എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായ് എത്തിയപ്പോൾ ആയിരുന്നു സ്റ്റേഷന് പുറത്ത് ഒരുമ്മ ഉള്ളിലേക്കു കയറണോ വേണ്ടയോ എന്ന പോലെ നിൽക്കുന്നത് കണ്ടത്…
അവർക്കെന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം… സിവിൽ ഡ്രസ്സിൽ ആയിരുന്ന ഞാൻ അവരുടെ അടുത്ത് ബൈക്ക് നിർത്തി എന്താണുമ്മ കാര്യമെന്ന് ചോദിച്ചത്…”
“കണ്ടാൽ ഒരു പോലീസിന്റെ ലുക്കെ ഇല്ലാത്ത എന്നെ…
(ലുക്കില്ലെന്നേ ഉള്ളൂ…ശാരീരിക ക്ഷമതയും… എസ് ഐ ടെസ്റ്റും എഴുതി വിജയിച്ചിട്ട് തന്നെ ആയിരുന്നു ഞാൻ പോലീസിൽ ചേർന്നത്..
അല്ലാതെ പുറകിലൂടെ വലിഞ്ഞു കയറിയതെല്ല എന്നർത്ഥം…)
ഇതാരപ്പാ എന്ന പോലെ ഒരു നോട്ടം നോക്കി അവർ തിരികെ നടക്കാൻ തുടങ്ങിയ നേരം… അവരുടെ കൂടേ ഉണ്ടായിരുന്ന കൊച്ചു പെൺകുട്ടി ആ ഉമ്മയുടെ ചെവിയിൽ എന്തോ പറഞ്ഞു…
ആ സമയം തന്നെ അവർ എന്റെ കാലിലേക് ഒന്ന് നോക്കി…
കാലിൽ പോലീസ് ഷൂ കണ്ടിട്ടാവും അവർ പേടിയോടെ കുറച്ചു മടിച്ചു മടിച്ചാണെങ്കിലും എന്റെ അടുത്തേക് നടന്നു വന്നു..”
“ഞാൻ രാജേഷ്… സ്റ്റേഷൻ ഏതാണെന്നൊന്നും ഒരു കഥ ആയത് കൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ അല്ലേ…”
“എന്താണുമ്മ കാര്യം…എന്തേലും പരാതി പറയാൻ വന്നതാണോ…? “
“പതിവ് പോലീസ് രീതി വിട്ടു.. അവരോട് വളരെ മയത്തിൽ തന്നെ ആയിരുന്നു ഞാൻ ചോദിച്ചത്…”
“അല്ലെങ്കിലും ഒരു തുടക്കക്കാരൻ ആയിരുന്നു ഞാൻ അന്ന് വിരട്ടലോന്നും തുടങ്ങിയിരുന്നില്ല..
ഇന്നും ഇല്ലാട്ടോ… എന്തിനാ വെറുതെ… ആളുകളെ പേടിപ്പിച്ചു നിർത്തുന്നത്…”
“ചില ആളുകൾക്ക് ഞങ്ങളെ പേടി യായിരിക്കും… നിങ്ങളെ പോലെ മനുഷ്യന്മാർ തന്നെ ആണെന്നൊന്നും അവർ ചിന്തിക്കില്ല…
മറ്റു ചിലരോ ഞങ്ങൾ പേടിപ്പിച്ചു നിർത്തും…
അവരോടുള്ള ഭാഷക് പോലും മാറ്റം ഉണ്ടാവും.. എന്താ ചെയ്യ..
ഞങ്ങൾ മര്യാദക്കാരായി സംസാരിച്ചിട്ട് ഗുണം ഇല്ലെന്ന പണ്ടത്തെ ചിന്ത രീതി ആയിരിക്കാം…
അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ആളുകളുടെ ഗുണം കൊണ്ടും ആയിരിക്കാം…
അതിപ്പോഴും തുടർന്നു വരുന്നെന്നു മാത്രം…”
“മോനേ…
അല്ല… സാറെ …
എന്റെ വീട്ടിൽ രാത്രി ആരെക്കെയോ വന്നു വാതിലിൽ മുട്ടി പേടിപ്പിക്കുന്നുണ്ട്…”
“ഉമ്മാ…നിങ്ങള് നേരത്തെ വിളിച്ചത് തന്നെ വിളിച്ചാൽ മതി… സാറെ എന്നൊന്നും വിളിക്കണ്ട…”
“ഞാൻ അവർ പറയുന്നതിന് ഇടയിൽ കയറി കൊണ്ട് പറഞ്ഞു…
അല്ലെങ്കിൽ അവർക്ക് പറയാൻ ഉള്ളത് മുഴുവൻ പറയാതെ ഇരുന്നാലോ..”
“ഉമ്മ കുറച്ചു നിമിഷം എന്റെ മുഖത്തേക് നോക്കി നിന്നു…പിന്നെ പറഞ്ഞു തുടങ്ങി..”
” എന്റെ മോന്റെ പ്രായമാണ് മോനും…
അവൻ ഇന്നുണ്ടായിരുന്നേൽ എനിക്ക് ഇങ്ങോട്ട് വരേണ്ട ആവശ്യമേ വരില്ലായിരുന്നു ചിലപ്പോൾ..
അവർ അതും പറഞ്ഞു വിദൂരതയിലേക് എന്ന പോലെ നോക്കി കുറച്ചു നിമിഷം ഒന്നും മിണ്ടാതെ നിന്നു…”
പിന്നെ വീണ്ടും പറഞ്ഞു..
“മോനേ…
എനിക്ക് രണ്ടു പെൺകുട്ടികൾ ആണുള്ളത്..
ഇവൾ പത്താം ക്ളാസിലാണ്… മൂത്തവൾ കോളേജിലും.. ഞാൻ ഓരോ വീട്ടിൽ പണിക് പോയാണ് എന്റെ മക്കളെ വളർത്തുന്നത്… ചിലപ്പോൾ പോകുന്ന വീടുകളിൽ രാത്രി നിൽക്കേണ്ടി വരാറുണ്ട്..
മക്കൾ ഒറ്റക്കാണെന്ന് പറഞ്ഞു വരാമെങ്കിലും .. നാളെ പണിക് വരേണ്ട എന്ന് പറയുമോ എന്ന് പേടിച്ചു ഇവർക്ക് ധൈര്യം കൊടുത്തു ഒറ്റക് നിർത്തുകയാണ് ചെയ്യാറുള്ളത്…
ഇപ്പൊ കുറച്ചു ദിവസമായി അവിടെ തൊട്ടടുത്തുള്ള ആളുകൾ ഒഴിഞ്ഞ പറമ്പിൽ രാത്രിയിൽ ആരൊക്കെ വരാറുണ്ട് പോലും..
രാത്രി യിൽ അവിടെ നിന്നും ബഹളമൊക്കെ കേൾക്കാറുണ്ട്…
ഇന്നലെ ഞാൻ വീട്ടിൽ ഇല്ലായിരുന്നു..
രാവിലെ വന്നപ്പോൾ ആയിരുന്നു പേടിച്ചു വിറച്ചു കെട്ടിപിടിച്ചു ഇരിക്കുന്ന എന്റെ മക്കളെ കണ്ടത്…
മോനേ..
ഞങ്ങൾക് ആരുമില്ല ഒരു സഹായത്തിന്…
അതാണ് പോലീസ് സ്റ്റേഷനിൽ വന്നു പരാതി പെടാമെന്ന് കരുതിയത്…
മോനേങ്ങനെ എങ്കിലും അവിടെ വരെ വന്നു ഞങ്ങൾക് പേടി ഇല്ലാതെ കഴിയാൻ സഹായിക്കണം…”
ഉമ്മ രണ്ട് കയ്യും ചേർത്തു പിടിച്ചു എന്നോട് യാചിക്കുന്നത് പോലെ ആയിരുന്നു പറഞ്ഞത്..
“ഞാൻ അവരിൽ എന്റെ അമ്മയെ തന്നെ ആയിരുന്നു കണ്ടത്..
അവർ നേരത്തെ പറഞ്ഞ കാര്യത്തിൽ നിന്ന് തന്നെ എനിക്ക് മനസിലായിരുന്നു അവർക്ക് ഉണ്ടായിരുന്ന മകൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന്…”
ഞാൻ അവരോട് ചോദിച്ചു..
“നിങ്ങളുടെ ഭർത്താവ്…”
” അവർ ഒന്ന് രണ്ടു നിമിഷം മിണ്ടാതെ നിന്നു.. പിന്നെ മോളെ നോക്കി…”
“ഉപ്പ…കുറേ കാലം മുന്നേ ഗൾഫിൽ പോയതാണ് ഇക്കാ…
കുറേ കാലമായി ഒരു വിവരവും ഇല്ല “..
അവൾ നിസ്ക്കളങ്കമായെന്ന് പോലെ പറഞ്ഞു എന്നെ നോക്കി…
“അവളെന്നെ ഇക്കാ എന്ന് വിളിച്ചപ്പോൾ എനിക്കെന്റെ സ്വന്തം സഹോദരി ഏട്ടാ എന്ന് വിളിക്കുന്നതാണ് തോന്നിയത്…
ഞാൻ അവരോട് അവിടെ നിൽക്കെന്നും പറഞ്ഞു… സ്റ്റേഷനിന്നുള്ളിലേക് കയറി.. രണ്ടു പോലീസുകാരെയും കൂട്ടി ജീപ്പ് എടുത്തു ഇറങ്ങി..
അവരുടെ മുന്നിൽ കൊണ്ട് പോയി നിർത്തി കയറാൻ പറഞ്ഞപ്പോൾ.. അവർക്ക് ജീപ്പിലേക് കയറാൻ പേടിയാണെന്ന് എനിക്ക് മനസിലായി..
പോലീസ് ജീപ്പല്ലേ..
ഇനി അതിൽ കൊണ്ട് പോകുന്നത് നാട്ടുകാർ കണ്ടാൽ വേറെ എന്തെങ്കിലും പറഞ്ഞു ഉണ്ടാക്കുമോ എന്ന് കരുതി ആയിരിക്കണം..
ഞാൻ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാറ്റൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു അവരെയും കയറ്റി ഞങ്ങളുടെ മുമ്പിൽ പോകുവാനായി പറഞ്ഞു…”
“അങ്ങനെ ടൗണിൽ നിന്നും നാലഞ്ചു കിലോമീറ്റർ മാറി ഒരു കാട്ടു മുക്ക് പോലത്തെ സ്ഥലത്തായിരുന്നു അവരുടെ വീട്..
ഒരു ഓട്ടോയും കൂടേ പോലീസ് ജീപ്പും വരുന്നത് കണ്ടപ്പോൾ തന്നെ അയൽവാസികൾ പലരും വീട്ടിൽ നിന്നും എത്തി നോക്കുന്നുണ്ട്..
ഓട്ടോയിൽ ആ ഉമ്മയെയും മകളെയും കണ്ടപ്പോൾ ഒരു വിധം അയൽ വാസികൾ എല്ലാം അവരുടെ അടുത്തേക് വന്നു.. കാര്യം എന്താണെന്നു അറിയാൻ എന്ന പോലെ..
അവർക്കാർക്കും അറിയില്ല എന്ന് തോന്നുന്നു വീട്ടിൽ ഇങ്ങനെ ഒരു സംഗതി നടക്കുന്നത്..”
“അവരോട് ഞാൻ കാര്യം പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും ആ പരാതി ഉണ്ടായിരുന്നു… എല്ലാ വീട്ടിലും രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ആരൊക്കെയോ വന്ന് വാതിലിൽ മുട്ടുന്നുമുണ്ട്.. അതും പോരാഞ്ഞിട്ട് കല്ലെടുത് എറിയുക…ജനൽ എറിഞ്ഞു പൊട്ടിക്കുക.. മുറ്റത്തുള്ള ചെടി ചട്ടികൾ ന ശിപ്പിക്കുക…അങ്ങനെ ഒരുപാട് പരാതികൾ…”
“ഉമ്മ പറഞ്ഞ പറമ്പിൽ പോയപ്പോൾ അവിടെ കുറേ സി റിഞ്ചും കാലിയായ ക ള്ള് കുപ്പികളും അങ്ങനെ പലതും ഉണ്ടായിരുന്നു…
വരുന്നവരെ പിടിക്കാൻ രാത്രി തന്നെ വരേണ്ടി വരുമെന്ന് എനിക്ക് മനസിലായി…
വരുന്നവർ ഈ നാട്ടുകാർ അല്ലെന്നും.. “
” ഉമ്മാ ഇങ്ങള് തന്ന പരാതിക്ക് ഇന്ന് രാത്രി തന്നെ പരിഹാരം കാണുമെന്നും പറഞ്ഞു തിരികെ പോരാൻ നേരത്തായിരുന്നു ഉമ്മ പറഞ്ഞത്..
മോനേ ഒരു ഗ്ലാസ് ചായകുടിചിട്ട് പോകാമെന്നത്..”
” ഹേയ് വേണ്ട ഉമ്മാ.. പോയിട്ട് കുറേ ഏറെ പണികൾ ഉണ്ടെന്നും പറഞ്ഞു വിലക്കിയെങ്കിലും…
മോള് ചായ എടുക്കാൻ പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു പേരും അവിടെ തന്നെ നിന്നും…”
“ഞാൻ അവിടുത്തെ വീടുകൾ എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കി…
കാട്ടു മുക്ക് പോലെ ആയിരുന്നെങ്കിലും മൂന്നാല് വീടുകൾ വാർപ്പ് ഇട്ടതും.. പിന്നെ ഉള്ള നാലഞ്ചേണ്ണം ഓടിട്ടതും ആയിരുന്നു…
പിന്നെ ഉള്ളത് ഓല കൊണ്ട് മറച്ച ഒരു ഷെഡ് ആയിരുന്നു..
അത് വിറകൊ മറ്റോ ഇടുന്ന നെടുംമ്പര (ചായിപ്പ് ) ആണോ എന്ന് കരുതി നിൽക്കുമ്പോൾ ആയിരുന്നു അതിനുള്ളിൽ നിന്നും ഉമ്മയുടെ മകൾ ചായയുമായി വരുന്നത് കണ്ടത്…
ദൈവമേ…ഇവർ ഈ വീട്ടിലാണോ തന്റെ രണ്ടു മക്കളെ ഒറ്റക്കാക്കി പോകുന്നത്…
അതാലോചിച്ചപ്പോൾ തന്നെ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മൂളി കൊണ്ട് പോയി.. “
“എന്റെ ഉള്ളിലെ ഞ്ഞിക്ജ്ഞാസ പോകാതെ ഞാൻ ഉമ്മയോട് ചോദിച്ചു..
ഉമ്മാ ഇതാണോ നിങ്ങളുടെ വീട്…”
“ആ ഉമ്മ എന്തു പറയണമെന്ന് അറിയാതെ കണ്ണുകൾ താഴ്ത്തി നിന്നു…
അതിൽ തന്നെ ഉണ്ടായിരുന്നു അവരുടെ നിസഹായാവസ്ഥ…”
“എനിക്കെന്തോ എന്റെ നെഞ്ചിൽ ഒരു തീപ്പൊരി വീണത് പോലെ…
ഞാനൊക്കെ അടിച്ചുറപ്പുള്ള വീട്ടിൽ ആണെകിലും പുറത്തൊരു തേങ്ങയോ മറ്റോ വീണാൽ പോലും ഭയമാണ് രാത്രി…
ഇതിപ്പോ നല്ലൊരു വാതിലോ…എന്തിനേറെ പറയുന്നു ഒരു മേൽക്കുര പോലും ഇല്ലാത്ത ഓല കൊണ്ട് മറച്ച ഷെഡ്…”
“എന്നെ ഈശ്വരൻ ആയിരിക്കുമോ ഇന്നിങ്ങോട്ട് കൊണ്ട് വന്നത്…
അല്ലെങ്കിൽ ആ ഉമ്മ വിശ്വാസിക്കുന്ന പടച്ചവനോ…
ആരെങ്കിലും ആയിരിക്കാം…
അല്ലെങ്കിൽ ഞാൻ അവരെ കാണാനും അവരുടെ കൂടേ വരാനും…
എല്ലാം ഓരോ നിമിത്തങ്ങൾ ആണല്ലോ…”
“അവിടെ നിന്നും പോന്ന പ്പോഴും ആ വീട് എന്റെ കണ്ണിൽ നിന്നും മറയുന്നില്ലായിരുന്നു…
നല്ലൊരു വീട് അവർക്കായ് പണിഞ്ഞു കൊടുക്കാൻ എന്റെ മനസ്സിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു..
പക്ഷെ ഞാൻ ഒറ്റക്കങ്ങനെ…
എന്തായാലും കൂടേ വന്നവരോടൊന്ന് ചോദിക്കാമെന്ന് കരുതി കോൺസ്റ്റബിൾ ആയിരുന്ന സലീമിന്റെയും ജയന്റെയും അടുത്തേക് നടന്നു..”
“അവർ രണ്ടാളും എന്തോ കാര്യമായുള്ള സംസാരത്തിൽ ആയിരുന്നു…”
“ഞാൻ അവരുടെ അടുത്തേക് ചെന്നു കാര്യം പറഞ്ഞു..
അപ്പോഴാണ് അവർ പറയുന്നത് അവരും ആ വീടിനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്..”
“സാറെ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ അതിനായി… അവർക്കായി…?”
സലിം എന്നോട് ചോദിച്ചു..
“എന്റെ മനസിൽ ഉണ്ടായിരുന്ന അതേ ചോദ്യം…
അവരും കൂടേ ഉണ്ടെന്ന് മനസിലായപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടേ മുന്നിട്ട് ഇറങ്ങാൻ തന്നെ തീരുമാനിച്ചു…”
“അന്ന് രാത്രിക്ക് രാത്രി തന്നെ അവർക്കൊരു കുഞ്ഞു വീട് ഉണ്ടാക്കി കൊടുക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായവും..
നാട്ടിലെ പ്രമുഖരായ കുറച്ചു പ്രമാണി മാരെയും കണ്ടു ഏർപ്പാടാക്കിയപ്പോൾ ആയിരുന്നു മനസ്സിനൊരു സമാധാനം ആയത്…”
“അന്ന് രാത്രി തന്നെ അവിടെ വന്നു അലബുണ്ടാക്കുന്ന നാലങ്ക സംഘത്തെയും ഞങ്ങൾ പിടിച്ചു…
അത്യവശ്യത്തിന് വേണ്ടത് കൊടുത്തിട്ടാണ് നാലെണ്ണത്തെയും ജയിലിലേക് വിട്ടത്…”
“പിറ്റേന്ന് രാവിലെ തന്നെ ആ ഉമ്മയെ പോയി കണ്ടു ഞങ്ങളിങ്ങനെ വീട് പുതുക്കി പണിയുന്ന കാര്യം പറഞ്ഞു..”
“ആ സമയം അവരുടെ കണ്ണൊക്കെ നിറഞ്ഞു വന്നു…”
ആദ്യം കണ്ടപ്പോൾ എന്നെ നോക്കി കൈ കൂപ്പി നിന്നത് പോലെ നിന്നപ്പോൾ ഞാൻ പറഞ്ഞു…
“എന്നോട് നന്ദി ഒന്നും വേണ്ട.. നിങ്ങളുടെ പടച്ചോനോട് നന്ദി പറയാൻ..
നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപെടുത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ അവർ പറഞ്ഞു..”
” എന്റെ മരണം വരെ ഞാൻ മോനെയും എന്നെ സഹായിച്ചവരെയും ഓർക്കുമെന്ന്…”.
” വേറെ എന്ത് വേണം എനിക്ക്…”
” വീട് പണി കഴിയുന്നത് വരെ അവരെ എവിടെ നിർത്തുമെന്നുള്ള ചോദ്യം മുന്നിൽ വന്നുവെങ്കിലും…
തൊട്ടടുത്തുള്ള അയൽവാസി അവരുടെ വീട്ടിൽ നിർത്തിക്കോളാം എന്ന് പറഞ്ഞപ്പോൾ ആ പ്രശ്നവും സോൾവായി…”
“രണ്ടു മാസം കൊണ്ട് തന്നെ അവർക്കുള്ള വീടിന്റെ പണി പൂർത്തിയായി…
വീടിന്റെ പാല് കാച്ചൽ ചടങ്ങിൽ ആ ഉമ്മ എന്നോട് തീ കത്തിക്കാൻ പറഞ്ഞെങ്കിലും ഞാനത് സ്നേഹപൂർവ്വം നിരസിച്ചു…
അടുപ്പിൽ പാൽ പാത്രം തിളച്ചു പൊന്തി തൂവാനായി നിൽക്കുമ്പോൾ ഞാൻ അവരെ ഒന്ന് നോക്കി..
അവർ കരയുകയായിരുന്നു…
തലയിൽ ഇട്ട തട്ടം കൊണ്ടവർ ആരും കാണാതെ കണ്ണ് തുടക്കാനായി ശ്രമിക്കുന്നുണ്ട്…
ചിലപ്പോൾ തന്റെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല എന്നോർത്തിരുന്ന സംഗതി രണ്ടു മാസം കൊണ്ട് ഒരു സ്വപ്നം പോലെ മുന്നിൽ വിടർന്നു നിന്നപ്പോൾ മനസിന്റെ സന്തോഷം കൊണ്ടായിരിക്കാം…
അതും അല്ലെങ്കിൽ പ്രായം തികഞ്ഞ തന്റെ പെൺ മക്കൾ കുറച്ചു സുരക്ഷിതത്തമുള്ള വീട്ടിൽ ആരെയും പേടിക്കാതെ കഴിയമല്ലേ എന്നുള്ള ഭയം മനസ്സിൽ നിന്നും ഇറങ്ങി പോയത് കൊണ്ടായിരിക്കാം…
ആ ഉമ്മ ആരും കാണാതെ കണ്ണുനീർ ഒളിപ്പിച്ചു വെച്ച് കരയുന്നത് കണ്ടപ്പോൾ…
എന്റെ കണ്ണും ഞാൻ അറിയാതെ നിറഞ്ഞു തുളുമ്പി.. അതൊരു കുഞ്ഞു ജല തുള്ളി പോലെ എന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങി……”
ഇഷ്ട്ടപെട്ടാൽ 👍👍👍