അമിതാബ് ബച്ചൻ
Story written by Suresh Menon
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“നന്ദിനി “
ഓട്ടോറിക്ഷയിൽ നിന്നിറങ്ങി കാശ് കൊടുക്കുമ്പോഴാണ് ആ വിളി നന്ദിനി കേട്ടത്: തിരിഞ്ഞു നോക്കി
“ഹായ് ലച്ചു …, ” പത്താം ക്ലാസുമുതൽ ഡിഗ്രി വരെ തന്റെ കൂടെ ഒരുമിച്ചു പഠിച്ച ലക്ഷ്മി എന്ന ലച്ചു
“നീയെന്താ ഇവിടെ ….. ലച്ചു “
” പതിനാറ് ദിവസം ലീവ് …ഞങ്ങൾ അമേരിക്കക്കാർക്ക് ഇത്രയൊക്കെയെ ലീവ് കിട്ടു.. പിള്ളാരേം കൊണ്ടൊന്ന് നാടു കാണാൻ ഇറങ്ങിയതാ”
“ഞാൻ നിന്നെയൊന്ന് കെട്ടിപിടിച്ചോട്ടെടി “
നന്ദിനി ലച്ചുവിന്റെ കൈ പിടിച്ച് ചോദിച്ചു. അനുവാദം കിട്ടുന്നതിന് മുൻപെ നന്ദിനി തന്റെ പഴയ കൂട്ടുകാരി ലച്ചുവിനെ കെട്ടിപിടിച്ചു
” ടാ ആദ്യമായിട്ട് ഞാൻ ഒരു സോറി പറയുന്നു. കല്യാണം …പിന്നെ അമേരിക്കൻ യാത്ര ..പിന്നെ തുടർ പഠനം പ്രസവം . എല്ലാം കൂടി ലൈഫ് ജഹ പൊഹയായിരുന്നെടീ…നിന്നെയൊന്ന് കോൺടാക്റ്റ് ചെയ്യാനൊ വിശേഷങ്ങൾ പങ്കു വെക്കാനൊ ഒന്നും കഴിഞ്ഞില്ലെടീ സോറി …. “
” അത് സാരമില്ല.ന്തായാലും നിന്നെ കണ്ടല്ലൊ.. ഐ ആം സോ ഹാപ്പി … ” നന്ദിനി പറഞ്ഞു
” ഞാനും .അത് പോട്ടെ നീയെന്താ ഇവിടെ ..”
“ഞാൻ ഫെഡറൽ ബാങ്കിൽ വർക്ക് ചെയ്യുന്നു. ബ്രാഞ്ച് മാനേജരാ ടീ ” നന്ദിനി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു
“ഹോ മൈ ഗോഡ് നീയൊ … മാനേജരൊ . എനിക്ക് വിശ്വസിക്കാൻ വയ്യ .മാനേജരായിട്ടാണൊ ഓട്ടോ റിക്ഷയിൽ വന്നിറങ്ങുന്നത് “
” അതെന്താ മാനേജർക്ക് ഓട്ടോയിൽ സഞ്ചരിച്ചൂടെ… അതല്ലെടി.. ഓഫീസിൽ നിന്നിറങ്ങിയപ്പോൾ വണ്ടി സ്റ്റാർട്ടാകുന്നില്ല. പിന്നെ ഓട്ടോ വിളിച്ച് ഇങ്ങ് പോന്നു… “
” ഞങ്ങളുടെ പർച്ചേസ് കഴിഞ്ഞു .വൈകുന്നേരത്തെ ഫ്ലൈറ്റിന് ഡൽഹിക്ക് പോകും …..ചുമ്മാ ഒരു കറക്കം..”
“എത്ര മക്കളാ നിനക്ക് ” നന്ദിനിയുടെ ചോദ്യത്തിന് ലച്ചു കൈചൂണ്ടി പറഞ്ഞു
” ദേ ആ വരുന്ന മൂന്നെണ്ണം എന്റെയാ…”
കൈയിൽ ഐസ് ക്രീമുമായി ഷോപ്പിങ്ങ് മാളിന്റെ പടികൾ ഇറങ്ങി വരുന്ന മൂന്ന് കൊച്ച് ആൺകുട്ടികളെ ചൂണ്ടി ലച്ചു പറഞ്ഞു
” ഹോ സൊ ഹാൻസം…..”
മൂന്നുപേരും ലച്ചുവിന്റെ അടുത്ത് വന്ന് നിന്നു . നന്ദിനിയുടെ മുഖത്തേക്ക് നോക്കി
നന്ദിനി മക്കളുടെ മുൻപിൽ മുട്ടുകുത്തിയിരുന്നു. കൗതുകത്തോടെ അവരെ നോക്കി അവരുടെ മുടിയിഴകളിലൂടെ കൈയോടിച്ചു.
“മോന്റെ പേരെന്താ ” ” ദിലീപ് കുമാർ “
” ങ്ങേ ” “മോന്റെ പേരൊ” ” ദേവ് ആനന്ദ് ” ” ങ്ങേ ….” “അപ്പൊ ഈ മൂന്നാമന്റെ പേരെന്താ “.” ജിതേന്ദ്ര “
നന്ദിനി പൊട്ടിച്ചിരിച്ചു
“ഇതെന്തുവാടി ലച്ചു. മൊത്തം ബോളിവുഡാണല്ലൊ… “
” എന്റെ മൂപ്പര് ഹിന്ദി സിനിമയുടെ കട്ട ഫാനാ… പുള്ളിയുടെ ചോയ്സാ …പിന്നെ ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല “
” നീ നിന്റെ കാര്യം ഒന്നും പറഞ്ഞില്ല ” ലച്ചു നന്ദിനിയോടായി ചോദിച്ചു.
“ഓ അങ്ങിനെ പ്രത്യേകിച്ചൊന്നും പറയാനില്ല ലച്ചു ” ” എന്ന് വച്ചാൽ ” ” എന്ന് വെച്ചാൽ ഞാൻ ഞാൻ മാത്രം “
ലച്ചു നന്ദിനിയുടെ ചുമലിൽ കൈ വച്ച് ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി
“സ്റ്റിൽ …..നീ ഒററക്കാണൊ ” ” ഉം ” നന്ദിനി തലകുലുക്കി ” നീ ഇനിയും മറന്നില്ലെ .അതൊന്നും “
ലച്ചുവിന്റെ ചോദ്യത്തിന് മുൻപിൽ നന്ദിനി തല കുനിച്ചു.
” ഇങ്ങനെ ഒരു കൂട്ടില്ലാതെ ഒറ്റക്ക് ജീവിച്ച് നിനക്ക് മതിയായില്ലെ”
നന്ദിനി അപ്പോഴും മൗനം പൂണ്ടു .
ലച്ചുവിന്റെ മനസ്സിലേക്ക് ഒരു നിമിഷം കോളിളക്കം സൃഷ്ടിച്ച ആ കാമ്പസ് പ്രണയം ഓടിയെത്തി. സ്ഥലം എം എൽ എ യുടെ മകൾ നന്ദിനിയും കോളജിലെ ഫിസിക്സ് ലക്ച്ചറർ ജോൺ അബ്രഹാ മുമായുള്ള കട്ട പ്രണയം . ടോക്ക് ഓഫ് ദ കോളജ് ആയി മാറിയ പ്രണയം പിന്നീട് ടോക്ക് ഓഫ് ദ ടൗൺ എന്ന നിലയിലേക്ക് മാറി. നാനാഭാഗത്ത് നിന്നും എതിർപ്പുകളായി മുന്നേറിയ ആ പ്രണയം അപ്രതീക്ഷിതമായ ഒരു ബൈക്ക് ആക്സിഡന്റിലൂടെ ജോൺ അബ്രഹാമിന്റെ മരണത്തിൽ കലാശിച്ചു. കൊ ലപാതകമാണൊ ആക്സിഡന്റാണോ…. ആരോപണ പ്രത്യാരോപണങ്ങൾ … സംശയത്തിന്റെ മുനയിൽ എം എൽ എ യുടെ രാജി … അച്ഛനും അമ്മയോടും പ്രതിഷേധിച്ച് വീട് വിട്ടിറങ്ങി സ്വന്തം നിലയിൽ പഠിച്ച് വളർന്ന നന്ദിനി… ലച്ചുവിന്റെ മനസ്സിൽ ഒരു സിനിമ പോലെ ഓരോ രംഗങ്ങളും മാറി മാറി വന്നു …
” നീയെന്താ ഒന്നും പറയാത്തെ …. എത്ര കാലമാടാ ഇങ്ങനെ ഒറ്റക്ക് .നിന്നെ അറിയുന്ന ഒരുത്തനെ കണ്ടെത്തണം “
“എനിക്ക് പറ്റില്ലെടാ . ജോൺ ….എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. മറ്റൊരു വിവാഹം ….ഹോ എനിക്ക് ചിന്തിക്കാൻ പോലും വയ്യ “
“ന്നാലും ത്ര കാലം ന്ന് വെച്ചാ നന്ദിനി ഇങ്ങനെ ഒറ്റക്ക് . നിനക്കായി ഒരു കുഞ്ഞൊക്കെ വേണ്ടെ. അതിനെ വളർത്തി പഠിപ്പിച്ച് വലുതാക്കി ….”
ലച്ചുവിനെ മുഴുമിപ്പിക്കാൻ നന്ദിനി അനുവദിച്ചില്ല
“എങ്കി ഞാനൊരു കാര്യം പറയട്ടെ ….” ഒന്ന് നിർത്തി നന്ദിനി പറഞ്ഞു
” നീ പ്രസവം നിർത്തിയൊ “.” ഇല്ല ” “എന്നാൽ എനിക്കൊരു അമിതാബ് ബച്ചനെ താ ..ഞാൻ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥനാക്കി നിന്നെ തിരിച്ചേൽപ്പിക്കാം “
ഒരു നിമിഷം ലച്ചു എന്ത് പറയണമെന്നറിയാതെ കുഴങ്ങി. ആരുടെയും മുഖത്ത് നോക്കി എന്തും വെട്ടി തുറന്ന് പറയാൻ മടിക്കാത്ത നന്ദിനിയുടെ ആ പഴയ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി.
‘ഹേയ് ലച്ചു നീ അകെ കൺഫ്യൂസ്ഡ് ആയി അല്ലെ പാവം . ടാ നിന്റെ നാലാമത്തെ കൊച്ചിനെ ഞാൻ വളർത്താം .ആൺകുഞ്ഞാണെങ്കി ഞാൻ അവന് അമിതാബ് എന്ന് പേരിടും . ഐ വിൽ മെയ്ക്ക് ഹിം എ സൂപ്പർ സ്റ്റാർ ……”
എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി ലച്ചു . പതിയെ നന്ദിനിയെ കെട്ടിപിടിച്ചു
“പോട്ടെ ടെ 7 മണിക്കാ ഫ്ലൈറ്റ് ……”
നന്ദിനി തലകുലുക്കി. ആ മൂന്ന് കുഞ്ഞുങ്ങളുടെയും കവിളിൽ ചും ബിച്ച് യാത്രാനുമതി നൽകി.
ലച്ചു തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് കാറിലേക്ക് നീങ്ങി. നന്ദിനി ഷോപ്പിങ്ങ് മാളിലേക്ക് പടികയറി .പെട്ടെന്നാണ് നന്ദിനി ലച്ചുവിന്റെ ഉറക്കെയുള്ള ആ വിളി കേട്ടത് .അവൾ തിരിഞ്ഞു നോക്കി …
“ഹേയ് നന്ദിനി ….ഞാൻ ഒരു അമിതാബ് ബച്ചനെ കൊണ്ട തരുവെ ….നീ കാത്തിരുന്നൊ “
ങ്ങേ . ഇപ്പോൾ നന്ദിനിയാണ് ആകെ കൺഫ്യൂസ്ഡ് ആയത്. കാറിൽ കയറുന്നതിന് മുൻപ് ലച്ചു കൈകൾ വീശി.
നന്ദിനി സൂക്ഷിച്ച് നോക്കി … തനിക്ക് നേരെ പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞി കൈകൾ വീശി റ്റാ റ്റാ കാട്ടുന്നു ദിലീപ് കുമാറും ദേവാനന്ദും ജിതേന്ദ്രയും ..നന്ദിനി തന്റെ കണ്ണുകൾ തിരുമ്മി ഒന്നു കൂടി നോക്കി ….
അതെ ..ജിതേന്ദ്രയുടെ തൊട്ടടുത്ത് തുവെള്ള ഷർട്ടും കറുത്ത ട്രൗസറും ഷൂസും സോക്സും കഴുത്തിൽ ഒരു കുഞ്ഞി ടൈയും കെട്ടി അമിതാബ് ….
അവനെ കോരിയെടുക്കാൻ നന്ദിനിയുടെ കൈകൾ അവളറിയാതെ പതിയെ നീണ്ടു …
അവസാനിച്ചു