എഴുത്ത്:- കൽഹാര
“” സുമി അവൻ വരുന്നുണ്ട്!!”
എന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോഴേക്ക് സുമി അവിടെ നിന്ന് ഓടി.. ഏറെക്കാലം കൂടി ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് രണ്ടുദിവസം നിൽക്കാൻ വന്നതായിരുന്നു അവൾ അപ്പോഴാണ് അയൽവക്കത്ത് ചേച്ചി അവളുടെ വിശേഷങ്ങൾ ചോദിക്കാനായി മതിലിന് അരികിലേക്ക് വന്നത്..
അവളും അവിടുത്തെ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ് അമ്മ അങ്ങനെ വിളിച്ചു പറയുന്നത്. തന്നോട് ഒന്നും പറയുക കൂടി ചെയ്യാതെ ഓടിപ്പോകുന്ന അവളെ മാലതി സംശയത്തോടെ നോക്കി..
അല്ലെങ്കിൽ ആകെക്കൂടി ഇവിടെ പാറിപ്പറന്ന് നടക്കുന്ന ഒരു പെൺകുട്ടി യായിരുന്നു അവൾ.. കല്യാണം കഴിഞ്ഞതോടുകൂടി ആകെ മാറി പക്വത വന്നതാകും എന്നാണ് കരുതിയത് പക്ഷേ ഇത് അതൊന്നുമല്ല ആ കുട്ടിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുപോലെ മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത് കൂടിയില്ല.
“”” കുറെ നേരമായല്ലോ അമ്മ പിറുപിറുക്കാൻ തുടങ്ങിയിട്ട്? എന്താ പ്രശ്നം?? “”
മകൻ ഗൗതം അത് ചോദിച്ചപ്പോൾ മാലതി ഒന്നുമില്ല എന്ന് പറഞ്ഞു പിന്നെയും നിർബന്ധിച്ചപ്പോഴാണ് അവരുടെ മനസ്സിൽ തോന്നിയ സംശയങ്ങൾ തന്റെ മകനോട് പറഞ്ഞത് അത് കേട്ടപ്പോഴേക്ക് അവന്റെ മുഖം വാടി..
“” കണ്ടോ നിനക്ക് സങ്കടമായത് അതുകൊണ്ട് ഞാൻ നിന്നോട് പറയുന്നില്ല എന്ന് കരുതിയത്!! എന്നിട്ട് മനുഷ്യന്റെ വായിൽ കയ്യിട്ടു പറയിപ്പിച്ചിട്ട് ഇപ്പോൾ അവൻ കിടന്ന് സങ്കടപ്പെടുന്നു!!” അമ്മ സങ്കടത്തോടെ പറഞ്ഞു..
“” എന്റെ പൊന്ന് അമ്മേ അവൾക്ക് എന്ത് വന്നാലും അമ്മയ്ക്ക് എന്താ?? അറിയാലോ ഒരിക്കൽ അവളുടെ കാര്യത്തിൽ വേണ്ടി പോയപ്പോൾ കിട്ടിയതെല്ലാം!! ഒന്നും മറന്നിട്ടില്ലല്ലോ?? “”
അവൻ ചോദിച്ചത് കേട്ടപ്പോൾ പഴയ കാര്യങ്ങളെല്ലാം മാലതിയുടെ ഉള്ളിലേക്ക് കടന്നുവന്നു.
ഗൗതം ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയൽവക്കത്ത് പുതിയ താമസക്കാരായി അവർ വന്നത്… ജാതിയിൽ അല്പം ഉന്നതർ തന്നെയായിരുന്നു എങ്കിലും സാമ്പത്തികം അത്രയ്ക്ക് ഉണ്ടായിരുന്നില്ല..
മുൻപ് താമസിച്ചിരുന്ന വലിയ വീട് വിറ്റ് ഇവിടെ ചെറിയ ഒരു വീട്ടിലേക്ക് വന്നതും സാമ്പത്തിക പ്രശ്നം കാരണമാണെന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്
മാലതിയും സുമിയുടെ അമ്മശാരതയും നല്ല കൂട്ടായി സുമിയുടെ അച്ഛന് പെയിന്റിംഗ് ആണ് ജോലി.. സുമി പ്ലസ് ടു പഠിക്കുന്നു അവൾക്ക് ഒരു അനിയൻ കൂടിയുണ്ട് അരുൺ അവൻ ഏഴാം ക്ലാസിൽ എത്തിയിട്ടേ ഉള്ളൂ.
സുമിയുടെ അച്ഛൻ രാഘവൻ മടി കൂടാതെ ജോലിക്ക് എല്ലാം പോകും,
പക്ഷേ കിട്ടുന്ന കാശ് ഒരു പങ്ക് കiള്ള് ഷാപ്പിൽ കൊടുത്തിട്ട് വീട്ടിലേക്ക് വരൂ വലിയ പ്രശ്നം ഒന്നുമില്ല എങ്കിലും ശാരദയ്ക്ക് ഭർത്താവിന്റെ കുiടി, എന്നത് വല്ലാത്ത ഒരു സങ്കടം ആയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഗൗതം ഒരിക്കൽ തന്നോട് വന്നു പറയുന്നത് അവന് ആ പെൺകുട്ടിയെ ഒരുപാട് ഇഷ്ടമാണ് എന്ന്. പൂമ്പാറ്റയെ പോലെ പാറിപ്പറന്ന് നടക്കുന്നവളെ ആർക്കും ഇഷ്ടമാകും അതുകൊണ്ടുതന്നെ ഞാനും അതിന് എതിര് പറഞ്ഞില്ല അല്ലെങ്കിലും ഗൗതമിന്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ചതിനുശേഷം അവന്റെ ഒരു ആഗ്രഹങ്ങൾക്കും എതിര് നിന്നിട്ടില്ല ഒരുപാട് ആഗ്രഹങ്ങൾ അവൻ പറഞ്ഞിട്ടുമില്ല..
എങ്ങനെയെങ്കിലും ഡിഗ്രി കഴിഞ്ഞ് ഒരു ജോലി നേടിയെടുക്കാൻ ഞാൻ അവനോട് പറഞ്ഞു.. അവൻ ഡിഗ്രി നല്ല രീതിയിൽ തന്നെ പാസായി പിഎസ്സി കോച്ചിങ്ങിനാണ് പിന്നെ പോയത് പാർട്ട് ടൈം ജോലി ചെയ്ത് അതിനുള്ള പണം അവൻ തന്നെയാണ് കണ്ടെത്തിക്കൊണ്ടിരുന്നത്.
അവന്റെ അച്ഛന് ഗവൺമെന്റ് ജോലിയായിരുന്നു അതുകൊണ്ടുതന്നെ അച്ഛൻ മരിച്ചപ്പോൾ ആ ജോലി തനിക്ക് കിട്ടി ഇപ്പോൾ വില്ലേജ് ഓഫീസിൽ ആണ് തനിക്ക് ജോലി… അതുകൊണ്ടുതന്നെ വലിയ പ്രാരാബ്ദം ഒന്നുമില്ല ഗൗതമിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയാകും.. എന്നിട്ടും ചെലവിനായി അവൻ അവന്റെതായ വഴികൾ നോക്കി എന്നെ ബുദ്ധിമുട്ടിക്കാതെ…
പിഎസ്സി റാങ്ക് ലിസ്റ്റിൽ പേര് വന്നപ്പോൾ എന്റെ നിയത്ത് സന്തോഷമായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും ഇനി ധൈര്യത്തോടെ അവിടെ പോയി അവളെ പെണ്ണ് ചോദിക്കാം.
അധികം വൈകാതെ തന്നെ അവൻ കുറച്ചു ദൂരെയുള്ള വില്ലേജ് ഓഫീസിൽ എൽഡിസി ആയി ജോലിക്ക് കയറി.. അപ്പോഴേക്കും സുമി ഡിഗ്രി സെക്കൻഡ് ഇയർ ആയിരുന്നു.
ഒരു ഞായറാഴ്ച ഞാൻ അവനെയും കൂട്ടി അവളെ പെണ്ണ് ചോദിക്കാൻ വേണ്ടി ചെന്നു..
ശാരദയ്ക്ക് സമ്മതക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ രാഘവൻ ഞങ്ങളെ അധിiക്ഷേപിച്ചു വിട്ടു.. എത്രയോ തവണ ഒരു നൂറുണ്ടോ 200 ഉണ്ടോ എന്ന് ചോദിച്ചു വരുമ്പോൾ ഇന്നുവരെ വെറും കയ്യോടെ അവരെ മടക്കി പറഞ്ഞയച്ചിട്ടില്ല എല്ലാം ഒരു നിമിഷം കൊണ്ട് അയാൾ മറന്നു.
എന്നെ അധിക്ഷേപിച്ചത് ഗൗതമിന് സഹിക്കാൻ കഴിഞ്ഞില്ല ഇനി അവളുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്ന് അവൻ അവരുടെ മുന്നിൽ വച്ചുതന്നെ എനിക്ക് വാക്ക് തന്നു ഞങ്ങളോടുള്ള ദേഷ്യത്തിന് അയാൾ ഏതോ ഒരാളെ കണ്ടുപിടിച്ചു ആ പെൺകുട്ടിയെ കല്യാണം കഴിച്ചു കൊടുത്തു..
അതിനുശേഷം ഇങ്ങോട്ട് വരവേ ഇല്ല.. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ നാലുമാസത്തോളം ആയി ഇതിനിടയിൽ ആകെ വന്നത് ഒരു തവണയാണ്..
അന്ന് ഒന്ന് വന്ന് അപ്പോൾ തന്നെ പോയി പിന്നെ വരുന്നത് ഇപ്പോഴാണ്.. അതും അവൾക്ക് പീരീiഡ്സ് ആയി അവിടെ ആരൊക്കെയോ ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിട്ടുണ്ട് അതുകൊണ്ട് മാത്രം വന്ന് നിന്നതാണ്.
അവളുടെ ഭർത്താവ് മനോജ് വന്നു എന്ന് അവളുടെ അമ്മ പറഞ്ഞപ്പോൾ എന്തിനാണ് അവൾ ജീവനും കൊണ്ട് ഓടിയത് എന്ന് മാത്രം മനസ്സിലായില്ല പക്ഷെ അധികം വൈകാതെ തന്നെ അതിന്റെ ഉത്തരം എനിക്ക് കിട്ടിയിരുന്നു.
അവിടെനിന്ന് അവളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു… ഒപ്പം മനോജിന്റെ അലറലും..
ശാരദ കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ വിളിച്ചു കൊണ്ടു പോയി രാഘവൻ വന്നിട്ടില്ലന്ന്.
“” നിന്റെ ചരിത്രം ഒക്കെ എനിക്ക് അറിയാടി!! ഞാൻ കണ്ടു നിന്റെ പഴയ കാമുകനെ കാണാൻ നീ മതിലിന്റെ അവിടെ പോയി നിൽക്കുന്നത്!!! പിന്നെ എന്തിനാടി ഇങ്ങോട്ട് എഴുന്നള്ളിയത് അവന്റെ കൂടെ അങ്ങ് പോകാമായിരുന്നില്ലേ??? “”‘
അവൻ അവളെ തiല്ലി ചiതച്ചുകൊണ്ട് ചോദിക്കുന്നുണ്ട്… ഗൗതം എന്റെ മുഖത്തേക്ക് നോക്കി എനിക്കും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..
“” എത്ര തവണ കിiടന്നുകൊiടുത്തിട്ടുണ്ട് അവന് നീ??? വല്ലാണ്ട് സുഖിച്ചു പോയി എന്ന് തോന്നുന്നു അതല്ലേ പിന്നെയും തേടി പോയത്?? അവനുള്ളത് തന്നെയാ എനിക്കും!! നിനക്ക് അത് മതിയാവുന്നില്ല അല്ലേടീ?? “‘
കേട്ടാൽ അറക്കുന്നത് തരത്തിലുള്ള ചീiത്തകൾ അയാൾ പറഞ്ഞുകൊണ്ടിരുന്നു..
അപ്പോഴേക്കും രാഘവൻ വന്നു മകളുടെ അവസ്ഥ കണ്ടപ്പോൾ അയാൾക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി.. രാഘവൻ മനോജിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു.. മനോജ് ഒരു സംശയ രോ ഗിയാണ് ചെന്നത് മുതൽ അവളെ കണ്ണീർ കുടിപ്പിക്കുന്നതാണ്.
അവൾ എല്ലാം പറഞ്ഞ് കരഞ്ഞു.. മനോജിന്റെ അനിയനോട് പോലും അവൾ സംസാരിച്ചാൽ അന്ന് അയാളവളെ തiല്ലി ചiതക്കുമായിരുന്നു..
ആരോടും തുറന്നു പറയാൻ കഴിയാതെ ആ കുട്ടി എല്ലാം ഉള്ളിൽ ഒതുക്കി.
“” ഇപ്പൊ തനിക്ക് തൃപ്തിയായോടോ?? പൊന്നുപോലെ നോക്കാം എന്ന് കരുതിയാണ് തന്നേക്കാമോ എന്ന് ചോദിച്ചത് അപ്പോൾ താൻ വലിയ കൊമ്പത്ത് ഉള്ള ആളാണ് എന്നും പറഞ്ഞില്ലേ എന്നെയും അമ്മയെയും ഇറക്കിവിട്ടത്? “”
ഗൗതം അയാളോട് ചോദിച്ചു!!
“” എനിക്കൊരു തെറ്റ് പറ്റിയതാ മോനെ!!! എന്റെ കുഞ്ഞിന്റെ കോലം കണ്ടിട്ട് സഹിക്കുന്നില്ല!!” രാഘവൻ ഗൗതമിന്റെ മുന്നിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു.
“” ഇപ്പോഴും എന്റെ മോൻ തയ്യാറാണ്. അവളെ കല്യാണം കഴിക്കാൻ!””
ഗൗതമിനോട് ചോദിക്കാതെ മാലതി പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഗൗതമിലായിരുന്നു അവന്റെ മുഖത്ത് ഒരു കുസൃതി ചിരി മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
മനോജിന്റെ വീട്ടുകാർ പോലും അവന് വേണ്ടി വക്കാലത്ത് പറയാൻ വന്നില്ല കാരണം അവർക്കും അറിയാമായിരുന്നു അതിനു വേണ്ടി സംസാരിച്ചാൽ പിന്നീട് എന്താണ് നടക്കുക എന്ന്..
കഠിന പരിശ്രമത്തിന്റെ ഒടുവിൽ കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും ഡിവോഴ്സ് അനുവദിച്ചു.. ഇനി കുറച്ചു നാളും കൂടി കാത്തിരിക്കണം ഗൗതമിന് അവളെ സ്വന്തമാക്കാൻ. അവൻ അതിനൊരുക്കമായിരുന്നു… മരുമകൾ ആയിട്ടല്ലാതെ മകളെ സ്വീകരിക്കാൻ മാലതിയും…..