ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ? പിന്നെ ഇപ്പോൾ തന്നെ സിസ്സേറിയൻചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം…..

Story written by Saji Thaiparambu

കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു

ഡോക്ടറേ.. അവള് പ്രസവിച്ചോളും, ഡോക്ടർ ഡേറ്റ് പറഞ്ഞതനുസരിച്ച് ഇനിയും രണ്ട് മൂന്ന് ദിവസം ബാക്കിയുണ്ടല്ലോ? പിന്നെ ഇപ്പോൾ തന്നെ സിസ്സേറിയൻ
ചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം?

ഷാഹിനയുടെ ഭർത്താവ് നിഷാദ്, ലേഡി ഡോക്ടറോട് അരിശത്തോടെ ചോദിച്ചു.

സീ മിസ്റ്റർ നിഷാദ്, കുട്ടിക്ക് വലിപ്പക്കൂടുതലുണ്ട് ,ഷാഹിനയെ മാക്സിമം ട്രൈ ചെയ്യിച്ചു വെങ്കിലും, ആ കുട്ടിയെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണ്, സിസ്സേറിയന് ഞങ്ങൾ നിർബന്ധിതരായത് ,ഇനിയും താമസിച്ചാൽ, ചിലപ്പോൾ ബ്ളീഡിങ്ങ് നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല

എങ്കിൽ പിന്നെ, നിങ്ങടെ ഇഷ്ടം പോലെ ചെയ്യ്,

നീരസത്തോടെ അതും പറഞ്ഞ്, നിഷാദ് ഡോക്ടറുടെ റൂമിൽ നിന്നിറങ്ങിപ്പോയി.

എന്തിനാ മോനേ.. ഡോക്ടറ് വിളിപ്പിച്ചത് ?

ഷാഹിനയുടെ ഉമ്മ, മരുമകനോട് ജിജ്ഞാസയോടെ ചോദിച്ചു.

ഓഹ് ഷാഹിനാക്കിപ്പോൾ ഓപ്പറേഷൻ വേണമെന്ന്, മുകുളങ്ങൾ തനിയെ വിരിയട്ടെ , അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന്, അതാണ് നല്ലതെന്ന് വലിയ ബോർഡും എഴുതി വച്ചിട്ട് ,ഡോക്ടർമാര് പറയുന്നത് മുഴുവൻ സിസ്സേറിയൻ ചെയ്യാനാണ്

നിഷാദ് അമർഷത്തോടെ പറഞ്ഞു.

എന്നാലല്ലേ, അവർക്ക് ജോലി തീർത്തിട്ട് വേഗം വീട്ടിൽ പോകാൻ പറ്റു ,ഇതിപ്പോ ഡോക്ടർമാരുടെ പുതിയ അടവാണ് ,പ്രസവം നടക്കേണ്ട സമയത്ത്, അവർക്ക് എന്തെങ്കിലും ഫങ്ഷനൊക്കെ പോകണമെന്നുണ്ടെങ്കിൽ, ഉടനെ അവർ സിസ്സേറിയൻ വേണമെന്ന് പറയും, പിന്നെ.പ്രസവം നടക്കുന്നത് വരെ കാത്ത് നില്ക്കണ്ടല്ലോ ?

ഷാഹിനാടെ ഉമ്മയും ഡോക്ടേഴ്സിനെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

ഷാഹിനാടെ ബന്ധുക്കളാരാ ?

ലേബർ റൂമിൽ നിന്നും ഇറങ്ങി വന്ന നഴ്സ് ചോദിച്ചു.

ഞങ്ങളാണ് , എന്താ സിസ്റ്ററേ കാര്യം?

പേഷ്യൻ്റിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ട് പോകുവാ, ചിലപ്പോൾ ഒന്നോ രണ്ടോ കുപ്പി, ബ്ളഡ് വേണ്ടി വന്നേക്കും ,അവരുടേത് റെയർ ഗ്രൂപ്പാണ്, അതിവിടെ സ്റ്റോക്കിരിപ്പില്ല, അത് കൊണ്ട് എത്രയും പെട്ടെന്ന്, അതിനുള്ള ആളെ സംഘടിപ്പിച്ച് നിർത്തണം,

ങ്ഹേ, പെട്ടെന്നിങ്ങനെ പറഞ്ഞാൽ, ഞങ്ങൾ എവിടെ പോകാനാ?

പെട്ടെന്ന് വേണ്ട ,രണ്ട് മണിക്കൂറിനുള്ളിൽ സംഘടിപ്പിച്ചാൽ മതി ,സോഷ്യൽ മീഡിയയിൽ ഒരു ലൈവിട്ടാൽ ഇഷ്ടം പോലെ, ആളെ കിട്ടും

ലാഘവത്തോടെ പറഞ്ഞിട്ട് ,നഴ്സ് അകത്തേയ്ക്ക് തിരിഞ്ഞ് പോയപ്പോൾ ,നിഷാദ് ഹോസ്പിറ്റലിന് വെളിയിറങ്ങി, കൂട്ടുകാരെ ഓരോരുത്തരെയും വിളിക്കാൻ തുടങ്ങി.

ഒരു പാട് പേരുമായി, നിഷാദ് കോൺടാക്ട് ചെയ്തെങ്കിലും, എല്ലാവരുടെയും മറുപടി ഒരു പോലെ ആയിരുന്നു.

വേറെ ഏത് ഗ്രൂപ്പാണെങ്കിലും, എത്ര കുപ്പി വേണമെങ്കിലും തരാൻ ആളുണ്ട് ,പക്ഷെ ഇത് വളരെ റെയർ ആയിട്ടുള്ള ഗ്രൂപ്പല്ലേ നിഷാദേ,എങ്കിലും ഞങ്ങളൊന്നന്വേഷിക്കട്ടെ

മണിക്കൂറ് രണ്ട് കഴിഞ്ഞിട്ടും, സെയിം ഗ്രൂപ്പ് ബ്ളഡുള്ള ഒരാളെപ്പോലും കണ്ടെത്താൻ നിഷാദിന് കഴിഞ്ഞില്ല.

സങ്കടവും ,നിരാശയും കൊണ്ട് തളർന്ന് പോയ അയാൾ, ഹോസ്പിറ്റലിലേക്ക് തിരിച്ച് കയറുമ്പോൾ, അത്യാഹിതത്തിന് മുന്നിൽ ചെറിയ ആൾക്കൂട്ടം കണ്ട് ഭയന്ന് പോയി.

ഉത്ക്കണ്ഠയോടെ അവിടേക്ക് ചെന്ന നിഷാദ്, അവിടെ നിന്ന നഴ്സിനോടും മറ്റുള്ളവരോട് ,കുറച്ച് ചെറുപ്പക്കാർ തട്ടിക്കയറുന്നതാണ് കണ്ടത്

എന്താ, എന്താ കാര്യം?

ആകാംക്ഷയോടെ അതിലൊരാളോട് നിഷാദ് കാര്യം തിരക്കി.

എൻ്റെ കൂട്ടുകാരന് പനി കൂടിയിട്ട് കൊണ്ട് വന്നതാണ്, അപ്പോൾ ദേ അത്യാഹിതത്തിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഡോക്ടറെ കാണാനില്ല ,ചോദിച്ചപ്പോൾ പറയുവാ, എന്തോ അത്യാവശ്യത്തിന് പോയിരിക്കുവാണെന്ന്

എന്ത് അത്യാവശ്യം ? ഒരു ഹോസ്പിറ്റലിൽ ഏറ്റവും അത്യാവശ്യമുള്ള സ്ഥലമാണ് അത്യാഹിതമെന്ന് പറയുന്നത്, അവിടെ ഡ്യൂട്ടി ഡോക്ടറില്ലെന്ന് പറഞ്ഞാൽ ,എന്ത് തോന്ന്യാസമാണ് ഇവൻമാര് കാണിക്കുന്നത് ? ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ?എൻ്റെ ഭാര്യയെ ഓപ്പറേഷന് കയറ്റിയിട്ട് പറയുവാ, ബ്ളഡ് ബാങ്കിൽ ബ്ളഡില്ലെന്ന്, രക്തം കിട്ടാതെ എൻ്റെ ഭാര്യ അവിടെ മരണക്കിടക്കയിലാണ്, ഇതിനെതിരെ നമ്മൾ പ്രതികരിച്ചില്ലെങ്കിൽ, നാളെ മറ്റുള്ളവർക്കും ഇതേ അനുഭവമുണ്ടാകും

അത് പറയുമ്പോൾ നിഷാദിൻ്റെ ഉള്ളിലെ ആശങ്കകൾ, ആരോടൊ ഉള്ള അടങ്ങാത്ത പകയായി മാറുകയായിരുന്നു.

അങ്ങ്ഹാ അങ്ങനെയാണോ? എങ്കിൽ ഈ കാര്യങ്ങളൊക്കെ പുറം ലോകമറിയട്ടെ , എല്ലാവരും എഫ് ബി ഓപ്പൺ ചെയ്ത് ലൈവ് വീഡിയോ ഓൺ ചെയ്യടാ, വേണ്ടപ്പെട്ടവർ അറിഞ്ഞിട്ട് സാറൻമാരെ സസ്പെൻഡ് ചെയ്ത് കുറച്ച് ദിവസം വീട്ടിലിരുത്തട്ടെ

കൂട്ടത്തിൽ ആരോ വിളിച്ച് പറഞ്ഞപ്പോൾ, എല്ലാവരും മൊബൈൽ റെഡിയാക്കി വേട്ടനായ്ക്കളെ പോലെ ചീറിയടുത്തു.

എന്താ എന്താ ഇവിടെയൊരു ബഹളം ?

ആ സമയത്ത് ഷാഹിനയെ ട്രീറ്റ് ചെയ്തിരുന്ന ലേഡി ഡോക്ടർ അങ്ങോട്ടേക്ക് വന്നു.

ങ്ഹാ ദേ വന്നല്ലോ?ഇവരാണ് എൻ്റെ ഭാര്യയ്ക്ക് സിസ്റ്റേറിയൻ വേണമെന്ന് പറഞ്ഞത് , അവസാന നിമിഷം ബ്ളഡ് വേണമെന്ന് പറഞ്ഞിട്ട് ,അത് കിട്ടാതെ വന്നപ്പോൾ, എൻ്റെ ഭാര്യയെ മരണക്കിടക്കയിലിട്ടിട്ട് വന്നിരിക്കുവാ, എൻ്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല

നിഷാദ് ഡോക്ടറെ നോക്കി അലറുകയായിരുന്നു

നിങ്ങളെന്തൊക്കെയാണീ വിളിച്ച് കൂവുന്നത് ,ഞങ്ങളും മനുഷ്യരല്ലേ ?അറിഞ്ഞ് കൊണ്ട് ഇവിടെ വരുന്ന പേഷ്യൻ്റ്സിനെ ഞങ്ങൾ മരണത്തിന് വിട്ട് കൊടുക്കുമോ ,നിഷാദേ.. നിങ്ങളുടെ ഭാര്യയുടെ ഓപ്പറേഷൻ സക്സസായിരുന്നു, നിങ്ങൾക്കൊരു ആൺകുട്ടിയാണ് ജനിച്ചത്

ങ്ഹേ സത്യമാണോ ഡോക്ടർ ? ഓഹ് ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല

അതേ സത്യമാണ്, പക്ഷേ നന്ദി പറയേണ്ടത് എന്നോടല്ല ,അത് ഈ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഡോക്ടർ രജിത്തിനോടാണ്, അദ്ദേഹത്തിന്, നിങ്ങളുടെ ഭാര്യയുടെ അതേ ഗ്രുപ്പായിരുന്നു ,അതറിഞ്ഞ ഞാൻ, ചോദിച്ചപ്പോൾ തന്നെ അദ്ദേഹം ബ്ളഡ് ഡൊണേറ്റ് ചെയ്യാൻ തയ്യാറായി വരികയായിരുന്നു,

ഡോ: രജിത്ത് ഉടനെ ഇങ്ങോട്ടെത്തും ,ഇനിയെങ്കിലും നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം, ഇവിടെയുള്ള ഡോക്ടർമാരും മറ്റ് ജീവനക്കാരുമെല്ലാം, മാതാപിതാക്കളും മക്കളും സഹോദരങ്ങളുമൊക്കെ ഉള്ളവരും ,നിങ്ങളെ പോലെ തന്നെ ഈ സമൂഹത്തിൽ ജീവിക്കുനവരുമാണ്, ഞങ്ങൾക്കുമുണ്ട്, സഹജീവികളോട് സ്നേഹവും, കരുണയും കടപ്പാടുകളുമൊക്കെ ,അത് കൊണ്ട് ,ഇവിടെയെത്തുന്ന ഓരോ പേഷ്യൻ്റിനെയും, സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ, ഞങ്ങൾ കഴിവിൻ്റെ പരമാവധി ശ്രമിക്കാറുമുണ്ട് ,ദയവു ചെയ്ത് ഞങ്ങളെ ശത്രുപക്ഷത്ത് നിർത്തരുത് ,നിങ്ങടെ സഹോദരരായിട്ട് വേണം ഞങ്ങളെ കാണാൻ, ഇതൊരപേക്ഷയാണ്…

അത് പറയുമ്പോൾ, ഡോക്ടറുടെ കണ്ഠമിടറുന്നത് കേട്ട് ,കൂടി നിന്നവർക്ക് മനസ്താപം തോന്നി.

പശ്ചാത്താപ വിവശരായ ആൾക്കൂട്ടം ,ഡോക്ടറോടും ഹോസ്പിറ്റൽ ജീവനക്കാരോടും മാപ്പ് ചോദിച്ചു.

തൻ്റെ ഭാര്യക്ക് സമയോചിതമായി രക്തദാനം ചെയ്ത ഡോ: രജിത്തിനൊപ്പം നിന്ന് കൊണ്ട് ,നിഷാദ് അദ്ദേഹത്തെ പുകഴ്ത്തി ലൈവ് വീഡിയോയും ചെയ്തു.

ശുഭം