ബ്ലാക്ക് ഫോറെസ്റ്റ്
Story written by Ammu Santhosh
വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
“എനിക്കെന്നും പോകാൻ കഴിയും ഡോക്ടർ ?”മായ അന്നും ഡോക്ടർ വന്നപ്പോൾ ചോദിച്ചു
“വേഗം പോകാം ” ഡോക്ടർ അലിവോടെ പറഞ്ഞു
“വേഗം പോകണം ഡോക്ടർ. അടുത്താഴ്ച എന്റെ മോന്റെ പിറന്നാളാണ് . അവൻ ജീവിതത്തിലാദ്യമായിട്ട് ഒരു കേക്ക് വേണമെന്ന് എന്നോട് പറഞ്ഞു .”അവർ നിറകണ്ണുകളോടെ ചിരിച്ചു “എന്താ അതിന്റെ പേര് ??ഞാൻ മറന്നു ..ബ്ലാക് …”
“ബ്ലാക് ഫോറെസ്റ് ആണോ? “ഡോക്ടർ പൂരിപ്പിച്ചു
അതെ. അത് തന്നെ. ഞാൻ കണ്ടിട്ടും കൂടിയില്ല ..പേര് പോലും നാവിൽ നിൽക്കുന്നില്ല .വലിയ വിലയാകും അല്ലെ ഡോക്ടറെ?”
“അത്രക്കൊന്നും ആവില്ല “
“അല്ല കുറച്ചു വിലയായാലും സാരോല്ല കുഞ്ഞുങ്ങൾ ആശിച്ചു ചോദിക്കുന്നതല്ലേ ..ഞാൻ അല്ലാതെയാരാ അതൊക്കെ സാധിച്ചു കൊടുക്കാൻ ?അവനു അധികം ആഗ്രഹങ്ങളൊന്നുമില്ല ഡോക്ടറെ ..അച്ഛനില്ലാത്ത കുട്ടിയല്ലേ ?ഉണ്ടായാലും പറയാത്ത ആവും എനിക്ക് സങ്കടമാകും എന്ന് കരുതീട്ട് “
ഡോക്ടർ ആദിത്യന്റെ കണ്ണ് ഒന്ന് നിറഞ്ഞു. ഉള്ളിൽ എന്തൊക്കെയോ വീണുടയുന്ന പോലെ . ഒരായിരം ആഗ്രഹങ്ങൾ പുറം കാലു കൊണ്ട് തട്ടി യെറിഞ്ഞ ഒരു അമ്മയെ അയാൾ ആ നിമിഷം ഓർത്തു …അങ്ങനെയും ഒരു ‘അമ്മ ..
“അവരുടെ കണ്ടിഷൻ കുറച്ചു മോശമല്ലേ ഡോക്ടറെ ?”
ഇടനാഴിയിൽ വെച്ച് നേഴ്സ് അയാളോട് ചോദിച്ചു ..അയാൾ മിണ്ടിയില്ല.
“അല്ല ..കൗണ്ട് ഒക്കെ വളരെ കുറവാ. ബിപിയും ഷുഗറുമൊക്കെ താഴ്ന്നു പോവാ ..എത്ര ചെറുപ്പമാണല്ലേ .? .ആ കുട്ടിയുടെ കാര്യം ഓർക്കുമ്പോഴാ “
ആദിത്യൻ ഒന്നും പറഞ്ഞില്ല. ദൈവത്തിന്റെ ചില തീരുമാനങ്ങൾക്ക് മനുഷ്യന് എന്ത് ചെയ്യാനാകും ?കാരണം കണ്ടു പിടിക്കാൻ കഴിയാത്ത ഇനിയും പേരിട്ടു വിളിക്കാൻ കഴിയാത്ത രോഗങ്ങളും ഉണ്ട് ഭൂമിയില് ..ശാസ്ത്രം ദൈവത്തിനും ഒരു പാട് താഴെയായി പോകുന്ന നേരങ്ങൾ .,കാലങ്ങൾ .. മനുഷ്യൻ നിസഹായനായി പോകുന്ന നിമിഷങ്ങൾ.
“അമ്മേയെപ്പോളാ വരിക ?” മുത്തശ്ശിയുടെ മുഖത്ത് നോക്കി ഉണ്ണി ആവർത്തിച്ച് ചോദിച്ചു
“വേഗം വരും “മുത്തശ്ശി അവനെ നെഞ്ചോട് ചേർത്തു പിടിച്ചു. തന്റെ മകൾക്കു എന്തോ വലിയ അസുഖം ആണെന്ന് അവർക്കറിയാം .താനിരിക്കെ അവൾ തന്നെ വിട്ടു പോകുമോ എന്ന ആധിയിൽ ആണ് അവർ ജീവിക്കുന്നത് തന്നെ .അതും ഒരു തരം മരണം തന്നെ .അങ്ങനെയും ജീവിതമുണ്ട് ..പച്ച നിറമില്ലാത്ത ഇലകളെ വഹിക്കുന്ന ചെടികളെ പോലെ
“അമ്മയെനിക്ക് കേക്ക് കൊണ്ട് തരും .നന്ദുവിനും കിഷോറിനും അഭിരാമിക്കും ഒക്കെ കൊടുക്കാമല്ലേ ?’
ഉണ്ണി നാവു നനച്ചു
അമ്മയ്ക്ക് പറ്റിയില്ലെങ്കിൽ മുത്തശ്ശി വാങ്ങി തരാം കേട്ടോ” “മുത്തശ്ശി അലിവോടെ ആ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞു.
“അതെന്താ അമ്മയ്ക്ക് പറ്റാതെ ?അമ്മയ്ക്ക് പനി വേഗം മാറും ..ഉണ്ണിക്കുട്ടൻ എന്നും അമ്പോറ്റിയോട് പ്രാര്ഥിക്കുന്നുണ്ടല്ലോ .എന്റെ ‘അമ്മ വാങ്ങിത്തരുമെന്നു അപ്പറഞ്ഞ തരും ..അമ്മമാര് കള്ളം പറയില്ല മുത്തശ്ശി ” മുത്തശ്ശി ദീർഘമായി നിശ്വസിച്ചു
ആശുപത്രി
“ഡോക്ടറെ എന്റെ മോൻ കാത്തിരിക്കും ഇന്ന് അവന്റെ പിറന്നാളാ ..എനിക്കിച്ചിരി കാശു കടം തരുമോ ?ഞാൻ കേക്ക് വാങ്ങി കൊടുത്തിട്ട് വരാം” മായ കൈ കൂപ്പി.
“അവനത് കഴിക്കുന്നത് കണ്ടിട്ട് ഞാൻ മരിച്ചോട്ടെ ഡോക്ടറെ ” ആദിത്യൻ ആ ശിരസിൽ മെല്ലെ കൈ വെച്ചു.
ഉണ്ണി അമ്മയുടെ നെഞ്ചിൽ നിന്ന് മാറിയതേയില്ല.
കേക്കിന്റെ തരികൾ ആ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്നു
‘അമ്മ ഇനി പോണ്ട ” മായ കുനിഞ്ഞു അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു.അമ്മയ്ക്കൊരു നിമിഷം പോലും നിന്നെ പിരിയാൻ ഇഷ്ടം അല്ല കുഞ്ഞേ.. അവൾ മനസ്സിൽ പറഞ്ഞു.
“‘അമ്മ വേഗം വരും കേട്ടോ “അങ്ങനെ പറഞ്ഞ്ആ ദിത്യൻ നിലത്തു മുട്ട് കുത്തി. പിന്നെ ഉണ്ണിയെ മെല്ലെ അടർത്തി മാറ്റി.
തിരിച്ചുള്ള യാത്രയിൽ മായയുടെ ചലനങ്ങളിൽ വല്ലാത്ത ഒരു ഊർജം നിറഞ്ഞിരുന്നു. ആദിത്യൻ അവളെ നോക്കി പുഞ്ചിരിച്ചു
“മിടുക്കിയായല്ലോ? ഞാൻ പേടിച്ചാണ് കൊണ്ട് പോയത് “
“എനിക്കൊന്നും വരില്ല ഡോക്ടറെ ഇതൊക്കെ താൽക്കാലത്തെ ഒരു ..എന്താ പറയുക വലിയ വാക്കുകളൊന്നും അറിയില്ല എനിക്ക്. എനിക്ക് എന്റെ മോനെ വളർത്തണം. എന്നോളം വരുമോ ഡോക്ടറെ അവനെ ആരു നോക്കിയാലും ?മരണം വന്നു പലതവണ വിളിച്ചപ്പോൾ ഞാൻ അവനോടും പറഞ്ഞു എനിക്ക് വരാൻ മനസ്സില്ല ..എന്റെ മോനെ ഈ ഭൂമിയിൽ തനിച്ചാക്കിയിട്ട് ഞാൻ വരില്ലാന്ന് “
ആദിത്യൻ പുഞ്ചിരിച്ചു ശരിയാണ് ഇനി മായയ്ക്കൊന്നുമുണ്ടാകില്ല. മുഖത്തെ വിളർച്ച മാറിത്തുടങ്ങിയിരുന്നു. ശ്വാസഗതിയും സാധാരണ പോലെ ആയിരിക്കുന്നു. ഇതിന് അത്ഭുതം എന്നൊന്നും വിളിച്ചു കുറച്ചു കാണേണ്ടതില്ല …അല്ലെങ്കിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അമ്മമാരെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളാണ് ….നിർവചനം ഇല്ലാത്ത സ്നേഹത്തിന്റെ, കരുണയുടെ, വാത്സല്യത്തിന്റെ അളവറ്റ പാലാഴിയുടെ വറ്റാത്ത ഉറവിടങ്ങൾ.