Story written by Jainy Tiju
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അഡ്വ.മാധുരി ശങ്കർ പൊതുജനങ്ങൾക്ക് മുന്നിൽ കുമ്പസാരിക്കുന്നു. “
രാവിലെ മുതൽ മിക്ക ചാനലുകളുടെയും സ്ക്രോളിങ് ന്യൂസ് അതായിരുന്നു. ന്യൂസ് വന്നപ്പോൾ തുടങ്ങിയ ഫോൺ കോളുകളാണ്. അതുകൊണ്ട് ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്വീതിരുന്നു. വീട്ടിൽ ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ ഹോട്ടലിൽ റൂം എടുത്തു. ഹരിയേട്ടൻ എന്റെ ഒപ്പം തന്നെയുണ്ട്.
നിർവികരതയോടുള്ള എന്റെ ഇരുപ്പ് കണ്ടിട്ടാവണം അദ്ദേഹം അടുത്തിരുന്നു എന്റെ കൈ ചേർത്ത് പിടിച്ചു ചോദിച്ചത്.
” മധു, ആർ യു ഷുവർ? തനിക്കിത് ചെയ്യണമെന്ന് നിർബന്ധമുണ്ടോ? “
” യെസ്, ഹരിയേട്ടാ, ഇനിയൊരു പിന്മാറ്റമില്ല. ” “ഓക്കേ. ഇതുമൂലം ഉണ്ടാവുന്ന എല്ലാ പ്രത്യാഘാതങ്ങളും എന്നേക്കാൾ നന്നായി തനിക്കറിയാം. ഒന്ന് മാത്രം മനസിലാക്കുക.എന്തൊക്കെ സംഭവിച്ചാലും ഞാൻ തന്റെ കൂടെത്തന്നെയുണ്ട്. “
എന്റെ പുറത്തൊന്നു തട്ടിയിട്ട് അദ്ദേഹം എഴുന്നേറ്റ് പോയി.
പാവം. എന്നും കൂടെ നിന്നിട്ടേയുള്ളു. അഡ്വക്കെറ്റ് മധുരിയുടെ നട്ടെല്ല് എന്നും അദ്ദേഹം തന്നെയായിരുന്നു.. ഡോക്ടർ ഹരിശങ്കർ. രണ്ടുപേരും പരസ്പരം പ്രൊഫഷണൽ ലൈഫിൽ കൈ കടത്തിയിട്ടില്ല ഇതുവരെ. അതുകൊണ്ട് തന്നെ ജോലിസംബന്ധമായ ഒരു കാര്യങ്ങളും ഒന്നിച്ചിരുന്നു തീരുമാനിക്കേണ്ടിയും വന്നിട്ടില്ല. പക്ഷെ, ഇത്.. ഇത് പ്രൊഫഷണൽ എന്നതിലപ്പുറം ജീവിതത്തേക്കൂടി ബാധിക്കുന്ന കാര്യമായത് കൊണ്ടാണ്. ഒരുപക്ഷെ, എന്റെ ജീവനെയും..
ഡൽഹി ഹൈക്കോടതിയിലെ ലീഡിങ് അഡ്വക്കെറ്റുമാരിൽ ഒരാൾ, ഏറ്റെടുത്ത കേസുകളിൽ നൂറുശതമാനം വിജയം, തന്റെ കക്ഷികളുടെ രക്ഷക്ക് വേണ്ടി ഏതറ്റം വരെയും പോകാനുള്ള ധൈര്യം ഇതൊക്കെയാണ് തന്നെ പ്രസിദ്ധയാക്കിയത്, അല്ല, കുപ്രസിദ്ധ എന്നാവും ഏറ്റവും ചേരുന്ന വാക്ക്. പണത്തിനും പ്രശസ്തിക്കും വിജയത്തിനും വേണ്ടി നീതിയുടെ സത്യവാചകങ്ങൾ മനപ്പൂർവം മറന്ന തന്നെ പ്പോലൊരാൾക്ക് ചേരുന്ന ഒരു പേര് രഹസ്യമായി ബാർ കൗൺസിലിൽ ഉണ്ട്. “ബ്യൂട്ടിഫുൾ ഡെവിൾ “. സുന്ദരിയായ പി ശാച്.’ പേരിട്ടയാളെ കുറ്റം പറയാൻ പറ്റില്ലെന്നാണ് ഹരിയേട്ടന്റെ നിർദോഷകരമായ കമെന്റ്.
ഏതൊരു വക്കീലിനെയും പോലെ നീതിയുടെ കാവൽ മാലാഖയാവും എന്നൊക്കെ മനസ്സിൽ പ്രതിജ്ഞ ചെയ്തുതന്നെയാണ് എൻറോൾ ചെയ്തത്. നല്ലൊരു സീനിയറിന്റെ കീഴിൽ പ്രാക്ടീസ് കിട്ടിയത് കൊണ്ടു നിയമവശങ്ങ ളൊക്കെ പെട്ടെന്ന് കൈപ്പിടിയിലൊതുങ്ങി. പക്ഷെ, അദ്ദേഹം നീതിയും ന്യായവും വിട്ടൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തികനേട്ടം കാര്യമായുണ്ടായതുമില്ല.
ഒരിക്കൽ ഞാൻ സ്വന്തമായേറ്റെടുത്ത കേസ്, അതും എന്റെ കക്ഷി നിരപരാധിയാണെന്ന് ഉറപ്പുള്ള കേസിൽ ഞാൻ തോറ്റുപോയി. മറുഭാഗത്ത് ഏതുരീതിയിലും വിജയം നേടാൻ കഴിവുള്ള ഒരു വക്കീലായിരുന്നു. ” എടി കൊച്ചേ, കളിക്കാൻ ഇറങ്ങുമ്പോ ഓപ്പോസിറ്റ് നിൽക്കുന്നവരുടെ വലുപ്പം കൂടി നോക്കണമെന്ന് നിന്റെ സീനിയർ നിന്നെ പഠിപ്പിച്ചില്ലായിരുന്നോ? നിന്നെ പ്പോലൊരു കൊച്ചു പെൺപട്ടി കുരച്ചാൽ ഡൽഹി അനങ്ങുക പോലുമില്ല. നിനക്ക് പറ്റിയത് വല്ല സിവിൽ കേസോ ഡിവോഴ്സ് കേസോ ഒക്കെയാ. പോയി അവനവനു പറ്റുന്ന പണി ചെയ്യൂ. “
അന്നത്തെ അയാളുടെ പരിഹാസത്തിന്റെ വാക്കുകൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഈ പെൺപട്ടിയുടെ കുര കൊണ്ടു ഡൽഹി അനങ്ങുന്ന ഒരു ദിവസം വരുത്തണമെന്നത് എന്റെ വാശിയായിരുന്നു. പിന്നീട് അതിനുള്ള ശ്രമങ്ങൾ. ഒന്നും നോക്കാതെ കേസുകൾ എടുത്തു തുടങ്ങി.പല പ്രമുഖരോടൊപ്പവും ജോലി ചെയ്തു. പരിചയങ്ങൾ, ബന്ധങ്ങൾ വളർന്നു.മുപ്പതു വയസ്സിനുള്ളിൽ തന്നെ അത്യാവശ്യം അറിയപ്പെടുന്ന വക്കീലായി. ഡൽഹി മലയാളിയായ ഹരിയേട്ടനുമായുള്ള വിവാഹം, രണ്ടു കുട്ടികൾ. വളർച്ചയുടെ പടവുകൾ അതിവേഗം ചവിട്ടിക്കയറുകയായിരുന്നു. പണം, പ്രശസ്തി, അധികാരങ്ങൾ. എന്റെ ശബ്ദത്തിൽ ഡൽഹി അനങ്ങിത്തുടങ്ങി, അല്ല വിറച്ചു തുടങ്ങി. പക്ഷെ, ഇതിനിടയിലെവിടെയോ നീതിയും ന്യായവും എന്നിൽ നിന്നും കൈമോശം വന്നു പോയിരുന്നു.
ഏത് കേസിലും ഞാൻ പറയുന്നത് മാത്രമായിരുന്നു സത്യം, ഞാൻ ഉണ്ടാക്കുന്നതായിരുന്നു തെളിവുകൾ, ഞാൻ ഉദ്ദേശിക്കുന്നതായിരുന്നു വിധി. അതിന് വേണ്ട സഹായികളും എനിക്കുണ്ടായിരുന്നു. എന്റെ കഴിവിൽ, ഉയർച്ചയിൽ ഞാൻ അഹങ്കരിച്ചിരുന്നു, നാലുദിവസം മുൻപ് വരെ. എന്റെ മകൾ എനിക്കെതിരെ വിരൽ ചൂണ്ടുന്നത് വരെ…
മോൾക്ക് ഐഎഎസ് സെലെക്ഷൻ കിട്ടിയതിന്റെ ആഘോഷത്തിലായിരുന്നു ഞങ്ങൾ. അത്യാവശ്യം വേണ്ടപ്പെട്ടവരെ എല്ലാം കൂട്ടി ഒരു ചെറിയ പാർട്ടി. അതിൽ ഒരമ്മ എന്ന നിലയിൽ ഞാൻ പറഞ്ഞ ചില വാക്കുകൾ, ചില ഉപദേശങ്ങൾ അത് എനിക്കെതിരെ പ്രയോഗിക്കുകയായിരുന്നു എന്റെ മകൾ.
” ഞാൻ എങ്ങനെയുള്ള ആളായിരിക്കണമെന്ന് ഉപദേശിക്കാൻ എന്ത് യോഗ്യതയാണ് അമ്മക്കുള്ളത്? അമ്മ ഞങ്ങൾക്കൊരു മാതൃകയായിരുന്നോ? പണത്തിനു വേണ്ടി, നാടുമുഴുവൻ വെറുക്കുന്നഉണ്ട് ഏin ക്രിമിനലിനെയും രക്ഷിച്ചെടുക്കുന്ന അമ്മ കൂട്ടുകാർക്കിടയിൽ ഞങ്ങൾക്ക് വെറും അപമാനം മാത്രമായിരുന്നു. സഹപാഠികളുടെയും അദ്ധ്യാപകരുടെയും കുത്തുവാക്കുകൾ കേട്ടു ചൂളിനിന്നിട്ടുണ്ട് ഞാൻ. ഒരു വ്യക്തി എങ്ങനെ ആവരുതെന്നുവേള്ള മാതൃകയാണ് അമ്മ, അല്ലാതെ… “പി ഐ സംസ്ഥാന തല ഉദ്ഘാടനം
“മതി, മോളെ നിർത്ത്. ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്.”
ഒരു കോടതിയിലും ഒരു മറുഭാഗം വക്കീലിന്റെ മുന്നിലും പതറിയിട്ടില്ലാത്ത ഞാൻ ആദ്യമായി എന്റെ മകൾക്ക് മുന്നിൽ പതറി. എന്നോളം, അല്ല എന്നിലും വളർന്ന മകൾ, എനിക്ക് നേരെ ആദ്യമായി വിരൽ ചൂണ്ടിയിരിക്കുന്നു. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ശക്തമായ ഭാഷയിൽ എന്നോട് പറയുന്നു ഞാൻ ഒരു തെറ്റാണെന്ന്.
” അമ്മേ, ഇതെല്ലാം ജോലിയുടെ ഭാഗമാണെന്ന് പറയുന്നത് ഒരുതരം എസ്ക്യൂസ് അല്ലെ? ഏത് ജോലിയും നല്ല രീതിയിലും മോശമായും ചെയ്യാം. അത് നമ്മൾ തിരഞ്ഞെടുക്കുന്ന പോലെ ഇരിക്കും. പണ്ട് തൊട്ടേ പറയണമെന്ന് കരുതിയിട്ടുള്ളതാണ് ഇതൊക്കെ. പക്ഷെ, ധൈര്യം വന്നില്ല. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നു വരില്ല. കഴിഞ്ഞ ദിവസം ആഗ്രയിൽ റേ പ്പ് ചെയ്യപ്പെട്ട പെൺകുട്ടിയെ വെറുമൊരു വേ ശ്യയാക്കി പ്രതികളെ അമ്മ രക്ഷിച്ചു കൊണ്ടുപോയപ്പോൾ, ഗാന്ധിനഗറിലെ വൃദ്ധദമ്പതികളുടെ അതിക്രൂരമായ കൊ ലപാതകം തെളിവുകളുടെ അഭാവത്തിൽ വെറും അപകടമാക്കി മാറ്റിയപ്പോൾ, അങ്ങനെ നൂറു നൂറു സന്ദർഭങ്ങളിൽ ഒരു നാടുമുഴുവൻ അമ്മയെ ശപിച്ചിട്ടുണ്ടാവും. ആ ശാപത്തിന് മുകളിൽ അമ്മ കെട്ടിപ്പൊക്കിയതൊക്കെയും ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ അധികം താമസമുണ്ടാവില്ല.ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാനെന്നെ സങ്കൽപ്പിച്ചു നോക്കി. അവളോട് ഏറ്റവും ക്രൂ രത ചെയ്തത് ആ വേട്ടപ്പ ട്ടികളായിരുന്നില്ല, മറിച്ച്, കോടതിയിലിട്ട് വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ കീ റിമുറിച്ച അമ്മയായിരുന്നു. ഒരു പെണ്ണെന്ന നിലയിൽ, പോട്ടെ, ഒരു മനുഷ്യനെന്ന നിലയിൽ ഒരിക്കൽ പോലും അമ്മയ്ക്ക് മനസ്സാക്ഷിക്കുത്ത് തോന്നിയിട്ടില്ലേ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. നാളെ എനിക്ക് ഈ അവസ്ഥ വന്നാൽ അപ്പോഴും അമ്മയുടെ ചിന്താഗതി ഇങ്ങനെ തന്നെയായിരിക്കുമോ?”
എനിക്ക് നേരെ വന്ന ആരോപണങ്ങളിൽ, വാദങ്ങളിൽ ആദ്യമായി ഞാൻ മറുപടിയില്ലാതെ നിന്നു.
” ഞാനിനി എത്ര നല്ല ഐഎഎസ് ഓഫീസറായാലും അമ്മയുടെ മകളെന്ന നിലയിൽ മുൻവിധിയോടെയെ ജനങ്ങൾ എന്നേ കാണൂ എന്നൊരു വിഷമം എനിക്കിപ്പോഴുണ്ട്. “
പറഞ്ഞവസാനിപ്പിച്ചു അവൾ പോയിട്ടും ഞാൻ ഇരുന്നിടത്ത് നിന്നു അനങ്ങാൻ കഴിയാതെയിരുന്നു.ഇതുവരെ എന്റെ മനസാക്ഷിപോലും എന്നോട് ചോദിച്ചിട്ടില്ലാത്ത കാര്യങ്ങൾ. അല്ലെങ്കിലും മനസാക്ഷി എന്നൊരു കാര്യം ഈയിടെ എനിക്കുണ്ടായിരുന്നില്ലല്ലോ.
കഴിഞ്ഞ മൂന്നുദിവസം ഞാനാലോചിച്ചു എന്റെ കഴിഞ്ഞ കാലത്തേക്കുറിച്ച്, ചെയ്തുപോയ തെറ്റുകളെക്കുറിച്ച്, അതെങ്ങനെ തിരുത്താം എന്നതിനെ കുറിച്ച്.ഇന്നലെ രാത്രിയാണ് തീരുമാനിച്ചത്, ഇങ്ങനൊരു പത്രസമ്മേളനം നടത്തി എല്ലാം തുറന്നു പറയണമെന്ന്. വിവരം പറഞ്ഞപ്പോൾ ആദ്യമൊന്നു ഭയന്നെങ്കിലും ഹരിയേട്ടനും കൂടെ നിന്നു. അങ്ങനെയാണ് രാവിലെ എല്ലാ ചാനലിലും വിളിച്ചു പറഞ്ഞതും മൂന്നുമണിക്ക് സമയം തീരുമാനിച്ചതും. ഞാൻ വായ തുറന്നാൽ നഷ്ടപ്പെടാൻ ഏറെയുള്ളവരാണ് പല പ്രമുഖരും. അവർ അടങ്ങിയിരിക്കില്ല എന്നറിയാം. അതുകൊണ്ട് തന്നെയാണ് ഈ ഹോട്ടലിൽ റൂമെടുത്തതും.
” മാഡം, സമയമായി. “.സെക്രട്ടറി വന്നു വിളിച്ചു. ഹരിയേട്ടനെ ഒന്ന് നോക്കിയിട്ട് ഞാൻ അവരോടൊപ്പം പോയി.
” എല്ലാവരും ആകാംക്ഷയിലാണ് എന്നറിയാം. ഇപ്പോൾ ഇങ്ങനെ ഒരു പത്രസമ്മേളനത്തിന്റെ ആവശ്യം എന്തെന്ന് ചിന്തിക്കുന്നുണ്ടാകും. ഞാൻ ഇതുവരെ ചെയ്തതും പ്രവർത്തിച്ചതുമെല്ലാം തെറ്റാണെന്നു ഞാൻ ഇന്ന് ഈ മാധ്യമങ്ങൾ വഴി ജനങ്ങളോട് തുറന്നു സമ്മതിക്കുന്നു.ഞാൻ രക്ഷിച്ചെടുത്ത പ്രതികളിൽ പലരും യഥാർത്ഥത്തിൽ തെറ്റുകാരായിരുന്നു. ഞാൻ നിയമത്തെ വളച്ചൊടിച്ചും കള്ളത്തെളിവുകൾ ഉണ്ടാക്കിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക യായിരുന്നു.. അതിനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അതിലൊന്നാണ് ആഗ്ര പീ ഡനക്കേസ്. ഒരു പുനരന്വേഷണം നടക്കുകയാണെങ്കിൽ അന്വേഷണവുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനു നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റു വാങ്ങാൻ ഞാൻ തയ്യാറാണ്. ” ഞാൻ പറഞ്ഞു നിർത്തി.
കേട്ടിരിക്കുന്നവരുടെ മുഖത്ത് ഒരു അവിശ്വസനീയത. ഇതുവരെ കേട്ടുകേൾവി യില്ലാത്ത ഒരു സംഭവമാണ് പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീൽ തന്റെ കക്ഷികൾ തെറ്റുകാരാണെന്ന് പബ്ലിക്കിന് മുന്നിൽ തുറന്നു പറയുന്നത്.
” മാഡം, നിങ്ങളിപ്പോൾ ചെയ്യുന്നത് വിശ്വാസവഞ്ചനയല്ലേ?സത്യവും ധർമവും നോക്കിയാണെങ്കിൽ നിങ്ങളെ വിശ്വസിച്ചു കേസേൽപ്പിച്ചവരെ ചതിക്കുകയല്ലേ നിങ്ങളിപ്പോൾ ചെയ്യുന്നത്? “
” മാഡം, നിങ്ങളിപ്പോൾ ഈ ചെയ്യുന്നതിന്റെ പരിണിതഫലത്തേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? “
” എല്ലാം കഴിഞ്ഞിട്ട് അവസാനം ഇത്തരം ഒരു ഷോ കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? “
” മാഡം, നിങ്ങളിപ്പോൾ തുറന്നു പറഞ്ഞ കേസിലെ പെൺകുട്ടിയെ കോടതിയിലിട്ട് നിങ്ങൾ എത്രമാത്രം അപമാനിച്ചു. ഈ കുറ്റ സമ്മതം കൊണ്ട് ആ കുട്ടിയുടെയും കുടുംബത്തിന്റെയും തകർന്നു പോയ അഭിമാനം നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ കഴിയുമോ?”
ചോദ്യങ്ങൾ ചറപറാ വന്നുകൊണ്ടിരുന്നു. മിക്കതും ഞാൻ പ്രതീക്ഷിച്ചവ തന്നെ.അവയ്ക്കൊക്കെയും മറുപടി നൽകാൻ ഞാൻ ബാധ്യസ്ഥയുമാണ്.
” എനിക്ക് പ്രായപൂർത്തിയായ രണ്ടു മക്കളുണ്ട്. അവർക്കൊരു മാതൃകയാവാൻ കഴിയാത്ത ഞാൻ ഒരു പരാജയം ആയിരുന്നു എന്നെനിക്ക് ബോധ്യമായി. ചെയ്തത് പലതും തിരുത്താൻ കഴിയാത്തതാണ്. ഇനി മുതൽ സത്യത്തിന്റെ പക്ഷമാണെന്നു ഉറപ്പില്ലാത്ത കേസുകൾ എടുക്കില്ലെന്നു തീരുമാനിച്ചു എനിക്ക് വീട്ടിലിരിക്കാമായിരുന്നു. പക്ഷെ, എന്നെപോലെ സ്വന്തം വിജയത്തിനു വേണ്ടി ആരെയും നിർദാക്ഷിണ്യം ചവിട്ടിയരക്കുന്ന എന്റെ സഹപ്രവർത്തകരോട് എനിക്കൊന്നു പറയണമായിരുന്നു, സ്വന്തം മക്കളും മനസാക്ഷിയും നമുക്കെതിരെ എഴുന്നേറ്റു നിൽക്കുന്ന ഒരു ദിവസം വരുമെന്ന്.
ഏതുവിധേനയും സ്വന്തം ഭാഗം ജയിപ്പിക്കാൻ കഴിവുള്ള വക്കീലുമാരെ കണ്ട് എന്ത് തോന്നിവാസവും ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്ന, പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ഹുങ്ക് സാധാരണക്കാരന് നേരെ എടുക്കുന്നവരോട് എനിക്കൊന്നു പറയണമായിരുന്നു, ഇത് എപ്പോഴെങ്കിലും നിങ്ങൾക്ക് നേരെ തിരിച്ചടിക്കുമെന്ന്. “
ഒരു നിമിഷം ഞാനൊന്നു നിർത്തി.ആരും ശബ്ദിച്ചില്ല.
” ഇവിടെ നിന്നിറങ്ങുമ്പോൾ ഒരുപക്ഷെ എന്റെ ജീവനെടുക്കാൻ ആളുകളുണ്ടാവും. അനിവാര്യമായ ശിക്ഷ എനിക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം. ഇനിയൊരിക്കലും ഈ വക്കീൽ കുപ്പായം ധരിക്കാൻ കഴിയാതെ വന്നേക്കും. എന്തും നേരിടാൻ ഞാൻ തയ്യാറാണ്..പക്ഷെ, ഇത് എനിക്ക് ചെയ്തേ തീരൂ.”
ഇതും പറഞ്ഞു ഞാൻ എഴുന്നേറ്റു. വീണ്ടും ചോദ്യങ്ങൾ വരുന്നുണ്ടായിരുന്നു. ഞാൻ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
ഞാനീ ചെയ്തത് മറ്റുള്ളവർക്ക് മുന്നിൽ ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. എന്റെ ഈ പ്രവൃത്തി കൊണ്ട് എന്നെപ്പോലുള്ള അഡ്വക്കെറ്റുമാർ മാറുമെന്നും എനിക്കുറപ്പില്ല. പക്ഷെ, ഞാനീ ചെയ്തത് ഒരാൾക്കെങ്കിലും ഒരു പ്രചോദനം ആവുമെങ്കിൽ ,ഒരാളെയെങ്കിലും തെറ്റായ വഴിയിൽ നിന്നു പിന്തിരിയാൻ പ്രേരിപ്പിക്കുമെങ്കിൽ.. അതു മതി ഈ ജന്മം എനിക്കാശ്വസിക്കാൻ… എന്നെപ്പോലുള്ളവർ മൂലം തകർന്നു പോയവർക്ക് വേണ്ടി ജീവിക്കാൻ, അവരെ ജീവിപ്പിക്കാൻ എനിക്കിനി ആയുസ്സും അവസരവും ബാക്കിയുണ്ടെങ്കിൽ അതുമതി ഈ ജന്മം സഫലമാകാൻ….