നിന്റെ ഭാര്യ ആളുകൊള്ളാലൊ, അവളെ കണ്ടാൽ ഇങ്ങനെത്തെ ആളാണെന്ന് ഒരിക്കലും പറയില്ലാട്ടാ…

യുവ ഭർത്താക്കന്മാർ അറിയാൻ

Story written by Shaan Kabeer

“ന്റെ മോനേ, എന്റെ ഭാര്യ നിങ്ങളൊക്കെ വീട്ടിൽ വരുമ്പോൾ കാണുന്നപോലത്തെ പാവന്നുമല്ല. കിടപ്പറയിൽ അവൾ പുലിയാണ്, പുലി. അവളെ മെരുക്കാൻ വല്യ പാടാ”

ഇങ്ങനെ സ്വന്തം ഭാര്യയുടെ കിടപ്പറ രഹസ്യം ഒരു ഉളുപ്പും ഇല്ലാതെ കൂട്ടുകാരോട് പറയുന്ന ഒരുപാട് കോന്തന്മാരായ ഭർത്താക്കന്മാരെ എനിക്കറിയാം. അയാൾ പറയുന്നത് വായയും പൊളിച്ച് നിന്ന് ആസ്വദിക്കുന്ന മരപ്പാഴുകളേയും അറിയാം. അവരോടാണ് അവരോട് മാത്രം.

“ചെങ്ങായീ, ആദ്യരാത്രി കുളമായാൽ എല്ലാം പോയിട്ടാ. പിന്നെ ആ പെണ്ണിന്റെ മുന്നിൽ ജീവിതകാലം മുഴുവൻ തലയും താഴ്ത്തി ജീവിക്കണം. കട്ട താടിയിലും കട്ടി മീശയിലൊന്നും അല്ല കാര്യം. കെട്ടിയ പെണ്ണിന് തോന്നണം ഇവനൊരു പുരുഷൻ ആണെന്ന്, ഇല്ലേൽ പിന്നെ ജീവിച്ചിട്ട് കാര്യല്ല്യാട്ടാ”

കല്യാണം കഴിക്കാൻ പോകുന്ന ചെറുപ്പക്കാർക്ക് കല്യാണം കഴിഞ്ഞ ചില ഭൂലോക തോൽവികളായ സുഹൃത്തുക്കൾ ആദ്യരാത്രിയെ കുറിച്ച് ക്ലാസ്സെടുത്ത് കൊടുക്കുന്നത് ഇങ്ങനൊക്കെ പറഞ്ഞിട്ടാണ്. അതുകൊണ്ട് തന്നെ ചില നിഷ്കു പുതുമണവാളന്മാർക്ക് വല്ലാത്ത ആദിയാണ് ആദ്യരാത്രി എന്ന് കേൾക്കുമ്പോഴേ. തന്റെ കല്യാണം കഴിഞ്ഞ സുഹൃത്തുക്കളോട് ആദ്യരാത്രിയെ കുറിച്ചും മറ്റും ചോദിച്ച് മനസ്സിലാകുന്ന ഒരുപാട് ചെറുപ്പക്കാർ ഈ നാട്ടിലുണ്ട്. അവർ നിഷ്ക്കുവിന് കാര്യങ്ങൾ ഒക്കെ നന്നായി പൊലിപ്പിച്ചങ്ങട് വെച്ച് കാച്ചും. എന്നിട്ട് കള്ളചിരിയോട് കൂടി ഒരു കാര്യവും അങ്ങട് ആവശ്യപ്പെടും

“ഞാൻ പറഞ്ഞുതന്നതൊക്കെ ഓർമയുണ്ടല്ലോ അല്ലേ, നിന്റെ ബെഡ്‌റൂമിൽ നടന്നതൊക്കെ നാളെ വള്ളിപുള്ളി വിടാതെ എനിക്ക് പറഞ്ഞു തരണം ട്ടാ”

ആ മണ്ടൻ ഒരു ഉളുപ്പിമില്ലാതെ പിറ്റേ ദിവസം സുഹൃത്തുക്കൾക്ക് മുന്നിൽ വന്ന് എല്ലാം തുറന്നങ്ങട് പറയും. അവനെന്തോ വല്യ സംഭവം ആണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി കുറച്ച് വർണിച്ച് ഓവറാക്കി ആവും കൂട്ടുകാരുടെ മുന്നിൽ വന്ന് വിളമ്പുക. അതിൽ തന്റെ ഭാര്യയെക്കുറിച്ചും നന്നായി വർണിച്ചിട്ടുണ്ടാവും. ഇതൊക്കെ കേട്ടോണ്ടിരിക്കുന്നവർ, “നീയൊരു സംഭവാടാ” “നിന്റെ ഭാര്യ ആളുകൊള്ളാലൊ, അവളെ കണ്ടാൽ ഇങ്ങനെത്തെ ആളാണെന്ന് ഒരിക്കലും പറയില്ലാട്ടാ” എന്നൊക്കെ പറഞ്ഞ് അവന് വൻ പ്രോത്സാഹനം നൽകും. അവൻ താൻ കൂട്ടുകാരുടെ മുന്നിൽ ഹീറോ ആയതും ഓർത്ത് അഭിമാനത്തോട്ടെ വീട്ടിലേക്കും പോവും.

പിന്നീട് സംഭവിക്കുന്നത്

************

സ്വന്തം ഭാര്യയുടെ ബെഡ്‌റൂം രഹസ്യങ്ങളും, ഇഷ്ടങ്ങളും, അവളുടെ ശരീര ഘടനയും, കൊതിയും എല്ലാം കൂട്ടുകാർക്ക് മുന്നിൽ വിവരിക്കുന്നത്, അത് എത്ര ആത്മാർത്ഥമായ കൂട്ടുകാരൻ ആയാലും, വെറും ബുദ്ധിയില്ലായ്മ മാത്രമാണ്. കൂട്ടുകാരൻ നിങ്ങളുടെ ഭാര്യയെ വീട്ടിൽ വരുമ്പോഴോ അല്ലേൽ വഴിയിൽ വെച്ച് കാണുമ്പോഴോ അവന്റെ മനസ്സിൽ നിങ്ങളുടെ ഭാര്യയെ കുറിച്ച് നിങ്ങൾ കൊടുത്ത ഒരു പിക്ചർ മാത്രമേ ഉണ്ടാവൂ. അതായത് നിങ്ങൾ പൊടിപ്പും തേങ്ങലും വെച്ച് വർണിച്ച് പറഞ്ഞ നിങ്ങളുടെ ഭാര്യയുടെ ആ മുഖം മാത്രം. ഇതൊന്നും അറിയാതെ ആ പാവം തന്റെ ഭർത്താവിന്റെ കൂട്ടുകാരോട് ഒന്ന് ചിരിച്ചാൽ, നന്നായി ഒന്ന് ഇടപഴകിയാൽ ഇതേ കൂട്ടുകാർ തന്നെ നാട്ടിൽ പറഞ്ഞു പരത്തും അവൾ പോക്ക് കേസാണെന്നും, മോശപ്പെട്ടവളാണെന്നും എല്ലാം. കാരണം നിങ്ങളാണ് നിങ്ങൾ മാത്രമാണ്.

എല്ലാ കൂട്ടുകാരെയും ഉദ്ദേശിച്ചല്ല, ഇങ്ങനെയുള്ള ഒരു നാണവുമില്ലാതെ സ്വന്തം കിടപ്പറ രഹസ്യങ്ങൾ കൂട്ടു കാരോട് ഷെയർ ചെയ്യുന്ന മന്ദബുദ്ധി ആളുകളെയും നേരിട്ട് അറിയാം. അത് കേട്ട് രസിക്കുന്ന മാനസിക രോഗികളെയും കണ്ടിട്ടുണ്ട്.

നല്ല സുഹൃത്ത് ഒരിക്കലും തന്റെ കൂട്ടുകാരന്റെ കിടപ്പറയിലേക്ക് എത്തിനോക്കില്ല. കൂട്ടുകാരൻ തന്റെ കിടപ്പറ രഹസ്യം പറയാൻ തുടങ്ങുമ്പുഴേ ഒഴിഞ്ഞു മാറുന്നവനാണ് യഥാർത്ഥ “സുഹൃത്ത്”