തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അന്ന് നേരം പര പരാന്ന് വെളുത്തപ്പോൾ പതിവുപോലെ കുഞ്ഞമ്പു ഉണർന്നു. ചിരുത ഉണർത്തിയെന്ന് പറയുന്നതായിരിക്കും ശരി.. മുറ്റം തൂത്തുവാരും മുമ്പേ വെള്ളം കുടയാൻ എടുത്ത മൊന്തയിൽ കൈയ്യിട്ട് തിണ്ണയിൽ കിടക്കുന്ന അയാളുടെ മുഖത്തേക്ക് അവൾ കുടഞ്ഞു. തലകുലുക്കി എഴുന്നേൽക്കുമ്പോൾ കുഞ്ഞമ്പുവിന് ഉടുമുണ്ട് ഉണ്ടായിരുന്നില്ല…

‘എന്താടി നോക്ക്ന്നേ.. ഈന് മുമ്പ് കാണാത്ത പോലെ..’

തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി. കെട്ടിച്ച് വിട്ട മോളുടെ തള്ള ആയപ്പോഴാണോ നിനക്കെന്നെ വേണ്ടാതായതെന്ന് പറഞ്ഞുകൊണ്ട് കുഞ്ഞമ്പു അകത്തേക്കും പോയി. അഴിഞ്ഞുപോയ ഉടുമുണ്ട് അപ്പോൾ അയാളുടെ തോളത്തായിരുന്നു…

കുഞ്ഞമ്പുവിന് ജീവിതം ക ള്ളുപോലെയാണ്… അതും കുടിച്ച് പാട്ടും പാടി തന്റെ കൂരയുടെ ചാണകം മെഴുകിയ തിണ്ണയിൽ അയാൾക്ക് കുഴഞ്ഞുവീഴണം. അതിനുവേണ്ടിയാണ് ദൈവം തമ്പുരാൻ തനിക്ക് ജീവൻ തന്നിരിക്കുന്നു വെന്നാണ് അയാളുടെ ബോധം. ആ നേരം താൻ പ്രേമിച്ച് കെട്ടിക്കൊണ്ട് വന്ന പെണ്ണൊരുത്തി അതിനകത്തുണ്ടെന്ന് അയാൾ ഓർക്കാറേയില്ല…

മകളുടെ കല്ല്യാണം കഴിഞ്ഞപ്പോഴാണ് കുഞ്ഞമ്പുവിന്റെ കുടി കൂടിയത്. കൂര വിട്ടുപോയ തന്റെ മോൾ കെട്ടിയോനും കുഞ്ഞുങ്ങളുമായി തങ്ങളുടെ സുഖവിവരം തിരക്കാൻ ആണ്ടിൽ ഒരുവട്ടമെങ്കിലും വരുമെന്ന് അയാൾ കരുതിയിരുന്നു.

‘അതിന് നിങ്ങ എന്നേം കൂട്ടീറ്റ് ….ന്റെ വീട്ടിലേക്ക് പോയിറ്റ്ണ്ടാ… ന്നേവരെ…!?’

ചിരുതയുടെ ഈ മറുപടി കേൾക്കുമ്പോൾ കുഞ്ഞമ്പുവിന്റെ വായ അടയും.. ചെത്തുകുടവും എടുത്ത് ഒറ്റ നടത്തമാണ് പിന്നെ… തിരിച്ചുവരുന്നത് ഇങ്ങനേയും.. അതുകൊണ്ട് തന്നെ രാത്രിയിൽ അയാൾക്കായി മാറ്റിവെക്കുന്ന കഞ്ഞിയും പച്ചമുളകും പാവയ്ക്ക കൊണ്ടാട്ടവും കാലത്തേക്ക് പുളിച്ചുപോകും. എന്നാലും അവൾ അത് പാഴാക്കാറില്ല..

‘എന്തേലും ഞണ്ണാനുണ്ടാകോ ഈട…?’

ഉമ്മിക്കരിയിലുള്ള പല്ലുതേപ്പും കിണറ്റിൻ കരയിൽ നിന്നുള്ള കുളിയുമൊക്കെ കഴിഞ്ഞപ്പോൾ കുഞ്ഞമ്പു ചോദിച്ചു. എന്നത്തേയും പോലെ ഇന്നലത്തെ കഞ്ഞിയുണ്ടെന്ന് ചിരുത പറഞ്ഞു. അത് നിന്റെ ചത്തുപോയ തന്ത വാറ്റ് ചിണ്ടന് കൊടുക്കൂവെന്നും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. തനിക്ക് പറയാൻ ഒരു തന്തയെങ്കിലുമുണ്ടെന്ന് പറഞ്ഞ് അവൾ ആ പഴങ്കഞ്ഞി അരിശത്തോടെ കുടിച്ചു. അതുകേട്ടാലും കുഞ്ഞമ്പുവിന് ഒന്നും പറയാൻ പറ്റുമായിരുന്നില്ല. തന്റെ തന്ത ആരാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു…

ചിരുതയെ കുഞ്ഞമ്പു ആദ്യമായിട്ട് കാണുന്നത് പരമു നായരുടെ തൊപ്പിലെ തെങ്ങിന്റെ മുകളിൽ നിന്നാണ്. ആരും കാണാതെ മടല് പെറുക്കി പോകുന്ന അവളെ കണ്ടപ്പോൾ കള്ളീയെന്ന് അയാൾ വിളിച്ചുകൂവി.. ദൈവത്തോടെന്ന പോലെ അവൾ മേലോട്ടേക്ക് നോക്കി തൊഴുതുനിന്നു.

‘ആരോട് ചോദിച്ചിട്ടാടി.. പറമ്പില് കേറിയത്..?’

തെങ്ങിൽ നിന്ന് ഊർന്ന് ഇറങ്ങുമ്പോൾ കുഞ്ഞമ്പു ചോദിച്ചു.

‘അതിനിത് ഇങ്ങടെ പറമ്പല്ലല്ലോ.. ആ പരമുനായേടെയല്ലേ….’

“നായയോ…!”

കുഞ്ഞമ്പു ആശ്ചര്യപ്പെട്ടു. പുലയാട്ട് കേക്കണ്ടെങ്കിൽ പോയിക്കോ ഈട്ന്ന് എന്നും പറഞ്ഞ് ചിരുതയെ അയാൾ കണ്ണുകൾ ഉരുട്ടി പേടിപ്പിച്ചു. അവൾ നടുങ്ങിയില്ല. പണിക്ക് വരണ പെണ്ണുങ്ങളുടെ കുടിയില് അന്തിക്ക് എത്തിനോക്കുന്നോനെ പിന്നെയെന്ത്‌ വിളിക്കണമെന്ന് പറഞ്ഞ് അവൾ മുഖം ചുളിച്ചു. അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല. ആ വേളയിൽ പെറുക്കിയ മടലുമെടുത്ത് അവൾ പോകുകയും ചെയ്തു.

പിന്നീടുള്ള നാളുകളിലും പരമു നായരുടെ ആ വലിയ തോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നുമായി അവർ പരസ്പരം കണ്ടു. സംസാരിച്ചു. പതിയേ കുഞ്ഞമ്പുവിനെ കാണാൻ വേണ്ടി മാത്രമായി അയാൾ ചെത്താൻ കയറുന്ന തൊപ്പിലേക്ക് ചിരുത വരാൻ തുടങ്ങി. വൈകാതെ ചേർന്ന് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു…

ജീവിതം അതീവ സന്തോഷത്തിലാണെന്ന് രണ്ടുപേരുടേയും ജീവൻ ഒരുപോലെ പറഞ്ഞു. അവരിലേക്ക് ഒരു കുഞ്ഞുകൂടി കയറിവന്നപ്പോൾ സംതൃപ്തികളുടെ ഗതി തന്നെ മാറിപ്പോയി.. മകളിലേക്ക് മാത്രമായി രണ്ടുപേരുടേയും ശ്രദ്ധ തിരിഞ്ഞപ്പോൾ, പണ്ട് പങ്കുവെച്ച പ്രണയം പതിയേ അവരിൽ നിന്ന് ഇല്ലാതാകുകയായിരുന്നു…

ഒരു കഷ്ട്ടപ്പാടും അറിയാതെ മകൾ വളർന്നൊരു പൂമ്പാറ്റയായി. ഭൂമിയിലെ ജീവസമ്പത്തുകളെ കാത്തുരക്ഷിക്കാനുള്ള പരാഗണത്തിനായി അവൾ പറന്നുപോകുകയും ചെയ്തു…

തിരിഞ്ഞുനോക്കാത്ത മകളെ ഓർത്ത് ജീവിതം അങ്ങെനെയൊക്കെ ആണെന്ന് ചിരുതയ്ക്ക് ഉൾക്കൊള്ളാൻ പറ്റിയിരുന്നുവെങ്കിലും കുഞ്ഞമ്പുവിന് സാധിച്ചിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പണ്ട് പങ്കുവെച്ചതെല്ലാം ചിരുതയിൽ തഴുകി ഉണർത്താനും അയാൾക്ക് പറ്റിയില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മക്കളുണ്ടാകുമ്പോൾ പരസ്പരം മറന്നുപോകുന്ന ദമ്പതികളായി തുടക്കത്തിലേ അവർ മാറപ്പെട്ടിരുന്നു…

അന്തിയായി. ചിരുത ചിമ്മിണി വിളക്ക് തെളിയിച്ച് കൂരയിൽ പ്രകാശം പരത്തി.. രണ്ടുപറമ്പ് അകലത്തിൽ നിന്ന് കുഞ്ഞമ്പുവിന്റെ കുഴഞ്ഞ പാട്ട് ചെറുതായി കേൾക്കുന്നുണ്ട്.. അവൾ കാതുകൾ കൂർപ്പിച്ചു.

‘തളപ്പിട്ട് കേറ്ന്ന മാനത്തെ മണ്ണിൽ തഞ്ചത്തില് ഞേനൊരു പൂമരം നട്ടേ… ആ തഞ്ചത്തില്ഞേ നൊരു പൂമരം നട്ടേ.. പൂങ്കുല കണ്ടിറ്റ് കാറ്റൊന്ന് ഞെട്ട്യേ..

ആടിയാടി വീയല്ലേ ആണ്ടവനെ… ആരാന്റെ മണ്ണാന്ന്ന്ന്…. ആരൊക്ക്യോ ചൊല്ലുന്ന്ന്ന് …..

തളപ്പിട്ട് കേറ്ന്ന മാനത്തെ മണ്ണിൽ തഞ്ചത്തില് ഞേനൊരു പൂമരം നട്ടേ… ആ തഞ്ചത്തില്ഞേ നൊരു പൂമരം നട്ടേ..

കൂവലോട് കൂടിയ പാട്ടുമായി കുഞ്ഞമ്പു കൂരയിലേക്ക് ആടിയാടി എത്തി. പതിവു പോലെ തിണ്ണയിലേക്ക് കയറിയിരുന്ന് മലർക്കനെ അയാൾ കിടന്നപ്പോൾ ചിരുത കതകടച്ചു. അവളുടെ ഹൃദയം മകളേയും പുറത്ത് തന്നെ മറന്ന് കിടക്കുന്ന ആ മനുഷ്യനേയും ഓർത്ത് വിങ്ങി. അതുകേട്ടിട്ടാണോയെന്ന് അറിയില്ല മാനം പൊട്ടിക്കരഞ്ഞു….

ഇടിമിന്നലോടുകൂടിയ മഴ കുഞ്ഞമ്പുവിനെ കുത്തിയുണർത്തി. ചാറ്റലേറ്റപ്പോൾ വെളിപാടുണ്ടായത് പോലെ അയാൾ ആ കതകിൽ മുട്ടി. ചിരുത തുറന്നു. എന്തൊരു മഴയാന്ന്ന്ന് പറഞ്ഞുകൊണ്ട് അയാൾ അകത്തേക്ക് കയറിയപ്പോൾ അടക്കുകയും ചെയ്തു..

‘കഞ്ഞിയെടുക്കട്ടാ…?’ അവൾ ചോദിച്ചു.

“ഉം… ” കുഞ്ഞമ്പു മൂളി.

ഏതാണ്ട് രണ്ടുവർഷത്തിന് ശേഷമാണ് തന്റെ കെട്ട്യോൻ രാത്രിയില് വല്ലതും വേണമോയെന്ന് ചോദിക്കുമ്പോൾ ഇങ്ങനെയൊന്ന് മൂളുന്നത്… അതുകൊണ്ട് തന്നെ അതീവ സന്തോഷത്തോടെ അണഞ്ഞുതുടങ്ങിയ അടുപ്പിൽ ഇരിക്കുന്ന കഞ്ഞിക്കലത്തിന്റെ അടുത്തേക്ക് ചിരുത നടന്നു.

തറയിൽ ചമ്മണം പടിഞ്ഞ് ഇരുന്ന കുഞ്ഞമ്പുവിന്റെ മുന്നിൽ കഴിക്കാനുള്ളതെല്ലാം അവൾ എടുത്തുവെച്ചു. അയാൾ ശ്രദ്ധിക്കുന്നത് ചിരുത മനഃപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു. കുഞ്ഞമ്പുവിന് വിഷമമായി.

‘മോക്കും വേണ്ടെന്നെ.. നിന്ക്കും വേണ്ടെന്നെ…’

എന്നും പറഞ്ഞ് അയാൾ കഴിക്കാതെ എഴുന്നേൽക്കാൻ ഒരുങ്ങി. ചിരുത തടഞ്ഞു. ഇങ്ങക്കാന്ന് എന്നെ വേണ്ടതായതെന്നും പറഞ്ഞ് അവൾ വിതുമ്പിയപ്പോൾ, കള്ളിറങ്ങിയ കുഞ്ഞമ്പുവിന്റെ കരള് അലിഞ്ഞു. നീയെന്തെങ്കിലും കഴിച്ചോടീയെന്നും ചോദിച്ച് പ്ലാവില കൂടിൽ കഞ്ഞി കോരി അയാൾ അവളുടെ ചുണ്ടിലേക്ക് നീട്ടി.

ആ നേരം ചിരുതയുടെ സന്തോഷമൊന്ന് കാണേണ്ടത് തന്നെയായിരുന്നു.. കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങിയ അവളുടെ ചിറിയിൽ ചിരിയായി അത് തൂകി നിന്നിരുന്നു…

‘ഇങ്ങ കുടിക്ക്…. എത്ര നാളായിങ്ങനെ… ന്റെ പൊന്ന് കുടിക്ക്…’ അയാൾ നീട്ടിയ പ്ലാവില കൂടിൽ വിരൽ വെച്ചുകൊണ്ട് ചിരുത പറഞ്ഞു.

“നമ്മടെ മോള് തിരിഞ്ഞ് നോക്കാതെ പോയപ്പോ ഞാനങ്ങ് ഇല്ലാണ്ടായി പ്പോയെടീ…” എന്നും പറഞ്ഞ് കുഞ്ഞമ്പു കഞ്ഞി കുടിക്കാൻ തുടങ്ങി.. ഞാനില്ലേ ഇങ്ങക്കെന്ന് പറഞ്ഞ് അവൾ മൂക്ക് ചീന്തി മുണ്ടിലുരച്ചു. ആദ്യമായിട്ട് തമ്മിൽ കാണുന്നത് പോലെ പതിയേ അവരുടെ കണ്ണുകൾ പരസ്പരം കൊളുത്തി. കള്ളിനേക്കാളും ആസ്വദിച്ച് അയാൾ ആ കഞ്ഞിമുഴുവൻ തന്നെ നോക്കി കുടിക്കുന്നത് ഇമവെട്ടാതെ അവൾ നോക്കിയിരുന്നു…

വീണ്ടും കുടിക്കണമെന്ന് തോന്നുന്ന രുചിയുള്ള കഞ്ഞിയാണ് ചിരുതയുമായുള്ള ജീവിതമെന്ന് കുഞ്ഞമ്പുവിന് അന്ന് തോന്നിപ്പോയി. പാകത്തിന് ഉപ്പുനോക്കി പച്ചമുളകും പാവയ്ക്ക കൊണ്ടാട്ടവും കടിച്ച് കോരി കുടിക്കുന്ന ഒന്നാന്തരം ചൂട് കഞ്ഞി…!!!