തന്റെ മുന്നില്‍ കൈനീട്ടിയ വന്ന ഒരു വൃദ്ധനെ പുച്ഛത്തോടെ തള്ളി മാറ്റികൊണ്ട് അടുത്തുള്ള കടയിൽ കയറി…..

പ്രശസ്ത കവി

Story written by Shaan Kabeer

“ഷാൻ കബീർ അല്ലേ…?”

ഷാൻ തിരിഞ്ഞു നോക്കി

“അതെ”

അയാൾ ഷാനിനെ കെട്ടിപിടിച്ച് സന്തോഷത്തോടെ നോക്കി

“ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്. മനുഷ്യത്വത്തെ കുറിച്ച് നിങ്ങൾ എത്ര മനോഹരമായിട്ടാണ് എഴുതുന്നത്. നിങ്ങളുടെ മോട്ടിവേഷൻ സ്പീച്ച് കേട്ട് ഞാൻ കോരിത്തരിച്ച് നിന്നിട്ടുണ്ട്. നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ കണ്ട് ആരാധന തോന്നിയിട്ടുണ്ട്”

ഷാൻ അയാളെ നോക്കി പുഞ്ചിരിച്ചു. സംസ്ഥാന ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഷാൻ. അവിടെ കണ്ട പല ചിത്രങ്ങളും ഷാനിന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭിക്ഷ തെണ്ടുന്ന ഒരു വൃദ്ധനോട് ഇന്നത്തെ സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു ചിത്രത്തിലെ വിഷയം. ഷാൻ കണ്ണുകള്‍ തുടച്ച് തിയേറ്ററിന് പുറത്തിറങ്ങി. അപ്പോഴാണ്‌ ഒരു ചാനല്‍ പ്രവര്‍ത്തകൻ മൈക്കും ക്യാമറയും ഓണാക്കി ഷാനിനോട് ചിത്രത്തിന്റെ അഭിപ്രായം ആരാഞ്ഞത്. ഷാൻ ക്യാമറക്കു മുന്നില്‍ പൊട്ടിത്തെറിച്ചു

“നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടത് അത്യാവശ്യമാണ്, നമ്മുടെ അനാവശ്യ ചിലവിന്റെ ഒരു ചെറിയ ഭാഗം മാറ്റിവെച്ചാൽ തന്നെ ഒരു ദിവസം നമുക്ക് ഒരാളുടെ പട്ടിണി മാറ്റാന്‍ സാധിക്കും. ഒരു മാസം മുപ്പത് പേരുടെ പട്ടിണി മാറ്റാന്‍ സാധിക്കും. ഒരു വര്‍ഷം മുന്നൂറ്റി അറുപത്തഞ്ചു പേരുടെ പട്ടിണി മാറ്റാന്‍ സാധിക്കും. ഉണരു സമൂഹമേ ഉണരൂ”

ഷാനിന്റെ നിയന്ത്രണം വിട്ടു, അവൻ ക്യാമറക്ക് മുന്നില്‍ പൊട്ടികരഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ആ സിനിമയുടെ സംവിധായകൻ തന്റെ കണ്ണില്‍ നിന്നും തുരുതുരാ ഒഴുകിയ കണ്ണുനീര്‍ തുള്ളികൾ ആരും കാണാതെ തുവ്വാലകൊണ്ട് തുടച്ചു മാറ്റി. സംവിധായകനെ ചാനലുകാർ വളഞ്ഞു. അയാള്‍ അഭിമാനത്തോടെ പറഞ്ഞു

“അതെ ഞാന്‍ ഇത്രയേ ഉദ്ദേശിച്ചൊള്ളൂ. നമ്മുടെ നാട് നന്നാവണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നൊള്ളൂ. അല്ലാതെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചല്ല ഞാന്‍ സിനിമ എടുത്തത്. എന്തായാലും നാട് നന്നായല്ലോ എനിക്ക് അതുമതി”

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഷാനിനെ സംവിധായകന്‍ കാണാനിടയായി. സംവിധായകന്‍ ഷാനിനെ ഒരുപാട് വിളിച്ചു പക്ഷെ ഷാൻ കുറച്ച് അകലെ ആയതു കൊണ്ട് അത് കേട്ടില്ല. സംവിധായകന്‍ ഷാനിന്റെ അടുത്തേക്ക് നടന്നു നീങ്ങി. അപ്പോഴാണ്‌ സംവിധായകന്‍ ആ കാഴ്ച കണ്ടത്. തന്റെ മുന്നില്‍ കൈനീട്ടിയ വന്ന ഒരു വൃദ്ധനെ പുച്ഛത്തോടെ തള്ളി മാറ്റികൊണ്ട് അടുത്തുള്ള കടയിൽ കയറി അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി ഷാൻ ഉറക്കെ പറഞ്ഞു

“ഒരു പാക്കറ്റ് കിങ്‌സ്”