സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു. ചായ കാണുന്നില്ല.
‘എടീ… ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും’ അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു. എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ. ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ? ചായ ആദ്യം കൊടുക്കണ്ടേ ആമിനാ…?
ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും… പോരെ? അത് മതി. അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു. ആമിനാ.. ഓനിങ്ങെത്തി…എന്നും പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ പുതിയ സുസൂക്കി സ്വിഫ്റ്റ് കാറ് സൈദാലക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി.
കാറില്‍നിന്നും 35 നോടടുത്ത് പ്രായം തോന്നിയ്ക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനേയും കൂട്ടി അകത്തേക്ക് നടന്നു. മോന്‍ ചെരിപ്പൊന്നും അയിക്കണ്ട…അങ്ങനെതന്നെ ഇങ്ങോട്ട് കേറിപ്പോര്. സൈദാലിക്കയുടെ ആ വാക്ക് വകവെയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചുവച്ച് അകത്തേക്ക് നടന്നു.
ആദ്യം ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം…എന്നിട്ടാവാം ബാക്കി എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി. രണ്ടുപേരും ഇരുന്നു. ആമിനതാത്ത ചൂടുള്ള ചായക്ലാസ് തട്ടവും കൂട്ടിപിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.
മോന്‍ക്കായിട്ട് പ്രത്യേകം ഉണ്ടാക്കിയതാ. നല്ലോണം കഴിക്കണട്ടോ. നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി. സൈദാലിക്ക അവന്റെ പ്ലേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുകയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു.
ആമിനത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു. അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുത്യേടാണ്, സൈദാലിക്ക എപ്പളും പറയും അന്നെ ഇങ്ങോട്ട് കണ്ടീലല്ലോ…കണ്ടീലല്ലോന്ന്. അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു. പിന്നേ… അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം പഴം പൊരീം ഒക്കെ ഉണ്ടാക്കി വെച്ച്ക്ക്ണ്.
ആ മാക്സിക്കാരന്‍ വന്നപ്പോ അന്റെ പെണ്ണ്ങ്ങള്‍ക്ക് ഞാനൊരു മാക്സിയും വാങ്ങിച്ച്ക്ക്ണ്. പോവുംബോ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്സി ഇഷ്ടപെട്ടീല്ല്യെങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ…നോക്കി നിക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ…സൈദാലിക്ക അവന്റെ പ്ലേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ സമ്മതിച്ചില്ല.
ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. മോന്‍ ഒന്നും കഴിച്ചില്ല എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിർത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേയ്ക്ക് കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിയ്ക്കുന്നു.
കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍, തോര്‍ത്ത്മുണ്ട് അഴിഞ്ഞുപോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിയ്ക്കുന്നു. ബാഗില്‍നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
മോനേ രാമാ…നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടണം ട്ടോ ആമിനതാത്ത പറഞ്ഞു. അതിന് ചൂടി എവിടെ ഇത്താ… ? നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ.. ആ പിന്നാമ്പുറത്തുണ്ട്. ആളൊരു മണുങ്ങൂസനാണ്.. സൈദാലിക്ക പിന്നാമ്പുറത്തേക്ക് ചൂടിയ്ക്കായി ഓടിയപ്പൊള്‍ ആമിനതാത്ത രാമനോട് ഇങ്ങനെ പറഞ്ഞു കുണുങ്ങിചിരിച്ചു.
സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു. രാമന്‍ ചൂടിയുമായി തെങ്ങിനുമുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നോക്കി ഇരിയ്ക്കുന്നത് കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു. എന്തു പറ്റി രാമാ… കയ്യില് വല്ല ആരും കൊണ്ടോ?
ഏയ് ഇല്ല.. ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്. എന്നാ പിന്നെ ആ ഓണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്ടേറ്റ് ചെയ്തേക്ക്ട്ടോ, താഴെ എത്തീന്ന് ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കി കൊടുത്തു. ഫേസ്ബുക്കിനെ കുറിച്ചറിയാത്ത കിളവന്‍ എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു. രാമന്‍ അരമണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി, കാറിന്റെ ചെറു കുലുക്കം വീണ്ടും.
പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍ കൊണ്ട് വച്ചു. സൈദാലക്ക അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു, നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി. രാമാ.. പോവല്ലേ.. എന്ന് പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി ആമിനതാത്ത വന്നു.
നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്…ആമിനതാത്ത സൈദാലിക്കയോട് ആവശ്യപെട്ടു. സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വച്ചിരിയ്ക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേയ്ക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് എന്നാല്‍ ശരി എന്നും പറഞ്ഞ് വണ്ടിയുമായി പോയി. ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്ക്കൊപ്പം ആമിനതത്തയും മുറ്റത്തേക്കിറങ്ങിചെന്നു.
ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്ര സ്നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല, ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല…ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍…1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ് ആമിനതാത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
സാരല്ല്യ ആമിനാ… ഇനിയിപ്പോ ഞമ്മക്കും ഞമ്മളെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ.. മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേല് വീഴും, ഓല മേത്ത് വീഴും എന്നൊന്നും പേടിക്കണ്ടല്ലോ. സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആമിനതാത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു….