ഞാൻ പ്രവീൺ.. കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളുടെ എല്ലാം മനസ്സാക്ഷിയെ ഞെട്ടിച്ച ‘ ട്രെയിനിന് കല്ലെറിഞ്ഞതിൽ പെൺകുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ട കേസിലെ പ്രതി ഞാനാണ്

_upscale

നിൽക്കൂ ഒരു നിമിഷം

Story written by Jainy Tiju

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഞാൻ ചെയ്ത തെറ്റ്, ഇനിയാരും ചെയ്യരുതേ”, യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു “.

” മോളെ, സോനമ്മെ, പ്രവീണിന്റെ എഴുത്തിനെ പറ്റി ഇന്നത്തെ സപ്പ്ളിമെന്റിലും വന്നിട്ടുണ്ട് കേട്ടോ. ” ചാച്ചൻ സന്തോഷത്തോടെ പറഞ്ഞു..

” ആണോ, ഒന്നുറക്കെ വായിച്ചേ ചാച്ചാ “. ഞാൻ കേൾക്കാൻ തയ്യാറായി.

” ഞാൻ പ്രവീൺ.. കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളുടെ എല്ലാം മനസ്സാക്ഷിയെ ഞെട്ടിച്ച ‘ ട്രെയിനിന് കല്ലെറിഞ്ഞതിൽ പെൺകുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ട കേസിലെ പ്രതി ഞാനാണ്. ഇങ്ങനൊരു പോസ്റ്റിട്ടാൽ എനിക്ക് കിട്ടുക വായനക്കാരുടെ ശാപവും ചീത്തവിളിയുമാണെന്നു അറിയാം. എങ്കിലും എനിക്കിത് ചെയ്തേ പറ്റു. കാരണം, എന്നോട് ഇത് ആവശ്യപ്പെട്ടത് ആ പെൺകുട്ടി തന്നെയാണ്, എന്റെ സോന ചേച്ചി.

സോന, ഡൽഹിയിലെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയംകാരി. അമേരിക്കയിൽ സെറ്റിൽ ആയ റോബിനുമായി സോനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. റോബിന്റെ കുടുംബത്തിന് വേണ്ടിയിരുന്നത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു. ഒരേ ഒരു ഡിമാൻഡ് പെൺകുട്ടി നേഴ്സ് ആവണം എന്നതായിരുന്നു. അവിടെ ഏറ്റവും ജോലി സാധ്യതയുള്ള പ്രൊഫഷൻ നഴ്സിംഗ് ആയത് കൊണ്ടാവണം. എന്നാൽ, സോനക്കീ വിവാഹം അവരുടെ കുടുംബം മുഴുവൻ കര കയറ്റാനുള്ള ഏറ്റവും വലിയ മാർഗം തന്നെയായിയുന്നു.

വിവാഹത്തിനുള്ള തീയതി തീരുമാനിച്ചതറിഞ്ഞു, ജോലി രാജി വെച്ച്, നാട്ടിലേക്ക് വരുകയായിരുന്നു അവർ ആ ട്രെയിനിൽ.

ഈറോഡ് ഒരു കോളേജിൽ അവസാനവർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയായിരുന്നു ഞാൻ. ഞങ്ങൾ താമസിച്ചിരുന്നത് അവിടെ അടുത്ത് പെരുന്തുറൈ എന്ന സ്ഥലത്തായിരുന്നു.

ആ നശിച്ച ദിവസം, കൂട്ടുകാരിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് സ്ഥിരം ഞങ്ങൾ കൂടാറുള്ള, അധികം ജനസഞ്ചാരം ഇല്ലാത്ത ആ കാടിനരുകിൽ ചെന്നത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു അഞ്ഞൂറ് മീറ്റർ മാറിയായിരുന്നു ഈ സ്ഥലം. റെയിൽ പാളം അതിനടുത്തതായിരുന്നു. പതിവിലധികം മ ദ്യപിച്ചിരുന്നു ഞാനന്ന്. എന്തോ പറഞ്ഞു കൂട്ടുകാരിലൊരുവനുമായി വഴക്കായി. അതേസമയം ട്രെയിൻ അതിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. സ്റ്റേഷൻ അടുത്തിരുന്നത് കൊണ്ട് ട്രെയിനിന് സ്പീഡും കുറവായിരുന്നു.

വഴക്കിനിടയിൽ ദേഷ്യം മൂത്ത ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാതെ കയ്യിലിരുന്ന ബി യർ ബോട്ടിൽ ട്രെയിനിന് നേരെ വലിച്ചെറിഞ്ഞു. ഒരു നിമിഷം. ചെയ്തു പോയത് എന്തെന്ന് എന്റെ ബോധമനസ്സിൽ തെളിയും മുൻപേ, ബോട്ടിൽ ഗ്ലാസ് താഴ്ത്തി വെച്ചിരുന്ന ഒരു ജനലിൽ ചെന്ന് പതിക്കുകയും പൊട്ടിച്ചിതറുകയും ചെയ്തിരുന്നു. അപ്പോഴേക്കും അപകടം മണത്ത കൂട്ടുകാർ എന്നെയും പിടിച്ചു വലിച്ചു കൊണ്ട് ഓടി. “

ഇതേസമയം പത്രം വായിച്ചു കൊണ്ടിരുന്ന ചാച്ചന്റെ ശബ്ദം നേർത്തു നേർത്തു വരുന്നതായും ആരുടെയോ ഒക്കെ അലർച്ചകളും നിലവിളികളും എന്റെ ചെവികളിൽ വന്നലയ്ക്കുന്നതായും എനിക്ക് തോന്നി.

” എന്താ പറ്റിയെ ?…. ചങ്ങല വലിയ്ക്ക്…. ദയവു ചെയ്ത് എല്ലാരും ഒന്നു മാറി നില്ക്കു…. ആ കുട്ടിയെ ഒന്നു പിടിക്ക്….. “

അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. പിന്നീട് ഓർമ വന്നപ്പോൾ ഞാനേതോ ആശുപത്രിയിലായിരുന്നു. മുഖം മുഴുവൻ ബാൻഡേജ് ചുറ്റിയിരിക്കുന്നത് കൊണ്ട് ഒന്നും കാണാനില്ല. ചാടിയെഴുന്നേൽക്കാൻ ശ്രമിച്ച എന്നെ പിടിച്ചു കിടത്തിയ കൈകൾ അമ്മയുടേതായിരുന്നു എന്ന് മനസ്സിലായത് ” അയ്യോ , കിടക്കു മോളെ ” എന്ന പതിഞ്ഞ സ്വരം കേട്ടായിരുന്നു. എനിക്ക് എന്താണ് സംഭവിച്ചത് എന്നതിന് വ്യക്തമായൊരു ഉത്തരം തരാൻ പാവം ചാച്ചനും അമ്മയ്ക്കും ആയില്ല.

പിന്നീടറിഞ്ഞു വഴിവക്കിൽ നിന്ന ഏതോ ഒരുത്തൻ ചുമ്മാ വലിച്ചെറിഞ്ഞ കുപ്പി പൊട്ടിച്ചിതറിയ ചീളുകൾ, ജനലരികിൽ പുറംകാഴ്ചകൾ നോക്കിയിരുന്ന എന്റെ മുഖത്തും കണ്ണിലും തറച്ചു കയറുകയായിരുന്നു എന്ന്. പിന്നെ ദിവസവും പലതരം ടെസ്റ്റുകൾ, ഓപ്പറേഷനുകൾ, ആശുപത്രിയിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രകൾ, ഇതൊന്നും എന്റെ അവസ്ഥക്ക് മാറ്റം ഉണ്ടാക്കിയില്ല.

മുറിവേറ്റതിൽ നാഡികൾക്ക് പോലും ക്ഷതമേറ്റതിനാൽ കണ്ണ് മാറ്റി വെക്കുക എന്നൊരു സാധ്യതയും അടയുകയായിരുന്നു.

വളരെ പെട്ടെന്ന് ഞാൻ വെളിച്ചമില്ലായ്മയുടെ ലോകത്തേക്ക് പറിച്ചു നടപ്പെട്ടു. ശബ്ദം മാത്രമുള്ള ആ ലോകത്തോട് ഞാൻ ആദ്യം പിണങ്ങി, വഴക്കിട്ടു, പിന്നെ പൊരുത്തപ്പെട്ടു.

വൈദ്യശാസ്ത്രം തോറ്റു മടങ്ങിയതറിഞ്ഞു എന്റെ പ്രതിശ്രുതവരനും കുടുംബവും പ്രാക്ടിക്കലായത്, മമ്മിയുടെ അടക്കിപ്പിടിച്ച കരച്ചിലുകളും പപ്പയുടെ ദീർഘനിശ്വാസങ്ങളും എന്നോട് പറയാതെ പറഞ്ഞു..

അങ്ങനെയിരിക്കെയാണ് പ്രവീൺ വിവരങ്ങളെല്ലാം അറിഞ്ഞു എന്നെ കാണാൻ വന്നത്. പോലീസ് കേസെടുത്തിരുന്നു എങ്കിലും പ്രതിയെ കണ്ടെത്താനുള്ള തെളിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചെറിയൊരു കോലാഹലത്തിനു ശേഷം ജനങ്ങളും മീഡിയയും എന്നെ മറന്നു തുടങ്ങിയിരുന്നു. ഒളിവിൽ ആയിരുന്ന പ്രവീൺ കുറ്റബോധം കൊണ്ട് നീറിയാണ് അവസാനം എന്നെക്കണ്ടു മാപ്പു പറയാനെത്തിയത്. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ അവൻ തയ്യാറായിരുന്നു. പക്ഷെ, ഒരു നിമിഷത്തിന്റെ അബദ്ധത്തിന്റെ പേരിൽ ആ കുട്ടിയുടെ ഭാവി കൂടി നശിപ്പിച്ചാലും എനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല എന്നെനിക്കു അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് പരാതിയില്ല എന്നെഴുതിക്കൊടുക്കാൻ ഞാൻ ചാച്ചനെ നിര്ബന്ധിച്ചതും.

പകരം എന്തു വേണമെങ്കിലും തരാൻ അവന്റെ വീട്ടുകാർ തയ്യാറായിരുന്നു. പക്ഷെ, ഞാനൊന്നേ ആവശ്യപ്പെട്ടുള്ളു. സോഷ്യൽ മീഡിയയിൽ ഇങ്ങനൊരു പോസ്റ്റ്. ഏറ്റവും അധികം യുവാക്കളിൽ എത്തിക്കാനും അവരെ സ്വാധീനിക്കാനും കഴിയുന്ന സോഷ്യൽ മീഡിയയിലൂടെ ഈ തെറ്റ് ഇനിയാരും ചെയ്യരുത് എന്നൊരു പോസ്റ്റ്.

ആവശ്യത്തിനും അനാവശ്യത്തിനും സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പേരിൽ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുമ്പോൾ, ബലിയാടാകേണ്ടി വരുന്നവർക്ക് വേണ്ടി ഒരപേക്ഷ,….. “ദയവായി അരുത്…. “

” മോളെ, നീ കേൾക്കുന്നുണ്ടോ “

ചാച്ചന്റെ ശബ്ദം എന്നെ ഓർമയിൽ നിന്നുണർത്തി. ചാച്ചൻ തുടർന്നു.

” പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു…ഞാനാ കുപ്പി വലിച്ചെറിഞ്ഞത് വെറും ഒരു ട്രെയിനിന് നേർക്കായിരുന്നില്ല, പകരം ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയിലേക്കായിരുന്നു. ആ ചില്ലുകൾ ഇരുൾ പരത്തിയത് രണ്ടു കണ്ണുകളിൽ മാത്രമായിരുന്നില്ല, ഒരു പാവം പെണ്ണിന്റെ വിവാഹസ്വപ്ങ്ങളിൽ കൂടി ആയിരുന്നു. എന്നിട്ടും അവർ ദാനം തന്ന ഈ ജീവിതം കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും, ഞാൻ ചെയ്ത തെറ്റ് ഇനിയാരും ചെയ്യരുതെന്ന്…

ഒരു നിമിഷത്തെ പരിപൂർണ നിശബ്ദത… ‘അമ്മ പതുക്കെ തേങ്ങി. ഞാനാ കൈകൾ പരതിയെടുത്തു മുറുക്കെ പിടിച്ചു. സാന്ത്വനിപ്പിക്കുന്ന പോലെ.
ആഗ്രഹിച്ചു നേടിയ ജോലി ചെയ്യാൻ ഇനിയെനിക്ക് കഴിയില്ല. സ്വപ്നം കണ്ടു തുടങ്ങിയിരുന്ന ജീവിതവും ഇനി ഇല്ല. എന്നാലും എനിക്ക് ഈ വേദനകളെല്ലാം അതിജീവിച്ചേ പറ്റൂ…, എന്റെ കുടുംബത്തിന് വേണ്ടി, പിന്നെ എവിടെയും തോറ്റു പിന്മാറാൻ ഒരുക്കമല്ലാത്ത എന്റെ മനസാക്ഷിക്ക് വേണ്ടിയും…..