എഴുത്ത്:- ശ്രീജിത്ത് ഇരവിൽ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ആറാം തരത്തിൽ ഞാൻ തോറ്റ് പോയെന്നുള്ളത് സത്യമാണ്. എന്നെ തോൽപ്പിച്ചതിന് പിറകിലുള്ള വെളുത്ത കൈകൾ ത്രേസ്സ്യാമ്മ ടീച്ചറുടേതായിരുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ബുദ്ധിയൊക്കെ അന്ന് എനിക്കുണ്ടായിരുന്നു.
പഠിക്കാൻ ഞാൻ അത്രകണ്ട് മിടുക്കനായിരുന്നില്ലെങ്കിലും ഏഴിലേക്ക് ജയിച്ച് കയറിയ സൂരജിനേക്കാളും മാർക്ക് എനിക്കുണ്ടായിരുന്നു. ആ സങ്കടം ഞാൻ ഹെഡ് മാഷിനോട് കരഞ്ഞുകൊണ്ട് ബോധിപ്പിച്ചതാണ്. എന്നിട്ടും എനിക്ക് വീണ്ടും ആറിൽ തന്നെ ഇരിക്കേണ്ടി വന്നു.
തോറ്റ് പോയ കാര്യമറിഞ്ഞാൽ കൊമ്പൻ മീശയും ചോ രക്കണ്ണുമില്ലാത്ത സുന്ദരനായ അമ്മാവൻ എന്റെ നടുപ്പുറം തല്ലിപ്പൊളിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. പണ്ട് അലമാരയിൽ നിന്ന് ചില്ലറതുട്ടുകൾ മോഷ്ട്ടിച്ചതിന് കാന്താരി മുളക് തേച്ചതിന്റെ എരിവ് ഇന്നും കണ്ണിൽ നിന്ന് പോയിട്ടില്ല. പക്ഷേ…. യാതൊന്നും സംഭവിച്ചില്ല. എന്റെ ജയ പരാജയങ്ങളൊന്നും അമ്മാവന്റെ വിഷയമേ ആയിരുന്നില്ലെന്ന് അന്നാണ് ഞാൻ അറിയുന്നത്.
നീയൊക്കെ ഉച്ചക്കഞ്ഞി കുടിക്കാനും കുട്ടിക്കരണം മറിയാനും വേണ്ടി മാത്രമല്ലെടാ സ്കൂളിൽ വരുന്നതെന്ന് ത്രേസ്സ്യാമ്മ ടീച്ചർ പലവട്ടം എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ അതിന് മറുപടി പറയാറില്ല. ശകാരത്തോടെ ആരെന്ത് ചോദിച്ചാലും തലകുനിച്ച് നിൽക്കുന്ന സൂത്രം ഞാൻ അമ്മയിൽ നിന്ന് പഠിച്ചതാണ്. മരിക്കും മുമ്പേ അമ്മ എന്തെങ്കിലുമെന്നെ അറിയാതെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇതുമാത്രമായിരുന്നു.
കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ ഒപ്പിട്ട് തിരിച്ച് കൊടുക്കുന്ന പ്രോഗ്രസ്സ് കാർഡിന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. അന്ന് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ വേണ്ടി വിളിച്ച് ചേർത്ത രക്ഷിതാക്കളുടെ യോഗം നടക്കുന്ന നാളായിരുന്നു. പതിവ് പോലെ എനിക്ക് വേണ്ടി പങ്കെടുക്കാൻ ആരും വന്നില്ല. അതിലെനിക്ക് വലിയ സങ്കടമൊന്നും തോന്നാറുമില്ല. എന്നാൽ അന്ന് എന്നിലും ഇളയതുങ്ങളായ സഹപാഠികളുടേയും അവരുടെ രക്ഷിതാക്കളുടേയും മുന്നിൽ വെച്ച് ത്രേസ്സ്യാമ്മ ടീച്ചറെന്നെ നിർത്തി പൊരിച്ചു. വീട്ടിൽ നിന്ന് ആരെയെങ്കിലും കൂട്ടിയിട്ടല്ലാതെ ഇനി സ്കൂളിലേക്ക് വരണ്ടായെന്നും കൽപ്പിച്ചു. അമ്മയിൽ നിന്ന് പഠിച്ച സൂത്രമൊന്നും അവിടെയേറ്റില്ല.
നിറഞ്ഞ കണ്ണുകളോടെ കീറിയ ബാഗുമെടുത്ത് ഞാനന്ന് സ്കൂളിൽ നിന്ന് പോകുമ്പോൾ എന്തെന്നില്ലാത്തയൊരു ദേഷ്യം എനിക്ക് ആ ടീച്ചറോട് തോന്നി.
സ്കൂളിൽ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം അമ്മാവനോട് പറയാറില്ലെങ്കിലും എഴുതാനും വായിക്കാനുമറിയാത്ത അമ്മൂമ്മയോട് ഞാൻ പറയാറുണ്ട്. അന്നും ഞാൻ അമ്മൂമ്മയോട് കാര്യം പറഞ്ഞു. രണ്ട് മീറ്റർ നടന്നാൽ രണ്ട് മണിക്കൂർ ഇരുന്ന് കിതക്കുന്ന അമ്മൂമ്മയ്ക്ക് വരാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. രാത്രിയിൽ കാര്യമറിഞ്ഞ അമ്മാവൻ എന്താടാ നീ സ്കൂളിൽ ഒപ്പിച്ച് വെച്ചതെന്ന് ചോദിച്ച് എന്നെ തുറിച്ച് നോക്കി. ഞാൻ അപ്പോൾ പേടിച്ച് വിറച്ചത് പോലെ അഭിനയിച്ചു. ആ സൂത്രം എന്റെ ഒറ്റയാൻ അതിജീവനത്തിന്റെ ചെറുത്ത് നിൽപ്പിന് വേണ്ടി എന്നോ സ്വയം പഠിച്ച് വെച്ചതായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ ആക്രമിക്കപ്പെടാതിരിക്കാൻ ഞാനത് ഇതുപോലെ ഉപയോഗിക്കാറുണ്ട്.
പിറ്റേന്ന് പതിവ് പോലെ സ്കൂളിൽ പോയ എന്നെ ത്രേസ്സ്യാമ്മ ടീച്ചർ ക്ലാസ്സിലേക്ക് കയറ്റിയില്ല. ഉച്ചക്ക് മുമ്പേ വീട്ടിൽ നിന്ന് ആൾ വരുമെന്ന് പറഞ്ഞപ്പോൾ ഹാജർ പട്ടികയിലൊരു ശരിയിട്ട് അവരെന്നെ പുറത്ത് തന്നെ നിർത്തി. ഭർത്താവ് മരിച്ച ത്രേസ്സ്യാമ്മക്ക് തലക്ക് ഇത്തിരി കുഴപ്പമുണ്ടെന്ന് സ്കൂളിലെ കുട്ടികൾക്കിടയിലൊരു മുറുമുറുപ്പുണ്ട്. എന്നും കൃത്യ സമയത്ത് ബസ്സിൽ വരുന്ന ആ ടീച്ചറ് തള്ള ലോറിയിടിച്ച് ചാകണേയെന്ന് വരെ ഞാൻ പ്രാർത്ഥിക്കാറുണ്ട്. എന്റെ എല്ലാ പ്രാർത്ഥനകളേയും തള്ളിക്കളയുന്ന ദൈവമായത് കൊണ്ട് ടീച്ചർക്ക് യാതൊന്നും സംഭവിച്ചില്ല.
ഉച്ചക്ക് മുമ്പേ അമ്മാവൻ വന്നു. പുറത്ത് ചുമരിൽ ചാരി നിൽക്കുന്ന എന്നെ കണ്ടപ്പോൾ നീയെന്നും പുറത്താണല്ലേയെന്ന തമാശയും പറഞ്ഞു. ത്രേസ്സ്യാമ്മ എന്നേയും അമ്മാവനേയും കൂട്ടിയിട്ട് ഹെഡ് മാഷിന്റെ അടുത്ത് ഹാജർ പെടുത്തി. കുട്ടികളെ സ്കൂളിലേക്ക് അയക്കുമ്പോൾ വീട്ടിലുള്ളവർക്കും കുറച്ച് ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് പറഞ്ഞ് രണ്ടുപേരും അമ്മാവനോട് കയർക്കുമ്പോൾ ഞാൻ അമ്മ പഠിപ്പിച്ച സൂത്രത്തിലായിരുന്നു.
നിങ്ങൾക്കൊക്കെ വല്ല ബോധമുണ്ടോയെന്ന് ചോദിച്ച ത്രേസ്സ്യാമ്മയോട് അമ്മാവനും കയർത്ത് സംസാരിച്ചു. പറ്റില്ലെങ്കിൽ ചെക്കന്റെ ടീസി തന്നേക്കെന്ന് പറഞ്ഞപ്പോൾ ടീച്ചർ ശാന്തമായി. ഇവന്റെ അമ്മയും അച്ഛനുമൊക്കെ എവിടെയെന്ന ഹെഡ് മാഷിന്റെ ചോദ്യത്തിന് രണ്ടുപേരും ജീവിച്ചിരിപ്പില്ലെന്ന മറുപടിയും അമ്മാവൻ കൊടുത്തു. എന്തോ… ആ മറുപടി കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.
എന്തുകൊണ്ടാണെന്ന് അറിയില്ല. പിന്നീടൊരിക്കലും ത്രേസ്സ്യാമ്മ ടീച്ചർ എന്നോട് കയർക്കുകയോ ക്ലാസ്സിൽ നിന്ന് എന്നെ പുറത്താക്കുകയോ ചെയ്തിട്ടില്ല. പിന്നീട് അവരുടെ നോട്ടങ്ങളെല്ലാമൊരു സഹതാപത്തിന്റെ മുനയൊടിഞ്ഞ അമ്പുകൾ പോലെയായിരുന്നു എന്നിലേക്ക് വന്ന് തറച്ചത്…!
വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് തറച്ചതൊന്നും അമ്പുകൾ അല്ലായിരുന്നു വെന്നും, മറിച്ച് അതൊക്കെ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും തൂവൽ തുമ്പായിരുന്നുവെന്നും എനിക്ക് ബോധ്യമാകുന്നത്. അല്ലെങ്കിൽ ആറിൽ തോറ്റ ആ മരമണ്ടൻ ചെക്കൻ ഇന്ന് ത്രേസ്സ്യാമ്മ ടീച്ചറുടെ കയ്യും പിടിച്ച് ആറക്ക ശമ്പളത്തിൽ ജോലി ചെയ്യുന്നയൊരു ബിരുദധാരി ആകില്ലായിരുന്നു….!!!