വെറുക്കപ്പെട്ടവൻ
Story written by Murali Ramachandran
“ഞാൻ ഒരു പെണ്ണിനെ പ്രണയിക്കുന്നതിൽ എന്താ തെറ്റ്..? ആ പെണ്ണിന്റെ സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിങ്ങൾക്കെന്താണ്..?”
അഥവാ ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്താലും എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും. ജയിൽവാസം എനിക്ക് ഒരു പുത്തരിയല്ല. ഞാനും നീണ്ട പതിനഞ്ചു വർഷക്കാലം അതേ ജയിലിൽ കഴിഞ്ഞവനാണ്. പക്വത ഇല്ലാത്ത പ്രായത്തിൽ ഒരു പെണ്ണിനെ കെട്ടി. അധികമൊന്നും അവളുമായി പൊരുത്തപ്പെട്ടു പോകാൻ എനിക്ക് അന്ന് ആയില്ല.
ഒരിക്കൽ അവളോടുള്ള ദേഷ്യത്തിൽ മ ദ്യത്തിന്റെ പുറത്ത് സ്വന്തം പെൺമക്കളെ വെള്ളത്തിൽ മുക്കി കൊ ല്ലേണ്ടി വന്നു. ആ പാപത്തിന്റെ കറ എത്ര വർഷം കഴിഞ്ഞാലും എന്നെ വിട്ടു പോവില്ല. ആ ചെയ്തിയോടെ സമൂഹം എന്നെ വെറുത്തു, സ്വന്തം കുടുംബവും.
ഞാൻ ചെയ്തത് പൊറുക്കാൻ ആവാത്ത തെറ്റാണ്, എനിക്ക് അതു അറിയാം. എന്നാൽ, അതിനുള്ള ശിക്ഷ നിയമത്തിന്റെ കീഴിൽ ഞാൻ അനുഭവിച്ചു കഴിഞ്ഞതാണ്. ഇനിയുള്ള കാലം എന്നെ മനസിലാക്കുന്ന ഒരു പെണ്ണിന് ഒപ്പം ജീവിക്കണം എന്ന് തോന്നുന്നു.
ആ പതിനഞ്ചു കൊല്ലത്തെ ജയിൽവാസം എന്നെ ആകെ മാറ്റിയെടുത്തു. ഇടക്ക് പരോളിന് വരുമ്പോൾ സ്വന്തം നാട്ടിലും വീട്ടിലും വെറുക്കപ്പെട്ടവനായി. എന്റെ അമ്മയും ഏട്ടനും എന്നെ വീട്ടിൽ നിന്നും പുറത്താക്കി. ഉറ്റ സുഹൃത്തുക്കൾ പലരും കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു. ഞാൻ ചെയ്തത് ചെറിയ തെറ്റല്ലല്ലോ..കൊലപാതകം അല്ലെ..? അതും സ്വന്തം പെൺമക്കളെ..!
പിന്നീട് ഞാൻ ടൗണിൽ ഒരു മുറി വാടകയ്ക്ക് എടുത്തു. ഒരിക്കൽ ടൗണിലെ മുന്തിയ ബാറിൽ വെച്ചു എന്റെ പഴയ സുഹൃത്തിനെ കണ്ടു. ആദ്യമൊന്നും അവൻ എന്നോട് മിണ്ടാൻ തയ്യാറായില്ല.
പതിവായി ഞാൻ അവിടെ വരുന്നത് കണ്ടതും എന്നോട് അവൻ മിണ്ടി തുടങ്ങി. പിന്നെ ആ സൗഹൃദം വളർന്നു. ഇടക്ക് എന്നെ അവന്റെ വീട്ടിൽ കൊണ്ടു പോവാറുണ്ട്, ഭക്ഷണം തരാറുണ്ട്. അവനും ഭാര്യയും, രണ്ടു പെണ്മക്കളും.. ഒരു സന്തുഷ്ട കുടുംബം..!
ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും ഇടക്ക് സ്വന്തമായുള്ള പാചകവും പലപ്പോഴും എനിക്ക് ദഹിക്കാറില്ല. എന്റെ ഈ അവസ്ഥ കണ്ടു അവന്റെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അവിടെ വന്നു ഭക്ഷണം കഴിക്കാൻ ആവർത്തിച്ചു പറയാറുമുണ്ട്.
എന്തൊ, എന്റെ മനസു ആദ്യമൊന്നും അതിന് അനുവദിച്ചില്ല. പിന്നെ ഞാൻ പോകാൻ തുടങ്ങി. പകൽ സമയങ്ങളിൽ അവൻ ജോലിക്ക് പോവാറുണ്ട്. അവന്റെ പെൺകുട്ടികൾ കോളേജിലേക്കും.
അവന്റെ ഭാര്യ മാത്രമാണ് അവിടെ ഉണ്ടാവുക. ദേവിക..!
ഭക്ഷണം കഴിച്ചിട്ട് ഞാൻ അവളോട് സംസാരിക്കാറുണ്ട്. അവൾക്ക് സ്നേഹം കൊതിക്കുന്ന ഒരു മനസുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നെപ്പോലെ അവളും ഒറ്റപ്പെടുന്നു എന്ന് മനസിലാക്കി.
പതിവായി അവളോട് സംസാരിക്കണം എന്ന് എനിക്കും തോന്നാറുണ്ട്. അങ്ങനെ ഞങ്ങൾ ഒരുപാട് അടുത്തു. മനസ്സുകൊണ്ടും, പിന്നീട് ശരീരം കൊണ്ടും. അവൾക്ക് എന്നോട് തീവ്ര പ്രണയമുണ്ട്, എനിക്ക് അവളോടും. ഞങ്ങൾക്കും ഈ സമൂഹത്തിൽ ഒരുമിച്ചു ജീവിക്കണം എന്ന വാശിയാണ്. എന്തുകൊണ്ട് ഞങ്ങൾക്ക് ഈ സമൂഹത്തിൽ ജീവിച്ചൂകൂടാ..?
എന്നെ വിമർശിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയുക. ഞാൻ അത് സ്വീകരിക്കാൻ തയ്യാറാണ്.
©® ✍🏻 മുരളി. ആർ