ്കരമായ ആലോചനയിലാണ്. അടുത്ത ചോദ്യത്തിനായി കുഞ്ഞുവായ തുറക്കുന്നതിന് മുൻപ് ഞാൻ ഉറങ്ങിയതുപ്പോലെ കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.
ആ കുഞ്ഞു നക്ഷത്രം ഇനിയും ആകാശത്ത് വരോ അച്ഛേ…? ഇനി വന്നാൽ, നമുക്ക് ഒരു കുഞ്ഞുവാവയെ കൂടി തരാൻ പറയോ…അപ്പൊ മീനാക്ഷിയെ പോലെ എനിക്കും കളിക്കാൻ കുഞ്ഞാവയെ കിട്ടൂലോ…
കണ്ണുകൾ തുറന്ന് എലി പുന്നെല്ല് കണ്ടതുപോലെ ഞാൻ ലക്ഷ്മിയെ നോക്കി. അവൾ ഇതൊക്കെ കേട്ടിട്ടും യാതൊരു ഭാവവ്യത്യാസമില്ലാതെ കണ്ണാടിക്കു മുന്നിൽ നില്ക്കുകയാണ്. പതിയെ ഞാനൊന്ന് കണ്ണാടിയിലേക്ക് പാളിനോക്കി. ലക്ഷ്മി ചിരിക്കുന്നുണ്ട്. സംഗതി ഏറ്റു…
അമ്മ പറഞ്ഞാലെ നക്ഷത്രം ആകാശത്ത് വരൂ…അങ്ങനെ പറഞ്ഞ് അമ്മുവിനെ ഞാൻ ലക്ഷ്മിയുടെ അരികിലേക്ക് പറഞ്ഞ് വിട്ട്, കുളിക്കുവാൻ ബാത്ത്റൂമിൽ കയറി.
കുളി കഴിഞ്ഞ് വന്നപ്പോൾ, അമ്മു എന്റെ അടുത്തേക്ക് ഓടിവന്ന്, ഇന്ന് ഞാൻ മുത്തശ്ശിയുടെ കൂടെയാണ് ഉറങ്ങുന്നേ, മുത്തശ്ശി ഹനുമാന്റെ കഥ പറഞ്ഞ് തരൂന്ന് അമ്മ പറഞ്ഞു. അതും പറഞ്ഞ് കവിളിലൊരു ഉമ്മയും ഗുഡ് നൈറ്റും പറഞ്ഞ് അമ്മു മുത്തശ്ശിയുടെ മുറിയിലേക്ക് ഓടിപ്പോയി….
ഒരു കള്ള ചിരിയോടെ നില്കുന്ന ലച്ചുവിനെ എന്റെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ, ഫ്ലാറ്റിന് താഴെ സെക്യൂരിറ്റിയുടെ റേഡിയോയിൽ നിന്ന് ‘അനുരാഗ ലോല ഗാത്രി…വരവായി നീല രാത്രിയെന്ന ഗാനം ഒഴുകിയെത്തിയിരുന്നു…’