നമ്മുടെ മോൻ, നമ്മുടെ ആദി; നീണ്ട ഇരുപത്തിനാലു വർഷങ്ങൾക്കപ്പുറം, രണ്ടു വ്യാഴവട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം, നമ്മേത്തേടിയെത്തുന്നു…….

മേഘദൂത്

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

” നിർമ്മലേ”

“എന്താ രവിയേട്ടാ?”

“എവിടെപ്പോയിരിക്ക്യാ നീ?”

“ഞാനിവിടെയുണ്ട് ഏട്ടാ, ഈ പാരിജാതപ്പൂക്കളുടെ സുഖഗന്ധം ആസ്വദിച്ചു, നേർത്ത സംഗീതം കേട്ട്, അങ്ങനേ നിന്നു പോയി. ഏട്ടൻ, എന്തിനാ വിളിച്ചേ?”

“നിർമ്മലേ, നമ്മുടെ മോൻ വരുന്നൂ ഇങ്ങോട്ട്!!! നമ്മുടെ അടുത്തേക്ക്, ആദിത്യൻ, നമ്മുടെ ആദി”

” അതേയോ, സത്യാണോ രവിയേട്ടാ?”

“സത്യം, അറിയിപ്പു കുറച്ചു മുൻപാണ് കിട്ടിയത്. മേഘം , ദൂതുമായി വന്നിരുന്നു. അവൻ പുറപ്പെട്ടിട്ടുണ്ട്”

“നമ്മുടെ മോൻ, നമ്മുടെ ആദി; നീണ്ട ഇരുപത്തിനാലു വർഷങ്ങൾക്കപ്പുറം, രണ്ടു വ്യാഴവട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം, നമ്മേത്തേടിയെത്തുന്നു”

“രവിയേട്ടാ, അവൻ എത്ര മാറിയിട്ടുണ്ടാകും ല്ലേ? ഇരുപത്തിയെട്ടു വയസ്സ്..ഇപ്പോൾ, അവൻ രവിയേട്ടന്റെ ഇന്നലേകളിലേ അതേ രൂപമായിരിക്കും. അവൻ നമ്മളോട് തീർച്ചയായും നീരസത്തിലായിരിക്കും. നീണ്ട ഇരുപത്തിനാലു വർഷങ്ങളുടെ ഒറ്റപ്പെടുത്തലിന്നെ അവൻ രൂക്ഷമായി വിമർശിച്ചേക്കാം. നമുക്ക് ക്ഷമിക്കാം, നമ്മുടെ മോനല്ലേ”

“നമ്മള് പോന്നാലും, അവനേ തറവാട്ടുവീട്ടുകാർ എത്ര ലാളിച്ചാണ് വളർത്തിയത്. അല്ലല റിയാതെ, മികച്ച വിദ്യാഭ്യാസം പകർന്ന്, പുതുമയുള്ള കളിപ്പാട്ടങ്ങളും, വസ്ത്രങ്ങളും പഠനോപകരണങ്ങളും എല്ലാം നൽകി. അവരേ ഒരിക്കലും മറക്കാൻ ആർക്കും കഴിയില്ല”

“അവന്റെ പഠനത്തിലെ കുതിപ്പുകളും, മികച്ച ഉദ്യോഗവും പ്രണയവും പരിണയവും എല്ലാം കാണാനും പങ്കെടുക്കാനും യോഗം തറവാട്ടുകാർക്കാണ്..അവന്റെ ഭാര്യയുടെ പേര് എന്തായിരുന്നു? നിനക്ക് ഓർമ്മയുണ്ടോ നിർമ്മലേ?”

“പിന്നേ, ഓർമ്മയില്ലാതെ; ഋതൂ ന്നല്ലേ പേര്. നല്ല പേര്..നമ്മൾ എല്ലാം അറിയുന്നില്ലേ അവനേ നേരിൽക്കണ്ടില്ലെങ്കിലും”

” രവിയേട്ടാ?”

“ഉം “

“ഋതൂന്, ഇപ്പോൾ ദേഷ്യം വരണുണ്ടാവില്ലേ? ആദി, അവളോട് ഒരു വാക്ക് പറയാതെ നമ്മുടെ അടുത്തേക്ക് വന്നതിന് “

“തീർച്ചയായും ഉണ്ടാകും. അവന് മൂന്നു വയസ്സുള്ളപ്പോൾ നമ്മളും ഇതുപോലെ അവനോട് ചെയ്തതല്ലേ? അവൻ എത്ര കരഞ്ഞിരിക്കുന്നു. ദേക്ഷ്യപ്പെട്ടിരിക്കുന്നു “

“അവനും നമ്മുടേതു പോലെത്തന്നേ ബൈക്കിലാണ് യാത്ര തിരിച്ചത്..മോട്ടാർ വാഹനങ്ങളുടെ തലമുറവ്യതിയാനം മാത്രമേ പ്രസക്തമായിട്ടുള്ളൂ. അതേ റോഡ്, വീതിയും തിരക്കും കൂടീന്നു മാത്രം”

” നമുക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ലല്ലോ രവിയേട്ടാ. പാതിരാത്രിയിൽ എത് വിഭാഗമാണ് റോഡിൽ കുഴി തീർത്തത് എന്നും അജ്ഞാതമായിരുന്നു.

പക്ഷേ, ആദിക്ക് ഹെൽമറ്റ് ഉണ്ടായിരുന്നു. വളരേ പതുക്കേയാണ് അവൻ സഞ്ചരിച്ചത്. എതിരേ വന്ന കാറിൽ ഉണ്ടായിരുന്ന പുത്തൻ തലമുറക്കാരുടെ സിരകളിലും മിഴികളിലും ലഹരിയായിരുന്നല്ലോ. അതിവേഗവും. ആദിയെ അവർ കണ്ടതേയില്ലല്ലോ”

“അവൻ, എത്തിച്ചേരാറായിട്ടുണ്ട്. തീർച്ച. അവൻ നമ്മളെ തിരയുന്നതിനു മുൻപേ അവനേ സ്വീകരിക്കണം. സ്വർണ്ണനദിക്കരയിലെ ഉദ്യാനങ്ങളിൽ അവനോടൊന്നിച്ച് ഒരുപാടലയണം. മേഘങ്ങൾ ദൂത് പേറിയെത്തുമ്പോൾ , അവന് അവളേക്കുറിച്ചുള്ള വാർത്തകളറിയാം. അവന്റെ പ്രിയപ്പെട്ട ഋതുവിന്റെ.

ഗോപുരവാതിലിന്റെ മണികൾ കിലുങ്ങുന്നു..അവൻ വന്നു..രവിയേട്ടാ, ഞാൻ മുന്നിൽ നടന്നേക്കാം. ഞാനവനേ ഒന്നു കണ്ടോട്ടേ.

ഇരുപത്തിനാലു വർഷങ്ങൾക്കപ്പുറം”