എഴുത്ത്:-കാശി
‘ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള ഇവിടേക്കുള്ള യാത്രകൾക്ക് ഇന്ന് ഒരു അവസാനം ഉണ്ടാകും.’
മുന്നിൽ കാണുന്ന കുടുംബ കോടതി എന്ന കമാനത്തിനു മുന്നിൽ നിന്നു കൊണ്ട് അവൾ ചിന്തിച്ചു.
ആ ചിന്തകളിൽ എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഒഴുകിത്തുടങ്ങി.
” അമ്മേ.. “
കയ്യിൽ കൈകോർത്തു പിടിച്ചിരിക്കുന്ന ആ കുഞ്ഞിന്റെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അവൾ ആ കുഞ്ഞികൈയിൽ ഒരിക്കൽ കൂടി അമർത്തിപ്പിടിച്ചു. പിന്നെ തലയുയർത്തിപ്പിടിച്ച് അവളെയും കൊണ്ട് അകത്തേക്ക് നടന്നു.
കൂട്ടു വരാൻ ആ കുഞ്ഞല്ലാതെ മറ്റാരും ഇല്ല തനിക്ക്..!
അവൾ ഓർത്തു.
‘ അല്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും വേർപിരിയലിന് സാക്ഷി നിൽക്കേണ്ടത് അവരുടെ മക്കൾ ആണല്ലോ..!”
പുച്ഛത്തോടെ അവൾ ഓർത്തു.
കോടതി വരാന്തയിൽ തങ്ങളുടെ ഊഴത്തിനായി കാത്തു നിൽക്കുമ്പോൾ അവൾ കണ്ടു കോടതി മുറ്റത്തേക്ക് ഇരമ്പി എത്തുന്ന ആ കാർ. ഡ്രൈവിംഗ് സീറ്റിൽ നിന്ന് അയാളും കോ ഡ്രൈവർ സീറ്റിൽ നിന്ന് അവളും പുറത്തേക്കിറങ്ങുന്നത് നിർവികാരതയോടെയാണ് നോക്കി നിന്നത്. അല്ലെങ്കിൽ തന്നെ അതൊരു സ്ഥിരം കാഴ്ചയായതു കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.
“അമ്മേ.. ദേ.. അച്ഛൻ..”
കുഞ്ഞ് വിളിച്ച് പറയുമ്പോൾ വെറുതെയെങ്കിലും അയാളുടെ ഒരു നോട്ടം കൊതിച്ചു. പക്ഷേ അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ നടന്നു പോകുന്ന അയാൾ ഒരു മനുഷ്യൻ തന്നെയാണോ എന്ന് ഒരു നിമിഷം സംശയിച്ചു.
ഇയാൾ തന്നെയാണോ പ്രണയം പറഞ്ഞു വർഷങ്ങളോളം തന്റെ പിന്നാലെ നടന്നത്..?
അവൾ പരിഹാസത്തോടെ ഓർത്തു
അവളുടെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് പോയി.
അവൾ മധുമിത. കാണാൻ ശാലീന സുന്ദരി. അത്യാവശ്യം നന്നായി പഠിക്കുകയും പാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യും. അതുകൊണ്ടുതന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ ഒരുപോലെ പ്രിയങ്കരി ആയിരുന്നു മധു. അവൾ കോളേജിൽ പഠിക്കുമ്പോഴാണ് അയാൾ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവളുടെ സീനിയർ ആയി പഠിച്ചതാണ് അയാൾ..!
ഒരിക്കൽ ആർട്സ് ഡേയിൽ മധു ഒരു പാട്ടുപാടി. അത് നന്നായിരുന്നു എന്ന് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ടാണ് അയാൾ ആദ്യമായി അവൾക്ക് അടുത്തേക്ക് എത്തിയത്. സാധാരണ കേൾക്കുന്ന ഒരു വാചകം ആയതുകൊണ്ട് തന്നെ ഒരു നന്ദി വാക്കിൽ മറുപടി ഒതുക്കിക്കൊണ്ട് അയാളെ കടന്നു പോവുകയായിരുന്നു മധു ചെയ്തത്.
സത്യം പറഞ്ഞാൽ അയാൾ ആരാണെന്നോ എന്താണെന്നോ മധുവിന് അറിയില്ലായിരുന്നു.
” അത് ആരാണെന്ന് അറിയില്ലേ നിനക്ക്..? വലിയ ഏതോ ബിസിനസു കാരന്റെ മകനാണ്. പിന്നെ ഈ കോളേജിൽ അത്യാവശ്യം ഫാൻസും ഉണ്ട് അയാൾക്ക്. പെൺപിള്ളാരൊക്കെ അയാളുടെ ഒരു നോട്ടത്തിനും ചിരിക്കും കൊതിക്കുകയാണ്. നീ മാത്രം എന്താ അയാളെ ഇതുവരെ കാണാതിരുന്നത്..?”
കൂട്ടുകാരി ചോദിക്കുമ്പോൾ ഉത്തരം ഇല്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ.
“എന്തായാലും പുള്ളിക്കാരന് നിന്നെ ബോധിച്ച മട്ടുണ്ട്. അല്ലെങ്കിൽ പിന്നെ അഭിനന്ദനം എന്ന മട്ടിൽ നിന്നെ കാണാൻ വരേണ്ട കാര്യമൊന്നു മില്ലായിരുന്നല്ലോ..!”
അവൾ അന്ന് അത് പറഞ്ഞിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. വെറുതെ ഒരു കളി തമാശ പോലെ കേട്ട് നിൽക്കുക മാത്രമേ ചെയ്തുള്ളൂ. പക്ഷേ അത് അങ്ങനെ ആയിരുന്നില്ല എന്ന് പിന്നീടുള്ള ദിവസങ്ങളിൽ ബോധ്യമായി.
കോളേജിലെ പെൺകുട്ടികളുടെ ആരാധനാപാത്രമായ ആ മനുഷ്യൻ തന്നോട് സംസാരിക്കാൻ ഒരുപാട് വ്യഗ്രതപ്പെടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. സ്വാഭാവികം എന്ന് തോന്നിക്കുന്ന തരത്തിൽ സൃഷ്ടിച്ചെടുക്കുന്ന കൂടികാഴ്ചകൾ..! ഇടയ്ക്ക് അവളെ തേടിയെത്തുന്ന പുഞ്ചിരികൾ..! വല്ലപ്പോഴും ഉള്ള രണ്ടു വാക്കിലെ സംസാരം..! അവയൊക്കെയും പോകെ പോകെ അവൾ ശ്രദ്ധിക്കുന്നു ണ്ടായിരുന്നു.
അവൾക്കും ഉള്ളിൽ അവനോട് ഒരു താല്പര്യം തോന്നുന്നുണ്ടായിരുന്നു. പക്ഷേ തങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് പൂർണ്ണമായ ധാരണ ഉള്ളതുകൊണ്ട് അവൾ അത് മറച്ചുവച്ചു.
“മധു.. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. തന്നെ കണ്ട നാൾ മുതൽ താൻ എന്റെ മനസ്സിൽ കൂടിയേറിയതാണ്. ഇപ്പോൾ പറിച്ചെറിയാൻ കഴിയാത്ത അത്രയും വിധത്തിൽ ആഴത്തിൽ താൻ എന്നിൽ നിറഞ്ഞു നിൽക്കുന്നു. എന്നും എന്റെ ജീവിത സഖിയായി താൻ എന്നോടൊപ്പം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം.. താൻ ഇപ്പോൾ ഒരു മറുപടി പറയണമെന്നില്ല. ആലോചിച്ച് നല്ല രീതിയിൽ ഒരു മറുപടി തന്നാൽ മതി..”
അന്ന് അത്രയും പറഞ്ഞുകൊണ്ട് അയാൾ നടന്നു നീങ്ങുമ്പോൾ താൻ സ്വപ്നം കാണുകയാണോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു. കുറച്ച് അധികം നാളുകൾ അവളുടെ താൽപര്യം അറിയാനായി അയാൾ പിന്നാലെ നടന്നു. ഒരുപാട് കാലമൊന്നും അയാളുടെ ഇഷ്ടം കണ്ടില്ല എന്ന് നടിക്കാൻ അവൾക്ക് കഴിഞ്ഞില്ല.അവൾ അത് തുറന്നു പറഞ്ഞു. പിന്നീട് ആ കോളേജ് സാക്ഷ്യം വഹിച്ചത് അവരുടെ പ്രണയ മുഹൂർത്തങ്ങൾക്ക് ആയിരുന്നു.
കോളേജിലെ പലരും അവളെ അസൂയയോടെ നോക്കുമ്പോൾ അവൾ സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയും അയാളെ ചേർത്തു പിടിച്ചു.ഒടുവിൽ എപ്പോഴും അവളുടെ വീട്ടിൽ ആ ബന്ധം അറിയുമ്പോൾ, അയാളുടെ വീട്ടുകാരെ കൂട്ടി പെണ്ണ് ചോദിക്കാൻ എത്തി.
പക്ഷേ അവളുടെ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആലോചന എവിടെയും എത്താതെ പോയി. പക്ഷേ പരസ്പരം മറക്കാനോ വേർപിരിയാനോ അവർക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവർ ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തു.
ആദ്യ കാഴ്ചകൾ തന്നെ അവളെ ഇഷ്ടമായ അവന്റെ മാതാപിതാക്കൾക്ക്, അവളെ സ്വീകരിക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. അവന്റെ കൈപിടിച്ച് ആ വീട്ടിലേക്ക് കയറുമ്പോൾ ഇനിയുള്ള തന്റെ നാളുകൾ സന്തോഷപൂർണ്ണ മായിരിക്കും എന്ന് കൊiതിച്ചിരുന്നു.
ആദ്യമൊക്കെ വളരെ സന്തോഷപൂർണ്ണമായ ദാമ്പത്യം തന്നെയായിരുന്നു. തങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കുന്നത് വരെയും അത് നല്ല രീതിയിൽ മുന്നോട്ട് പോയി. പക്ഷേ അതിനുശേഷം ദാമ്പത്യത്തിൽ താളപ്പിiഴകൾ അനവധി ആയിരുന്നു.
തന്റെ ശരീരത്തിന് കോട്ടം തട്ടി എന്ന് പറഞ്ഞു അവൾ ഉള്ള മുറിയിലേക്ക് പോലും കടന്നു വരാത്ത ഭർത്താവ് അവൾക്ക് അത്ഭുതമായിരുന്നു. കുഞ്ഞിനെ പോലും അയാൾ കൊഞ്ചിക്കുന്നത് അവൾ കണ്ടിട്ടില്ല. എന്നിരുന്നാൽ പോലും അവരുടെ രണ്ടുപേരുടെയും എല്ലാ ആവശ്യങ്ങളും അയാൾ നടത്തി കൊടുത്തിരുന്നു.
പക്ഷേ ദിവസങ്ങൾ കടന്നു പോകവേ അയാളുടെ ആ സ്വഭാവത്തിന് മാറ്റങ്ങൾ വന്നു. പലപ്പോഴും വീട്ടിലേക്ക് വരാതെയായി. വന്നാൽ തന്നെയും അവളെയും കുഞ്ഞിനേയും തീരെ ശ്രദ്ധിക്കില്ല. അങ്ങനെ രണ്ടുപേർ ആ വീട്ടിലുണ്ട് എന്നൊരു ധാരണ പോലും അയാൾക്ക് ഇല്ലാത്തത് പോലെ..!
അവളുടെ വേദന ആ മാതാപിതാക്കൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. അവളെ ആശ്വസിപ്പിക്കാൻ അല്ലാതെ മറ്റൊന്നിനും അവർക്ക് കഴിയുമായിരുന്നില്ല. അവന്റെ സ്വഭാവത്തിൽ മാറ്റം വരും എന്നുള്ള പ്രതീക്ഷയിൽ ആ മൂന്ന് ജന്മങ്ങൾ മുന്നോട്ടു നീങ്ങുമ്പോഴാണ്,ഒരു ദിവസം മറ്റൊരുവളുടെ കൈയും പിടിച്ച് അയാൾ ആ വീട്ടിലേക്ക് കയറി വന്നത്.
ഇനിയുള്ള അയാളുടെ ജീവിതം അവളോടൊപ്പം ജീവിച്ചു തീർക്കാനാണ് താല്പര്യം എന്ന് അയാൾ തുറന്നു പറഞ്ഞു. വീട്ടിൽ എല്ലാവരും എതിർത്തെങ്കിലും അയാളുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. അവളും അവിടെ താമസമാക്കി. അങ്ങനെ ഒരു ജീവിതം അവൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മനസ്സിലാക്കിയതോടെ അയാളുടെ അച്ഛൻ തന്നെയാണ് അവൾക്ക് മറ്റൊരു താമസ സൗകര്യം ഒരുക്കിയത്.
കുഞ്ഞിന്റെ കാര്യങ്ങളൊക്കെയും അവർ മുടക്കം കൂടാതെ ചെയ്തു. അധികം വൈകാതെ തന്നെ അയാൾ ഡിവോഴ്സ് ആവശ്യപ്പെട്ടു. ഇയാളോടൊപ്പം തുടർന്ന് ജീവിക്കാൻ അവൾക്ക് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ലെങ്കിലും, തന്റെ കുഞ്ഞിന് ഒരു അച്ഛൻ വേണമല്ലോ എന്നൊരു തോന്നൽ അവളെ ആ തീരുമാനം എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു.
പക്ഷേ അയാൾ നിരന്തരം ഭീഷണിയുമായി അവളെ തേടിയെത്തി. താമസിക്കുന്ന വീട്ടിൽ സമാധാനം ഇല്ലാതായപ്പോൾ അയാളുടെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കാൻ അവൾ തീരുമാനിച്ചു.
ഡിവോഴ്സ് കേസിന്റെ ആവശ്യത്തിനുവേണ്ടി പലതവണ കോടതിയിൽ കയറിയിറങ്ങി. ഇന്ന് അവസാന വിധി വരികയാണ്.. അയാൾക്ക് അവളോടൊപ്പം ജീവിക്കാം എന്നുള്ള ആഗ്രഹം നിമിത്തം സന്തോഷമാണ്..
നഷ്ടങ്ങൾ തനിക്ക് മാത്രം സ്വന്തമാണ്.. അയാളെ സ്നേഹിച്ചു എന്ന കുറ്റത്താൽ ആദ്യം വീട്ടുകാരെ നഷ്ടമായി.. ഇപ്പോൾ ഭർത്താവിനെയും കുഞ്ഞിന്റെ അച്ഛനെയും നഷ്ടമായി..,,!
ആരൊക്കെ വന്നാലും പോയാലും ഇപ്പോൾ തനിക്ക് കൂട്ടിന് തന്റെ ജീവന്റെ അംശം ഉണ്ട്. ഇനി അവൾക്ക് വേണ്ടി ജീവിക്കണം. ആരെയും ആശ്രയിക്കാതെ നല്ല രീതിയിൽ അവളെ വളർത്തണം..!
അവൾ ആ തീരുമാനം മനസ്സിൽ ഉറപ്പിക്കുമ്പോഴേക്കും അകത്ത് ആ കോടതി മുറിക്കുള്ളിൽ അവരുടെ ഡിവോഴ്സ് നടപ്പിലാക്കിക്കൊണ്ട് വിധി എഴുതി കഴിഞ്ഞിരുന്നു.