രചന : ഹിമ ലക്ഷ്മി
പെട്ടെന്ന് തറവാട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ എന്താണ് കാര്യം എന്ന് അറിയാതെയാണ് പ്രണവിന്റെ സഹോദരി പ്രിയ അവിടേക്ക് എത്തിയത്. എന്തോ കുറ്റം ചെയ്തവളെ പോലെ പ്രണവിന്റെ ഭാര്യ രമ്യ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ പ്രിയ്യ്ക്ക് ഒരു സംശയം തോന്നി.
” എന്തുപറ്റി അമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പ്രിയ ചോദിച്ചു.
” ഇനിയിപ്പോ എന്ത് പറ്റാനാ..? ഇതിൽ കൂടുതൽ ഒന്നും ഇനി പറ്റാനില്ലെന്ന് പറഞ്ഞാൽ മതിയല്ലോ.
അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ അമ്മായിഅമ്മ പറഞ്ഞപ്പോൾ കാര്യം മനസ്സിലാവാതെ പ്രണവിന്റെ മുഖത്തേക്ക് നോക്കി പ്രിയ. അവൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. അവന്റെ മൗനം കൂടി കണ്ടപ്പോഴേക്കും എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നിയിരുന്നു പ്രിയക്ക്.
പ്രിയയുടെ ഒപ്പം ഉണ്ടായിരുന്ന പ്രിയയുടെ ഭർത്താവ് വരുണുo കാര്യം മനസ്സിലാവാതെ എല്ലാവരെയും മാറിമാറി നോക്കി.
” ഈ കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം എടുക്കണം. അതിന് വേണ്ടിയാ നിങ്ങളെ കൂടി ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.
പ്രണവിന്റെ അമ്മ പറഞ്ഞപ്പോൾ പ്രിയ രമ്യയുടെ അരികിലേക്ക് ചെന്നു.
” എന്താ രമ്യ പ്രശ്നം..? അവളുടെ മുടികളിൽ തഴുകികൊണ്ട് പ്രിയ ചോദിച്ചു.
കരഞ്ഞ് തളർന്ന് വല്ലാത്തൊരു അവസ്ഥയിലാണ് അവൾ നിൽക്കുന്നത് എന്ന് തോന്നിയിരുന്നു. അവളുടെ മുഖഭാവം അത് വിളിച്ചു ഓതുന്നുണ്ടായിരുന്നു. അകത്തെ മുറിയിൽ കിടന്ന് കുഞ്ഞു കരയുന്നു.
“എന്താണെന്നോ.? അകത്ത് കിടക്കുന്ന ആ സാധനത്തിനെ കുറിച്ച് ആണ് പറഞ്ഞു വരുന്നത്. ഇവളുടെ പ്രഗ്നൻസി ടൈമിൽ തന്നെ ഡോക്ടർ പറഞ്ഞ ആണല്ലോ ഇവൾക്ക് ഒരുപാട് കോംപ്ലിക്കേഷൻസ് കാര്യങ്ങൾ ഉണ്ട് ഒരു കുഞ്ഞിനെ നമുക്ക് കിട്ടാൻ ബുദ്ധിമുട്ടാണെന്ന്.
” അതിനിപ്പോ എന്തുണ്ടായി..? ദൈവം അനുഗ്രഹിച്ച് ഒരു കുഴപ്പവും കൂടാതെ ആ കുഞ്ഞിനെ കിട്ടിയില്ലേ..?
പ്രിയ ചോദിച്ചു
“കിട്ടിയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.?
” എന്താ അമ്മേ പറയുന്നത്..?
” എടീ ആ കൊച്ചു ജനിച്ച തീയതിയും അതേപോലെ നാളും ഒന്നും തന്നെ ശരിയല്ല. പോരാത്തതിന് പെങ്കൊച്ചും. ജ്യോത്സ്യൻ പറഞ്ഞ തീയതിയിലായിരുന്നു കുട്ടി പിറക്കുന്നത് എങ്കിൽ അത് ആൺകുട്ടി ആയേനെ, ഏതായാലും ഇവള് പ്രസവിക്കുക ഒന്നുമായിരുന്നില്ല. സിസേറിയൻ ആയിരുന്നു. അതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കൊച്ചിനെ എടുത്തു. നമ്മൾ പറയുന്ന ഡേറ്റിലെ ഡോക്ടർ കൊച്ചിനെ എടുക്കാത്തുള്ളു. ഞാൻ പ്രത്യേകം പറഞ്ഞത് ആണ് ഡോക്ടറോട് പറയണം അടുത്തദിവസം നടത്തിയാൽ മതിയെന്ന്. ഇവളത് മിണ്ടിയില്ല. അതുകൊണ്ടല്ലേ തലേദിവസം കൊച്ച് പിറന്നത്. അതുകൊണ്ട് എല്ലാ കാര്യങ്ങളും ദോഷമായി. ഇതിപ്പോ പ്രണവിന് മാത്രമല്ല പെൺകുട്ടി കുടുംബത്തിന് മുഴുവൻ ദോഷമാ. ഓപ്പറേഷൻ കഴിഞ്ഞ ഉടനെ ഡോക്ടർ എന്താ പറഞ്ഞതെന്ന് നീയും കേട്ടതല്ലേ.? ഇനി ഒരു കുഞ്ഞിന് ജന്മം നൽകാൻ ഇവൾക്ക് പറ്റില്ല എന്ന്. മരിച്ചു പോകുമെന്നല്ലേ ഡോക്ടർ പറഞ്ഞത്. ഇനിയിപ്പോ നമ്മുടെ കുടുംബത്തിന്റെ പേര് നിലനിർത്താൻ ഒരാൺകുട്ടി ഉണ്ടാവുന്ന ഒരു സാധ്യതയും കാണുന്നില്ല. അതുകൊണ്ടാ ഞാൻ പറഞ്ഞത് ഇതിനകത്ത് ഒരു തീരുമാനം എടുക്കണമെന്ന്..
ആയമ്മ പറഞ്ഞു നിർത്തി
“എന്തു തീരുമാനം എടുക്കാൻ പറ്റും..?
ഗൗരവത്തോടെ പ്രിയ ചോദിച്ചു
” ആ ആശുപത്രിയിൽ വെച്ച് തന്നെ ഞാൻ ചില കാര്യങ്ങളൊക്കെ തീരുമാനിച്ചത് ആയിരുന്നു. ഇവടെ വീട്ടിലെ ഒരു ഗതിയും പരഗതിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇനിയുമുണ്ട് രണ്ടു പെമ്പിള്ളേരെ കെട്ടിക്കാൻ. ഞാൻ പറയായിരുന്നു ഇവളുടെ ഒരു അനുജത്തിയെ പ്രണവ് തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ നമുക്കൊരു ആൺകുട്ടിയെ കിട്ടില്ലേ.? അതിന് എന്ത് ചെയ്താൽ ഇവള് സമ്മതിക്കുന്നില്ല. ഇവളും കൊച്ചും കൂടി എവിടെയെങ്കിലും ഇറങ്ങിപ്പോകുന്നോ ആത്മഹiത്യ ചെയ്യുമെന്നോ ഒക്കെയാ പറയുന്നത്. പിന്നെ ഈ കാര്യം ഇവളുടെ വീട്ടിൽ വിളിച്ചു പറയാൻ പറഞ്ഞിട്ടും ഇവള് സമ്മതിക്കുന്നില്ല. അതുകൊണ്ട് ഞാൻ നിന്നെ കൂടി വിളിപ്പിച്ചത്.. ഈ കാര്യത്തിന് എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കിയ പറ്റൂ. എന്താണെങ്കിലും നമ്മുടെ പാരമ്പര്യം നിലനിർത്താൻ ഒരു കുഞ്ഞു വേണം.
” അമ്മേ….!!!
ദേഷ്യത്തോടെ പ്രിയ അവരെ വിളിച്ചു പോയിരുന്നു. മകളുടെ മുഖഭാവം കണ്ട് ഒരു നിമിഷം അവരും അമ്പരന്നു പോയിരുന്നു.
” എനിക്ക് അമ്മയോട് പുച്ഛം തോന്നുന്നു. അമ്മയെക്കാൾ കൂടുതൽ എനിക്ക് ദേഷ്യം തോന്നുന്നത് നിന്നോട് ആണ്. ഇത്രയും കാര്യം നീ കേട്ടോണ്ടിരിക്കു ന്നുണ്ടല്ലോ. നിന്റെ സ്വന്തം ഭാര്യയെ കുറിച്ചും കുഞ്ഞിനെ കുറിച്ചും ആണ് ഈ പറയുന്നത്. അവൾ മിണ്ടാതെ നിൽക്കുന്നത് അതിന്റെ കഴിവ് കേടായിട്ട് നീ കരുതരുത്. സ്വന്തം ഭർത്താവിനോടുള്ള സ്നേഹം കൊണ്ട് അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത്. പക്ഷേ സ്വന്തം ഭാര്യയുടെ അനുജത്തിയെ തന്നെ വിവാഹം കഴിക്കാനും അവർക്ക് കൊച്ചിനെ ഉണ്ടാക്കാനും അമ്മ പറഞ്ഞ വാക്ക് കേട്ട് നിൽക്കുന്ന നിന്നെ ഞാൻ എന്താ വിളിക്കേണ്ടത്..? എനിക്ക് മനസ്സിലാകുന്നില്ല
പെട്ടെന്ന് പ്രണവ് വിളറി വെളുത്തു പോയിരുന്നു. സഹോദരിയിൽ നിന്നും അങ്ങനെ ഒരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല.
” അത് പിന്നെ ചേച്ചി ഞാൻ അമ്മ പറയുന്നതിനോടൊന്നും ഞാൻ എതിർപ്പ് പറയാറില്ലല്ലോ.
” അതുകൊണ്ട്.?
“അമ്മയെ പിണക്കണ്ട എന്ന് ഓർത്തു ഞാൻ സമ്മതിച്ചതാ.
” നിനക്ക് നാണമില്ലേടാ ഇങ്ങനെ പറയാൻ.? നിന്റെ ഭാര്യയെ കുറിച്ച് ആണ് ഈ പറയുന്നത്. നിനക്ക് അവളുടെ ജീവനാണോ വലുത് അതോ തറവാടിന്റെ പാരമ്പര്യം കാക്കാൻ ഒരാൺകുട്ടിയാണോ ആവിശ്യം.? ഇനിയിപ്പോൾ ഇവളുടെ അനുജത്തിയെ നീ കല്യാണം കഴിച്ചെന്ന് കരുതു. നിനക്ക് ജനിക്കുന്നത് പെൺകുട്ടിയാണെങ്കിലോ രണ്ടും മൂന്നും പ്രസവിച്ചാലും അതിലെല്ലാം പെൺകുട്ടികൾ ആണെങ്കിൽ എന്ത് ചെയ്യും.? ഇവളുടെ അടുത്ത അനുജത്തിയേ കൂടി കല്യാണം കഴിക്കാൻ അമ്മ പറഞ്ഞാൽ നീ അതും കേൾക്കുമോ? ഇനി അതിലും നിനക്ക് പെൺകുട്ടികൾ ജനിച്ചാലോ.? അവളും വേണ്ട വേറൊരു കല്യാണം കഴിക്കാൻ പറഞ്ഞാലും നീ കേൾക്കും അല്ലേ..? നിനക്ക് ജീവിതത്തിൽ സ്വന്തമായിട്ട് ഒരു തീരുമാനം ഇല്ലെന്നല്ലേ അതിനർത്ഥം. അല്ല അമ്മ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ, അമ്മയ്ക്ക് ഒരു ആൺകുട്ടി ഉണ്ടല്ലോ. എന്നിട്ട് അമ്മയ്ക്ക് ആശുപത്രിയിൽ പോവാനും എന്തെങ്കിലും അത്യാവശ്യത്തിന് വരാനും അവനുണ്ടോ.,? അവന്‍ ഈ വീട്ടിൽ തന്നെയാണ് താമസമെന്നു പറഞ്ഞാലും അമ്മയുടെ എന്തെങ്കിലും കാര്യങ്ങൾ നോക്കാറുണ്ടോ.? എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ഓടി വരുന്നത് ഞാനല്ലേ.? അമ്മയ്ക്ക് എന്താ പെൺകുട്ടികളോട് ഇത്ര പുച്ഛം.? നാളെ ചിലപ്പോൾ അമ്മ മരിക്കാൻ കിടക്കുന്ന സമയത്ത് വെള്ളം തരാൻ അകത്ത് കിടന്ന് കരയുന്ന ആ കൊച്ചു മാത്രേ ഉണ്ടാവുള്ളൂ.
അതും പറഞ്ഞു പ്രിയ രമ്യയുടെ അടുത്തെത്തി
” പിന്നെ ഭർത്താവിന് നട്ടെല്ലില്ലെങ്കിൽ അവൻ എന്ത് പറഞ്ഞാലും അത് കേട്ടോണ്ട് നിൽക്കുക അല്ല വേണ്ടത്. ഭർത്താവിനെ ദൈവമായിട്ട് കരുതി അവര് പറയുന്നതെല്ലാം അംഗീകരിച്ചു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി.. നിന്നെയും നിന്റെ കൊച്ചിനേം കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും അതിന് പ്രതികരിക്കേണ്ടത് നിന്റെ ഉത്തരവാദിത്വം ആണ്. ഇനി അമ്മ ഇങ്ങനത്തെ വല്ല കാര്യവും പറഞ്ഞ ഞാൻ ആയിരിക്കും അമ്മയ്ക്കെതിരെ ആദ്യത്തെ കേസ് കൊടുക്കുന്നത്.. നീ വാ കുഞ്ഞു കുറെ നേരമായിട്ട് കരയാൻ തുടങ്ങ്ങിയിട്ട്.
രമ്യയേ വിളിച്ചുകൊണ്ട് പ്രിയ അകത്തേക്ക് പോയപ്പോൾ അമ്മയും മകനും വിളറി വെളുത്ത് അവിടെ നിന്നു.