റീൽസ്
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
പെരുമഴ പെയ്തിറങ്ങുന്ന മിഥുനരാവ്. കുളിച്ചു തോർത്തി, ഒരു പാട്ടുമൂളിയുമാണ് സുന്ദരൻ കിടപ്പുമുറിയിലേക്കു വന്നത്. ചുവരലമാരയിലെ നിലക്കണ്ണാടിയിൽ ഒന്നു ചന്തം നോക്കി, ചെമ്പകപ്പൂവിന്റെ നറുമണമുള്ള അത്തറെടുത്തു ഉടലിൽ പൂശി, കട്ടിലിനരികിലേക്കെത്തി.
കുസുമം, കട്ടിലിൽ കിടന്ന് മൊബൈലിൽ യൂട്യൂബ് കാണുകയായിരുന്നു.. നല്ലോണം ശ്രദ്ധിച്ചാണ് കാണുന്നതെന്നു സുന്ദരനു മനസ്സിലായി. ഇരുകൈകൾ കൊണ്ടും മൊബൈൽ ഫോൺ മുഖത്തേക്കു ചേർത്തുപിടിച്ച്, കാലുകൾ ആട്ടിക്കൊണ്ടുമാണ് കിടപ്പ്. സുന്ദരൻ, ഭാര്യയുടെ അരികത്തേക്കു ചേർന്നു കിടന്നു. ലൈറ്റണച്ചു.എന്നിട്ട് അവളോടു ചോദിച്ചു.
“എന്തൂട്ടാ, ഇത്ര കാര്യായിട്ട് കാണണത് ? സീരിയലുകളൊക്കെ ടീവീലു കണ്ടതല്ലേ”
അവൾ, മൊബൈൽ ഓഫ് ചെയ്ത്, അയാൾക്കരികിലേക്കു തിരിഞ്ഞു കിടന്നു. അയാളുടെ ഉടലിൽ നിന്നു പ്രസരിച്ച ചെമ്പകഗന്ധത്തേ ആസ്വദിച്ച്, തെല്ലിട മിണ്ടാതെ കിടന്നു. പിന്നെ, സുന്ദരന്റെ അരക്കെട്ടിലേക്കു തന്റെ കാൽ കയറ്റിവച്ച്, പതിയേ പറഞ്ഞു.
“ചേട്ടന്, ആകെ കിട്ടണ ശമ്പളം മുപ്പത്തയ്യായിരം രൂപയല്ലേ? നമുക്ക് ഹൗസിംഗ് ലോൺ തന്നെ പതിനെണ്ണായിരം, മാസം അടയ്ക്കണം..വീട്ടുപകരണങ്ങളുടെ ഇൻസ്റ്റാൾമെന്റ്, നാലായിരത്തോളമുണ്ട്. പലചരക്ക്, പച്ചക്കറി, നോൺവെജ്, പിന്നേ, ഞായാറാഴ്ച്ചകളില് നിങ്ങളു വാങ്ങണ കുപ്പി, ക്ടാങ്ങൾക്കു പഠിക്കാനുള്ള ചെലവ് എല്ലാം കൂടിയാവുമ്പോൾ നമ്മൾക്ക് എത്ര നീക്കിയിരിപ്പുണ്ടാകും? അവറ്റകൾ ഇപ്പോ അപ്പർ പ്രൈമറിയാണ്. ഹൈസ്കൂളിൽ എത്തുമ്പോൾ, വീണ്ടും ചെലവു കൂടും. നമ്മളെന്തു ചെയ്യും?”
“എന്റെ കുസുമം, ഇതൊക്കെ ഈ കിടക്കാൻ നേരത്താണോ ചോദിക്ക്യാ? ഉള്ള മൂഡു കളയാനായിട്ട്. വെറുതേ, ചെമ്പകത്തിന്റെ സ്‌പ്രേയടിച്ചു. നീ പറഞ്ഞതൊക്കെ ശര്യന്നേ; മ്മള് പ്പോ ന്തൂട്ട് ചെയ്യാനാ, വല്ല്യ വീടൊന്നും പണിയണ്ടായിരുന്നു. ഒരു ചെറുതു പണിതിട്ട്, പിള്ളേരുടെ കാലത്ത് അവരു പണിതോളുംന്ന് വച്ചാ മത്യായിരുന്നു”
സുന്ദരൻ നെടുവീർപ്പിട്ടു. കുസുമം, അയാളെ മുറുക്കേ കെട്ടിപ്പിടിച്ചു.
“ചേട്ടൻ വിഷമിക്കേണ്ട, നമുക്ക് വരുമാനമുണ്ടാക്കാവുന്ന ഒരു സംഗതിയാണ്, ഞാൻ യൂടൂബില് കണ്ടോണ്ടിരുന്നത്.
നമ്മളും ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നു. എന്നിട്ട്, ഒന്നരാടം, പതിനഞ്ചും ഇരുപതും മിനിറ്റുള്ള വീഡിയോകൾ ഇടുന്നു. അതു ക്ലിക്കാവുന്നു. കമന്റും, ലൈക്കും, സബ്സ്ക്രൈബേഴ്സും നിറയുന്നു. മാസാമാസം നല്ലൊരു വരുമാനം കിട്ടണൂ, നമ്മള് രക്ഷപ്പെടണു..ഈ കാര്യത്തെക്കുറിച്ചാ ഞാൻ നോക്കിക്കൊണ്ടിരുന്നേ”
“ഡ്യേ, ഇതൊക്കെ നടക്കണ കാര്യാണോ? വീഡിയോ എടുക്കാൻ പേടിക്കാനില്ല. ഇല്ലാത്ത കാശ് ഇൻസ്റ്റാൾമെന്റ് കൊടുത്ത്, ഐഫോൺ പതിനാലു പ്രോ വാങ്ങീട്ടില്ലേ, അതോണ്ട് എടുക്കാം. പക്ഷേ, ഈ യൂട്യൂബേഴ്സിനെ തടഞ്ഞിട്ട് നടക്കാൻ പാടില്ലാത്ത കാലമാണല്ലോ ഇപ്പോൾ, നമ്മളു തുടങ്ങിയാൽ രക്ഷ്യാവോ?”
“അതൊക്കെ രക്ഷപ്പെടും ചേട്ടാ, നമുക്കു നോക്കാം. നമ്മുടെ ചാനലിന് ഒരു പേരു വേണം. നമ്മുടെ രണ്ടാളുടേയും പേരിന്റെ ആദ്യാക്ഷരം വച്ച്, ‘സുകൂസ് വേൾഡ്’ എന്നിട്ടാലോ?”
കുസുമം, നല്ല ആത്മവിശ്വാസത്തിലാണ്.
“സുകൂസ് വേൾഡ്, വേണ്ടെടീ, അതൊരു ഗുമ്മില്ല. പിന്നേ, മ്മടെ പേര്, വേലായുധൻന്നും ശ്യാമളാന്നുമായിരുന്നെങ്കില് ഈ ഐഡിയേല് പേരിടാൻ പറ്റ്വോ. നമുക്ക്, ‘ദ് റിയൽ ലൈഫ് ലാബ്’ എന്നിടാം. അതാവുമ്പോ പൊരിക്കും. പക്ഷേ, ആദ്യ വീഡിയോ ചെതറണം. അതിന് എന്തൂട്ടാ ചെയ്യാ?”
കുസുമം, കണ്ണടച്ചു തെല്ലുനേരം ആലോചിച്ചു. എന്നിട്ട്, പതിയേ പറഞ്ഞു.
“ചേട്ടാ, നമുക്കീ മഴക്കാലം ശരിക്കും മുതലെടുത്താലോ?”
“എഡ്യേ, അത് നമ്മള് എന്നും മുതലെടുക്കണുണ്ടല്ലോ, പിള്ളേര് മാറിക്കെടക്കണ കാലം തൊട്ട്…”
“എന്റെ പൊന്നേ, അതല്ല, നമ്മുടെ ആദ്യ വീഡിയോ, മഴയിൽ നിന്നാരംഭിക്കണം.. പെരുമഴ, നമ്മുടെ വീട്, കുട്ടികളെ, സ്കൂളിൽ വിടണേനു മുമ്പ്, അവരുടെ വീഡിയോ എടുക്കാം. അവർ പോയി കഴിഞ്ഞാൽ, ഓപ്പൺ ടെറസ്സിൽ നമ്മുടെ ഇത്തിരി പ്രണയരംഗങ്ങൾ;ആദ്യ ദിവസം അത്ര മതി. ഇതു നമ്മള് തകർക്കും”
ഇരുവർക്കും സന്തോഷമായി. അവർ, മഴപ്പാട്ടിന്റെ ല ഹരിയിൽ ഒന്നായുറങ്ങി.
പ്രഭാതം. രാവിലേ മുതൽ പെരുമഴ പെയ്യണുണ്ട്. മഴയേയും, മക്കളേയും എട്ടരയോടെ ഫ്രെയിമിലാക്കി. കുട്ടികൾ സ്കൂളിലേക്കു പോയി. ഇരുവരും, ടെറസ്സിലേക്കു നടന്നു.ഒമ്പതരയ്ക്കു മുമ്പേ വീഡിയോ എടുത്തു പൂർത്തിയാക്കണം. അതു കഴിഞ്ഞുവേണം, സുന്ദരനു ജോലിക്കു പോകാൻ.എഡിറ്റിംഗ്, വൈകുന്നേരം ചെയ്യാം. ഷീറ്റു മേയാത്ത ടെറസ്സിൽ, മഴയാർത്തു വീണുകൊണ്ടിരുന്നു. വാതിൽക്കൽ, സെൽഫീ സ്റ്റിക്കിൽ ഫോൺ ഫിറ്റ് ചെയ്ത്, രണ്ടാളും മഴയിലേക്കു നടന്നു. നനഞ്ഞു കുതിർന്നു. കുസുമത്തേ, അരക്കെട്ടിൽ പിടിച്ചുയർത്തി, സുന്ദരൻ ഒന്നു വട്ടം കറങ്ങി. കുസുമം, ഇരുകൈകളു പുറമേയ്ക്കു വീശി, ശരിക്കുമൊരു ബോളിവുഡ് നായികയായി. നല്ല പായലുണ്ടായിരുന്ന ടെറസ്സിൽ, സുന്ദരന്റെ കാലുവഴുതി, ഒരൊറ്റ വീഴ്ച്ചയായിരുന്നു. ഉണങ്ങിയ മുള നിലത്തടിയ്ക്കുമ്പോളുണ്ടാകുന്ന ‘കിലും’ എന്ന ശബ്ദം കേട്ടു. കുസുമം ദൂരേ തെറിച്ചു വീണു. അവളുടെ പുതുവസ്ത്രങ്ങളിൽ അഴുക്കു പുരണ്ടു. സുന്ദരൻ എണീറ്റില്ല. കുസുമം, അയാളുടെ അരികിലേക്ക് ഓടിച്ചെന്നു. എല്ലാ രംഗങ്ങളും,ഐ ഫോൺ പിടിച്ചെടുക്കുന്നുണ്ടായിരുന്നു.
ആശുപത്രി. സുന്ദരന്റെ വലതുകയ്യിൽ പ്ലാസ്റ്ററിട്ട ശേഷം, ഡോക്ടർ പറഞ്ഞു. ‘മൂന്നിടത്താണ് ഒടിച്ചിൽ. രണ്ടുമാസം വിശ്രമം വേണ്ടി വരും. കൈ എപ്പോഴും തൂക്കിയിടണം. വേദനയ്ക്കുള്ള മരുന്നുകൾ കുറിച്ചിട്ടുണ്ട്.’ ഓട്ടോയിൽ, വീട്ടിലേക്കു മടങ്ങും നേരം, സുന്ദരൻ, കുസുമത്തേ നോക്കി. അവൾ, തല താഴ്ത്തിയിരിപ്പാണ്. വരുന്ന മാസങ്ങളിലെ, തിരിച്ചടവുകൾക്ക് എന്തു ചെയ്യുമെന്നോർത്ത് സുന്ദരനും നിശബ്ദനായിരുന്നു.
മഴ, അപ്പോളും പെയ്യുന്നുണ്ടായിരുന്നു.