കല്യാണപിറ്റേന്ന്
Story written by Jils Lincy
==========
കല്യാണ വീട്ടിൽ വന്ന ആളുകൾ ഓരോന്നായി പിരിഞ്ഞു തുടങ്ങി.. നാളെയാണ് കല്യാണം തലേന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി ഒരു ചെറിയ പാർട്ടി നടത്തി…
അവസാനമായി തന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്നവരെ കൂടി പറഞ്ഞയച്ചതിന് ശേഷം വീടിനകത്തേക്ക് കയറുമ്പോഴാണ് കണ്ടത് വരാന്തയിലെ ചാരു കസേരയിൽ അച്ഛനിരിക്കുന്നു….
ആഹാ “അച്ഛനിതു വരെ ഉറങ്ങിയില്ലേ ”.സമയം പന്ത്രണ്ടു കഴിഞ്ഞു….
അച്ഛൻ മോനെ നോക്കിയിരിക്കുവായിരുന്നു……
എന്താണച്ഛാ??….
മോനെ അച്ഛന് കുറച്ചു കാര്യങ്ങൾ നിന്നോട് സംസാരിക്കാനുണ്ട്….
നിനക്കറിയാമല്ലോ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞിട്ട് 30 വർഷങ്ങൾ കഴിഞ്ഞു…
ഇക്കഴിഞ്ഞ 30 വർഷവും എല്ലാവരുടെയും മുൻപിൽ ഞങ്ങൾ സംതൃപ്ത ദമ്പതിമാരായിരുന്നു…
പക്ഷേ അമ്മയ്ക്ക് പോലും അറിയാത്ത ഒരു കാര്യം മോനോട് അച്ഛൻ പറയട്ടെ. ഇക്കഴിഞ്ഞ 30 വർഷവും സമാധാനം എന്താണെന്ന് അച്ഛൻ അറിഞ്ഞിട്ടില്ല…”
ആദ്യകാലങ്ങളിലൊക്കെ എന്റെ അമ്മയും നിന്റെ അമ്മയും അതായത് എന്റെ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കലായിരുന്നു ഓഫീസിലെ ജോലി കഴിഞ്ഞു വന്നാൽ എന്റെ പ്രധാന പണി…
നിന്റെ അച്ഛമ്മ മരിച്ചപ്പോൾ ഇനി എങ്കിലും നിന്റെ അമ്മ എനിക്കല്പം സമാധാനം തരുമല്ലോ എന്നു വിചാരിച്ചിരുന്നു…പക്ഷേ എന്ത് ചെയ്യാം 15 വർഷം കഴിഞ്ഞിട്ടും ഇന്നു കൂടി അവളെന്നോട് പറയുവാ…
നിങ്ങളുടെ അമ്മയുണ്ടായിരുന്നെങ്കിൽ എന്റെ നൂറായിരം കുറ്റം ഇവിടെ കല്യാണത്തിന് വരുന്ന ബന്ധുക്കളോട് പറഞ്ഞേനെ എന്ന്…..
അമ്മ മരിച്ചു പതിനഞ്ചു വർഷം കഴിഞ്ഞിട്ടും ഒരു രാത്രി പോലും മറക്കാതെ അവൾ അമ്മയുടെ കുറ്റം പറഞ്ഞിട്ടേ കിടക്കൂ….
അതെനിക്ക് ഇഷ്ടമല്ല എന്നവൾക്കറിയാം എന്നിട്ടും അങ്ങനെ ചെയ്യൂ….എന്തു ചെയ്യാം ഓരോരുത്തരുടെ ചില അപൂർവ ആനന്ദങ്ങൾ…
എന്റെ കുടുംബത്തിൽ ആരെങ്കിലും പുതിയ വസ്തുവോ, കാറോ, സ്വർണമോ വാങ്ങിയാലും
പിന്നെ അച്ഛന് സ്വസ്ഥത നിങ്ങളുടെ അമ്മ തരില്ല എല്ലാവരുടെയും ഒപ്പമെത്താനുള്ള മത്സരത്തിൽ അവളുടെ ദുർ വാശിയിലും മത്സരത്തിലും അച്ഛൻ തോറ്റു പോവുകയാണ് മോനേ……
ഇക്കഴിഞ്ഞ വർഷങ്ങൾ അച്ഛൻ ജീവിക്കുകയല്ല അനുഭവിക്കുകയാണ് ചെയ്യുന്നത്…… കുടുംബത്തിൽ സമാധാനം ഉണ്ടാകട്ടെ എന്ന് വിചാരിച്ച്..
നിന്നെയും നിന്റെ അനിയത്തിയെയും ഓർത്ത്… ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും അച്ഛൻ എന്തൊരു കിഴങ്ങൻ ഭർത്താവാണെന്ന് അല്ലേ?
ഒരിക്കൽ സഹികെട്ടു ഞാൻ കുറെ ചീത്ത വിളിച്ചപ്പോൾ ആണ് അവൾ കുഞ്ഞായ നിന്നെയും എടുത്തു കൊണ്ട് അവൾ കിണറ്റിൽ ചാടിയത്…
കാൽ വഴുതി വീണു എന്ന ഒരു നുണയിൽ ആണ് അന്ന് അച്ഛൻ പിടിച്ചു നിന്നത്…പിന്നീടങ്ങോട്ട് അച്ഛൻ പേടിച്ചു പേടിച്ചാണ് ജീവിക്കുന്നത്…
പിന്നെ ഇപ്പോൾ അച്ഛനൊരു അപേക്ഷയുണ്ട്…. കല്യാണം കഴിഞ്ഞാൽ ഒരു നിമിഷം പോലും മോൻ നിന്റെ ഭാര്യയെ കൊണ്ട് ഇവിടെ നിൽക്കരുത്..
കാരണം നിന്റെ ഭാര്യ ഉപയോഗിക്കുന്ന സ്വർണം, വസ്ത്രം, വിലകൂടിയ മറ്റെന്തും അവൾക്ക് പ്രശ്നമുണ്ടാക്കാൻ ഉള്ള കാരണം ആകും.
ഇനി നിങ്ങളുടെ ഇടയിൽ നിന്ന് കൂടി പ്രശ്നം തീർക്കാൻ അച്ഛന് വയ്യ.. നിന്റെ അമ്മയ്ക്ക് എല്ലാ കാലത്തും ഒരു പ്രതിയോഗിയെ ആവശ്യമാണ് ..
കാരണം അങ്ങനെ കുറച്ചു കുറ്റം പറയുന്നത് അവളുടെ ഒരു സന്തോഷമാണ്… പക്ഷേ ആ സന്തോഷത്തിന് നീ വലിയ വില കൊടുക്കേണ്ടി വരും….
കാര്യം നിങ്ങളുടെ അമ്മ പാവമാണ്… പക്ഷേ ഇരുപത്തിനാല് മണിക്കൂറും സൈര്യം തരാത്ത ഒരു സ്ത്രീയോടൊത്തുള്ള ജീവിതം നരകമാണ് മോനെ…
അവസാനമായി ഒന്ന് കൂടി കുട്ടികൾ ഉണ്ടാവുക അവരെ വളർത്തുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്…
നിന്റെ പങ്കാളിയെ അല്ലെങ്കിൽ നിങ്ങൾ രണ്ടു പേരും പരസ്പരം പൂർണമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ ആ ചുമതല ഏറ്റെടുക്കാവൂ അല്ലെങ്കിൽ അച്ഛനെപോലെ ഒരു ജന്മം മുഴുവൻ കുട്ടികളെ ഓർത്ത് സഹിക്കേണ്ടി വരും…..
എല്ലാവരുടെയും കഥകൾ അച്ഛന്റേത് പോലെ ആകണമെന്നില്ല….പക്ഷേ കുറച്ചു പേരെങ്കിലും ഉണ്ടാകും ഇങ്ങനെ..
അച്ഛനൊന്നേ പറയാനുള്ളൂ എന്റെ മോൻ ഒരിക്കലും അച്ഛനെപോലെ ആകരുത്…
അച്ഛൻ പതിയെ ഉറങ്ങാനായി റൂമിലേക്ക് പോയി…ഞാനാകട്ടെ വന്ന ഉറക്കവും പോയി ഉള്ള സമാധാനവും പോയി എന്ന അവസ്ഥയിൽ താടിക്ക് കൈ കൊടുത്ത് വരാന്തയിൽ തന്നെ ഇരുന്നു…..