നമുക്ക് എവിടെയെങ്കിലും കുട്ടികളുമൊത്തു യാത്രപോകണം ഏട്ടാ , കഴിഞ്ഞ പ്രാവശ്യം പോകാം എന്നുപറഞ്ഞു പറ്റിച്ചു……..

_upscale

ഒരു സാധാ പ്രവാസി ഭാര്യ

Story written by Latheesh Kaitheri

നമുക്ക് എവിടെയെങ്കിലും കുട്ടികളുമൊത്തു യാത്രപോകണം ഏട്ടാ , കഴിഞ്ഞ പ്രാവശ്യം പോകാം എന്നുപറഞ്ഞു പറ്റിച്ചു ,ഇപ്രാവശ്യമെങ്കിലും പോകണം.

ആ നോക്കട്ടെ പോകാം .

അങ്ങനെ പറഞ്ഞാൽ പോരാ , ഇപ്രാവശ്യം എന്തായാലും പോകണം

ഗീതയ്ക്കറിയാം ഒന്നും നടക്കിലാന്ന് , എപ്പോഴും ഫ്രണ്ട്സും അവരൊപ്പൊമുള്ള കറക്കവും വെള്ളമടിയും തന്നെ .കുമാർ പോയാൽ ഒരത്യാവശ്യത്തിനു വിളിച്ചാൽ വരാത്ത ആൾക്കാരൊക്കെ ഇപ്പൊ ഫുൾ ടൈം ഈ ചുറ്റുവട്ടത്ത് തന്നെയുണ്ട്. സമ്പാദിച്ച കാശിന്റെ നല്ലൊരു ഭാഗം ഇങ്ങനെ കുടുംബത്തിന് ഗുണമില്ലാതെ പൊട്ടിച്ചു തീർക്കും .ആ സമയത്തു ചെങ്ങായിമാരൊക്കെ കൂടി മൂപ്പരെ പൊന്തിച്ചു രാജാവാക്കി വെക്കും .മൂപ്പരതിൽ വീഴുകയും ചെയ്യും .

ഇരുപത്തിനാലു ദിവസങ്ങൾ കഴിഞ്ഞു. ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു ഒരുമാറ്റവുമില്ല സത്യത്തിൽ അദ്ദേഹം വന്നത് എനിയ്ക്കും മക്കൾക്കും വേണ്ടിയാണോ അതൊ കൂട്ടുകാര്ക്കു വേണ്ടയാണോ എന്ന് സംശയം തോന്നുന്നു

ഒരു വര്ഷം കൊണ്ട് ഞാനും മക്കളും കൂട്ടിവെച്ച സ്വപ്നനിമിഷങ്ങൾ ഒന്നുപോലും നടന്നിട്ടില്ല .

നിങ്ങളുടെ ലീവ് തീരാൻ ഇനി ഒരാഴ്ച കൂടിയേ ഉള്ളു എന്നെയും മക്കളേയും കൂട്ടി കന്യാകുമാരിക്ക്‌ ടൂറുപോകാം എന്നുവാക്കു തന്നതാണ് ,അതൊന്നും നടക്കില്ല എന്നനിക്കറിയാം .എനിക്കതൊക്കെ ശീലമായി അതുപോട്ടെ ,നമുക്ക് എന്റെ വീട്ടിലേക്കെങ്കിലും ഒന്നുപോകേണ്ട ?

അതിന്റെ ആവശ്യമൊന്നുമില്ല ,,നീയും പിള്ളേരും ഇടയ്ക്കിടെ പോകുന്നുണ്ടല്ലോ അതുമതി .

വയ്യാതെ കിടക്കുന്ന അച്ഛനെ ഒന്നുപോയി കണ്ടൂടെ ?നിങ്ങളൊന്നും കൊടുക്കകയൊന്നും വേണ്ട, നിങ്ങൾ പോയാൽ അച്ഛന് അത് സന്തോഷാകും

പറയുന്നത് മുഴുവൻ കേട്ടുനിൽക്കാതെ കുമാർ റോഡ് ലക്ഷ്യമാക്കി നടന്നു .

എത്തിനോക്കിയപ്പോൾ സ്ഥിരം ടീം ബൈക്കുമായി കാത്തിരിപ്പുണ്ട് .

അദ്ദേഹത്തിന് ഗൾഫിൽ പോകാൻ തന്റെ വീട് പണയം വെച്ചാ അച്ഛൻ കാശ് അറേഞ്ചുചെയ്തു കൊടുത്ത് ,അവരെ കാണാൻ പോകാനുള്ള സമയം പോലുമില്ല ,എന്താചെയ്ക ഇതൊക്കെ ആരോടുപറയാൻ .

ഇന്ന് മൂപ്പരുമൊത്തുള്ള ഈ വരുത്തിലുള്ള അവസാന ഞായറഴ്ചയാണ്. ഡ്രെസ്സൊക്കെയിട്ട് എവിടെയോ പോകാനുള്ള ഒരുക്കത്തിലാണ് ആള്

എവിടെക്കാ ?

ഒരിടം വരെ പോകാനുണ്ട്

നിങ്ങൾ വരുമ്പോഴാണ് വീട് വിട്ടു നമ്മൾ പുറം ലോകം കാണുന്നത് , എന്നെ നിങ്ങൾ കാര്യമായി എടുക്കേണ്ട , ആ കുട്ടികൾ അവർക്കുമുണ്ടാകില്ലേ ആഗ്രഹങ്ങൾ , ഈ ഞായറഴ്ച്ചയും കൂടിയേ നിങ്ങളിവിടെ ഉണ്ടാകുള്ളൂ .മറ്റുള്ളദിവസം അവർക്കു ക്ലാസ്സുമുണ്ട് ഇന്നെങ്കിലും നമുക്കൊന്ന് പുറത്തുപോകണം .പറഞ്ഞതു പറഞ്ഞു അവസാനം അവളുട വാക്കുകൾ ഇടറി .

വൈകുന്നേരം അവരുടെ നിർബന്ധത്തിനു വഴങ്ങി കുമാർ ഡ്രൈവിംഗ് ബീച്ചിൽ വന്നു. ബൈക്ക് അകത്തുകയറ്റാതെ പുറത്തു തന്നെ വെച്ചു .കുട്ടികൾ വെള്ളെത്തിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവരെ കണ്ണുകൊണ്ടു പേടിപ്പിച്ചു നിർത്തി.

ഭാര്യാഭര്ത്താക്കൻമാർ കാമുകികാമുകൻമാരെപോലെ ബൈക്കിൽ ഒട്ടിയിരുന്നു യാത്രചെയ്യുന്നത് അവൾ നിരാശയോടെ നോക്കിനിന്നു .ഒരു ഐസ്ക്രീം എങ്കിലും അദ്ദേഹം നമുക്ക് മേടിച്ചു തരുമെന്ന് അവൾ പ്രതീക്ഷിച്ചു ,,പക്ഷെ അതുണ്ടായില്ല .

അവൾ സ്വന്തം പേഴ്സിൽ നിന്നും കാശ് എടുത്തു കുട്ടികൾക്കതു മേടിച്ചുകൊടുത്തു .

കുട്ടികൾ പൂഴിമണലിൽ എന്തൊക്കെയോ ഉണ്ടാക്കുന്നു .

അല്പം കഴിയുമ്പോൾ അത് പൊടിഞ്ഞുപോകുന്നു

തന്റെ മോഹങ്ങൾ പോലെ

ഓരോ വർഷവും താൻ കൂട്ടിവെക്കുന്ന മോഹങ്ങൾ ഇതുപോലെ ഇല്ലാതാവുകയാണ് പതിവ് .

ഈ കടലും ഈ കടൽ കാറ്റും കുറച്ചൊന്ന്നുമല്ല തനിക്കാശ്വാസം തരുന്നത് .

ഈ തിരകളുടെ കൂടെ താനും തന്റെ ദുഖങ്ങളും കൂടി ഒലിച്ചു പോയിരുന്നെങ്കിൽ എ ന്നാശിച്ചുപോകുന്നു.

കുമാറിന്റെ ചിന്ത ഇവിടെയെങ്ങും ആയിരുന്നില്ല

വൈകുന്നേരത്തെ പരിപാടിയിൽ ആയിരുന്നു ,, തന്നെ വിളിച്ചുകൊണ്ടു സുഹൃത്തുക്കൾ തുടരെ തുടരെ ബെല്ലടിക്കുന്നു ,

സത്യത്തിൽ ഇവർക്കൊക്കെ വട്ടുണ്ടോ വെറുതെ കടലും നോക്കിനിൽക്കാൻ ,,അതിനു കണക്കായി തന്റെ ഭാര്യയും .

സൂര്യസ്തമയം കാണാൻ നിൽക്കാതെ നേരത്തെ തന്നെ വീട്ടിലേക്കു തിരിച്ചു .

വർഷങ്ങൾ കടന്നുപോയി .എപ്പോ എല്ലാം മതിയായാക്കി കുമാർ നാട്ടിലാണ് .

വീട്ടിൽ താനും ഗീതയും മാത്രം .കുട്ടികൾ വലുതായി അവരും കുടുംബവും ഇപ്പോൾ ഗൾഫിലാണ്

സ്വന്തമായി അദ്വാനിച്ചു സമ്പാദിച്ച കാശിൽ നിന്നും വാങ്ങിയ വീടും കുര്ച്ചുകാശും കയ്യിലുണ്ട് അതുകൊണ്ടു ആരുടെ മുൻപിലും കൈനീട്ടേണ്ട ആവശ്യമില്ല .

രോഗങ്ങൾ ഒന്നിനുപിറകെ ഓരോന്നായി ആക്രമിച്ചു തുടങ്ങിയപ്പോൾ എല്ലാ ദുശീലങ്ങളും നിർത്തി .അതിൽ പിന്നെ സുഹൃത്തുക്കളും ഇങ്ങോട്ടുവരാതായി .

അന്നുമുതലാണ് സ്വന്തം ഭാര്യയെ ശരിക്കുമോന്നു ശ്രെദ്ധിച്ചു തുടങ്ങിയത്. വിവാഹം കഴിച്ചുകൊണ്ടുവന്നിട്ടു മുപ്പതുവര്ഷമായി അതിൽ ഒന്നിച്ചു താമസിച്ചത് മൂന്നുവര്ഷമെങ്കിലും സത്യത്തിൽ താനായിട്ട് നശിപ്പിച്ചു കളഞ്ഞ ദിവസങ്ങളും മണിക്കൂറുകളും കൂടി അതിൽനിന്നു കുറയ്ക്കുമ്പോൾ അവൾക്കായി താൻ മാറ്റിവെച്ചത് കുറച്ചുമാസങ്ങൾ മാത്രം ,,, എന്നിട്ടും ഒരു പരിഭവും പറയാതെ എല്ലാം സഹിച്ചു അവളെന്റെ കൂടെ ഇത്രയും വര്ഷം ജീവിച്ചു

തിരിച്ചറിവ് വന്നപ്പോഴേക്കും ഒരുപാടുവൈകി പോയി എന്നയാൾക്ക്‌ ബോധ്യമായി ,,

ഇപ്പോൾ വൈകുന്നേരങ്ങളിൽ ഇവിടെ ഈ ബീച്ചില് താനും ഗീതയും മിക്കവാറും വരും ,,,ഓരോ തിരമാലയും വന്നടിക്കുന്നതു കരയിലേക്കല്ല നമ്മുടെ മനസ്സിലേക്കാണ് എന്ന് തോന്നിപോകുന്നു ,, നേര്ത്ത തിരമാലകൾ തന്റെ കാലിൽ തലോടുമ്പോഴും ആർത്തിരമ്പുന്ന തിരമാല തന്നെ ചെറുതായി വിരട്ടുമ്പോഴും എല്ലാത്തിലും തനിക്കൊരു ല ഹരി ലഭിക്കുന്നു , മുൻപ് തനിക്ക് കാണാൻ പറ്റാതെ പോയ സൗന്ദര്യം

ഈ അൻപത്തിഅഞ്ചാം വയസ്സിൽ താനും ഗീതയും കടൽക്കരയിലൂടെ കാമുകീകാമുകൻമാരെ പോലെ ബൈക്കിൽ ഒട്ടിയിരുന്നു യാത്ര ചെയ്യുന്നത് കണ്ടു പുതിയ തലമുറയിലെ യൊവ്വനം ചിരിക്കുന്നുണ്ട് ,

പക്ഷെ അതൊന്നും നമുക്കൊരു പ്രശ്‌നമേ അല്ല ,

എന്റെ ഈ വൈകി വന്ന വസന്തങ്ങൾ നമ്മളൊന്ന് ആഘോഷമാക്കട്ടെ.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ❤️