കുറ്റവും ശിക്ഷയും
Story written by Sebin Boss J
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
” എന്തിനാ ചേട്ടാ അവനെ കെട്ടി ഇട്ടേക്കുന്നെ ?”’
ടാറിംഗിനായി കൊണ്ട് വന്ന ടാർ വീപ്പകൾ ഇറക്കിയശേഷം അടുത്തുള്ള ഹോട്ടലിലേക്ക് കഴിക്കുവാനായി കേറാനൊരുങ്ങുമ്പോഴാണ് വിശ്വൻ ഹോട്ടലിന്റെ വെളിയിലെ തൂണിൽ പത്തു പന്ത്രണ്ടു വയസുള്ള ഒരു ബാലനെ കൈകൾ ബന്ധിച്ചു കെട്ടിയിട്ടിരിക്കുന്നത് കണ്ടത് .
” അവൻ കള്ളനാ …” ക്യാഷിൽ പൈസ വാങ്ങാൻ വന്ന ഒരു സപ്ലയറാണത് പറഞ്ഞത് .
”എന്ത് കട്ടെന്ന് ? പൈസയോ? ” വിശ്വൻ അമ്പരപ്പോടെ ആ പയ്യനെ നോക്കി . പേടിച്ചരണ്ടുപോയ അവന്റെ മുഖം വെളുത്തു വിളറിയിരുന്നു .
ഹോട്ടലിനുള്ളിലേക്കും പുറത്തേക്കും പോകുന്നവർ ആ പയ്യനെ നോക്കുന്നുണ്ടെങ്കിലും എന്താണ് കാര്യമെന്നാരും തിരക്കുന്നുണ്ടായിരുന്നില്ല .
” അല്ല … ആപ്പിൾ. ” ക്യാഷ് മേശയുടെ സൈഡിലായുള്ള ചെറിയ തട്ടുകളിൽ ബിസ്ക്കറ്റും സ്വീറ്റുകളും പുറത്തെ കൗണ്ടറിൽ പഴങ്ങളു മൊക്കെ നിരത്തി വെച്ചിരുന്നു നിരത്തി വെച്ചിരുന്നു .
” വിശന്നിട്ടല്ലേ ചേട്ടാ ..പാവം!! . അതിന്റെ പൈസ ഞാൻ തന്നോളാം ‘ വിശ്വൻ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു .
” അയ്യോ … മുതലാളിയാ അവനെ പിടിച്ചു വെച്ചേക്കുന്നേ .അഴിച്ചു വിട്ടാൽ വഴക്കു പറയും . ദേ സാറ് വരുന്നുണ്ട് . എന്താന്ന് വെച്ചാൽ നിങ്ങളായിക്കോ ” ഹോട്ടലിന് മുന്നിൽ ഒരു കാർ വന്നുനിന്നതും സപ്ലയർ ഒഴിവായി .
” ചേട്ടാ … ഈ കുഞ്ഞിനെ ഇങ്ങനെ കെട്ടി ഇട്ടാൽ അവന്റെ പിഞ്ചു മനസ് വേദനിക്കില്ലേ ? ഒരു ആപ്പിളിന്റെ കാര്യമല്ലേ ..അത് ഞാൻ തന്നോളാം . അവനു വിശന്നിട്ടല്ലേ ?’.കെട്ടഴിച്ചു വിട് ” ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളുടെ അടുത്തേക്ക് ചെന്ന് വിശ്വൻ പറഞ്ഞതും അയാൾ അവനെ ഒന്ന് നോക്കി .
”അവൻ വേദനിക്കണം ”
” നിങ്ങളിങ്ങനെ ദുഷ്ടനാകരുത് . കാശുണ്ടെന്ന് പറഞ്ഞെന്തു അഹങ്കാരോം ആകാ മെന്നാണോ ? അല്ലെങ്കിൽ പോ ലീസിൽ ഏൽപ്പിക്ക്. നാലാളുടെ ഇങ്ങനെ മുന്നിൽ നാ ണം കെടുത്താതെ ”’ വിശ്വൻ ഹോട്ടലുടമയെ നോക്കി രോക്ഷം കൊണ്ടപ്പോൾ അയാൾ കാറിന്റെ പുറകിലെ ഡോർ തുറന്നു .
”ഇറങ്ങി വാ ..” അയാൾ ഡോർ തുറന്നു പറഞ്ഞപ്പോൾ കാറിനുള്ളിൽ നിന്നും ഏഴോ എട്ടോ വയസുള്ള ഒരു പെൺകുട്ടിയും മെലിഞ്ഞു വിളറിയ ഒരു സ്ത്രീയും ഇറങ്ങി .
അവരുടെ നോട്ടം കെട്ടിയിട്ടിരുന്ന ആ പയ്യനിൽ പതിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി
” അഴിച്ചുവിട് സാറെ … ” ആ സ്ത്രീ തൊഴുകൈയ്യോടെ ഹോട്ടലുടമയെ നോക്കി പറഞ്ഞപ്പോൾ അത് ആ പയ്യന്റെ അമ്മയും സഹോദരിയുമാണെന്ന് വിശ്വന് തോന്നി .
” ഇച്ചിരി കഴിയട്ടെ … നിങ്ങള് അകത്തേക്ക് വാ ”
വിശ്വൻ അമ്പരന്നു നോക്കി നിൽക്കെ ഹോട്ടലുടമ അവരുടെ കൈ പിടിച്ചകത്തേക്ക് കയറ്റി .
” പിള്ളചേട്ടാ … രണ്ട് ബിരിയാണി . കൈ കഴുകി ഇരുന്നോ നിങ്ങള് ” ഹോട്ടലുടമ ക്യാഷ് കൗണ്ടറിന് മുന്നിലുള്ള ടേബിൾ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു .അവിടെ ഇരുന്നാൽ അവർക്ക് ആ പയ്യനെയും പയ്യനവരെയും കാണാമായിരുന്നു . പരസ്പരം നോട്ടമെത്തുമ്പോൾ അവർ മുഖം കുനിച്ചു .
” ആ പയ്യന്റെ അമ്മയും സഹോദരിയുമാണോ അത് ? അവർക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങളത്ര മനുഷ്യപ്പറ്റില്ലാത്തവൻ അല്ല . എന്നാൽ ആ ചെറുക്കനേം കൂടി അഴിച്ചു വിട് ”
” വിടാം സുഹൃത്തേ … അവർ കഴിച്ചു കഴിയട്ടെ . അതുവരെ അവൻ അവിടെ കിടക്കണം .”
”’ എന്തിന് ..ആ കൊച്ചിനെയവിടെ കെട്ടിയിട്ടേക്കുമ്പോൾ അവർക്ക് ആഹാരമിറങ്ങുമെന്ന് തോന്നുന്നുണ്ടോ ?”
” ഇറങ്ങരുത് … മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവനും .. മോഷ്ടിച്ചത് കഴിക്കുന്നത് തെറ്റാണെന്ന് അവർക്കും മനസ്സിലാകണം ”
ക്യാഷിലിരുന്ന ഹോട്ടലുടമയെ വിശ്വൻ തറപ്പിച്ചു നോക്കി .
”പത്തുമുപ്പത്തിയഞ്ചു വർഷം മുൻപ് അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നു സുഹൃത്തേ . പട്ടിണി കിടന്നപ്പോൾ ഗത്യന്തരമില്ലാതെ ഞാൻ രണ്ട് ചുവട് കപ്പ കട്ടു പറിച്ചു . അതു കൊണ്ട് വീട്ടിൽ ചെന്നപ്പോൾ അമ്മയാദ്യം തിരക്കിയത് എവിടുന്ന് കിട്ടിയതാണെന്ന് ആയിരുന്നു . ചോദ്യം ചെയ്യലിനൊടുവിൽ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു . അന്നത്തെ ദിവസം വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ലായിരുന്നു വെങ്കിലും അമ്മ അനിയത്തിയേം ഒക്കത്ത് വെച്ചു ആ കപ്പയും കൊണ്ട് ആ സ്ഥല മുടമസ്ഥന്റെ വീട്ടിലേക്ക് എന്നേം കൂട്ടി നടന്നു . ”
വിശ്വൻ ആകാംഷയോടെ ഹോട്ടലുടമയെ നോക്കി.
” കാര്യങ്ങളറിഞ്ഞപ്പോൾ അയാൾ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ ? . ചോദിച്ചിരുന്നെങ്കിൽ ഞാൻ തരുമായിരുന്നല്ലോ… ഇനി മേലാൽ ആരുടെയും അനുവാദം കൂടാതെ ഒന്നും എടുക്കരുത് . അത് നല്ലതല്ല എന്ന് . പട്ടിണി കിടന്നിട്ടും ഒരുതുള്ളി കണ്ണീർ വരാത്ത ഞാനത് കേട്ട് കരഞ്ഞു . അടിയോ കുറ്റപ്പെടുത്തലോ കളിയാക്കലോ പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . ”’
വിശ്വന്റെ മുഖം എന്തിനോ വിളറി .
” അദ്ദേഹം പിന്നെ അവിടുന്ന് കുറച്ചരിയും സാധനങ്ങളും ഒക്കെ തന്നു വിട്ടു. എന്നെയും അനിയത്തിയുടെയും പഠിപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്തു . അമ്മക്ക് ചെറിയൊരു ജോലി ഏർപ്പാടാക്കി . അതിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയത് ”
”” എന്നിട്ടാണോ ആ പയ്യനെ നിങ്ങളവിടെ കെട്ടിയിട്ടേക്കുന്നത് ? അതും വെറുമൊരു ആപ്പിളിന് വേണ്ടി ”
” സുഹൃത്തേ വിശക്കുന്നവന് വിവേകമില്ലന്നെനിക്ക് നന്നായി അറിയാം . ഒരാപ്പിൾ പോയതിനല്ല … അവന്റെ തെറ്റ് അവന് മനസിലാകാൻ ആണത് ചെയ്തത് ..അവൻ ഇതിന് മുൻപും ഇവിടുന്ന് മോഷ്ടിച്ചിട്ടുണ്ട് . ഒരു പാക്കറ്റ് ബ്രെഡ് ആണല്ലോ എന്ന് കരുതി ഞാൻ കണ്ണടച്ചു .അന്ന് കണ്ണടച്ചതു കൊണ്ടാണ് അവൻ ഇന്ന് അതിലും കൂടിയത് എടുത്തത് . അവന്റെ അമ്മയാകട്ടെ മോനെന്ത് ചെയ്തിട്ടാണ് ഓരോ സാധനങ്ങൾ കൊണ്ട് വരുന്നതെന്ന് അന്വേഷിച്ചുപോലുമില്ല . നാളെ അവൻ കൂടുതൽ മോ ഷണം നടത്തിയാൽ .. പെരും ക ള്ളെനെന്ന് കുറ്റം ചാർത്തി നടുത്തെരുവിൽ നിർത്തിയാൽ ആ അമ്മ സഹിക്കുമോ ?. ഇവിടെ മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് കേറിയായത് കൊണ്ട് കഴിക്കാൻ വരുന്നവര് മാത്രമേ അവനെ കാണൂ .”’
”അവന്റെ തെറ്റ് അവനു ബോധ്യപ്പെടണം . ആ സ്ത്രീ ആദ്യം തന്നെ അവനോട് എവിടുന്നാണ് കൊണ്ട് വരുന്ന സാധനങ്ങൾ എന്ന് ചോദിക്കണമായിരുന്നു ” ഹോട്ടലുടമയുടെ വാക്കുകൾ കേട്ട വിശ്വനും തൊട്ടുമുൻപിലെ ഡൈനിംഗ് ടേബിളിൽ ബിരിയാണിക്ക് മുൻപിലിരുന്ന സ്ത്രീയും ഒന്നും മിണ്ടിയില്ല .
” ആ പയ്യനെ അഴിച്ചവിടെ കൊണ്ടിരുത്തു . ഒരു ബിരിയാണിയും കൊടുക്ക് ” ഹോട്ടലുടമ ഒരു സപ്ലയറോട് നിർദ്ദേശിച്ചു .
”ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആരും ഇല്ലന്ന് പറയില്ല . കൊടുക്കും …. അവൻ ഇവിടുന്ന് ആപ്പിൾ കൂടയോടെ എടുത്തു കൊണ്ട് പോയി അടുത്ത കടയിൽ വിൽക്കാനാണ് ശ്രമിച്ചത് . അത് തെറ്റല്ലേ ? അത് അവന്റെ വീട്ട് ചിലവിനാണെങ്കിൽ പോലും ന്യായീകരിക്കാനാവില്ല . സർക്കാർ സംവിധാനങ്ങൾ ഒരുപാട് വളർന്നു .ബാലവേല നിരോധിച്ചു . പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കി . അവനും സഹോദരിക്കും പഠിക്കാം .അവർക്കുള്ള ആഹാരവും സ്കൂളിൽ ലഭിക്കും . . ആ സ്ത്രീക്ക് എന്തെങ്കിലും ചെറിയ ജോലി ചെയ്യാം , തൊഴിലുറപ്പ് പണി ചെയ്യാം …ഭർത്താവില്ലങ്കിൽ വിധവാ പെൻഷൻ കിട്ടും ””
” പണ്ടത്തെ ഓർമ കൊണ്ടാവും എന്നും ഞാൻ ഒരു കിലോ അരിയുടെ ബിരിയാണി കൂടുതൽ വിശക്കുന്നവർക്കായി ഇടാൻ പറയാറുണ്ട് . അതറിഞ്ഞുവന്നു സ്ഥിരമായി കഴിക്കുന്നവരുമുണ്ട് . അവർ വയർ നിറച്ചുകഴിക്കട്ടെ . ആവശ്യത്തിൽ കൂടുതൽ ആഹാരമാരും കഴിക്കില്ല .കാശിന് കൈ നീട്ടുന്നവർക്ക് ആഹാരമെ കൊടുക്കാവൂ . അധ്വാനിച്ചു ജീവിക്കണം . ഇരന്നു ജീവിക്കരുത് . പിച്ചക്കാർക്ക് പണമല്ലാതെ ഒരു നേരം ആഹാരം വാങ്ങിച്ചു മുൻപിലിരുത്തി കഴിപ്പിച്ചു നോക്ക് . എത്ര പേര് മൊത്തം കഴിക്കുമെന്ന് കാണാം. നാമാണ് അവരെ അലസരും മടിയരുമാക്കുന്നത് . തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. തെറ്റുകൾ തിരുത്തണം. അതിന്റെതായ രീതിയിൽ” ”
അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി
പയ്യനെ അടുത്തുകൊണ്ടിരുത്തി ബിരിയാണി കൊടുത്തിട്ടും ഇരുവരുമൊന്നും കഴിക്കുന്നിലായിരുന്നു . ആ പെൺകുട്ടി മാത്രം മറ്റൊന്നും ശ്രദ്ധിക്കാതെ ബിരിയാണി രുചിയോടെ വാരിക്കഴിക്കുന്നുണ്ട്
”അവർക്ക് ആഹാരമിറങ്ങില്ല സുഹൃത്തേ … അത് അവരുടെ തെറ്റ് മനസിലായത് കൊണ്ടാണ്….. . ശിവാ .. അവരെ താമസസ്ഥലത്ത് കൊണ്ട് ചെന്നാക്ക് . ആ ബിരിയാണിയും പാർസൽ എടുത്തോ ”’ ഹോട്ടലുടമ ഡ്രൈവറെ വിളിച്ചു നിർദ്ദേശിച്ചു
വിശ്വൻ കൈ കഴുകി ഇരുന്നെങ്കിലും അവന്റെ വിശപ്പ് കെട്ടിരുന്നു…അകവും മനവും ഒരുപോലെ നിറഞ്ഞ സംതൃപ്തിയോടെയാണവൻ ഹോട്ടലിൽ നിന്നും മടങ്ങിയതെങ്കിലും ശിക്ഷ അൽപം കടുത്തോയെന്ന ചിന്തയിലായിരുന്നു ഉള്ളിൽ.