ഞാൻ ചെല്ലുമ്പോൾ അവന്റെ അമ്മ മത്തി മുറിക്കുകയാണ്. കപ്പ അടുപ്പത്തെ മൺ ചട്ടിയിൽ കിടന്നു വേവുന്നുണ്ട്…….

മത്തി മുളകിട്ടതും കപ്പയും.

എഴുത്ത്:-ഹക്കീം മൊറയൂർ

ഇങ്ങള് നല്ല കപ്പ പുഴുങ്ങിയത് മത്തി മുളകിട്ടത് കൂട്ടി കഴിച്ചിട്ടുണ്ടോ?.

അതിന്റെ കൂടെ നല്ല ചൂടുള്ള ആവി പറക്കുന്ന മധുരമുള്ള കട്ടൻ. പിന്നെ കുറച്ചു കാന്താരി മുളക് അരച്ച തേങ്ങാ ചമ്മന്തി. വേണേൽ അമ്മിക്കല്ലിൽ ഇടിച്ച ചുവന്നുള്ളിയും ചുട്ട ഉണക്കമുളകും ചേർന്ന സൊയമ്പൻ സാധനവും.

ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും അല്ലെ?.

നാട്ടിൽ കൂലിപ്പണിക്ക് പോവുന്ന കാലത്ത് ഞാനൊരിക്കൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി.

അതൊരു പണിക്ക് പോവാത്ത ഞായറാഴ്ച ആയിരുന്നു.

ബസ്സിറങ്ങി കുറച്ചു നടക്കാനുണ്ട് അവന്റെ വീട്ടിലേക്ക്. അവന്റെ വീടിനടുത്തുള്ള പാടത്തു ട്രാക്ടർ വെച്ച് പൂട്ടുന്നുണ്ടെന്നു തലേന്ന് പറഞ്ഞിരുന്നു. വന്നാൽ നല്ല മുഴുത്ത വരാലിനെ പിടിക്കാം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പോയത്.

ഞാൻ ചെല്ലുമെന്നു അവനും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മീൻ പിടിത്തതിനോടുള്ള താല്പര്യം കൊണ്ട് അവൻ ചുമ്മാ പുളു വടിച്ചതാണ് എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ അവനെ രണ്ട് പൊട്ടിക്കാനുള്ള ദേഷ്യം തോന്നി.

ഞാൻ ചെല്ലുമ്പോൾ അവന്റെ അമ്മ മത്തി മുറിക്കുകയാണ്. കപ്പ അടുപ്പത്തെ മൺ ചട്ടിയിൽ കിടന്നു വേവുന്നുണ്ട്.

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ സാധനങ്ങളൊക്കെ റെഡി ആയി.

നല്ല വാട്ടിയ വാഴയിലയിൽ വിളമ്പിയ കപ്പയും ചമ്മന്തികളും എന്നെ നോക്കി പുഞ്ചിരിച്ചു. നല്ല എരിവുള്ള മത്തി മുളകിട്ടതിന്റെ സ്വാദ് ഇപ്പോഴും ഓർമയിലുണ്ട്.

വയറു നിറയെ കഴിച്ചാണ് അവിടുന്നു ഞാൻ തിരിച്ചു പോന്നത്. ചെങ്ങായി പറഞ്ഞ വരാൽ കിട്ടിയില്ലെങ്കിലും നല്ല രുചിയുള്ള ഫുഡ്‌ കഴിച്ച സന്തോഷത്തിൽ ഞാൻ തിരിച്ചു പോന്നു.

സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം പത്തു പതിനാറു കൊല്ലം കഴിഞ്ഞു പോയി. ആ കൂട്ടുകാരനും അവന്റെ അമ്മയും ഇന്നു ജീവിച്ചിരിപ്പില്ല. വിധി രണ്ട് പേരെയും നേരത്തെ കൊണ്ട് പോയി.

രണ്ട് പേരെയും പറ്റി ഓർക്കുമ്പോൾ ആദ്യ മേ മനസ്സിൽ വരുന്നത് ആ മത്തി മുളകിട്ട കപ്പയുടെ രുചിയാണ്. പിന്നെ അവന്റെ ചുരുണ്ട മുടിയും അവന്റെ അമ്മയുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരിയും.

പിന്നീടൊരിക്കലും ആ കപ്പയുടെ അത്രക്ക് രുചി എനിക്ക് കിട്ടിയിട്ടില്ല. ആ അമ്മ വിളമ്പിയ ഭക്ഷണത്തിനു എന്തേ ഇത്ര മാത്രം രുചി എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.

അതൊരു പക്ഷെ വിളമ്പിയ സ്നേഹത്തിന്റെ രുചിയായിരിക്കും അല്ലെ?.