താൻ പേടിക്കേണ്ട ഷഫീഖ്!! ഈ സമൂഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്, അതിൽനിന്ന് അല്പം വ്യതിചലിച്ചാൽ പോലും അവർ അസ്വസ്ഥരാകും.. ഇത്തിരി വ്യത്യാസം ഉള്ളവരെ പോലും ചേർത്തുപിടിക്കാൻ അവർക്ക് സാധിക്കില്ലടോ…

എഴുത്ത്:- കൽഹാര

രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് ബസ്സിൽ കയറിയതായിരുന്നു ഷഫീഖ്!!
സീറ്റ് കിട്ടിയത് ഒരു വൃദ്ധന്റെ അരികിലാണ്… ഒരുപാട് ജോലിയുണ്ടായിരുന്നു ഇന്ന്… പി എം ഗ്രൂപ്പിന്റെ ഇലക്ട്രീഷ്യൻ എന്ന് പറഞ്ഞാൽ ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ കഴിയാത്ത ഒരു ജോലിയാണ്..

അതുകൊണ്ടുതന്നെ ഓരോ ദിവസവും വളരെ ക്ഷീണിതനായിട്ടാണ് ഫ്ലാറ്റിൽ തിരിച്ചെത്തുക..

സീറ്റിലേക്ക് ചാരി കിടന്നു ഷെഫിക്കിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പെട്ടെന്നാണ് തുടയിൽ എന്തോ ഇഴയുന്നതുപോലെ തോന്നിയത് കണ്ണു തുറന്നു നോക്കിയപ്പോൾ ബസ്സീൽ അരികിൽ ഇരിക്കുന്ന വൃദ്ധനാണ്.

ആകെക്കൂടെ ഷെഫീക്കിന് ദേഷ്യമോ സങ്കടമോ എന്തൊക്കെയോ വന്നു അയാളെ അവൻ നോക്കി… കൈ പിൻവലിച്ചിട്ടുണ്ട് ഉറങ്ങിയ പോലെ കിടക്കുകയാണ്.

“”‘ എടോ തനിക്കിത് എന്തിന്റെ കേടാ??””

ഷെഫീഖ് അയാളുടെ പൊട്ടിത്തെറിച്ചു എന്നാൽ അയാൾ ഉണർന്ന് ഒന്നും അറിയാത്തതുപോലെ കാണിച്ചു!!

“” കേടു നിനക്കാ!! കുറെ നേരമായല്ലോ തുടങ്ങിയിട്ട്!! പെണ്ണുങ്ങളെപ്പോലെ നിന്ന് കുണുങ്ങുന്നത് കണ്ടു… എന്നെ വശീകരിക്കാൻ ശ്രമിച്ചു… എന്നിട്ട് അവന് ഇഷ്ടപ്പെടുന്ന പോലെ ഞാൻ പ്രതികരിക്കുന്നില്ല എന്നറിഞ്ഞപ്പോൾ എന്റെ തലയിലേക്ക് കുറ്റം ഇടാൻ നോക്കുകയാണ്!!

അയാൾ ബസ്സിൽ ഇരിക്കുന്ന വരോട് ഉറക്കെ പറഞ്ഞു എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട് സത്യം പറഞ്ഞാൽ അവിടെ മരിച്ചു വീണിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു.

അയാൾ പറഞ്ഞത് ശരിയാണ് ചെറുപ്പം മുതലേ എനിക്ക് അല്പം സ്‌ത്റൈണത കൂടുതലാണ് അതുകൊണ്ടുതന്നെ അനുഭവിക്കേണ്ടി വന്നതിനും കണക്കില്ല.

ഒരിക്കലും അത് മനപ്പൂർവ്വം ആയിരുന്നില്ല..

“” ആണാണെങ്കിൽ ആണുങ്ങളെ പോലെ നടക്കെടാ എന്ന് കേട്ട് കേട്ട് മടുത്തു!!

ആഗ്രഹമില്ലാഞ്ഞിട്ടല്ല മറ്റുള്ളവരെ പോലെ ആകാൻ പക്ഷേ കഴിയുന്നില്ല… എനിക്കിഷ്ടം ഇത്തയുടെ ഡ്രസ്സുകൾ ആയിരുന്നു ആര് കാണാതെ ഞാൻ അവ ധരിച്ച് കണ്ണാടിയുടെ മുന്നിൽ ഭംഗി നോക്കും..

പ്രായം കൂടുംതോറും എന്നിലെ സ്ത്രീ പുറത്തേക്ക് വരാൻ വെമ്പി നിന്നു. പലരും അത് ചൂ ഷണം ചെയ്തു..

കുടുംബത്തിൽ നിന്ന് പോലും.. പകല് മാന്യന്മാരായ പലരുടെയും യഥാർത്ഥ മുഖം ഞാൻ കണ്ടിട്ടുണ്ട്..

എന്നാൽ അതൊന്നും ഞാൻ ആരോടും തുറന്നു പറഞ്ഞില്ല തുറന്നു പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാം. അതെല്ലാം എന്റെ തലയിൽ തന്നെ വരും.

ഒടുവിൽ ഉപ്പുപോലും പറഞ്ഞു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഞാൻ ഉപ്പയ്ക്ക് നാണക്കേടാണ് എന്ന് നാട്ടുകാർ അതും ഇതും പറഞ്ഞു കേട്ട് മടുത്തു എന്ന് ഉപ്പയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞെങ്കിലും എന്നെക്കാൾ കൂടുതൽ ആ മനസ്സാണ് വേദനിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു.

പാവത്തിന് വേറെ വഴിയില്ല അല്ലെങ്കിൽ ഉപ്പയെയും എല്ലാവരും ഒറ്റപ്പെടുത്തും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെ ചേർത്തുപിടിക്കുന്ന എന്റെ ഉമ്മയുണ്ട് അവിടെ ഉമ്മയെ വിട്ട് പോരാൻ മാത്രം മനസ്സ് അനുവദിച്ചില്ല എങ്കിലും അവരുടെ നന്മയ്ക്ക് വേണ്ടി ഇതാണ് നല്ലത് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആ വീട് ഇറങ്ങി.

ഇവിടെ എറണാകുളത്തേക്ക് ബസ് കയറുമ്പോൾ എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല മറൈൻഡ്രൈവിൽ ആകെ പോക്കറ്റിലുള്ള 50 രൂപയിലേക്ക് നെടുവീർപ്പോടെ നോക്കിയിരിക്കുമ്പോഴാണ് എന്റെ അരികിൽ ചേച്ചി അമ്മ വന്നിരുന്നത്..

കുറെനാൾ കൂടി ഒരാൾ എന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോൾ എന്റെ ഉള്ളിലുള്ളതെല്ലാം ഞാൻ പറഞ്ഞ് കരഞ്ഞു!!!

“” ഈ ഞാനും പണ്ട് ഒരു പുരുഷൻ ആയിരുന്നു!!! എന്താ പറയാ ചേരാത്ത കുപ്പായം എടുത്ത് അണിയില്ലേ അതുപോലെ!! അതിൽനിന്ന് ഒന്നു പുറത്തു കടക്കാൻ ഞാൻ ഒരുപാട് വെമ്പി നിന്നു… ഒടുവിൽ ധൈര്യം സംഭരിച്ച് വീട് വിട്ട് ഇറങ്ങി ഇപ്പോൾ പൂർണമായും ഞാൻ ഒരു സ്ത്രീ ആയി മാറി…!!”

അത് കേട്ടപ്പോൾ ഞാൻ അവരെ അത്ഭുതത്തോടെ നോക്കി.. അവരിൽ ഞാൻ കണ്ടത് എന്നെ തന്നെയായിരുന്നു.

“” താൻ പേടിക്കേണ്ട ഷഫീഖ്!! ഈ സമൂഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്, അതിൽനിന്ന് അല്പം വ്യതിചലിച്ചാൽ പോലും അവർ അസ്വസ്ഥരാകും.. ഇത്തിരി വ്യത്യാസം ഉള്ളവരെ പോലും ചേർത്തുപിടിക്കാൻ അവർക്ക് സാധിക്കില്ലടോ… ചിലരുടെയെല്ലാം മനസ്സ് വളരെ ഇടുങ്ങിയതാണ്!!!

നമുക്ക് ദൈവം തന്ന ഒരു രൂപത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടെങ്കിൽ ഇത്രയും ഒക്കെ ത്യാഗം നമ്മൾ സഹിക്കുന്നുണ്ടെങ്കിൽ അതിന്റെ പുറകിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്നുപോലും ഒന്ന് മനസ്സിലാക്കാത്ത മരപ്പാളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ എന്നാൽ നമ്മളെ ചേർത്തുപിടിക്കുന്ന നല്ല മനസ്സിന് ഉടമകളും ഉണ്ട്!!! അങ്ങനെ ഒരാളുടെ സഹായം കൊണ്ടാണ് ഞാൻ ഇത്രയും വരെ എത്തിയത്.. എന്തായാലും എന്റെ കൂടെ പോര തനിക്ക് പട്ടിണി കിടക്കേണ്ടി വരില്ല!”

ആദ്യം തന്നെ ചേച്ചി അമ്മ ചെയ്തത് ഒരു കമ്പനിയിലെ ജോലി വാങ്ങി തരിക എന്നതായിരുന്നു ഇലക്ട്രിക്കൽ വർക്ക് നാട്ടിൽ നിന്ന് ചെയ്ത് പരിചയം ഉള്ളതുകൊണ്ട് ഒരു കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി കയറി..

പല വൃത്തികെട്ടവൻ അനുഭവങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടായിക്കൊണ്ടി രിക്കുന്നുണ്ട് എന്നാലും അതിനെയെല്ലാം ശക്തമായി നേരിടാൻ എനിക്ക് ധൈര്യം തന്നത് ചേച്ചിയമ്മ ആയിരുന്നു.

ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു പങ്ക് ഞാൻ മാറ്റി വെച്ചിരുന്നു ഈ ചേരാത്ത തോലിൽ നിന്ന് പുറത്തേക്ക് വരാൻ!!! എന്നാൽ അതൊന്നും തികയില്ല എന്ന് എനിക്ക് മനസ്സിലായി..

ചേച്ചിയമ്മയുടെ നിർബന്ധപ്രകാരം ആണ് പിഎസ്‌സി കോച്ചിങ്ങിന് പോയി തുടങ്ങിയത്..

പഠിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കൊണ്ട് ഞാൻ അത് പാതിക്ക് വച്ച് ഉപേക്ഷിച്ചതായിരുന്നു ഒരുപാട് സങ്കടം ഉണ്ടെങ്കിൽ പോലും!!

ഇപ്പോൾ ഒരു ചാൻസ് കിട്ടിയപ്പോൾ വീണ്ടും ആ ആഗ്രഹം പൊടിതട്ടി എടുത്തു പി എസ് സി കോച്ചിങ്ങിന് പോയി തുടങ്ങി…
ഒരുപാട് നാളത്തെ പ്രയത്നം കൊണ്ട് ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിൽ എത്തിച്ചേർന്നു..

അവിടെയുള്ള ഒരു വില്ലജ് ഓഫീസിൽ എൽഡി ക്ലർക്ക് ആയി ജോലിയിൽ കയറി..

ഇപ്പോൾ ഞാനും ഒരു ഗവൺമെന്റ് ജോലിക്കാരൻ ആണ്.. എന്റെ ആഗ്രഹപ്രകാരം തന്നെ ഞാൻ സർജറി ചെയ്തു അതിനുള്ള പ്രത്യേക അനുവാദം കഷ്ടപ്പെട്ട് വാങ്ങിയെടുത്തു..

പൂർണ്ണമായും ഒരു സ്ത്രീയായി ഞാൻ വീട്ടിലേക്ക് മടങ്ങിച്ചെന്നു.. വയ്യാത്ത ഉപ്പയെ ആണ് അവിടെ കണ്ടത്… ആണുങ്ങളായി പിറന്ന മക്കളും പെണ്ണുങ്ങളായി പിറന്ന മക്കളും അവരവരുടെ കാര്യം നോക്കി തിരക്കിലായിരുന്നു.. ഉപ്പയെയും ഉമ്മയെയും നോക്കുന്നില്ല എന്നല്ല..അവരുടെകൂടെ ഇരുന്ന് അവരെ സാന്ത്വനിപ്പിക്കാൻ ആർക്കും നേരമില്ലായിരുന്നു.. അവരെ ഞാൻ എന്റെ കൂടെ കൊണ്ടുവന്നു..ഇപ്പോൾ ജോലിക്ക് പോകുന്നതിനു മുമ്പ് വരെ ഞങ്ങൾ ഞങ്ങളുടെ തായ സ്വർഗ്ഗത്തിലാണ്.

എന്നെ ഒരു മോളായി അവർ രണ്ടുപേരും അംഗീകരിച്ചു.. കുടുംബത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിട്ടും അവർ ധീരമായി അതിനെ നേരിട്ടു.. ഇപ്പോ ഈ വീട് ഒരു സ്വർഗമാണ്.. അമ്മക്കിളിയും അച്ഛൻ കിളിയും പിന്നെ കൂടെ ഈ കുഞ്ഞിക്കിളിയും ഉള്ള ഒരു സ്വർഗ്ഗം