Story written by Sneha Sneha
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
കീറിയ യൂണിഫോമും കൂട്ടിപ്പിടിച്ച് കുനിഞ്ഞിരിക്കുന്ന ഞാൻ ക്ലാസ്സിലേക്ക് ടീച്ചർ വന്നതിറഞ്ഞിട്ടും ആ ഇരിപ്പു തുടർന്നു
എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് ടീച്ചർ എൻ്റെ അടുത്തേക്കു വന്ന് പുറത്തു തട്ടി
ഞെട്ടി തലയുയർത്തി നോക്കിയ എന്നോടു ചോദിച്ചു
ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു തരണോ
ടീച്ചർ…. അത് “….. ഞാൻ എന്തുപറയണമെന്നറിയാതെ വിക്കി
താൻ അവിടെ എഴുന്നേറ്റു നിന്നോ ഈ പിരിയഡ് മുഴുവനും
ടീച്ചർ അത് …. ഞാൻ
താനെന്താ ഇതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്തേലും പറയാനുണ്ടങ്കിൽ വാ തുറന്നു പറയ് ക്ഷുഭിതയായി കൊണ്ട് ടീച്ചർ പറഞ്ഞു.
ടീച്ചർ അവളുടെ യൂണിഫോം കീറി പോയി അതാ അവൾ ടീച്ചർ’ വന്നപ്പോൾ എഴുന്നേറ്റു നിൽക്കാത്തത്. അടുത്തിരുന്ന സുഹൃത്ത് സഹായത്തിനെത്തി
ടീച്ചർ അവളെ ഒന്നു നോക്കി.
അതെ ടീച്ചർ ഞാൻ കണ്ടതാ മുൻവശവും പിൻവശവും കീറി പോയി.
ടീച്ചർ എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു
പേടിയും നാണക്കേടും ടീച്ചർ പറഞ്ഞതുകൊണ്ട് എഴുന്നേൽക്കാതിരിക്കാനും പറ്റില്ല മറ്റുള്ള കുട്ടികൾ കാണുമല്ലോ എന്നോർത്തുള്ള നാണക്കേട് കാരണം എഴുന്നേൽക്കാനും വയ്യ
ഭയന്നു വിറച്ചു നിന്ന എന്നോട് ടീച്ചർ സൗമ്യമായി പറഞ്ഞു.
താൻ എഴുന്നേൽക്ക് എന്നും പറഞ്ഞ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് ടീച്ചറിൻ്റെ സാരിയുടെ മുന്താണി കൊണ്ട് എന്നെ പൊതിഞ്ഞ് ചേർത്തു പിടിച്ചു കൊണ്ട് ക്ലാസ്സിന് വെളിയിലേക്കു പോയി അവിടെ നിന്ന് ടീച്ചർ എന്നെ കൊണ്ടുപോയത് ടീച്ചർ താമസിക്കുന്ന വീട്ടിലേക്കായിരുന്നു. സ്കൂളിന് പിറകുവശത്താണ് ടീച്ചറിൻ്റെ വീട്.
വീട്ടിലെത്തിയ ടീച്ചർ എന്നെ ഹാളിലിരുത്തി മുറിയിലേക്കു കയറിപ്പോയി.
രണ്ടു വർഷം കൂടുമ്പോളാണ് ഒരു ജോഡി യൂണിഫോം വാങ്ങി തരുന്നത്. മുഷിഞ്ഞ യൂണിഫോം തലേന്നു കഴുകി ഉണക്കാനിടും ;പിറ്റേന്ന് പകുതി ഉണങ്ങിയതും ഇട്ടോണ്ടാണ് സ്കൂളിൽ വരുന്നത്. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച സ്കൂൾ വിട്ടു ചെന്ന ഉടൻ യൂണിഫോം മാറിയിട്ടു.അമ്മ എടുത്ത് കഴുകി ഉണങ്ങാനിട്ടു. രണ്ടു ദിവസത്തെ അവധിയും കഴിഞ്ഞ് ഇന്നലെ സ്കൂളിൽ പോകാൻ നേരം യൂണിഫോമിൻ്റെ ഷർട്ട് കാണാനില്ല പാവാട അലക്കിയിട്ടിടുത്തു തന്നെ കിടപ്പുണ്ട് ഏറെ നേരം തിരഞ്ഞു കിട്ടിയില്ല അതുകൊണ് ഇന്നലെ സ്കൂളിൽ വന്നില്ല. വൈകുന്നേരം അമ്മ പണി നിർത്തി വന്നപ്പോൾ യൂണിഫോമിൻ്റെ ഷർട്ട് കാണാതെ പോയതിൻ്റെ സങ്കടം അറിയിച്ചു. സൂക്ഷിക്കാത്തതു കൊണ്ടാണന്നും പറഞ്ഞ് അമ്മയുടെ വായിൽ നിന്ന് ചീത്തയും. കേട്ടു .
പിറ്റേന്ന് സ്കൂളിൽ പോകണമെങ്കിൽ വെള്ള ഷർട്ട് വേണം യൂണിഫോം ഇല്ലാതെ ചെന്നാൽ സ്കൂളിൽ കയറ്റി ഇരുത്തില്ല
നാളെ ഞാൻ സ്കൂളിൽ പോകില്ലാട്ടോ
പോകാതിരുന്നാൽ എങ്ങനാ ?
യൂണിഫോം ഇല്ലാതെ സ്കൂളിൽ ചെന്നാൽ എനിക്കാ തല്ലു കിട്ടുന്നത്.
നിൻ്റെ അപ്പൻ വരുമ്പോൾ പറ ഷർട്ടിന് തുണി വാങ്ങി തരാൻ.
ഹും അതിലും നല്ലത് ഞാൻ പഠിത്തം നിർത്തുന്നതാണ്.
അതായിരിക്കും നല്ലത് എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല വീട്ടു ചിലവും മക്കളെ പഠിപ്പിക്കലും എല്ലാം കൂടി . അപ്പോഴാണ് ഉള്ളതും കുടി നശിപ്പിച്ചിട്ട് വന്നിരിക്കുന്നത്.
എന്നാൽ ഞാൻ നാളെ മുതൽ സകൂളിൽ പോകുന്നില്ല എന്നും പറഞ്ഞ് മാറിപ്പോയി ഇരുന്ന് കരഞ്ഞു്
എൻ്റ കരച്ചിൽ കണ്ടിട്ടാകാം അമ്മ പപ്പയുടെ പഴയ ഒരു വെള്ളമുണ്ടും എടുത്തു കൊണ്ട് വന്നത്
നീ ഈ മുണ്ടുകൊണ്ടു പോയി ശാന്തയുടെ കൈയിൽ കൊടുത്ത് നിൻ്റെ പാകത്തിന് ഷർട്ട് തയ്ച്ചു കൊണ്ടു വാ
ആ മുണ്ടുകൊണ്ടു തയ്ച്ച ഷർട്ട് ആണ് ഡ്രിൽ സമയത്ത് കമ്പടി കളിച്ചു കൊണ്ടിരുന്നപ്പോൾ കീറി പോയത്. മുൻവശവും പിൻവശവും ഒരു പോലെ കീറി പോയി.
ടീച്ചർ അകത്തെ മുറിയിൽ നിന്ന് തൻ്റെ മൂത്ത മകളുടെ യൂണിഫോം ഷർട്ടുമായി ഇറങ്ങി വന്നു.
ദാ നീ പോയി അതു മാറ്റി ഇതു ഇട്ടു വാ
ഒന്നു സംശയിച്ചു നിന്നതിന് ശേഷം ഞാനാ ഷർട്ട് വാങ്ങി ടീച്ചർ ചൂണ്ടി കാട്ടിയ മുറിയിൽ കയറി ഡ്രസ്സ് മാറി പുറത്തു വന്നു്
നിൻ്റേതല്ലന്ന് ആരും പറയില്ല അളവെടുത്ത് തയ്ച്ചതു പോലെയുണ്ട്
ദാ ഇത് മോൾക്കു തയച്ചതിൻ്റെ ബാക്കി തുണിയാ എന്ന് അനിയത്തി ഫോറിനിൽ നിന്ന് കൊണ്ടു വന്നതാ നിനക്ക് ഇതുപോലത്തെ രണ്ടു ഷർട്ടു തയ്ക്കാൻ പറ്റും. ഒരു കവർ എന്നെ ഏൽപ്പിച്ചു കൊണ്ട് ടീച്ചർ’ പറഞ്ഞു.
ആ കവറും വാങ്ങി ഞാൻ ടീച്ചറിനൊപ്പം സ്കൂളിലെക്കു പോയി.
ആ തുണികൊണ്ട് എനിക്കും എൻ്റെ ചേച്ചിക്കും ഒരോ ഷർട്ടു തയ്ച്ചു്
ഇപ്പോ നിങ്ങൾ ഓർക്കുന്നുണ്ടാവും ആ പഴയ കാണാതെ പോയ ഷർട്ട് എവിടാന്ന് അല്ലേ
ഓലമേഞ്ഞ വീട്ടിൽ എലിക്ക് സൗകര്യക്കുറവുള്ളതുകൊണ്ടായിരിക്കും എലി എൻ്റെ വെളുത്ത ഷർട്ടു കൊണ്ട് ഉത്തരത്തിൽ കുടുണ്ടാക്കിയത്. കൂടിനു വേണ്ടിയാണോ അതൊ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ എന്നറിയില്ല വീടു പൊളിച്ചു മേയാൻ നേരത്ത് ഓല മാറ്റിയപ്പോളാണ് ഷർട്ട് കഴുക്കോലിനുള്ളിൽ ഇരിക്കുന്നത് കണ്ടത്
ഇതൊരാൾ ഇന്നു പങ്കുവെച്ച അനുഭവമാണ്. ഇതുപോലെ കുട്ടികളുടെ മനസ്സറിയുന്നവരല്ലേ നല്ല അദ്ധ്യാപകർ …..എല്ലാം ടിച്ചേഴ്സിനും ആശംസകൾ .