ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല. അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാമായിരുന്നു…….

മാമ്പഴപ്പുളിശ്ശേരി

Story written by Ammu Santhosh

കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു

ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല. അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാമായിരുന്നു ഒരു സ്മാർട്ട്‌ ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞപ്പോൾ അതും വേണ്ട. ഈ പട്ടിക്കാടിനെ കെട്ടിയ എന്നേ പറഞ്ഞാൽ മതിയല്ലോ? ഓഫീസിൽ പെൺപിള്ളേർ ഒക്കെ എത്ര സ്റ്റൈലിൽ ആണ് നടക്കുന്നത്. ഇവള് മാത്രം ഇങ്ങനെ ഒരെണ്ണം.

രാവിലെ എന്തോ ഒന്നു വേണം എന്ന് പറഞ്ഞിരുന്നു. തിരക്കിനിടയിൽ ഞാൻ അത് മറന്നു പോയി.

ഇങ്ങോട്ട് ഒന്നു വിളിച്ചു കൂടെ ഇവൾക്ക്?

കൂടെ ജോലി ചെയ്യുന്ന പലരുടെയും ഭാര്യമാർ എത്ര തവണ ആണ് വിളിക്കുന്നത്‌? എവിടെയാ? കഴിച്ചോ? എപ്പോൾ വരും?

പക്ഷെ ഒരിക്കലും അവൾ എന്നേ പകൽ വിളിക്കാറില്ല. രാവിലെ ഓഫീസിൽ പോകും മുന്നെ കാപ്പി, ഊണ് ഒക്കെ തയ്യാറാക്കി തരും. വിവാഹത്തിന് ശേഷം എന്റെതായ ജോലികളൊക്ക കുറഞ്ഞിട്ടുണ്ട്. പക്ഷെ അവൾക്കെന്നോട് അടങ്ങാത്ത ആവേശം നിറഞ്ഞ സ്നേഹം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇനി വിവാഹത്തിന് മുൻപ് ഇവൾക്ക് വല്ല പ്രണയം ഉണ്ടായിരുന്നോ? കാലം ഇപ്പോൾ അതാണല്ലോ.

ഞാൻ വെറുതെ ചുറ്റി നടന്നു. അവൾ വിളിക്കുമോ എന്നറിയണമല്ലോ. എവിടുന്ന്. ഒരിക്കൽ പോലും വിളിച്ചില്ല. ഞാൻ രാത്രി ഇരുട്ടി തുടങ്ങിയപ്പോൾ വീട്ടിലേക്കു ചെന്നു

ഉമ്മറത്ത് വിളക്ക് തെളിയിച്ചു വെച്ചിട്ടുണ്ട്. വാതിൽ തുറന്നു കിടക്കുന്നു. ആളില്ല

“അനു ” ഞാൻ മെല്ലെ വിളിച്ചു നോക്കി

“വന്നു ട്ടോ “
കുളിച്ചു തലയിൽ ഒരു തോർത്ത്‌ ചുറ്റി. പച്ചക്കരയുള്ള നേരിയതും മുണ്ടും ധരിച്ചു അവൾ മുന്നിലേക്ക്‌ വന്നപ്പോൾ പെട്ടെന്ന് എനിക്ക് ദേഷ്യം കലർന്ന വാക്കുകൾ ഒന്നും വന്നില്ല.

“ഞാൻ കുറെ വിളിച്ചു “ഞാൻ നേർത്ത പരിഭവത്തോടെ പറഞ്ഞു

“ഞാൻ പകൽ നമ്മുടെ തൊടി ഒന്നു വൃത്തിയ്ക്കുവാരുന്നു … കുറച്ചു വാഴത്തൈ കിട്ടി അത് നടുകയായിരുന്നു. പിന്നെ കുറച്ചു ചെടികളും.. ദേ ഇപ്പോള് ഈ നേരം വരെ മൊബൈൽ നോക്കിട്ടില്ല. “അവൾ എന്റെ ബാഗ് വാങ്ങി നടന്നു

“ഞാൻ വൈകിയിട്ടെന്താ വിളിക്കാഞ്ഞേ? “ഞാൻ വീണ്ടും ചോദിച്ചു

അവൾ മെല്ലെ ചിരിച്ചു

“കൂട്ടുകാർക്കൊപ്പം ആണെങ്കിലോ മനുവേട്ടാ? ഭാര്യ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന് അവർക്കു തോന്നില്ലേ? എന്നും വൈകാറില്ലല്ലോ “

എന്റെ ചോദ്യങ്ങൾ അവസാനിച്ചു. എന്നാലും എന്റെ ഉള്ളിലുണ്ടായിരുന്നു.

“നീ എന്നേ എത്ര സ്നേഹിക്കുന്നുണ്ട് “എന്നാ ചോദ്യം

“മനുവേട്ടാ.. ഏട്ടനേറ്റവും ഇഷ്ടം ഉള്ള മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിട്ടുണ്ട് ട്ടോ “

പെട്ടെന്ന് എനിക്കൊരു ശുണ്ഠി വന്നു. കുന്തം! എനിക്കെങ്ങും വേണ്ട ഒരു പുളിശ്ശേരി .

“ഞാൻ ഫ്രണ്ട്സിനൊപ്പം കഴിച്ചു. നീ കഴിച്ചു കിടന്നോളു “അങ്ങനെ പറഞ്ഞു ഞാൻ അവളെ നോക്കി

അനു ഒരു നിമിഷം എന്നേ തന്നെ നോക്കി നിന്നു

ഞാൻ മുറിയിലേക്ക് പോരുന്നു

അല്പം കഴിഞ്ഞു അവളും. നടക്കുമ്പോൾ അവൾ മുടന്തുന്നു എന്ന് എനിക്ക് തോന്നി

“നീ കഴിച്ചില്ലേ?

“വിശപ്പില്ല ഏട്ടാ ” ശബ്ദം ഇടറിയോ

“നിന്റെ കാലിൽ എന്താ? “

“ഒന്നൂല്ല “

ഞാൻ ബലമായി അവളെ പിടിച്ചിരുത്തി കാലിൽ നോക്കി

പാദത്തിൽ കെട്ടി വെച്ച ഒരു മുറിവ്

“എന്താ പറ്റിയെ? “

“ഒന്നൂല്ല “ആ ശബ്ദം ഒന്നിടറി

“അനു.. “എന്റെ വാശിയും ശുണ്ഠിയുമൊക്ക എങ്ങോ പോയി

“പറ മോളെ എന്താ? “

“മാവിന്റെ ചുവട്ടിൽ ഒരു കുപ്പിച്ചീള്.. മാമ്പഴം പറിക്കാൻ പോയപ്പോൾ… “

ഞാൻ എന്താ പറയേണ്ടത് എന്ന് അറിയാതെ ഇരുന്നു

“എന്തിനാ നീ…? “

“മാമ്പഴപ്പുളിശ്ശേരി ഒത്തിരി ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ “”കാല് മുറിഞ്ഞിട്ടും ഞാൻ… മാവിൽ കയറി പറിച്ചതാ. അറിയോ? എന്നിട്ട് വേണ്ടന്നു “ആ ചുണ്ട് വിതുമ്പുന്നുണ്ട്. എന്റെ മനസ്സലിഞ്ഞു. പാവം

“വാ വിളമ്പി താ ഞാൻ കഴിക്കാം “ഞാൻ ആ മുഖം കൈയിൽ എടുത്തു

ആ മുഖം പ്രകാശിച്ചു. ഒരു പരിഭവം പോലുമില്ല

“കഴിക്കുമോ? “

“ഉം “

അവൾ മുന്നോട്ടാഞ്ഞെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു

“എന്തിഷ്ടമാണെന്നോ എനിക്ക്? “

എന്റെ കണ്ണ് പെട്ടന്ന് നിറഞ്ഞു

“പറ.. “എന്റെ ശബ്ദം അടച്ചു

“എന്ത്? “

“എത്ര ഇഷ്ടം ന്ന്? “

“ഉം…. വേണോ? “അവൾ ചിരിക്കുന്നു

“ഉം… വേണം. വേണം “

അവളെന്റെ കൈ പിടിച്ചു നെഞ്ചിൽ വെച്ചു.അവളുടെ ഹൃദയമിടിപ്പ് കേൾക്കാം.

പിന്നെ എന്റെ കണ്ണിലേക്കു നോക്കി

“ഇത് പോലെയാ… ഇത് നിന്നു പോയാൽ… “

ഞാൻ അവളുടെ വാ പൊത്തി.

“മതി “

അവളുടെ കാൽപ്പാദത്തിൽ ആ മുറിവിൽ ഞാൻ മെല്ലെ എന്റെ മുഖം അമർത്തി വെച്ചു.
പാവം എന്റെ പാവം പെണ്ണ്. എന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.

“ഏട്ടാ… വാ കഴിക്കാം മാമ്പഴപ്പുളിശ്ശേരി… ” അവൾ എന്റെ തലമുടിയിലൂടെ വിരലോടിച്ചു

“പോടീ ഒരു പുളിശ്ശേരി . നീ ഒട്ടും റൊമാന്റിക് അല്ല ട്ടോ “

അവൾ പൊട്ടിച്ചിരിച്ചു

“അതിലൊക്കെ എന്താ ഉള്ളെ മനുവേട്ടാ? ജീവിതത്തിൽ ഒരാണിനെ സ്നേഹിക്കുക അവനെ അറിയുക. അവന്റെ ഇഷ്ടങ്ങൾ, വാശികൾ, പിണക്കം, അവനല്ലേ ലോകം തന്നെ? അപ്പൊ ഈ പൈങ്കിളി ഡയലോഗ് ഒക്കെ വേണോ? അറീലെ സ്വയം? “

“ഞാൻ തോറ്റു പൊന്നെ.. പുളിശ്ശേരി കൂട്ടി ചോറുണ്ടു കളയാം എന്റെ കുട്ടി പോയി വിളമ്പു… അല്ലെങ്കിൽ വെണ്ട.. “

ഞാൻ കുനിഞ്ഞു അവളെ കയ്യിലെടുത്തു

“എന്റെ കൊച്ചിന്റെ കാൽ വയ്യല്ലോ “

“അയ്യേ താഴെ നിർത്ത്. ശ്ശോ “അവളൊന്നു കുതറി.

“ഞാൻ കുറച്ചു പൈങ്കിളി ആണെടി .. എന്റെ കൊച്ച് കഷ്ടപ്പെട്ട് മാവിന്മേൽ കയറി പറിച്ച മാമ്പഴം കൊണ്ട് പുളിശ്ശേരി വെച്ചതല്ലേ,ഞാൻ വിളമ്പാം ഇന്ന് “ഞാൻ ആ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു

വാടിയ പൂ പോലെ അവൾ എന്റെ നെഞ്ചിലേക്ക് പറ്റിക്കിടന്നു

സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഈ ഭൂമിയിലെ എന്റെ ഏറ്റവും നല്ല അവകാശി ഇപ്പോൾ ഇവളാണ് എന്റെ ഭാര്യ. അറിഞ്ഞു തുടങ്ങിയാൽ, പ്രണയിച്ചു തുടങ്ങിയാൽ കടലോളം സ്നേഹം തന്നു തോൽപ്പിച്ചു കളയും ഇവൾ. അവൾ പറഞ്ഞതും ശരിയാണ്. ഒറ്റ ആളിൽ പ്രപഞ്ചമൊതുങ്ങുമ്പോൾ കൂടുതൽ പറഞ്ഞു മുഷിപ്പിക്കുന്നതെന്തിന്?