ഞാൻ വന്നാൽ എന്റെ മിണ്ടാ പ്രാണികൾ പട്ടിണിയാവുമെന്ന്…ചുറ്റിലും കൂടേ നിൽക്കുന്ന കോഴി യെയും ആടുകളെയും നോക്കി പറയും…

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..

“ഞാനും പോന്നോട്ടെ നിങ്ങളുടെ കൂടേ ഊട്ടി കാണാൻ…

ഉമ്മുമ്മക്കും അവിടെ എല്ലാം കാണാമല്ലോ…”

“അയ്യോ വേണ്ടാ ഉമ്മുമ്മ അവിടെ നല്ല തണുപ്പാണ് ഇപ്പൊ…

ഉമ്മുമ്മാക് പനി പിടിക്കില്ലേ??? …”

വൈകുന്നേരം ഊട്ടിയിൽ ടൂർ പോകുന്നത് പറയാനായി തറവാട്ടിൽ വന്നപ്പോൾ ഒന്ന് ബാത്‌റൂമിൽ പോയി വരുന്ന സമയത്താണ് ഉമ്മയുടെയും എന്റെ രണ്ടു മക്കളുടെയും വർത്തമാനം ഞാൻ കേട്ടത്…

അവർ എന്താണ് പറയുന്നതെന്ന് അറിയാനായി കുറച്ചു നിമിഷം ഞാൻ അങ്ങോട്ട്‌ ചെല്ലാതെ മറഞ്ഞു നിന്നു…

“ഉമ്മുമ്മ അവിടെ ഒന്നും കണ്ടിട്ടില്ല… ഉമ്മുമ്മനെ ആരും കൊണ്ട് പോയിട്ടും ഇല്ല…

നല്ല തണുപ്പുള്ള സ്ഥലമാണ് ലെ അവിടെ …”

ഉമ്മ എന്തോ ആലോചിച്ചെന്ന പോലെ കുറച്ചു നിമിഷം പുറത്തേക് നോക്കി നിന്നു… പെട്ടന്ന് മക്കളെ നോക്കി…

ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

പതിയെ അവരെ നോക്കി ഒന്ന് ചിരിച്ചു…

“മക്കൾ പോയിട്ട് വാ ട്ടോ…

ഉമ്മുമ്മ ഇവിടെ നിന്നോളാം .. സൂക്ഷിച്ചു പോണേ…ഉപ്പയോട് പതിയെ വണ്ടി ഓടിച്ചാൽ മതിയെന്ന് പറയണം..”

“ഉമ്മ ചെറിയ മകളുടെ കവിളിലൂടെ തലോടി പറയുന്നത് കണ്ടപ്പോൾ എനിക്കെന്തോ മനസിൽ ഒരു ഇടങ്ങേറ് പോലെ…

ആദ്യമൊക്കെ എവിടേലും പോകുമ്പോൾ ഉമ്മാ നിങ്ങളും വരുന്നോ എന്ന് ചോദിക്കുമ്പോൾ ഞാൻ ഇല്ലേ…ഞാൻ വന്നാൽ എന്റെ മിണ്ടാ പ്രാണികൾ പട്ടിണിയാവുമെന്ന്…ചുറ്റിലും കൂടേ നിൽക്കുന്ന കോഴി യെയും ആടുകളെയും നോക്കി പറയും…

പതിയെ പതിയെ ഉമ്മയോടുള്ള ആ ചോദ്യം ഇല്ലാതെയായി…

ഞാനും കുടുബവും എങ്ങോട്ടേലും പോകുന്നുണ്ടേൽ ഉമ്മയോട് പറയുക എന്നല്ലാതെ …

ഉമ്മാ നിങ്ങളും കൂടേ വരുന്നോ എന്നോ… വരണമെന്നോ പറഞ്ഞിട്ടില്ല….

കോഴികളും ആടുകളും പതിയെ പതിയെ ഇല്ലാതെ ആയെങ്കിലും…

ചിലപ്പോൾ ഞാൻ ഒന്ന് നിർബന്ധിച്ചാൽ കൂടേ വരുമായിരുന്നുവോ എന്റെ ഉമ്മാ?…

പ്രായം പത്തറുപതു കഴിഞ്ഞത് കൊണ്ട് തന്നെ ഉമ്മാക് അങ്ങനെ വല്ല ആഗ്രഹവും മനസിൽ ഉണ്ടാവുമെന്ന് ഞാൻ ചിന്തിച്ചില്ല എന്നതായിരുന്നു ശരി…

എല്ലാം സെറ്റ് ചെയ്തു ഞങ്ങൾ നാലു പേർക്കുള്ള റൂമും ബുക്ക്‌ ചെയ്തിരുന്നു.. മാത്രമല്ല ബുള്ളറ്റിൽ ആണ് ഇപ്രാവശ്യത്തെ യാത്ര…”

“ഉമ്മയോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങിയെങ്കിലും ഉമ്മയെ കൂടേ വിളിക്കാമായിരുന്നു എന്ന് തോന്നി…”

“ഉപ്പി ഉമ്മുമ്മക്ക് ഊട്ടി കാണണമെന്ന് പറഞ്ഞു.. ഞങ്ങളോട്…ഉമ്മുമ്മ യെയും കൊണ്ട് പോകാം നമ്മുടെ കൂടേ…”

“മൂത്തവൾ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നു എന്നെ ഒന്ന് തോണ്ടി കൊണ്ട് പറഞ്ഞപ്പോൾ ഞാനും ഉറപ്പിച്ചിരുന്നു ഇപ്രാവശ്യം എന്തായാലും ഉമ്മയെയും കൊണ്ടു പോകുമെന്ന്

വീട്ടിൽ എത്തിയ ഉടനെ… പൊണ്ടാട്ടിയോട് പറഞ്ഞു നമ്മൾ കാറിൽ ആണ് പോകുന്നത്…

രണ്ടാളുകൾ കൂടേ ഉണ്ടാവും…”

“ഞാൻ പറഞ്ഞത് കേട്ടു അവൾ ആരാ രണ്ടാളെന്ന് ചോദിച്ചെങ്കിലും അത് സർപ്രൈസ് ആണെന്ന് പറഞ്ഞു കാറിനു അടുത്തേക് നടന്നു…”

“വണ്ടി ഊട്ടി എത്തുന്നത് വരെ കണ്ടീഷൻ ആണൊ എന്ന് നോക്കുവാനായി അങ്ങാടിയിൽ പോയി എൻജിനും ടയറിലെ എയറും ചെക്ക് ചെയ്തു വീട്ടിലേക് എത്തി.”

“അതിനിടയിൽ തറവാട്ടിലെ അനിയന്റെ ഭാര്യക്ക് വിളിച്ചു ഉമ്മയെ മാറ്റി നിർത്തുവാനും രണ്ടു ജോഡി ഡ്രസ്സ് ഒരു ബാഗിൽ വെക്കുവാനും പറഞ്ഞിരുന്നു…

ഞാൻ വരുന്ന കാര്യം പറയേണ്ടെന്നും…

നിന്റെ കൂടേ എങ്ങോട്ടേലും പോകുവാണെന്നു പറയാനും അവളോട്‌ പറഞ്ഞു…

അവൾ അതിനെല്ലാം ശരി ഇക്കാ എന്നും പറഞ്ഞു ഫോൺ വെച്ചു..”

“വീട്ടിൽ എത്തിയപ്പോയെക്കും പൊണ്ടാട്ടി അറിഞ്ഞിരുന്നു കൂടേ ഉമ്മയും വരുന്നുണ്ടെന്ന് .

അവളും ഉമ്മയെ ഒരുപാട് വട്ടം യാത്ര പോകുമ്പോൾ വിളിച്ചതു കൊണ്ടും അവൾക്കും ആ തീരുമാനം ഒരുപാട് സന്തോഷം ആയി…”

“അങ്ങനെ ഞങ്ങൾ കൃത്യം നാലു മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി രണ്ടു മിനിറ്റ് കൊണ്ട് തറവാട്ടിൽ എത്തി…

ഉമ്മ നല്ല മൊഞ്ചത്തിയായി പുറത്ത് തന്നെ ഇരിക്കുന്നുണ്ട്…”

“ആ നിങ്ങൾ പോയില്ലേ… “

ഞങ്ങളെ കണ്ട ഉടനെ തന്നെ ഉമ്മ ചോദിച്ചു

“ഇല്ല ഉമ്മാ…

ഉമ്മയെ കണ്ടിട്ട് പോകാമെന്നു കരുതി..”

എന്നും പറഞ്ഞു ഞാൻ കോലായിലേക് കയറി…

“ഇനി എപ്പോഴാ അവിടെ എത്തുക രാത്രി ആവില്ലേ മോനേ..

വേഗം ഇറങ്ങിക്കോളൂ ഞാനും ഷാഹിനയും പുറത്തേക് ഇറങ്ങാനായി തുടങ്ങുകയാ അവൾക് എവിടെയോ പോകാനുണ്ടെന്ന്…

സലിം വരുന്നതിന് മുമ്പ് വരികയും വേണമല്ലോ…”

” അനിയൻ പണി കഴിഞ്ഞു വരുന്നതിന് മുമ്പ് എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞാണ് അവൾ ഉമ്മയെ ഒരുക്കി നിർത്തിയിരിക്കുന്നതെന്ന് തോന്നുന്നു…”

“ഉമ്മയോട് അനിയന്റെ ഭാര്യ പറഞ്ഞത് അക്ഷരം തെറ്റാതെ എന്നോട് പറഞ്ഞു ഞങ്ങളോട് വേഗം ഇറങ്ങനായി പറഞ്ഞു ഉമ്മ ഇരുന്നിടത്തും നിന്നും എഴുന്നേറ്റ് വന്നു ഞങ്ങളെ യാത്ര ആകുവാൻ എന്ന പോലെ…”

“ഞാൻ ഉമ്മയോട് ഒന്ന് ചിരിച്ചു..

ഉമ്മാ…

നമ്മൾ ഒരുമിച്ചാണ് പോകുന്നത്… ഉമ്മയും വരുന്നുണ്ട് ഞങ്ങളുടെ കൂടേ ഊട്ടിയിലേക്ക് ..”

“അള്ളോ ഞാനോ…ഞാനൊന്നും ഇല്ല…

അവിടെ നല്ല തണുപ്പ് ആയിരിക്കും… എനിക്ക് പിടിക്കില്ല ടാ…

ഉമ്മ വീണ്ടും പതിവ് പല്ലവി തുടങ്ങി…”

“അതൊന്നും പ്രശ്നമില്ല ഉമ്മാക്കുള്ള ജാക്കറ്റ് എന്റെ കയ്യിലുണ്ട്…

ഷാഹിന യോട് ഞാനാ വിളിച്ചു പറഞ്ഞത് ഉമ്മയെ ഒരുക്കി നിർത്താൻ…”

“ഉമ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ ഉമ്മയെ പിടിച്ച പിടിയാലേ കാറിൽ കയറ്റി വണ്ടി വിട്ടു…

ഉമ്മ കാറിൽ കയറിയതിന് ശേഷം പെട്ടന്ന് തന്നെ യാത്ര യോട് ഇണങ്ങി…”

“ഉമ്മ വിൻഡോ യിലൂടെ പുറത്തേക് കാഴ്ചകൾ കാണുന്നത് ഞാൻ കറിനുള്ളിലെ ഗ്ലാസിനു ഉള്ളിലൂടെ കാണുന്നുണ്ടായിരുന്നു…

നീ എന്താടാ ഇങ്ങനെ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു..

ഇങ്ങള് ഒന്ന് കൂടേ ചെറുപ്പം ആയത് പോലെ..

ആ സമയം ഉമ്മ എന്റെ കയ്യിൽ ഒരു അടി തന്ന് കൊണ്ട് പറഞ്ഞു നേരെ നോക്കി വണ്ടി ഓടിക്കാൻ…”

“പോകുന്ന വഴി പൊണ്ടാട്ടി യുടെ വീടിനു അടുത്തു കൂടെ ആയിരുന്നു…

അവരുടെ ബസ് സ്റ്റോപ്പിൽ പൊണ്ടാട്ടിയോട് പറഞ്ഞ രണ്ടാമത്തെ സർപ്രൈസ് ഉണ്ടായിരുന്നു..

അവളുടെ ഉമ്മ…ചെറിയ അളിയന്റെ കൂടേ വന്നു നിൽക്കുന്നുണ്ട്..”

“അവളുടെ ഉമ്മയെ കണ്ട സന്തോഷത്തിൽ അവൾ എന്നെ ഒന്ന് നോക്കി…

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു…

നമ്മൾ സന്തോഷിക്കുമ്പോൾ കൂടേ ഉള്ളവരും സന്തോഷിക്കണമല്ലേ…

അവളോട് പറയാതെ അവളുടെ ഉമ്മയെ കൂടേ കൂട്ടിയതിന് എന്റെ തുടയിൽ നല്ലൊരു നുള്ള് കിട്ടിയെങ്കിലും അതെനിക് ആ സമയം വേദന ഉള്ളതായി തോന്നിയതെ ഇല്ലായിരുന്നു…”