എഴുത്ത്: അപ്പു
“നിന്നോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നീ ഇത്രയൊക്കെ ചെയ്തതിൽ നിനക്കുള്ള ലാഭം എന്താ..? സ്വന്തം കുഞ്ഞിനെ വരെ കൊ, ന്നു കളഞ്ഞിട്ട് നീ എന്ത് നേടി? “
മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല. മറുപടി ഒന്നും പറയാതെ അവൾ തല കുനിച്ചു നിന്നു.
അല്ലെങ്കിൽ തന്നെ അവൾ ചോദിക്കുന്നതിൽ എന്താണ് തെറ്റ്..? താൻ ഇത്രയും ഒക്കെ ചെയ്തു കൂട്ടിയിട്ടു എന്ത് ലാഭം ആണ് എനിക്ക് ഉണ്ടായത്..?
അവൾ ഒരു നിമിഷം ചിന്തിച്ചു.
” ഞങ്ങളുടെ കുടുംബത്തോട് ഇത്ര വലിയ നീതികേട് കാണിച്ചിട്ടും ഞാനിപ്പോൾ വന്നത് എന്തിനാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.”
ആ പെൺകുട്ടി അവളുടെ മുഖത്ത് നോക്കി. ആ ചോദ്യം അവളുടെ മുഖത്ത് നിന്ന് ആ പെൺകുട്ടി വായിച്ചെടുത്തു.
” ഇനി ഒരിക്കലും നിങ്ങൾ ആ നാട്ടിലേക്ക് മടങ്ങി വരരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.”
ആ പെൺകുട്ടിയുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അവൾ കേട്ടത്.
” നിങ്ങൾ കൂടുതൽ ഞെട്ടുന്നത് എന്തിനാ..? എന്റെ ചേട്ടന്റെ കുഞ്ഞിനെ നിങ്ങൾ കൊ, ന്നു കളഞ്ഞത് നിങ്ങളുടെ കാമുകന്റെ കൂടെ ജീവിക്കാൻ വേണ്ടിയല്ലേ..? ആ കാമുകന്റെ കൂടെ തന്നെ ചെല്ലു.. പക്ഷേ പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം കേട്ടോ. അയാൾ നിങ്ങളെക്കാളും ഒരു രണ്ടു വർഷം മുന്നേ ജയിലിൽ നിന്നിറങ്ങിയത് ആണല്ലോ … ഇപ്പോൾ കല്യാണം കഴിച്ച് 6 മാസം പ്രായമുള്ള ഒരു കൊച്ചുമുണ്ട്. ചെന്ന് കയറുമ്പോൾ അവന്റെ ഭാര്യയുടെ കയ്യിൽ നിന്ന് തല്ലു വാങ്ങാതെ സൂക്ഷിച്ചോ ..”
ആ പെൺകുട്ടി പരിഹാസത്തോടെ പറഞ്ഞത് കേട്ട് അവളുടെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.
” ആഹ്..പിന്നെ.. നിങ്ങളുടെ വീട്ടിലെ കാര്യം.. അതും കൂടി പറഞ്ഞിട്ട് പോകാം. അല്ലെങ്കിൽ ഇനി നേരെ അവിടേക്ക് കയറി ചെന്നാൽ അവരുടെ ജീവിതം കൂടി ഇല്ലാതാകും.. നിങ്ങളുടെ “നല്ല നടപ്പ്” കാരണം നിങ്ങളുടെ അച്ഛൻ നെഞ്ചുപൊട്ടി മരിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ.. അതിന്റെ തൊട്ടു പിന്നാലെ തന്നെ നിങ്ങളുടെ അമ്മയും കിടപ്പിലായി. കുറച്ചുനാൾ മുമ്പ് നിങ്ങളുടെ അമ്മയും മരിച്ചു. ഇപ്പോൾ അവിടെ താമസം നിങ്ങളുടെ അനിയനും കുടുംബവുമാണ്. അവൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടു വന്നു. അങ്ങനെയൊക്കെ ആയിരുന്നെങ്കിലും അവൻ അവളെ പൊന്നുപോലെ നോക്കുന്നുണ്ട്. അവൾ ഇപ്പോൾ ഗർഭിണിയുമാണ്. അവളുടെ വീട്ടുകാരുമായും ഒക്കെ നല്ല രീതിയിലുള്ള ബന്ധം തന്നെയാണ്. നിങ്ങൾ ഇനി അതിനിടയ്ക്ക് ചെന്ന് കയറി അവരുടെ ജീവിതം കൂടി നശിപ്പിക്കരുത്.. അത്രയും കൂടി എനിക്ക് നിങ്ങളോട് പറയാനുള്ളൂ..”
ആ പെൺകുട്ടിയുടെ നാവിൽ നിന്നു കേട്ട വാർത്തകൾ പലതും അവളെ സങ്കട കുഴിയിലേക്ക് തള്ളിയിടാൻ മാത്രം പോന്നതായിരുന്നു. അവളുടെ കണ്ണ് നിറഞ്ഞു.
” അയ്യോ കരയല്ലേ.. നിങ്ങൾ ഇനി കരഞ്ഞു തുടങ്ങാൻ പോകുന്നതേയുള്ളൂ.. ഞങ്ങളൊക്കെ ചങ്കുപൊട്ടി കരഞ്ഞതിന്റെ പകുതി പോലും ആയിട്ടില്ല.. എന്നാലും നിങ്ങൾക്ക് എങ്ങനെ തോന്നി.. നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊ, ന്നു കളയുമ്പോൾ നിങ്ങളുടെ കൈ ഒന്ന് വിറച്ചത് പോലും ഇല്ലേ..? “
നൊമ്പരത്തോടെ ആ പെൺകുട്ടി ചോദിച്ചു. അതിനു മറുപടി പറയാതെ അവൾ തലകുനിച്ചു നിന്നതേയുള്ളൂ.
” സത്യം പറഞ്ഞാൽ നിങ്ങളെ കണ്ട നിമിഷം കാരണത്ത് ഒന്ന് പൊട്ടിക്കാൻ തോന്നിയതാണ്. പക്ഷേ നിങ്ങളെ തൊട്ടാൽ എന്റെ കൈ നാറും. അതുകൊണ്ട് മാത്രമാണ് നിങ്ങളെ ഞാൻ തൊടാത്തത് . ഇനി ഒരിക്കലും നമ്മൾ തമ്മിൽ കണ്ടുമുട്ടാതെ ഇരിക്കട്ടെ. അങ്ങനെ കണ്ടുമുട്ടിയാൽ ഒരുപക്ഷേ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല.”
അത്രയും പറഞ്ഞു കൊണ്ട് ആ പെൺകുട്ടി തിരിഞ്ഞു നടന്നു. അവൾക്ക് വല്ലാത്ത തളർച്ച തോന്നി. തൊട്ടടുത്ത് കണ്ട ഒരു മരച്ചുവട്ടിലേക്ക് അവൾ വേച്ചു വേച്ചു ചെന്നിരുന്നു.
ആ നിമിഷവും ആ പെൺകുട്ടി ചോദിച്ച ചോദ്യം അവളുടെ ഉള്ളിൽ വട്ടം കറങ്ങുന്നുണ്ടായിരുന്നു. എന്ത് ലാഭമാണ് തനിക്ക് ഉണ്ടായത്..? അവളുടെ ഓർമ്മകൾ ഒരു നിമിഷം തന്റെ ഭൂതകാലത്തിലേക്ക് എത്തി നോക്കി.
അവൾ വിനീത. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബം.അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് സുമേഷ്. വിനീതയെ പെണ്ണ് കാണാൻ അന്ന് തന്നെ ആ കുടുംബത്തിൽ എല്ലാവർക്കും പ്രിയങ്കരനായതാണ് സുമേഷ്.
അയാൾ അന്ന് പറഞ്ഞ ഒരു വാചകം തന്നെയാണ് അയാളെ എല്ലാവർക്കും പ്രിയങ്കരനാക്കിയത്.
“എനിക്ക് നിങ്ങളുടെ മകളെ കൈപിടിച്ച് തരിക എന്നത് മാത്രമാണ് നിങ്ങളുടെ കടമ. അതും എന്നെ ഇഷ്ടമാണെങ്കിൽ മാത്രം.. അതിനപ്പുറത്തേക്ക്, എന്റെ വീട്ടിലേക്ക് അവൾ കയറി വരുമ്പോൾ സ്വർണമോ പണമോ വേണ്ട. എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും സ്വന്തം പോലെ കാണാനുള്ള ഒരു മനസ്സ് ഉണ്ടായാൽ മതി. എന്നെ ആ കുടുംബത്തിൽ നിന്ന് അടർത്തി മാറ്റാതെ ഇരുന്നാൽ മതി..”
അവൻ പറഞ്ഞ വാക്കുകൾ എല്ലാവരുടെയും മനസ്സ് നിറച്ചിരുന്നു. അധികം വൈകാതെ അവരുടെ വിവാഹവും നടത്തി.സുമേഷ് പറഞ്ഞത് പോലെ അവരുടെ വീട്ടിൽ നിന്ന് സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും, വിനീതയുടെ കുടുംബം അവരുടെ കഴിവിന് അനുസരിച്ചു കുറച്ചു അവൾക്ക് കൊടുത്തിരുന്നു. അതിന്റെ പേരിൽ സുമേഷിന്റെ വീട്ടിൽ ആരും അവളെ വേദനിപ്പിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
സുമേഷ് അവളുടെ വീട്ടിൽ ഒരു മൂത്ത മകനായി തന്നെ നിന്നു.അവന്റെ ആ പ്രവർത്തി അവനോടുള്ള ഇഷ്ടം കൂട്ടിയതേയുള്ളൂ. വിനീതയ്ക്കും അവന്റെ വീട്ടിൽ സന്തോഷം ആയിരുന്നു.അവരുടെ ഒക്കെ സന്തോഷത്തിനു മാറ്റ് കൂട്ടിക്കൊണ്ടാണ് വിനീത വിശേഷം അറിയിച്ചത്.
അതോടെ രണ്ട് വീട്ടിലും ഉത്സവ പ്രതീതിയായിരുന്നു. അവളെ താഴത്തും തലയിലും വെക്കാതെ അവൻ കൊണ്ട് നടന്നു. അവൻ ഒരു കൂലിപ്പണിക്കാരൻ ആണെങ്കിലും, അവളുടെ ആഗ്രഹങ്ങൾ അവന്റെ കഴിവിന് അനുസരിച്ചു സാധിച്ചു കൊടുക്കാൻ അവൻ ശ്രമിച്ചിരുന്നു.
ഏഴാം മാസത്തിൽ ചടങ്ങ് നടത്തി അവളെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും പരസ്പരം പിരിഞ്ഞു നിൽക്കാൻ കഴിയാതെ മൂന്നാം നാൾ അവൾ സുമേഷിനു അടുത്തേക്ക് എത്തി. അവർക്ക് അത്രത്തോളം പരസ്പരം ഇഷ്ടമായിരുന്നു.
എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി വിനീത ഒരു പെൺകുഞ്ഞിന് ജന്മം നൽകി. രണ്ട് കുടുംബവും ഒത്തിരി സന്തോഷത്തോടെ ആണ് ആ മാലാഖയെ സ്വീകരിച്ചത്. പ്രസവ രക്ഷയ്ക്കായി വിനീതയെ വിനീതയുടെ വീട്ടുകാർ കൊണ്ടുപോയത്, സുമേഷിനും വിനീതക്കും ഒക്കെ സങ്കടം തന്നെയായിരുന്നു. പക്ഷേ അത് നാട്ടുനടപ്പാണ് എന്ന് പറഞ്ഞ് മറ്റുള്ളവർ അവരുടെ സങ്കടത്തെ കണ്ടില്ലെന്നു നടിച്ചു.
എങ്കിൽ പോലും കുഞ്ഞിനെയും അവളെയും കാണാതെ ഒരു ദിവസം പോലും ചെലവഴിക്കാൻ കഴിയില്ല എന്ന രീതിയിൽ അവൻ എല്ലാ ദിവസവും അവളുടെ വീട്ടിലേക്ക് പോകുമായിരുന്നു. തൊണ്ണൂറാം ദിവസം കുഞ്ഞിനെയും അവളെയും കൂടി അവന്റെ വീട്ടിലേക്ക് കൊണ്ടു വന്നു.
പക്ഷേ പിന്നീട് ആയിരുന്നു അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. പ്രസവവും അതിനോടനുബന്ധിച്ച ചെലവുകളും ഒക്കെയായി സുമേഷിന് ഒത്തിരി സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. അത് ഒഴിവാക്കാനായി അവന് രാപകലില്ലാതെ അധ്വാനിക്കേണ്ടി വന്നു. പിന്നീട് കിട്ടുന്ന ഇത്തിരി സമയം അവൻ കുഞ്ഞിനെ കൊഞ്ചിക്കാനും ലാളിക്കാനും സമയം ചെലവഴിച്ചു.
പക്ഷേ അതൊക്കെ വിനീതയുടെ മനസ്സിൽ മുറിവുകൾ തീർക്കുകയാണ് എന്ന് അവൻ അറിഞ്ഞില്ല. ആ സമയത്താണ് മൊബൈൽ ഫോൺവഴി വിനീത ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നത് . കിരൺ.. സൗമ്യമായി സംസാരിക്കുന്ന കാണാൻ ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ. അവന്റെ മുന്നിൽ സുമേഷ് ഒന്നുമല്ല എന്ന് അവൾക്ക് തോന്നി തുടങ്ങി.
തന്റെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ കിരണിനോട് അവൾ പങ്കുവച്ചു. അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കിരണിനോട് അവൾക്ക് അടുപ്പം കൂടുന്നതിനനുസരിച്ച്, അവൾ സുമേഷിനെ വെറുത്തു തുടങ്ങി.
ആ വെറുപ്പ് പതിയെപ്പതിയെ കുഞ്ഞിലേക്ക് വ്യാപിച്ചു. കുഞ്ഞിന് മുലപ്പാൽ പോലും നൽകാതെ അവൾ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. അവളുടെ ഇത്തരത്തിലുള്ള പെരുമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെങ്കിലും അതൊക്കെ സുമേഷിനെയും വേദനിപ്പിച്ചിരുന്നു. കുഞ്ഞിനോടും അവളുടെ ക്രൂ, രതകൾ തുടങ്ങിയപ്പോഴാണ് അവൻ ആദ്യമായി അവളെ ത, ല്ലിയത്. പക്ഷേ അവൾ അത് ഒരു വലിയ സംഭവമാക്കി പിണങ്ങി അവളുടെ വീട്ടിലേക്ക് പോയി. പോകുമ്പോൾ കുഞ്ഞിനെ പോലും അവൾ കൂടെ കൂട്ടിയില്ല.
കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാവാതെ സുമേഷും കുടുംബവും ഒരു അനുനയത്തിന് തയ്യാറായി. തന്റെ കാര്യത്തിൽ ആരും ഇടപെടാൻ പാടില്ല എന്ന ഒരു നിബന്ധനയോടെ അവൾ സുമേഷിന്റെ വീട്ടിലേക്ക് മടങ്ങി വന്നു. മടങ്ങി വന്നിട്ടും അവളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. എങ്കിൽപോലും ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ സുമേഷും കുടുംബവും തയ്യാറായി.
പക്ഷേ അവൾക്ക് ആ ജീവിതം വല്ലാത്ത നിരാശ നൽകി തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കിരണിനോടൊപ്പം പോകാൻ അവൾ തീരുമാനിച്ചു. പക്ഷേ സുമേഷിനെയും കുഞ്ഞിനെയും എങ്ങനെ ഒഴിവാക്കും എന്നുള്ളത് അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്നു. അതിന് വഴി ഉപദേശിച്ചത് കിരൺ ആയിരുന്നു.
കുഞ്ഞിനെ കൊന്നു കളയുക.അത് ചെയ്തത് സുമേഷ് ആണെന്ന് വരുത്തി തീർക്കുക.അതോടെ സുമേഷ് ജയിലിൽ ആവും.കുറച്ചു നാളുകൾ കഴിഞ്ഞശേഷം കിരണിന് അവളെ സ്വന്തമാക്കുകയും ചെയ്യാം.
അതായിരുന്നു അവൻ പറഞ്ഞു കൊടുത്ത ബുദ്ധി. അവൾ അത് അനുസരിക്കുകയും ചെയ്തു. ഒരു ബക്കറ്റ് വെള്ളത്തിലേക്ക് കുഞ്ഞിനെ മുക്കി കൊല്ലുമ്പോൾ അവളുടെ കൈ വിറച്ചില്ല .പകരം അവളുടെ മനസ്സിൽ ഞാൻ ജീവിക്കാൻ പോകുന്ന പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരുന്നു.
നാട്ടുകാർക്കും പോലീസിനു മുന്നിൽ സുമേഷ് ആണ് കുറ്റം ചെയ്തത് എന്ന് അവൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. അവളുടെ വാക്കുകൾ വിലക്കെടുത്തു കൊണ്ട് സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു എങ്കിലും, സാഹചര്യ തെളിവുകളുടെ അഭാവത്തിൽ അവനെ വെറുതെ വിട്ടു. പിന്നീടുള്ള അന്വേഷണത്തിൽ വിനീത ആണ് കുറ്റം ചെയ്തത് എന്ന് തെളിഞ്ഞു.
അവളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, പ്രേരണാ കുറ്റത്തിന് കിരണിനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞ രണ്ടു വർഷം മുമ്പ് കിരൺ പുറത്തിറങ്ങി. വിനീത ജയിൽ മോചിതയായത് ഇന്നായിരുന്നു. ജയിലിൽ നിന്നിറങ്ങിയ വിനീതയെ കാണാൻ വന്നത് സുമേഷിന്റെ അനുജത്തി സുമി ആയിരുന്നു.
അവൾ ചോദിച്ച ചോദ്യം വീണ്ടും വീണ്ടും വിനീതയുടെ ഉള്ളിൽ തരംഗം സൃഷ്ടിച്ചു.
“താൻ എന്ത് നേടി..? നഷ്ടം.. നഷ്ടം മാത്രമാണ് തനിക്ക് ഉണ്ടായത്..”
അവൾ വേദനയോടെ ഓർത്തു.
“ഇല്ല.. ഓർക്കേണ്ട. ഒന്നും ഓർക്കേണ്ട.. “
അവൾ പിറുപിറുത്തു കൊണ്ട് വെയിലിലേക്ക് ഇറങ്ങി നടന്നു.