എഴുത്ത്:- ശ്രേയ
” ഞാൻ കണ്ടുപിടിച്ചെടി.. അവൻ നിന്നെ തന്നെയാ നോക്കണേ.. “
രാവിലെയുള്ള പ്രൈവറ്റ് ബസ്സിലെ തിരക്കിൽ നിന്ന് രക്ഷപ്പെട്ട് എങ്ങനെയൊക്കെയോ കൃത്യമായി സ്റ്റോപ്പിൽ ഇറങ്ങി കോളേജിലേക്ക് ഓടുന്നതിനിടയിലാണ് കൂട്ടുകാരിയുടെ പറച്ചിൽ..
” അല്ലെങ്കിൽ തന്നെ ലേറ്റായി.. ഓരോന്നും പറഞ്ഞ് വഴിയിൽ നിൽക്കാതെ നീ ഒന്ന് ഇങ്ങോട്ട് വരുന്നുണ്ടോ..? “
ഇത്തിരി ദേഷ്യത്തോടെയാണ് അനന്യ അത് ചോദിച്ചത്. അത് കേട്ടതോടെ കൂട്ടുകാരി ഗായത്രി മുഖം വീർപ്പിച്ചു കാണിച്ചു.
” അല്ലെങ്കിലും നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ വേണം ആദ്യം ത ല്ലാൻ.. “
ഒരല്പം കെറുവോടെ അവൾ പറഞ്ഞു.
” ആഹ്.. അതെ.. ഫസ്റ്റ് പിരീഡ് ആ ചാക്കോ മാഷിന്റെ ആണ്.. അങ്ങേരുടെ സ്വഭാവം അറിയാമല്ലോ..? ഒരു മിനിറ്റ് ലേറ്റായി എന്ന് പറഞ്ഞാൽ പോലും പുള്ളി ക്ലാസി ലും കേറ്റില്ല.. വീട്ടിൽ നിന്ന് ആളിനെ വിളിച്ചു കൊണ്ടു വരേണ്ടി വരും.. അതുമാത്രമോ അയാളുടെ ഉപദേശം വേറെ… ഇതെല്ലാം കൂടെ സഹിക്കാനുള്ള കപ്പാസിറ്റി തൽക്കാലം എനിക്കില്ല.. അതുകൊണ്ട് മോൾ ഒന്ന് വേഗം നടക്കാമോ..? “
അനന്യ അത് ചോദിച്ചു കഴിഞ്ഞതും ഗായത്രി തലയിൽ കൈവച്ചു.
” ദൈവമേ… അങ്ങേരുടെ ക്ലാസ് ആണോ.. ഇതൊക്കെ ഒന്ന് നേരത്തെ പറയേണ്ടേ .. ഇങ്ങോട്ട് വാ .. “
അതും പറഞ്ഞുകൊണ്ട് വെപ്രാളത്തോടെ അനന്യയുടെ കൈയും പിടിച്ചു വലിച്ചു ഗായത്രി ക്ലാസിലേക്ക് ഓടി..
ഓട്ടത്തിനിടയിലും അനന്യ ചിരിക്കുന്നുണ്ടായിരുന്നു..
എങ്ങനെയൊക്കെയോ ക്ലാസ്സിൽ എത്തി ഫസ്റ്റ് പിരീഡ് സാറിന്റെ കയ്യിൽ പെടാതെ രക്ഷപ്പെട്ടു.. ഇന്റർവെൽ ആയപ്പോഴാണ് അനന്യയ്ക്ക് ഗായത്രി പറഞ്ഞു തുടങ്ങിയ കാര്യത്തിനെ പറ്റി ഓർമ്മ വന്നത്.
” ഗായൂ… നീ എന്നോട് രാവിലെ വരുന്ന വഴിയിൽ എന്തോ ഒരു കാര്യം പറഞ്ഞില്ലേ..? അതെന്തായിരുന്നു.? “
അനന്യ അത് ചോദിച്ചപ്പോൾ ഗായത്രി നെറ്റി ചുളിച്ചു.
“എന്ത് കാര്യം..? ഞാൻ നിന്നോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലല്ലോ..”
ഒന്നുമറിയാത്ത ഭാവത്തിൽ ഗായത്രി കൈ മലർത്തി ..
” എടീ ആരോ എന്നെ നോക്കുന്നു എന്ന് നീ പറഞ്ഞില്ലേ..? “
അത് കേട്ടപ്പോൾ തന്നെ ഗായത്രിക്ക് അവൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായി.
” നിനക്ക് അതൊന്നും കേൾക്കാനും താല്പര്യം ഇല്ല സമയമില്ല എന്ന് പറഞ്ഞിട്ട്..? “
സംശയം ഭാവത്തിൽ ഗായത്രി നെറ്റി ചുളിച്ചു.
” അപ്പോഴത്തെ കാര്യമല്ലേ..? നീ ഇപ്പോൾ തൽക്കാലം ഞാൻ ചോദിച്ചതിന് മറുപടി പറയ്.. “
അവൾ അതു പറഞ്ഞു കേട്ടപ്പോൾ ഗായത്രി ഒന്ന് ചിരിച്ചുകൊണ്ട് കാര്യം പറയാൻ തുടങ്ങി…
” എടീ ആ ബസ്റ്റോപ്പിലെ പയ്യന്മാർ ഇല്ലേ.. ആ ശ്യാം നിന്നെയാണ് നോക്കുന്നത്.. ഞാൻ ഉറപ്പിച്ചു … “
ഗായത്രി അത് പറഞ്ഞതോടെ അനന്യക്ക് ആകാംഷ ഏറി…
” ഇപ്പൊ എന്താണെന്ന് നോക്ക് അവളുടെ ആകാംക്ഷ.. നേരത്തെ അത് പറയാൻ വന്നപ്പോൾ എന്നെ ആട്ടി ഓടിച്ചു.. എന്നിട്ട് ചോദിക്കാൻ വന്നിരിക്കുന്നത് കണ്ടില്ലേ.. “
ഗായത്രി അവളെ പുച്ഛിച്ചു…
” എടി നമ്മൾ കുറച്ചു ദിവസമായി അവന്മാർ ആരെയാണ് നോക്കുന്നത് എന്നറിയാനുള്ള പരീക്ഷണങ്ങളിൽ ആയിരുന്നല്ലോ… എന്തായാലും എന്നെയും സ്വാതിയെയും അല്ല.. നിന്നെ തന്നെയാണ് അവർ നോക്കുന്നത്.. “
ഗായത്രി ഉറപ്പിച്ചു പറഞ്ഞപ്പോൾ അനന്യ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
” ഉറപ്പാണോ..? “
അവൾ വീണ്ടും ചോദിച്ചു..
” അതേടി… ഉറപ്പ്.. “
അത് കേട്ടതോടെ അനന്യയ്ക്ക് ഉള്ളം കുളിർക്കുന്ന അനുഭവമായിരുന്നു..
കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങളുടെ ബസ് യാത്രയിൽ ശ്രദ്ധിക്കുന്നതാണ് ബസ്റ്റോപ്പിൽ നിൽക്കുന്ന ആ രണ്ട് പയ്യന്മാരെ.. ആദ്യ ദിവസം കണ്ടപ്പോൾ കരുതിയത് ബസ്സിൽ കയറാനുള്ള കാത്തുനിൽപ്പാണ് എന്നാണ്…
പക്ഷേ രണ്ടു വശത്തേക്കുമുള്ള ബസ്സുകൾ മാറിപ്പോയിട്ടും അവർ കയറാതെ നിൽക്കുന്നതു കണ്ടപ്പോൾ മനസ്സിലായി ഉദ്ദേശം അതല്ല എന്ന്…
സ്ഥിരമായി നോട്ടം തങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് എത്തിയപ്പോഴാണ് തങ്ങളിൽ ആരെയോ ആണ് അവർ നോക്കുന്നത് എന്ന് ഉറപ്പിച്ചത്. മൂന്ന് സുന്ദരികളായ പെൺകുട്ടികൾ ഉള്ളതുകൊണ്ട് അവരിൽ ആരെയാണ് നോക്കുന്നത് എന്നറിയാനായി അടുത്ത ശ്രമം..
അതിന് പല മാർഗങ്ങളും പരീക്ഷിച്ചു . ഏറ്റവും ഒടുവിൽ ആയിട്ടാണ് അനന്യ തന്നെയാണ് അവർ നോക്കുന്ന പെൺകുട്ടി എന്ന് മനസ്സിലാക്കിയത്. അതിനിടയിൽ ആ പയ്യന്മാരെ കുറിച്ചും ഏകദേശം ഐഡിയ ഒക്കെ അന്വേഷിച്ച് കണ്ടെത്തിയിരുന്നു.
നേരത്തെ പറഞ്ഞ ശ്യാം അവരിൽ സുന്ദരനാണ്.നന്നായി പഠിക്കുന്ന കുട്ടിയാണ് എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടു.പുള്ളിക്ക് പട്ടാളത്തിൽ ചേരണം എന്നാണത്രയാഗ്രഹം..
അവനെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞും അനന്യക്ക് അവനോട് ഒരു താല്പര്യമുണ്ടായിരുന്നെങ്കിലും, അതൊന്നും തുറന്നു പറയാൻ കഴിഞ്ഞില്ല.. ഇനി ഒരുപക്ഷേ തങ്ങളിൽ മറ്റാരെയെങ്കിലും ആണ് അവർ നോക്കുന്നതെങ്കിലോ..?
അങ്ങനെയൊക്കെ ആലോചിച്ച് വേണ്ടെന്നു ഇഷ്ടം ഇപ്പോൾ തനിലേക്ക് തന്നെ മടങ്ങി വരുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷമായി.
എന്തായാലും അവൻ തന്നെയാണല്ലോ നോക്കുന്നത്.. അങ്ങനെയാണെങ്കിൽ തിരിച്ച് അവനും കുറച്ച് അരിമണികൾ കൊത്തി പെറുക്കാനായി ഇട്ടു കൊടുക്കാം എന്ന് അവൾ തീരുമാനിച്ചു..
അങ്ങനെ പിറ്റേന്ന് മുതൽ അവളും അവനെ തിരിച്ചു നോക്കി തുടങ്ങി. നാളുകൾ കടന്നുപോയിട്ടും അവൻ ഇഷ്ടം അറിയിക്കാനായി അവളുടെ അടുത്തേക്ക് വന്നില്ല. അതോടെ അവന് ഇഷ്ടം ഒരു ടൈം പാസ് മാത്രമായിരിക്കും എന്ന് അവളും കരുതി.
ആ കോളേജിൽ നിന്ന് ഇറങ്ങി പോകുന്നത് വരെ മാത്രമേ തനിക്കും അങ്ങനെ ഒരു അഫയർ ഉണ്ടാവുകയുള്ളൂ എന്ന് അവളും മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു…
അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് അവൾ മടങ്ങി വരുമ്പോഴും പതിവുപോലെ അവൻ ആ ബസ്റ്റോപ്പിൽ തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്നെങ്കിലും അവൻ ഇഷ്ടമറിയിക്കാനായി തേടി വരും എന്ന് കരുതിയിരുന്ന അവൾക്ക് നിരാശയായിരുന്നു ഫലം.
കോഴ്സ് കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം പിന്നീട് ആ വഴിക്ക് അങ്ങനെ പോകേണ്ടി വന്നിട്ടില്ല. സർട്ടിഫിക്കറ്റ് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി കോളേജിലേക്ക് പോയപ്പോൾ അവനെ പ്രതീക്ഷിച്ച എങ്കിലും അവനെ കണ്ടുമുട്ടിയില്ല.
ഒരു ജോലിക്ക് ജോലി കിട്ടിയത് അടുത്ത് ആയിരുന്നില്ല… തൊട്ടടുത്ത ജില്ലയിൽ ജോലി കിട്ടിയപ്പോൾ ദിവസമേ ഉള്ള യാത്ര ബുദ്ധിമുട്ടായി. അതോടെ അവിടെ ഒരു ഹോസ്റ്റലിലായി താമസം…
ഹോസ്റ്റലിലേക്ക് മാറിയത് കൊണ്ട് തന്നെ വല്ലപ്പോഴും അടുപ്പിച്ച് രണ്ട് ദിവസത്തെ അവധി കിട്ടുമ്പോഴൊക്കെയാണ് നാട്ടിലേക്ക് വരിക.വന്നാൽ തന്നെ അങ്ങനെ പുറത്തേക്കൊന്നും പോകാറില്ല..
വർഷം രണ്ട് കടന്നു പോയി.. അതോടെ വീട്ടിൽ വിവാഹാലോചനകളും തുടങ്ങി.. ചിലതിനെല്ലാം പിടികൊടുക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും അവസാനം ഏതോ ഒന്ന് ഉറപ്പിക്കുകയാണ് എന്ന മട്ടിൽ എത്തി..
ചെറുക്കനെ കാണാൻ എന്തായാലും വീട്ടിലേക്ക് വന്നേ പറ്റൂ എന്നൊരു ഘട്ടത്തിൽ എത്തിയപ്പോൾ അവൾ വീട്ടിലേക്കുള്ള വണ്ടി കയറി. പെണ്ണുകാണലിന് നിന്നു കൊടുക്കുമ്പോഴും അവളുടെ ഉള്ളിൽ തെളിഞ്ഞു വന്ന മുഖം ആ ബസ്റ്റോപ്പിൽ നിന്നും ശ്യാമിന്റെയായിരുന്നു..
ആ നിമിഷമായിരുന്നു അവനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് അവൾക്ക് മനസ്സിലായത്. അവനെക്കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നതുകൊണ്ട് തന്നെ മുന്നിലിരുന്ന് ചെറുപ്പക്കാരുടെ മുഖം പോലും അവൾ കണ്ടില്ല.
ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്നുള്ള പതിവ് ശൈലിയിൽ പെണ്ണുകാണൽ ചടങ്ങിലേക്ക് കടന്നപ്പോൾ ചെറുക്കനെ പോലും നോക്കാതെ അവൾ നേരെ മുറ്റത്തേക്ക് ആണ് ഇറങ്ങിയത്..
” പെണ്ണുകാണാൻ വരുന്ന ചെറുക്കന്റെ മുഖത്തേക്ക് എങ്കിലും നോക്കാം കേട്ടോ.. “
ആ ശബ്ദം കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്ന് അവന്റെ മുഖത്തേക്ക് നോക്കുന്നത്.. മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടപ്പോൾ സ്വപ്നമാണോ സത്യമാണോ എന്ന് അവൾക്ക് സംശയമായി…
” ശ്യാം… “
അവൾ പതിയെ പറഞ്ഞു.
” അപ്പോൾ തനിക്കെന്റെ പേരൊക്കെ അറിയാം.. ഞാൻ കരുതി ഇനി അതും പറഞ്ഞു പഠിപ്പിക്കേണ്ടി വരുമെന്ന്.. “
അവൻ കുസൃതിയോടെ പറഞ്ഞപ്പോൾ അവൾക്ക് ചെറിയൊരു സന്തോഷം തോന്നാതിരുന്നില്ല.
” സത്യം പറഞ്ഞാൽ തനിക്ക് എന്നെ മനസ്സിലാകുമോ എന്നുള്ള കാര്യത്തിൽ പോലും എനിക്ക് സംശയമായിരുന്നു. നമ്മൾ തമ്മിൽ അതിനുമുമ്പ് സംസാരിച്ചിട്ട് ഒന്നുമില്ലല്ലോ.. “
അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.
” തനിക്ക് എന്നോട് എന്തോ അടുപ്പം ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അവസാന ദിവസം പോലും എന്നോട് ആ ഇഷ്ടം തുറന്നു പറയാതിരുന്നപ്പോൾ ഞാൻ കരുതിയത് അതൊക്കെ കളി തമാശ മാത്രമായിരിക്കും എന്നാണ്. ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല.. “
അവൾ പറഞ്ഞത് കേട്ട് അവനും ചിരിച്ചു.
” വെറുമൊരു തമാശ പോലെ പ്രണയിച്ച് നടക്കാൻ ആയിരുന്നില്ല ഞാൻ നിന്നെ ഇഷ്ടപ്പെട്ടത്.. ഉള്ളിൽ തട്ടിയ ഇഷ്ടം തന്നെയായിരുന്നു… നിന്നെ സ്വന്തമാക്കണം എന്നുള്ള ഉദ്ദേശത്തിൽ തന്നെയാണ് ഞാൻ നിന്നെ നോക്കിയത്. നിങ്ങളുടെ പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുമുന്നത്തെ ദിവസമായിരുന്നു എനിക്ക് ആർമി സെലക്ഷൻ കിട്ടിയത്. അധികം വൈകാതെ എനിക്ക് ക്യാമ്പിലേക്ക് പോകേണ്ടി വന്നു.. ഇപ്പോൾ രണ്ടു വർഷമായി അവിടെയാണ്.. പെണ്ണ് ചോദിച്ചു വീട്ടിലേക്ക് വരുമ്പോൾ ഒരു ജോലിക്കാരൻ ആയിരിക്കണ്ടേ..? “
അവൻ പറയുന്നത് കേൾക്കുമ്പോൾ അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു..
” അപ്പൊ എന്തായാലും ഇതു ഉറപ്പിക്കാലോ അല്ലേ…? “
അവൻ ചോദിച്ചപ്പോൾ അവൾ സന്തോഷത്താൽ കണ്ണ് നിറച്ചു കൊണ്ട് തലയാട്ടി..
വെറുതെ വായിനോക്കിയതാണെങ്കിലും ഇപ്പോൾ ഒരു ജീവിതം ആയില്ലേ…!!!