നമ്മൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ഉള്ള എക്സൈറ്റ്മെന്റ് ആണ് എനിക്ക് ആവശ്യം. ഫോട്ടോ കണ്ടാൽ അത് കഴിഞ്ഞില്ലേ..? പിന്നെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം…….

_upscale

കറുപ്പ്

എഴുത്ത്:-വസു

രാവിലെ എഴുന്നേറ്റത് മുതൽ വല്ലാത്ത സന്തോഷമാണ്..!! തനിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് ഇന്ന്..!

പുഞ്ചിരിയോടെ ഓർത്തുകൊണ്ട് വിമൽ ബെഡിൽ നിന്ന് എഴുന്നേറ്റു. രാത്രിയിൽ ചാർജ് തീർന്ന് ഓഫ് ആയ ഫോൺ എടുത്ത് ചാർജിൽ കുത്തിയിട്ടു. പിന്നെ തിടുക്കപ്പെട്ടു എഴുന്നേറ്റു പോയി കുളിച്ച് ഫ്രഷായി. പിന്നെ വേഗം തന്നെ വന്ന് ഫോൺ എടുത്തു നോക്കി.

” തൂമഞ്ഞ് പെയ്യുന്ന ഈ പുലർകാല വേളയിൽ പ്രിയപ്പെട്ടവന് ശുഭദിനം ആശംസിക്കുന്നു …!!”

ആ മെസ്സേജ് കണ്ടതോടെ അവന്റെ ചുണ്ടുകൾ വിടർന്നു. പെട്ടെന്ന് തന്നെ മറുപടി ടൈപ്പ് ചെയ്തു.

” എനിക്ക് ഏറെ പ്രിയപ്പെട്ടവൾക്ക് നല്ലൊരു ദിനം ആശംസിക്കുന്നു..!”

” അങ്ങനെ കഴിഞ്ഞ രണ്ടു വർഷത്തെ കാത്തിരിപ്പിന് ഇന്ന് അവസാനം ആവുകയാണ്. എന്റെ പ്രിയപ്പെട്ടവളെ നേരിൽ കാണാൻ ഞാൻ വരുന്നു..!”

രണ്ട് മെസ്സേജുകളും അയച്ചു കഴിഞ്ഞു അവൻ ഫോൺ ലോക്ക് ചെയ്തു വച്ചു.വസ്ത്രം മാറി മുറിക്ക് പുറത്തേക്കിറങ്ങി.

“അമ്മ ചായ…”

അമ്മയുടെ അത്ഭുതത്തോടെയുള്ള നോട്ടം വകവയ്ക്കാതെ അവൻ മുറ്റത്തേക്ക് നടന്നു. അവൻ തിരികെ വരുമ്പോഴേക്കും അമ്മ ചായ എടുത്ത് അവന്റെ കയ്യിൽ കൊടുത്തിരുന്നു.

” നീ ഇന്ന് എവിടേക്കാ..? രാവിലെ തന്നെ അണിഞ്ഞൊരുങ്ങി സുന്ദരൻ ആയിട്ടുണ്ടല്ലോ..? “

അവനെ മൊത്തത്തിൽ ഒന്ന് നോക്കിക്കൊണ്ട് അമ്മ ചോദിച്ചു.

“എനിക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഒരാളിനെ കാണാൻ പോണം.. എന്താ ഏതാ എന്നൊന്നും ചോദിക്കരുത്. അതൊക്കെ പോയി വന്നതിനു ശേഷം ഞാൻ പറയാം. വിശദമായി തന്നെ എല്ലാം പറഞ്ഞു തരുന്നുണ്ട്..!”

കുസൃതിയോടെ അമ്മയോട് പറഞ്ഞുകൊണ്ട് അവൻ ചായ കുടിച്ചു തീർത്തു. പിന്നെ വേഗത്തിൽ മുറിയിലേക്ക് പോയി, ഫോണും ബൈക്കിന്റെ ചാവിയും വാലറ്റും ഒക്കെയായി തിരികെ വന്നു.അമ്മയോട് യാത്ര പറയുമ്പോൾ പതിവില്ലാതെ അമ്മയ്ക്ക് ഒരു മുത്തവും കൊടുത്തിരുന്നു.അമ്മയുടെ അമ്പരപ്പോടെയുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ച് വണ്ടിക്ക് അടുത്തേക്ക് നടന്നു.

വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് കയറ്റുമ്പോൾ ഗ്ലാസിലൂടെ ഒന്ന് നോക്കി. അമ്മ അവിടെ ഉമ്മറപ്പടിയിൽ അവനെയും നോക്കി നിൽക്കുന്നത് അവൻ കണ്ടു. ആ കാഴ്ചയുടെ സന്തോഷത്തിൽ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൻ റോഡിലേക്ക് ശ്രദ്ധ തിരിച്ചു.

ഒരു മണിക്കൂറോളം. യാത്രയുണ്ട് കാണാമെന്നു പറഞ്ഞ സ്ഥലത്തേക്ക്..!

അത് ഓർത്തിരിക്കേ അവന്റെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ മറ്റു ചില സംഭവങ്ങൾ ഓടിയെത്തി. അവയൊക്കെ ഒരു പുഞ്ചിരിയോടെ ഓർത്തെടുത്തു കൊണ്ട് അവൻ വണ്ടി മുന്നോട്ട് പായിച്ചു.

തനിക്ക് ചെറുപ്പം മുതൽ ചിത്രം വരയ്ക്കുന്നത് ഒരുപാട് ഇഷ്ടമാണ്. പക്ഷേ പഠനത്തിന്റെ ഇടയ്ക്ക് ചിത്രം വരച്ചിരുന്നാൽ അച്ഛന്റെ കയ്യിൽ നിന്ന് നല്ല തiല്ല് കിട്ടാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കപ്പോഴും അച്ചൻ കാണാതെയാണ് വരക്കൽ ഒക്കെ.

പഠനം ഒക്കെ കഴിഞ്ഞതിനുശേഷം മുഖപുസ്തകത്തിൽ ഒരു അക്കൗണ്ട് തുടങ്ങി. ഈ അടുത്ത കാലത്താണ് താൻ വരച്ച ചിത്രത്തിൽ ഏതോ ഒന്ന് ഫേസ്ബുക്കിലേക്ക് ഒരു കൂട്ടുകാരൻ ഷെയർ ചെയ്തത്. അത് കണ്ടിട്ട് സുഹൃത്തുക്കളെ പലരും താൻ വരയ്ക്കും എന്ന് അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞ് മെസ്സേജുകൾ അയച്ചിരുന്നു. അതിനൊക്കെ ആവശ്യമായ മറുപടികൾ നൽകുകയും ചെയ്തു.

പിന്നെ പിന്നെ പലരും തന്റെ ചിത്രങ്ങൾ കാണാൻ ആവശ്യപ്പെട്ടു തുടങ്ങി. അങ്ങനെയാണ് താൻ വരയ്ക്കുന്ന ചിത്രങ്ങളൊക്കെ മുഖപുസ്തകത്തിൽ ഷെയർ ചെയ്തു തുടങ്ങിയത്. അതോടെ ചില ആരാധകരെ കിട്ടുകയും ചെയ്തു. ആ കൂട്ടത്തിൽ ഒരുവൾ ആയിരുന്നു അത്..! തീരെ പ്രതീക്ഷിക്കാതെ എന്നിലേക്ക് എത്തിച്ചേർന്ന അവൾ..!

ആദ്യമായി അവളെ ഞാൻ പരിചയപ്പെടുന്നത് എന്റെ ഏതോ ഒരു ചിത്രത്തിന്റെ കമന്റ് ബോക്സിൽ ആണ്.

” ചിത്രകാരാ..നിങ്ങൾ ഉദ്ദേശിച്ചത് എന്താണ് എന്ന് എനിക്കറിയില്ല.. പക്ഷേ ഈ ചിത്രത്തിന് ഒരു പൂർണ്ണത ഇല്ലാത്തതുപോലെ എനിക്ക് തോന്നുന്നു.. “

ഇങ്ങനെയായിരുന്നു ആ ചിത്രത്തിന് അവൾ കമന്റ് ചെയ്തത്. ആ വാക്കുകൾ എനിക്ക് വല്ലാത്ത വേദനയാണ് നൽകിയത്. അതിനേക്കാൾ ഉപരി എനിക്ക് അവളോട് ദേഷ്യം തോന്നി. ഇന്നുവരെ നല്ല അഭിപ്രായങ്ങൾ മാത്രമേ കേട്ടിട്ടുള്ളൂ. അതിൽ നിന്നും വ്യത്യസ്തമായി കേൾക്കുന്ന ഒരു അഭിപ്രായം..! അത് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെയാണ് തോന്നിയത്..!

ആ ഒരു തോന്നൽ കൊണ്ട് തന്നെയാണ് അവളുടെ ഇൻബോക്സിലേക്ക് ഇടിച്ചു കയറിയത്.അന്ന് ദേഷ്യത്തോടെ അവളോട് എന്തൊക്കെയോ പറഞ്ഞു. ഒക്കെയും കേട്ടതിനു ശേഷം ക്ഷമയോടെ അവൾ ആ ചിത്രത്തിലെ തെറ്റുകളെ കുറിച്ച് എനിക്ക് പറഞ്ഞു തന്നു. ചിന്തിച്ചു നോക്കിയപ്പോൾ അതൊക്കെ ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു. അവളോട് സോറി പറയാൻ തോന്നിയെങ്കിലും എന്റെ അഹങ്കാരം അതിന് അനുവദിച്ചില്ല എന്ന് പറയുന്നതാണ് ശരി.

ദിവസങ്ങൾ പോകെ ആ ഒരു തോന്നൽ വർദ്ധിച്ചു. അതിന്റെ ഭാഗമായി അവളോട് പോയി സോറി പറയുകയും ചെയ്തു. പക്ഷേ അതൊരു സാധാരണ കാര്യം പോലെ അവൾ വിട്ടുകളഞ്ഞു. പതിയെ പതിയെ ഞങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കളായി. അതിൽ നിന്നാണ് അവളും അത്യാവശ്യം പെയിന്റിംഗ് ഒക്കെ ചെയ്യുന്ന ആളാണ് എന്ന് മനസ്സിലാക്കിയത്.

പക്ഷേ പെയിന്റിംഗിനേക്കാൾ അവൾക്ക് ഇഷ്ടം കവിതകളും കഥകളും എഴുതാനായിരുന്നു. മിക്കപ്പോഴും അവൾ എഴുതുന്ന വരികൾ എനിക്ക് അയച്ചു തരാറുണ്ട്. അഭിപ്രായങ്ങൾ പറയാൻ ഞാൻ മറക്കാറുമില്ല. അതുപോലെ ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ അവൾക്കാണ് ആദ്യം അയച്ചു കൊടുക്കാറ്. അതിൽ തെറ്റുകുറ്റങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അവൾ പറയാറുണ്ട്. നല്ലതാണെന്ന് തോന്നിയാൽ അഭിനന്ദിക്കാൻ മടിയുമില്ല.. ഏകദേശം ഒരേ വെവ് ലെങ്ത് ഉള്ള രണ്ടുപേർ എന്നാണ് ഞങ്ങൾക്ക് രണ്ടുപേർക്കും സ്വയം തോന്നിയത്..!

ആ തോന്നൽ ശക്തിപ്പെട്ടപ്പോൾ ഞങ്ങൾ ഇരുവരും സ്വയം അറിയാതെ ഒരു പ്രണയ ബന്ധത്തിലേക്ക് നടന്നടുക്കുകയായിരുന്നു. അന്നുവരെയും ശബ്ദം കൊണ്ട് മാത്രമാണ് ഞങ്ങൾ പ്രണയിച്ചിരുന്നത്. ഒരിക്കലും ഒരു ഫോട്ടോ പോലും ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല.

ഒരിക്കൽ ആഗ്രഹം കഠിനമായപ്പോൾ അവളോട് ഒരു ഫോട്ടോ ആവശ്യപ്പെട്ടു.

” നമ്മൾ തമ്മിൽ നേരിട്ട് കാണുമ്പോൾ ഉള്ള എക്സൈറ്റ്മെന്റ് ആണ് എനിക്ക് ആവശ്യം. ഫോട്ടോ കണ്ടാൽ അത് കഴിഞ്ഞില്ലേ..? പിന്നെ ഒരു കാര്യം ഞാൻ ആദ്യമേ പറഞ്ഞേക്കാം.. തന്റെ സങ്കല്പത്തിലുള്ള ഒരാളെ ആയിരിക്കില്ല ചിലപ്പോൾ ഞാൻ.. അങ്ങനെയാണെങ്കിൽ തനിക്ക് എന്നെ ഉൾക്കൊള്ളാൻ കഴിയണം.. അഥവാ അതിനു പറ്റുന്നില്ലെങ്കിൽ എന്നോട് തുറന്നു പറയണം.. “

അവൾ പറഞ്ഞതൊക്കെ എനിക്കും സമ്മതമായിരുന്നു. ഒരു വർഷം കടന്നു പോയി. ഇന്ന് ആദ്യമായി അവളെ കാണാൻ പോവുകയാണ്.. ബീച്ചിലേക്ക്..!

പുഞ്ചിരിയോടെ അവൻ മുന്നിലെ റോഡിലേക്ക് കണ്ണു നട്ടു.

അവൻ അവിടെ എത്തുമ്പോൾ അവിടെ എവിടെയും അവളുള്ളതായി അവനു തോന്നിയില്ല. അതുകൊണ്ടുതന്നെ അവൻ ഫോണെടുത്ത് അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. പെട്ടെന്ന് അവന്റെ പിന്നിൽ നിന്ന് ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അവൻ ഞെട്ടി തിരിഞ്ഞുനോക്കി.

” ഹായ്… ഞാനാണ് ആദ്യ… “

അവൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ, അവന് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുന്നുണ്ടായിരുന്നു.

അവൻ പ്രതീക്ഷിക്കുന്ന രൂപമോ ഭാവമോ ഒന്നുമായിരിക്കില്ല അവൾക്ക് എന്ന് അവൾ മുൻപ് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും, ഇത്രത്തോളം ഭംഗി കുറഞ്ഞ ഒരു പെണ്ണായിരിക്കും എന്ന് അവൻ ഒരിക്കലും കരുതിയിട്ടു ണ്ടായിരുന്നില്ല. കാക്ക കറുപ്പായിരുന്നു അവളുടെ നിറം. വെളുവെളുത്ത അവനോട് തീരെ യോജിക്കാത്ത പോലെ ഒരു നിറം. ആദ്യ കാഴ്ചയിൽ തന്നെ അവന് അവളോട് മടുപ്പ് തോന്നി.

അവളോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും അവന് വല്ലാത്ത ബുദ്ധി മുട്ടായിരുന്നു. എന്തൊക്കെയോ തിരക്കുകൾ പറഞ്ഞു അവളിൽ നിന്ന് ഓടി ഒളിക്കുമ്പോൾ ഇനി ഒരിക്കലും അവളെ കാണേണ്ടി വരരുത് എന്നാണ് അവൻ ആഗ്രഹിച്ചത്.

അന്ന് രാത്രി അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അത് അവളുടെതായിരുന്നു..!

” വിമൽ.. ഇന്ന് നിന്നെ കാണാൻ ഞാൻ വന്നിരുന്നു. പക്ഷേ.. നീ എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുമ്പോൾ നീ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ രൂപമോ ഭാവമോ ഒന്നും നിന്നെ ഭ്രമിപ്പിക്കില്ല എന്ന്. എന്നിട്ടും ഇന്ന് എന്നെ കണ്ടപ്പോൾ, നിന്റെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. അതിൽ നിന്നുതന്നെ നിന്റെ മനസ്സ് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലായി. ഇനി നീയുമായി ഒരു ബന്ധത്തിന് എനിക്ക് താല്പര്യമില്ല. പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. ഞാൻ നിന്നെ കണ്ടു എന്ന് പറഞ്ഞത് ശരിയാണ്. പക്ഷേ നീ ഒരിക്കലും എന്നെ കണ്ടിട്ടില്ല.. നിനക്ക് ആവശ്യം പുറമോടികൾ മാത്രമാണ്.. “

അത്രയും മാത്രമായിരുന്നു ആ മെസ്സേജ്. പക്ഷേ വിമലിന് വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. അവളെ എങ്ങനെ ഒഴിവാക്കണം എന്നോർത്ത് ഇനി തല പുകയ്ക്കേണ്ട ആവശ്യമില്ല എന്നാണ് അവൻ ആ നിമിഷം ഓർത്തത്.

ഒരു വർഷത്തിനുശേഷം,

” ഈ വർഷത്തെ ഏറ്റവും നല്ല കവിതയ്ക്കുള്ള അവാർഡ് ശ്രീമതി ആദ്യയ്ക്കാണ്. പുരസ്കാരം സ്വീകരിക്കാൻ ആദ്യയെ വേദിയിലേക്ക് ക്ഷണിക്കുന്നു.”

ടിവിയിൽ ന്യൂസ് കണ്ടപ്പോൾ മടുപ്പോടെ വിമൽ ചാനൽ മാറ്റാൻ ഒരുങ്ങി. പക്ഷേ പെട്ടെന്ന് വേദിയിലേക്ക് കയറി വന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ടപ്പോൾ അവന്റെ വിരലുകൾ റിമോട്ടിൽ അമരാൻ മറന്നുപോയി.പുരസ്കാരം സ്വീകരിച്ച് അവൾ നന്ദി പറഞ്ഞു.

” ഈ അവാർഡിന് എന്നെ അർഹയാക്കിയ നിങ്ങൾ ഓരോരുത്തരോടും മനസ്സു നിറഞ്ഞ സ്നേഹം..! പുറംമോടികൾ എന്ന് എന്റെ കവിതയ്ക്കാണ് ഈ അവാർഡ്. ജീവിതത്തിൽ തന്നെ പല അനുഭവങ്ങളും ഉണ്ടായിട്ടുള്ള ആളാണ് ഞാൻ. അത്തരത്തിൽ ഒരു അനുഭവത്തിന് തന്നെയാണ് ഞാൻ ആ കവിതയുടെ രൂപത്തിലേക്ക് മാറ്റിയത്..! “

അവൾ പുഞ്ചിരിയോടെ സംസാരിച്ചു തുടങ്ങി.

“ആ അനുഭവം ഏതാണെന്ന് ഒന്ന് വ്യക്തമാക്കാമോ..?”

ആങ്കറിങ്ങിനായി നിന്ന യുവതി ചോദിച്ചപ്പോൾ അവൾ പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി.

“ഒന്നൊന്നര വർഷം മുന്നേയുള്ള കഥയാണ്. അന്ന് ഒരു ട്രീറ്റ്മെന്റ് ഭാഗമായി എന്റെ ശരീരഘടന മുഴുവൻ മാറിയിരുന്നു. അതുമാത്രമല്ല ഞാൻ ആകെ കറുത്തിരുണ്ട് എന്റെ രൂപവും ഭാവവും ആകെ മാറി പോയിരുന്നു. ആ ഇടയ്ക്ക് എനിക്ക് ഒരു പ്രണയം ഉണ്ടായി. പരസ്പരം കാണാതെയും അറിയാതെയും ഞങ്ങൾ പ്രണയിച്ചു. എന്റെ മനസ്സിനെയാണ് അയാൾ പ്രണയിക്കുന്നത് എന്ന് എന്നെ തെറ്റിദ്ധരിപ്പിച്ചു. പക്ഷേ അന്ന് എന്നെ കണ്ട ആദ്യ കാഴ്ചയിൽ തന്നെ അയാൾ അവജ്ഞയോടെ നോക്കുകയാണ് ചെയ്തത്. അങ്ങനെ ആ പ്രണയ ബന്ധത്തിന് അവസാനമായി. അതിൽ നിന്നുണ്ടായ തിരിച്ചറിവിലാണ് ഞാൻ ആ കവിത എഴുതിയത്.. സത്യം പറഞ്ഞാൽ പുറം മോടിയിൽ ഒന്നും ഒരു കാര്യവുമില്ല. മനസ്സാണ് നന്നാവേണ്ടത്. ഇവിടെ പലർക്കും കഴിയാത്തതും അതുതന്നെയാണ്.”

അവൾ പറഞ്ഞ അവസാനിപ്പിക്കുമ്പോൾ വല്ലാത്തൊരു കുറ്റബോധത്തോടെ ടിവി സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ മാത്രമേ വിമലിന് കഴിഞ്ഞുള്ളൂ…!