എഴുത്ത്:-സൽമാൻ സാലി
“”അല്ല ഫൈസീ.. ഇജ്ജ് ഇപ്രാവശ്യമെങ്കിലും പെണ്ണ് കെട്ടുവോ…?
“” ഉറപ്പല്ലേ… മമ്മദ്ക്ക.. ഓളുടെ.. ബാപ്പ സമ്മയിച്ചാൽ ഞാൻ ആപ്പോ കെട്ടും.. !!
ഫൈസിയെ ഒന്ന് കളിയാകാം എന്നുള്ള രീതിയിൽ ചോദിച്ചതാണ് മമ്മദ്ക്ക.. പക്ഷെ അവന്റെ മറുപടിയിൽ മമ്മദ്കാ ചിരിച്ചുകൊണ്ട് സ്ഥലം വിട്ടു.. ..
ഫൈസൽ.. രണ്ട് വട്ടം ലീവിന് വന്നു പെണ്ണന്വേഷിച്ചു.. പക്ഷെ ഒന്നും അങ്ങട് ശരിയായില്ല.. ഇതിപ്പോ മൂന്നാമത്തെ വരവാണ്.. ദുബായിൽ ട്രാവൽസിലെ ജോലി.. വർഷത്തിൽ ഒരു മാസം ലീവ്.. ഒന്ന് രണ്ട് പെണ്ണ് കാണൽ നടക്കും അപ്പോഴേക്കും ലീവ് തീരും…
ഇതിപ്പോ മാനേജരുടെ കാലുപിടിച്ചു ഒപ്പിച്ചതാണ് മൂന്നു മാസത്തെ ലീവ്.. ഒരു കല്യാണം സ്വപ്നം കാണാൻ തുടങ്ങിയിട്ട് കുറെ ആയി.. വീട്ടിൽ ഉമ്മ ഒറ്റക്കാണ്..
പെണ്ണ് കാണൽ ഒരുപാട് നടന്നിട്ടുണ്ട്..പെണ്ണ് കണ്ടു വന്നാൽ രാത്രി ബ്രോക്കർ വിളിച്ചു പറയും അവൾക്കു ഇപ്പോൾ കല്യാണത്തിന് താല്പര്യമില്ല.. അവൾ പഠിക്കുക്കയാണെന്ന്.. പക്ഷെ ഫൈസിക്ക് അറിയാം കരണം തന്റെ നിറവും.. കോലവുമാണെന്ന്..
ഫൈസിയെക്കാൾ വിഷമം ഉമ്മാക് ആണ്.. ഇത്താത്ത എവിടുന്നെങ്കിലും തപ്പിപിടിച്ചു കല്യാണാലോചനയുമായി വരും.. പക്ഷെ ചിലത് മാത്രം വീടുവരെ എത്തും.. അതാണെങ്കിൽ പെണ്ണുകാണലോടെ അവസാനിക്കും..
ഒരു ദിവസം ഉമ്മയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു..
‘” മോനെ ഫൈസി.. ഇയ്യ്.. ഇനി.. ഗൾഫിലേക്ക് പോകണ്ട.. ഒരു പെണ്ണ് ശരിയാവുന്നത് വരെ ഇവിടെ നിക്ക്..
“” ന്റെ.. ഉമ്മാ.. ഇങ്ങളെ വർത്താനം കേട്ടാൽ തോന്നും ഞാൻ മാത്രമാണ് പെണ്ണ് കെട്ടാത്തതെന്ന്..
“”അനക്ക്.. അങ്ങിനെ.. പറയാം.. ബാക്കിയുള്ളോലെ കാര്യം ഞാൻ നോകേണ്ടലോ.. ഞാൻ ന്റെ.. മോന്റെ കാര്യം നോക്കിയാൽ പോരെ..
“” ഉമ്മാ.. ഇങ്ങള് ബേജാറാവണ്ട.. ഈ ഫൈസിക്ക് ഒരു മൊഞ്ചത്തീനെ പടച്ചോൻ ഈ ദുനിയാവിൽ പടച്ചിട്ടുണ്ടെങ്കിൽ സമയാവുമ്പോൾ ഓള് ഞമ്മളെ മുന്നിലെത്തും…
ദിവസങ്ങൾ കടന്നു പോയി.. ഇനി ഒരു മാസം കൂടി ഉണ്ട് ലീവ് തീരാൻ..
ഒന്ന് രണ്ട് പെണ്ണുകാണൽ അല്ലാതെ ഒന്നും നടന്നില്ല..
ഒരു ദിവസം വീട്ലിരിക്കുമ്പോളാണ് നസീർ വിളിക്കുന്നത്..
“” ഡാ.. ഫൈസീ.. ഇജ്ജ് എവിടാ.. നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം..
വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ അവിടെ തന്നെ നിക്ക് ഞാൻ അങ്ങോട്ട് വരാമെന്നു പറഞ്ഞു ഫോൺ കട്ടായി.. എവിടെങ്കിലും പോകാനായിരിക്കുമെന്ന് കരുതി വീട്ടിലിരിക്കവേ അവൻ എത്തി..
“” ഡാ.. ഫൈസി… നിന്നോടൊരു കാര്യം ചോദിക്കാൻ വന്നതാ..
“എന്താടാ..
ഡാ.. നാളെ എന്റെ ഒരു ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ കല്യാണമുണ്ടായിരുന്നു.. പക്ഷെ അത് മുടങ്ങി… കെട്ടാൻപോകുന്ന പയ്യന് വേറെ പെണ്ണുമായി അടുപ്പമുണ്ടായിരുന്നു.. അവർ ഇന്നലെ ഒളിചോടി…
അവരിപ്പോൾ ഒരു പയ്യനെ നോക്കുന്നുണ്ട്.. കിട്ടിയാൽ നാളെ കല്യാണം നടത്തും അപ്പോഴാണ് എനിക്ക് നിന്നെ ഓർമ്മ വന്നത്.. ഡാ.. അവളൊരു യത്തീമാ.. നീ പണ്ടൊരു ആഗ്രഹം പറഞ്ഞിരുന്നില്ലേ… പോയി നോക്കുന്നോ…
പെട്ടെന്നുള്ള അവന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ഫൈസി ബുദ്ധിമുട്ടി.. ഉമ്മാനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ ഉമ്മ സമ്മതം മൂളി.. അവളെ ഒന്ന് പോയി കാണാൻ പറഞ്ഞു..
“ഡാ… നീ.. വേഗം റെഡി ആയിക്കോ.. ഞാൻ അവരെ വിളിച്ചു കാര്യം പറയട്ടെ.. നസീർ ഫോണുമായി മുറ്റത്തിറങ്ങി…
വേഗം കുളിച്ചിറങ്ങി.. ഡ്രെസ്സും മാറ്റി അവനോടൊപ്പം ഇറങ്ങുമ്പോൾ ഫൈസിയുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു .
പത്തു പതിനഞ്ചു മിനിറ്റുകൊണ്ട് അവളുടെ വീടിനടുത്തെത്തി.. ദൂരെ നിന്നും ഫൈസി കണ്ടു ഒരു പന്തലൊരുക്കിയ ചെറിയ ഓടിട്ട വീട്.. നസീർ ബൈക്ക് ആ വീടും കഴിഞ്ഞു അപ്പുറത്തെ വീടിന്റെ മുറ്റത്തു നിർത്തി.. ഫൈസിയും നസീറും ഇറങ്ങി ആ വീട്ടിലേക്കു കയറി..
അവളുടെ എളാപ്പ അവിടെ ഉണ്ടായിരുന്നു.. അവർ സലാം പറഞ്ഞു അകത്തു കയറി ഇരുന്നു..പരിചയപെടലിന് ശേഷം അവളുടെ എളാപ്പ ഫൈസിയെ കൂട്ടി അപ്പുറത്തെ റൂമിൽ കയറി.. റസിയാ എന്നും വിളിച്ചു അകത്തോട്ടു പോയി..
ഫൈസിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.. യാ അല്ലാഹ്… ഒരു കല്യാണം മുടങ്ങിയ പെണ്ണിനെയാണ് കാണാൻ വന്നിരിക്കുന്നത്.. ഞാൻ കാരണം അതിന് വിഷമം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു.. വാതിൽക്കലേക്ക് കണ്ണുംനട്ടു നിന്നു..
” അസ്സലാമുഅലൈക്കും.. സലാം പറഞ്ഞുകൊണ്ട് മൈലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകളുമായി ഒരു മൊഞ്ചത്തി ആ റൂമിലേക്ക് കയറി വന്നു..
ഒറ്റ നോട്ടത്തിൽ തന്നെ ഓള് ഫൈസിയുടെ നെഞ്ചിൽ മണിയറ ഒരുക്കിയിരുന്നു.. കുറച്ചു നേരം കാര്യങ്ങൾ സംസാരിച്ച ഫൈസി അവളോട് പറഞ്ഞു
“”റസിയാ.. എനിക്ക് നിന്നെ ഇഷ്ടമായിക്ക്.. പക്ഷെ.. കല്യാണം മുടങ്ങിയതുകൊണ്ടും വീട്ടുകാരുടെ നിർബന്ധത്തിനും വഴങ്ങി നീ കല്യാണത്തിന് സമ്മതിക്കരുത്.. നിനക്കിഷ്ടമായെങ്കിൽ മാത്രം സമ്മതം പറഞ്ഞാൽ മതി…
“” ഇക്കാ… ഒരു പെണ്ണിന്റെ സങ്കല്പത്തിൽ ഒരു ഭർത്താവ് അവളുടെ സങ്കടത്തിൽ കൂടെ നികുന്നവനായിരിക്കണം എന്നാണ്.. ഞാൻ ഏറ്റവും സങ്കടപ്പെട്ടിരിക്കുമ്പോൾ എനിക്കൊരു ജീവിതം തരാൻ മനസ്സ് കാണിച്ച ഇക്കയുടെ ഒപ്പം ജീവിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്..
അവളുടെ പക്വതയാർന്ന മറുപടി ഫൈസിക് എന്തെന്നില്ലാത്ത സന്തോഷം നൽകി.. അവളോട് സലാം പറഞ്ഞു അവിടുന്നിറങ്ങി..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. അവളുടെ എളാപ്പയും കുറച്ചുപേരും വീട്ടിൽ വരുമ്പോളേക്കും ഉപ്പാപ്പയും നാട്ടിലെ പ്രമാണിമാരെയും ഫൈസി വീട്ടിലേക് വിളിച്ചിരുന്നു..പിറ്റേദിവസം രാവിലെ പതിനൊന്നു മണിക്ക് പള്ളിയിൽ നികാഹ് ഉറപ്പിച്ചു അവർ പിരിഞ്ഞു..
പിന്നെ ഓട്ടമായിരുന്ന… ഇത്താത്തയെയും കൂട്ടി മഹ്റും.. അവൾക്കുള്ള ഡ്രെസ്സും അവന്റെ ഡ്രെസ്സും വാങ്ങി വരുമ്പോഴേക്കും നസീർ വീട് ഒരു കല്യാണപ്പുര യാക്കിയിരുന്നു.. കൂട്ടുകാരെ വിളിച്ചു പന്തലൊരുക്കി ഭക്ഷണത്തിനുള്ള ആളും സദാനവുമെല്ലാം ചങ്കുകളായ ഇല്യാസും റയീസും സിറാജുമെല്ലാം ഓടിനടന്നു ശരിയാക്കി..
പിറ്റേദിവസം രാവിലെ പതിനൊന്നു മണിക്ക് പള്ളിയിൽ വെച്ച് അവളുടെ എളാപ്പ അവളെ ഫൈസിയുടെ കൈകളിൽ ഏല്പിച്ചു.. പുതിയാപ്പിള പോക്കും .. പെണ്ണിനെ കൂട്ടിവരുത്തുമെല്ലാം എത്ര പെട്ടന്നാണ് കഴിഞ്ഞത്..
രാത്രി എല്ലാവരും പിരിഞ്ഞു പോയി.. ഭക്ഷണം കഴിഞ്ഞു റൂമിലെത്തി ഫൈസിക്ക് എല്ലം ഒരു സ്വപ്നം പോലെ തോന്നി.. ഇന്നലെവരെ പെണ്ണന്വേഷിച്ച ഫൈസിക്ക് ഇന്ന് ആദ്യ രാത്രി..
പടച്ചോൻ ചിലപ്പോൾ അങ്ങിനെയാണ്..ചിലരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കാണിച്ചുകളയും..
വീട്ടിലെത്തിയിട്ട് അവളെ ഒന്ന് ശരിക്ക് കണ്ടിട്ടപോലുമില്ല.. അടുക്കളയിൽ ഇത്താത്തയുമായി സംസാരിച്ചിരിക്കുന്ന അവളെ ഇടംകണ്ണിട്ട് നോക്കി.. അവിടുന്ന് പോന്നതാണ്.. എന്തൊക്കെയോ അവളോട് സംസാരിക്കാനുള്ളതുപോലെ തോന്നി ഫൈസിക്ക്…
ഓരോന്ന് ഓർത്തിരിക്കുമ്പോളാണ് സലാം പറഞ്ഞുകൊണ്ട് അവൾ മണിയറയിലേക്ക് കടന്നു വന്നത്..
“”ഇക്കാ.. വുളൂ ഉണ്ടോ.. നമുക്ക് രണ്ട് റക്അത്ത് സുന്നത് നമസ്കരിക്കാം..
അവളുടെ ചോദ്യം കേട്ടപാടെ എഴുനേറ്റു ബാത്റൂമിൽ പോയി വുളൂ എടുത്തു വന്നു..
അവൾക്കു ഇമാമായി സുന്നത് നമസ്ക്കരിക്കാൻ തുടങ്ങി.. സുജൂദിൽ ഇരുന്നു കൊണ്ട് ഫൈസി ഇത്രയും നല്ലൊരു ഇണയെ തനിക്കു വേണ്ടി പടച്ച നാഥനോട് നന്ദി പറയുകയായിരുന്നു..
നിസ്കാരം കഴിഞ്ഞു ഒരുമിച്ചിരുന്നു അവർ സംസാരിക്കാൻ തുടങ്ങി… സംസാരത്തിലെപ്പോഴോ.. ഇരുത്തം കിടത്തിലേക്ക് മാറിയിരുന്നു… പള്ളിയിൽ നിന്നും സുബഹി ബാങ്ക് കേട്ടപ്പോളാണ് സംസാരിച്ചു സമയം പോയതറിഞ്ഞത്…
അവളോട് നിസ്കരിച്ചു കിടന്നോളാൻ പറഞ്ഞു ഫൈസി പള്ളിയിലേക്ക് പോയി..
കല്യാണം കഴിക്കാൻ ആഗ്രഹിച്ചു ലീവിന് നാട്ടിൽപോയി ഒന്നും ശരിയാവാതെ തിരിച്ചുവരുന്ന സഹോദരങ്ങളോട്.. നിങ്ങൾ വിഷമിക്കരുത് ദൈവം നിങ്ങൾക്ക് ഒരു ഇണയെ പടച്ചിട്ടുണ്ടെങ്കിൽ എത്ര വൈകിയാലും ഒരു നാൾ നിങ്ങളുടെ അടുത്തെത്തിയിരിക്കും…