പെണ്ണുകാണാലും ആദ്യരാത്രിയും സൗഹൃദവും
രചന: Arun RG Arun
“അല്ല കുഴപ്പാവുമോ”…? ഞാൻ കാറിൽ നിന്നും ഇറങ്ങി നിഹാസിന്റെ.. മുഖത്തേക്ക് നോക്കി.
നീ.. ടെൻഷൻ അടിക്കല്ലേ ടാ.. നീ.. കാണുവാൻ പോവുന്ന പെണ്ണ് MA കാരിയാണ്. വലിയ പഠിപ്പാണ് കുട്ടിക്ക്.
അതുകൊണ്ട് നിനക്ക് ഒരു ഡിഗ്രിയെങ്കിലും ഇല്ലെങ്കിൽ മോശമല്ലേ..? പോരാത്തതിന് കുട്ടിക്ക് ഡിഗ്രിക്കാർ തന്നെ വേണെമെന്നു നിർബന്ധവും ആണ്..
“അല്ല നീ പറഞ്ഞത് ശെരിയാ..
എന്നാലും…. പിന്നെ അവൾ എപ്പോയെങ്കിലും സത്യം അറിഞ്ഞാൽ പ്രശ്നം ആവൂലേ ടാ…”
“എന്ത് പ്രശ്നം”.. കെട്ടി കഴിഞ്ഞാൽ പിന്നെയെല്ലാം നീ പറയുന്നത് പോലെ അല്ലേ….?
പിന്നെ ജീവിതത്തിൽ എപ്പോഴാ ടാ ഡിഗ്രി സർട്ടിഫിക്കേറ്റിന്റെയൊക്കെ ആവശ്യം വരുക..? നീ എന്തായാലും വേറെ ജോലിക്കൊന്നും പോകുന്നില്ല പിന്നെ സർട്ടിഫിക്കറ്റ് എല്ലാം വെറുതെയാണ്”..
എന്നാലും നീ.. പ്രീഡിഗ്രി എന്ന് പറഞ്ഞാൽ മതിയായിരുന്നു.. പത്താം ക്ലാസുകാരനായ ഞാൻ ഡിഗ്രിക്കാരനാണെന്ന് പറയുമ്പോൾ.. എനിക്കെന്തോ പോലെ തോന്നുന്നു..
“ഞാൻ പാതി പറഞ്ഞു നിർത്തിട്ടുണ്ട്.. നീ ഒരക്ഷരം മിണ്ടി പോവരുത്.. നീ ഒന്ന് വേഗം നടക്ക് ബാക്കിയെല്ലാം ഞാൻ deal ചെയ്തോളാം..” അവൻ എന്നെയും കൂട്ടി മുന്നോട്ടു നടന്നു..
വീടിന്റെ മുന്നിൽ എത്തിയതും ഞാൻ ഒന്ന് നിന്നു.. പിന്നേ ശ്വാസം ഉള്ളിലേക്കു വലിച്ചു പിടിച്ചു.. ചാടിയ വയർ ഉള്ളിലേക്കു പിടിക്കാൻ ശ്രമം നടത്തി.. അങ്ങനെ ശ്വാസം പിടിച്ചു നിൽക്കാൻ തുടങ്ങി..
അവൻ കാളിംഗ് ബെൽ അടിച്ചു.. ആരും പുറത്തേക്കു വരുന്നില്ല.. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും ഞാൻ എന്റെ മുഖത്തേ പുഞ്ചിരി കളഞ്ഞില്ല.. അവർ പതുക്കെ വന്നാൽ മതിയെന്ന് ആഗ്രഹിച്ചുപോയി..
അവരുടെ ഫസ്റ്റ് ഇമ്പ്രെഷൻ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.. ശ്വാസം വിട്ടാൽ വയറു ചാടും.. വീട്ടില്ലെങ്കിലൊ..?ശ്വാസം മുട്ടി മരിക്കും എന്നായി എന്റെ അവസ്ഥ..
കുറച്ചു കഴിഞ്ഞപ്പോൾ കുട്ടിയുടെ വാപ്പ പുറത്തേക്കു വന്നു ഞങ്ങളെ അകത്തോട്ടു ക്ഷണിച്ചു.
ഞങ്ങൾ അകത്തേക്കു കയറിയിരുന്നു. പിന്നെ ശ്വാസം മെല്ലെ പുറത്തേക്കു വിട്ടു… ചാടിയ വയർ മറക്കാൻ വേണ്ടി ന്യൂസ് പേപ്പർ വല്ലതും കിട്ടുമോയെന്നു ചുറ്റും ഒന്ന് പരന്നു നോക്കി.. അപ്പോഴാണ് ഞാൻ അന്നത്തെ ന്യൂസ് പേപ്പർ കാണുന്നത് തന്നെ.. ഞാൻ അതെടുത്തു ഒന്ന് നിവർത്തി.
കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി പുറത്തേക്കു വന്നു.. ഒറ്റ നോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി അവളെ..
അങ്ങനെ ചായ കുടി കഴിഞ്ഞപ്പോൾ എന്നെയും കുട്ടിയേയും സംസാരിക്കാൻ വിട്ടു..
ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി..
“ഞാൻ പഠിച്ചത് S N കോ ളേജിലാണ്…. ഇക്ക യൊ..?” എന്ന് പറഞ്ഞു അവൾ സംസാരത്തിനു തുടക്കമിട്ടു..
എന്റെ തൊണ്ട വരണ്ടു… “ഞാൻ പ്രൈവറ്റ് ആയി ആണ് പഠിച്ചത്…” അങ്ങനെ ഒരുവിധം പറഞ്ഞു ഒപ്പിച്ചു ഞാൻ…
ഏതാണ് main….എടുത്തത്..?
അത് ഞാൻ കാണാപാഠം പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു.. “ബി കോം”
പിന്നെ അവൾ എന്തോ… ഒന്ന് ഇംഗ്ലീഷിൽ ചോദിച്ചു..
അത് കേട്ടപ്പോൾ സത്യത്തിൽ തലയിൽ എന്തോ ഒന്ന് മിന്നിയതു പോലെ തോന്നി.. എനിക്ക്.
മറുപടി പറഞ്ഞില്ലങ്കിൽ നാണക്കേടാവും…
“എന്റെ പടച്ചോനെ.. നമ്മളെ കാത്തോളി….” എന്ന പപ്പുവിന്റെ ഡയലോഗ് ആണ് ആ നിമിഷത്തിൽ ഞാൻ ഓർത്തു പോയത്..
പടച്ചോൻ എന്നെ കൈ വിട്ടില്ല..
ആരോ ഒരാൾ എന്നെ ഫോണിൽ വിളിച്ചു..
ആരാ.. എന്താണ് എന്നു പോലും നോക്കാതെ ഞാൻ ഫോൺ എടുത്തു കൊണ്ട് പുറത്തോട്ടുറിങ്ങി..
പിന്നെ ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ പുഞ്ചിരിച്ചു കൊണ്ട് അവളോട് പൊക്കോളാൻ ആഗ്യം കാണിച്ചു..ഞാൻ.
ഭാഗ്യമാണോ.. നിർഭാഗ്യമാണോ എന്നറിയില്ല.. ആ പെണ്ണ് കുട്ടിയുമായി ആറു മാസത്തിനിടയിലുള്ള ഒരു ഡേറ്റിൽ ഞങ്ങളുടെ വിവാഹവും ഉറപ്പിച്ചു..
പിന്നെ .. ഫോൺ കാൾ ഫ്രീ ആയതു കൊണ്ട് തന്നെ ഫോൺ വിളികളുടെ നാളുകളായിരുന്നു.. ഞങ്ങൾ തമ്മിൽ മാനസികമായി അടുക്കകയും ചെയ്തു.
ഫോൺ വിളി കൂടിയപ്പോഴും ഞങ്ങളുടെ ഇടയിൽ എന്റെ വിദ്യാഭ്യാസ വിഷയം ഒരിക്കലും വരാതെയിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു..
പക്ഷേ.. എന്റെ മനസ്സിൽ കുറ്റബോധം വല്ലാതെ അലട്ടിയിരുന്നു.. അതിൽ കൂടുതലും പേടിയായിരുന്നു.. എന്നെങ്കിലും അവളെന്റെ വിദ്യാഭാസത്തേ പറ്റി വല്ലതും അറിഞ്ഞാൽ….?
എന്തു സംഭവിക്കും എന്ന പേടി.. ഞാൻ ഈ കാര്യം പലപ്പോയായി നിഹാസിനോട് പറഞ്ഞിരിന്നു.. എല്ലാം തുറന്നു പറഞ്ഞാലോ എന്ന്…
പക്ഷേ അവൻ സമ്മതിച്ചില്ല.. അവൻ കട്ട സപ്പോർട്ട് ആയിരുന്നു.. അവന്റെ ഒറ്റ തീരുമാനത്തിൽ ആയിരുന്നു എനിക്കൊന്നും അവളോട് തുറന്നു പറയാൻ പറ്റാത്തത്.
അങ്ങനെ. കാത്തിരുന്ന വിവാഹവും എത്തി. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞു..
അതെ…
അതെ…
കാത്തിരുന്ന ഞങ്ങളുടെ ആദ്യരാത്രിയും എത്തിക്കഴിഞ്ഞു.. ചുറ്റും പൂക്കളാൽ അലങ്കരിച്ച മണിയറയിൽ ഞാൻ അവളെയും കാത്തിരിക്കുന്ന ആ നിമിഷങ്ങൾ എനിക്ക് മണിക്കൂറുകളായി തോന്നി തുടങ്ങി..
ആ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അവൾ എന്റെ മുറിയിലേക്ക് കടന്നു വന്നു..
ഫോണിൽ കൂടി കുട്ടികളുടെ എണ്ണവും..(അതായത് നാലു പേര്).. കുഞ്ഞുങ്ങളുടെ പേരിടലും അങ്ങനെ എല്ലാം കഴിഞ്ഞിരുന്നങ്കിലും അവളെ അങ്ങനെ ആ രീതിയിൽ അടുത്ത് കണ്ടപ്പോൾ എന്റെ ഹൃദയം ഇങ്ങനെ പട..പടാ ഇടിക്കാൻ തുടങ്ങി..
അവൾ മെല്ലെ എന്റെ അരികിൽ വന്നിരുന്നു. ദേ.. പിന്നെയും അവളാണ് സംസാരത്തിനു തുടക്കമിട്ടത്..
“ഇക്കാ.. നിങ്ങളുടെ ഫ്രണ്ട്‌സ് പറഞ്ഞത് സത്യം ആണോ…?”
ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…
അവരെന്തു പറഞ്ഞു…. അവരെന്തെങ്കിലും തമാശ പറഞ്ഞോ…? അതൊന്നും കാര്യമാക്കണ്ട…
“തമാശ യൊ”..?
മ്മ്
“അല്ല കല്യാണം കഴിഞ്ഞു ഫോട്ടോ എടുക്കാൻ നേരം അവര് പറഞ്ഞില്ലേ..”?
“ആര്… എന്ത് പറഞ്ഞു..?.. എനിക്കൊന്നും മനസ്സിലാകുന്നില്ല..”
“അല്ലാ… പത്താം ക്ലാസ് പോലും പാസ്സാവാത്തവന് നല്ലൊരു കുട്ടിയെ കിട്ടിയല്ലോ എന്ന്..”
ഞാൻ ഓർത്തു.. ആരോ ഒരാൾ അങ്ങനെ വിളിച്ചു പറഞ്ഞിരുന്നു.. പക്ഷേ അവൾ അത് മാത്രം എങ്ങനെ കിറുകൃത്യമായി കേട്ടു എന്നാ ഞാൻ ആലോചിക്കുന്നത്…
എന്റെ മുഖം ശ്രീ നിവാസൻ അഭിനയിച്ച സ രോജ് കു മാർ എന്ന കഥാപാത്രത്തേ പോലെയായി… പല പല വികാരങ്ങൾ എന്നിൽ മിന്നി മറഞ്ഞു..
ഉള്ളിലെ ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.. “അത് ഏവനോ.. തമാശ പറഞ്ഞത് തന്നെയാ.. നീ അത് കാര്യമാക്കിയോ…?
“അപ്പൊ ഉമ്മായും പറഞ്ഞല്ലോ… ഇക്കാ കോളേജിൽ ഒന്നും പോയിട്ടില്ലന്ന്..”
ഞാൻ.. ഉമ്മയെ.. നന്ദിയോടെ ഓർത്തു..സ്വന്തം മകനു തന്നെ പണി തന്നല്ലോ… അതും ആദ്യരാത്രിയിൽ തന്നെ..
“ഞാൻ പോയത് ഡിസ്റ്റൻസ്സ് ആയിട്ടല്ലേ.. അത് ഒന്നും ഉമ്മാക്ക് അറിയില്ല.. നീ അതെല്ലാം വിട്.. ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ” അത് വെറുതെ നശിപ്പിക്കണോ…
“ഇക്കാ എന്നാ ഡിഗ്രി സർട്ടിഫിക്കേറ്റ് ഒന്ന് കാണിക്കോ..?” എനിക്ക് എന്തോ ടെൻഷൻ പോലെ.. എനിക്ക് വേറെ ഒരു ഡിമാൻഡും ഉണ്ടായിരുന്നില്ലല്ലോ..? വിദ്യാഭ്യാസമുള്ള ഒരാളെ മതിയെന്നല്ലേ ഉണ്ടായിരുന്നോളൂ..
ആദ്യരാത്രി തന്നെ സർട്ടിഫിക്കേറ്റ് വെരിഫിക്കേഷൻ. ഞാൻ ദേഷ്യപ്പെടണോ.. സങ്കടപെടണോ എന്നറിയാതെ നിന്ന് പോയി മൗനമായി…
ആ നിമിഷം തന്നെ സത്യം തുറന്നു പറയുന്നതല്ലേ നല്ലതെന്നു എനിക്ക് തോന്നി…
ഞാൻ രണ്ടും കല്പ്പിച്ചു മെല്ലെ സത്യം അങ്ങ് തുറന്നു പറഞ്ഞു…
ഞാൻ പ്രതീക്ഷിച്ച റിയാക്ഷൻ ഒന്നും അവളിൽ ഉണ്ടായിരുന്നതെ യില്ലാ.. അവൾ മെല്ലെ എഴുനേറ്റു മുറിയുടെ കോണിലേക്ക് നടന്നു.. കുറച്ചു സമയം നിന്നതിനു ശേഷം തിരിച്ചു എന്റടുത്തേക്ക് വന്നു..
എന്നിട്ട്
“എനിക്ക് ഒരു കാര്യം പറയുന്നുണ്ട്..
“എന്താ…”
നിങ്ങൾ കേട്ടാൽ വിഷമിക്കും എന്നാലും എപ്പോഴായാലും നിങ്ങൾ അറിഞ്ഞല്ലേ പറ്റു..”
എനിക്ക് അപ്പൊഴേ സംശയം ഉണ്ടായിരുന്നു.. നിങ്ങളുടെ കാര്യം. ഞാൻ എല്ലാവരോടും ചോദിച്ചു മനസ്സിലാക്കി..
സത്യം മനസ്സിലാക്കിയപ്പോൾ ഞാൻ അപ്പൊ തന്നെ എന്റെ വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു..
ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ പറ്റില്ലെന്നും ഞാൻ തറപ്പിച്ചു പറഞ്ഞു.. ആദ്യം എതിർപ്പുണ്ടായെങ്കിലും ഞാൻ ആ ത്മഹ ത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഒടുവിൽ അവർ സമ്മതിച്ചു..
നിങ്ങളെ പോലെ ഒരു ചതിയന്റെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല. അവർ ഇപ്പൊ വരും എന്നെ കൂട്ടി കൊണ്ടുപോവാൻ.. ഈ കാര്യം ഇവിടെ ആരോടും പറഞ്ഞിട്ടില്ല.. ബന്തുക്കളും നാട്ടുകാരുമൊക്ക പൊയ്ക്കോട്ടേ എന്ന് കരുതിയാ മിണ്ടാതെ ഇരുന്നത്.
ഞാൻ തളർന്നു പോയി… എനിക്ക് ഒന്നും പറയാൻ വോയിസ് ഇല്ലല്ലോ.. ഞാൻ മിണ്ടാതെ കട്ടിലിലോട്ടിരുന്നു.
മോളെ ഇത് ഇത്രേം വലിയ തെറ്റു ആണോ ഞാൻ ചെയ്തതു…? സത്യം പറഞ്ഞാൽ എല്ലാം തുറന്നു പറയണം എന്ന് തന്നെയാ കരുതി വന്നത്..
പക്ഷേ നിന്നെ കണ്ടപ്പോൾ.. നിന്നെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന് കരുതിയപ്പോൾ.. എനിക്ക് സത്യം തുറന്നു പറയാൻ സാധിച്ചില്ല.. തെറ്റു പറ്റി പോയി എന്നോട് ക്ഷമിച്ചൂടെ….. ഒന്ന് ”
“പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലായിരുന്നു.. പഠിക്കാനുള്ള ബുദ്ധിയും കഴിവും ഇല്ലന്നിട്ടുമല്ല.. എന്റെ വീട്ടിലേ സാഹചര്യം അങ്ങനെ ആയി പോയി..”
ഈ നിസ്സാര കാര്യത്തിന് പിണങ്ങി പോയാൽ നാട്ടുകാർ എന്ത് കരുതും…. നാട്ടുകാർ മറ്റൊരു രീതിയിൽ അല്ലെ ചിന്തിക്കുവാ… ഇപ്പോൾ ഇല്ലാതാവുന്നത് നമ്മുടെ രണ്ടു പേരുടെയും ജീവിതവും കൂടെയല്ലേ ഇനിയെങ്കിലും എന്നോട് ക്ഷമിച്ചൂടെ.. Plzzzzzzzzz
“അത് എങ്ങനെയാ ഇക്കാ ഇത് നിസ്സാര കാര്യമാവുക..?.. ജീവിതത്തിലേ നല്ല കുറയെ വർഷങ്ങളാണ് പഠിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്.
നല്ലൊരു ജോലി നേടാൻ മാത്രമല്ല വിദ്യഭ്യാസത്തിന്റെ ആവശ്യം.. നല്ല പെരുമാറ്റത്തിനും.. നല്ല സ്വഭാവത്തിനും.. മനസ്സികമായ ഉന്നമനത്തിനും.. അങ്ങനെ എന്തിനൊക്കെയാണ് വിദ്യഭ്യാസം ഉപകരിക്കുന്നത് എന്നറിയാമോ..?
അതും പോട്ടെ കുട്ടികൾ ഉണ്ടായാൽ അതിങ്ങൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാനും അവരുടെ നല്ല ഭാവിക്ക് നല്ല വിദ്യാഭ്യാസമുള്ള വാപ്പയും ഉമ്മയും ആയെ പറ്റു ഇന്നത്തെ കാലത്തു..
ഇക്കാ.. കണ്ടിട്ടില്ലേ ഡോക്ടറുടെ മക്കൾ ഡോക്ടർ ആയെന്നും.. പോലീസിന്റെ മക്കൾ പോലീസ് ആയെന്നും.. അധ്യാപകരുടെ മക്കൾ അധ്യാപകർ ആയെന്നും….
അങ്ങനെയൊക്കെ കെട്ടിട്ടില്ലേ പിന്നെ സാധാരണക്കാരുടെ മക്കൾ ആരെങ്കിലും ആവുന്നുണ്ടങ്കിൽ കുറയൊക്കെ സാഹചര്യം അങ്ങനെയൊക്കെ വിധി നിർണായിക്കാറുമുണ്ട്.
അവള് പറഞ്ഞത് ശെരിയായത് കൊണ്ടു ഞാൻ തർക്കിക്കാൻ നിൽക്കാതെ തല കുനിച്ചു അങ്ങനെയിരുന്നു… കണ്ണുകൾ നിറഞ്ഞു കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി.
ആരോ വാതിൽ മുട്ടുന്നുണ്ട്..
എനിക്ക് ഉറപ്പായി.. അവളുടെ വീട്ടുകാർ തന്നെ യാ വന്നിരിക്കുന്നതെന്ന്. ഞാൻ കണ്ണുകൾ തുടച്ചു കൊണ്ടു പെട്ടന്ന് എഴുനേറ്റു…
ഇക്കാ എന്റെ വീട്ടിൽ നിന്ന് വീട്ടുകാരാ വന്നിരിക്കുന്നത്.. ഞാൻ ഡ്രസ്സ് എല്ലാം പാക്ക് ചെയ്യട്ടെ..
ഇക്ക അവരോടു സംസാരിച്ചോളൂ അവൾ മെല്ലെ ബാഗ് എടുക്കാൻ അലമാരയുടെ അടുത്തേക്ക് നടന്നു..
ഞാൻ മെല്ലെ വാതിൽ തുറന്നു നോക്കിയപ്പോൾ.. നിഹാസ്.
“നിന്നെ കുറച്ചു പേര് കാണാൻ വന്നിരിക്കുന്നു..” എന്ന് അവൻ എന്റെ മുഖത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു..
ഞാൻ പുറത്തേക്കു കടക്കാൻ ശ്രമിച്ചപ്പോൾ അവൻ പറഞ്ഞു.. “നീ പുറത്തോട്ടിറങ്ങണ്ട.. അവരോടു ഇങ്ങോട്ടു വരാൻ പറയാം.
നിഹാസ് ആരോടോ കൈ കൊണ്ട് ആംഗ്യം കാണിച്ചു ഇങ് കേറി പോര് എന്ന്..
പെട്ടന്ന് വീട്ടിലെ ലൈറ്റ് മൊത്തം അണഞ്ഞു.. പിന്നെ കണ്ടത് ഒരു കേക്കിൽ മൂ..ന്നാല് മെഴുകുതിരി കത്തിച്ചു കൊണ്ട് അഞ്ചാറു പേര് എന്റെ അരികിലോട്ട് വന്നു അതിൽ എഴുതിയത് ഇങ്ങനെയായിരുന്നു “ബി കോം”
ലൈറ്റ് പെട്ടന്ന് വന്നപ്പോൾ എന്റെ കൂട്ടുകാരെല്ലാം ചിരിച്ചുകൊണ്ട് നിൽക്കുന്നു..
ഞാൻ അന്തം വിട്ടു നിൽക്കുമ്പോൾ അവളെന്നെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
“എന്നോട് ക്ഷമിക്കണം ഇക്കാ.. ഇവര് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത്. എന്നെ നിഹാസിക്ക വിളിച്ചു പറഞ്ഞിരുന്നു കാര്യങ്ങളൊക്കെ.. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ യാ ഞാൻ കല്യാണത്തിന് സമ്മതിച്ചത്…
നിഹാസ് വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു… “നിനക്ക് ഒരു പണി തരാൻ ഇതിനേക്കാൾ നല്ലൊരു അവസരമുണ്ടോ ടാ…. നീ എന്നോട്.. ക്ഷമിക്ക്.”
സത്യത്തിൽ ഞാൻ കരഞ്ഞു പോയി.. അത് കൂട്ടുകാരുടെ സ്നേഹം ഓർത്താണോ.. അതോ എല്ലാം അറിഞ്ഞു കൊണ്ട് എന്നെ സ്വീകരിച്ച പെണ്ണിനെ ഓർത്തണോ… എന്നറിയില്ല എനിക്ക്….
Nb: കള്ളങ്ങൾ പറഞ്ഞു ആരും ആരെയെയും വിവാഹം കഴിക്കരുത് അതിനു ശ്രമിക്കരുത്. നമുക്ക് വിധിച്ച അർഹതയുള്ള ബന്ധങ്ങൾ ഒരുന്നാൾ നമ്മളെ തേടി വന്നോളും. കള്ളങ്ങൾ പറഞ്ഞു അർഹതയില്ലാത്തിനെ സ്വന്തമാക്കുന്നതിനേക്കാൾ നല്ലത് സത്യങ്ങൾ പറഞ്ഞു നഷ്ടപ്പെടുത്തുന്നത് തന്നെയാണ്.