ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല…….

എൻ്റെ സ്വന്തം

Story written by Suja Anup

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“മോളെ ആ ഉള്ളി ഒന്ന് തൊലി കളഞ്ഞു തരുമോ..?”

“ശ്ശൊ..ഈ അമ്മേടെ ഒരു കാര്യം. എന്നെകൊണ്ട് ഒന്നും വയ്യ. കൈയ്യിലെ നെയിൽ പോളിഷ് പോകും..”

“ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല. ഇനി അത് പറ്റില്ല. വേറെ വീട്ടിൽ ചെന്ന് കയറേണ്ടതാണ്. അവിടെ ചെന്നാൽ എന്താവുമോ എന്തോ..? വെറുതെ എന്നെ പറയിപ്പിക്കരുത്.”

“അതൊക്കെ അപ്പോഴല്ലേ, ഇപ്പോൾ തന്നെ ഇതൊക്കെ ചെയ്യണം എന്നുണ്ടോ. അവിടെ ചെല്ലുമ്പോൾ ഞാൻ ചെയ്‌തോളാo.?”

“അവളെ വെറുതെ വിട്ടേക്കൂ ശോഭേ, പെൺകുട്ടിയല്ലേ.. കെട്ടി കേറുന്ന വീട്ടിൽ എന്തായാലും പണി എടുക്കണം. ഇവിടെ അല്ലെ അവൾക്കു ഇങ്ങനെ പെരുമാറുവാൻ പറ്റൂ. പിന്നെ ഇന്നത്തെ കാലത്തു പെൺകുട്ടികളെ ആരും അടുക്കളയിൽ തളച്ചിടുവാൻ ഒന്നും പോണില്ല. പിന്നെ ഗ്യാസും ഇൻഡക്‌ഷനും ഒക്കെ എല്ലായിടത്തും ഉണ്ട്. പോരാത്തതിന് യു ട്യൂബും. അത്യാവശ്യത്തിനു നിന്നെ ഫോണിലും വിളിക്കാമല്ലോ..”

അമ്മമ്മയാണ് അത് പറഞ്ഞത്.

“അങ്ങനെ പറഞ്ഞു കൊടുക്കെൻ്റെ അമ്മമ്മേ. ഈ അമ്മയ്ക്ക് ഒന്നും അറിയില്ല..”

“ഞാൻ ഒന്നും പറയുന്നില്ല. കെട്ടി പോവുമ്പോൾ അമ്മയെ കൂടെ കൊണ്ട് പോയിക്കോ. അവിടെ ഇതു പോലെ പറയുവാൻ ആള് വേണ്ടേ. പിന്നെ ഞാൻ ഫോണിൽ കൂടെ ട്യൂഷൻ ഒന്നും തരില്ല. വേണേൽ ഇപ്പോൾ കണ്ടു പഠിച്ചോ…”

അമ്മ കലിതുള്ളി കയറിപ്പോയി.

പാവം അമ്മ.

എന്തോ അമ്മയെ ഞാൻ അങ്ങനെ സഹായിക്കാറില്ല. ഉള്ളിൽ കുറ്റബോധം തോന്നി, ഇനി എണ്ണപ്പെട്ട ദിവസ്സങ്ങൾ മാത്രമേ ഈ വീട്ടിൽ ഉള്ളൂ.

ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഈ വീട്ടിലെ രാജകുമാരി ആയിരുന്നൂ ഇത്രയും കാലം.

പുതിയ വീട്ടിൽ എന്താവും അവസ്ഥ. ഓർക്കുമ്പോൾ പേടി ആകുന്നൂ..

★*★*★*★*★*★

ചെറുക്കൻ്റെ അമ്മയുടെ കൈയ്യിലേയ്ക്ക് എൻ്റെ കൈകൾ വച്ച് കൊടുത്തിട്ടു ആ വീട്ടിൽ നിന്നും അമ്മയും അമ്മമ്മയും ഇറങ്ങുമ്പോൾ എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടൂ, പൊട്ടിക്കരഞ്ഞു പോയി.

അമ്മയും അമ്മമ്മയും ഒത്തിരി കരഞ്ഞു.

എന്നാലും  ഇത്ര വേഗം എല്ലാം കഴിഞ്ഞോ..

ദിവസ്സങ്ങൾ എത്ര വേഗം ആണ് തീർന്നത്. 24 വർഷങ്ങൾ സ്വന്തമെന്നു കരുതിയ വീട്ടിൽ നിന്നും കുടിയിറക്കപ്പെട്ടൂ.

ഇനി ആ വീട് ആങ്ങള കെട്ടി കൊണ്ട് വരുന്ന പെണ്ണിന് സ്വന്തം… ഞാൻ അവിടെ വെറുമൊരു അതിഥി മാത്രം.

വിവാഹം.. അതിനെ കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ കണ്ടിരുന്നൂ. എല്ലാം നല്ല പോലെ തന്നെ നടന്നൂ.

പക്ഷെ ഇപ്പോൾ തോന്നുന്നൂ

“വേണ്ടായിരുന്നൂ. എനിക്ക് എൻ്റെ വീട് മതിയായിരുന്നൂ..”

“എന്താ ആലോചിക്കുന്നത്..?”

പെട്ടെന്നാണ് ആ ശബ്ദം എൻ്റെ ചിന്തകളെ മുറിച്ചത്.

“സനലേട്ടൻ..”

“ഒന്നുമില്ല..”

“വിഷമിക്കണ്ട കേട്ടോ. ആദ്യത്തെ പ്രയാസം ഒക്കെ താനെ മാറിക്കൊള്ളും. എന്നെ മനസ്സിലാക്കുവാൻ വേണ്ട സമയം എടുത്തോള്ളൂ. ഒന്നിനും ധൃതി വേണ്ട.”

ആ വാക്കുകൾ കേട്ടപ്പോൾ അല്പം സമാധാനം ആയി.

ഈ വീട്ടിൽ ആരെയും പരിചയമില്ല. സനലേട്ടനെ പോലും ഒരു മാസമായി മാത്രമേ  അറിയുള്ളൂ.

പുള്ളിക്കാരൻ ഗൾഫിൽ ആണ്. ലീവിന് വന്നപ്പോൾ പെട്ടെന്ന് ഉറപ്പിച്ച വിവാഹം ആണ്. ഇനി ഒരു മാസം കൂടെ മാത്രമേ നാട്ടിൽ കാണൂള്ളൂ..

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു അടുക്കളയിൽ കയറി. അടുക്കളയുടെ ഒരു കോണിൽ മടിച്ചു മടിച്ചു അങ്ങനെ നിന്നൂ.

എന്താ ചെയ്യേണ്ടത്..? എവിടെ നിന്ന് തുടങ്ങും..? ഒന്നും അറിയില്ല.

അമ്മയോട് വർത്തമാനം പറയുവാൻ അടുക്കളയിൽ കയറുമ്പോൾ എല്ലാം അമ്മ ഓരോന്ന് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നെ യു ട്യൂബിൽ നിന്നും ഓരോന്ന് കണ്ടു പഠിച്ചിട്ടുണ്ട്.

പെട്ടെന്ന് അമ്മായിഅമ്മ പറഞ്ഞു

“ഇന്ന് അടുക്കളയിൽ കയറേണ്ട. നാളെ മുതൽ അഞ്ചരയ്ക്ക് എഴുന്നേറ്റു വരണം. രാത്രിയിൽ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഞാൻ തരാം. പിന്നെ നിൻ്റെ വീട്ടിൽ പുറംപണിക്കു ആളുണ്ടെന്ന് അറിയാം. ഇവിടെ ജോലിക്കാരെ വയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇത്രയും നാൾ ഒരാളെ മനസ്സു മടുത്തിട്ടായാലും ഞാൻ വച്ചിരുന്നൂ. ഇനി അത് വേണ്ട. പുറംപണി ഒക്കെ നീ തന്നെ ചെയ്താൽ മതി. ശരീരത്തിന് ഇത്തിരി വ്യായാമം നല്ലതാണ്.”

“ശരി അമ്മേ..”

മറ്റൊന്നും പറയുവാൻ എനിക്കായില്ല.

അന്നത്തെ ദിവസ്സം എങ്ങനെ ഒക്കെയോ കടന്നു പോയി.

പിറ്റേന്ന് അഞ്ചരയ്ക്ക് തന്നെ അടുക്കളയിൽ കയറി. തലേന്ന് പറഞ്ഞത് പോലെ ഓരോന്ന് ചെയ്തു തുടങ്ങി.

ആദ്യം സാമ്പാറും ഇഡ്ഡലിയും ഉണ്ടാക്കി. പിന്നാലെ അരി അടുപ്പത്തിട്ടൂ. പത്രങ്ങൾ കഴുകി. പുര തുടച്ചൂ. മുറ്റം അടിച്ചൂ.

“ഇതെന്താ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്..? ഇങ്ങനെയാണോ സാമ്പാർ ഉണ്ടാക്കുന്നത്.”

അമ്മായിയമ്മയുടെ ചോദ്യം കേട്ടതും നല്ല ജീവൻ അങ്ങു പോയി.

“നിൻ്റെ വീട്ടിലെ രീതി ഇവിടെ വേണ്ട. ഇവിടെ എന്ത് ഉണ്ടാക്കണമെങ്കിലും ഞാൻ ഉണ്ടാക്കുന്ന രീതിയിൽ വേണം…”

ഉണ്ടാക്കുവാൻ അറിയില്ലെങ്കിലും യു ട്യൂബിൽ പറയുന്ന പോലെ ചെയ്തതായിരുന്നൂ. കഴിച്ചു നോക്കിയപ്പോൾ കുഴപ്പം ഒന്നും തോന്നിയില്ല.

എന്നാലും എൻ്റെ യു ട്യൂബെ നിൻ്റെ രീതി അമ്മയിഅമ്മയ്ക്കു ഇഷ്ടം ആയില്ലെടാ… ആത്മഗതം ചെയ്തു.

മനസ്സ് നന്നായി നൊന്തു. രാത്രിയിലെ കസർത്തും കഴിഞ്ഞു കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്നിട്ടും..

ആ ദിനചര്യക്ക് പിന്നെ മാറ്റം ഒന്നും ഉണ്ടായില്ല.

കൈയ്യിലെ നെയിൽ പോളിഷ് എപ്പോഴോ മങ്ങി. മനസ്സും മടുത്തു തുടങ്ങിയിരുന്നു. സെർട്ടിഫിക്കറ്റുകൾ പൊടി പിടിച്ചു തുടങ്ങി. ഞാൻ ആഗ്രഹിച്ചിരുന്നത് അങ്ങനെ ഒരു ജീവിതം ആയിരുന്നില്ല.

ഏട്ടൻ ആണെങ്കിൽ തിരിച്ചു പോവാറായി. അദ്ദേഹത്തിന് നിന്ന് തിരിയുവാൻ സമയമില്ല. എന്തൊക്കെയോ പേപ്പറുകൾ ശരിയാക്കുന്നൂ. ഇടയ്ക്കു എന്നെയും കൂടെ കൊണ്ടുപോകാറുണ്ട്.

വീട്ടിലെ പോര് ഒന്നും ഞാൻ പക്ഷേ അദ്ദേഹത്തെ അറിയിച്ചില്ല. വന്നു കയറിയ ഉടനെ എങ്ങനെ അത് പറയും. ഇതെൻ്റെ വിധി ആണെന്ന് കരുതി സമാധാനിച്ചൂ. എന്ത് ചെയ്താലും അതിലൊക്കെ അമ്മായിഅമ്മ കുറ്റം കണ്ടെത്തുമായിരുന്നൂ. ഈ കാലഘട്ടത്തിലും ഇങ്ങനത്തെ ആളുകൾ ഉണ്ടല്ലോ എന്നോർത്ത് പോയി.

ദിവസ്സങ്ങൾ എത്ര വേഗമാണ് നീങ്ങുന്നത്. എൻ്റെ ദിനചര്യകൾക്കു മാത്രം മാറ്റം വന്നില്ല.

രാത്രി കിടക്കുമ്പോൾ ആണ് ഏട്ടൻ പറഞ്ഞത്.

“നാളെ ഞാൻ ഒന്ന് മൂന്നാറിന് പോകും. പഴയ കൂട്ടുകാരൊന്നിച്ചു. ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ തിരിച്ചു പോകുവാൻ. നീട്ടി കിട്ടിയ രണ്ടു മാസം കൂടെ തീർന്നൂ..”

വിവാഹം കഴിഞ്ഞു ഏട്ടൻ കുറച്ചു കൂടെ സമയം നീട്ടി എടുത്തിരുന്നൂ. അതും തീരുവാണ്.

ഇനി ഞാൻ ഇവിടെ ഒറ്റയ്ക്കാണ്. അറിയാതെ കണ്ണുകൾ നിറഞ്ഞു.

പിറ്റേന്ന് അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞു. ഞാൻ പുര തുടയ്ക്കുവാൻ തുടങ്ങി. അപ്പോഴാണ് ബെല്ല് അടിക്കുന്നത് കേട്ടത്. ആകെ മുഷിഞ്ഞിരിക്കുന്നൂ. അമ്മായിഅമ്മ അവിടെ ഇരുന്നു സീരിയൽ കാണുന്നുണ്ട് ഒന്ന് വാതിൽ പോലും തുറക്കില്ല.

ഞാൻ പണി നിറുത്തി വാതിൽ തുറന്നൂ

മുന്നിൽ അമ്മ…

അമ്മയെ കണ്ടതും കണ്ണുകൾ അറിയാതെ നിറഞ്ഞു.

അമ്മ എന്നെ ഒന്നേ നോക്കിയുള്ളൂ. അകത്തു കയറിയിട്ടും ഒന്നും പറഞ്ഞില്ല. കുറച്ചു നേരം ഇരുന്നിട്ട് അമ്മ പോയി.

പിറ്റേന്ന് ഏട്ടൻ വന്നൂ മൂന്നാറിൽ നിന്നും. അമ്മ വന്ന കാര്യം ഏട്ടനോട് ഞാൻ  പറഞ്ഞു. 

ഏട്ടൻ ഒന്നും മിണ്ടിയില്ല.

രണ്ടു ദിവസ്സം കഴിഞ്ഞപ്പോൾ എല്ലാവരും കൂടെ ഊണ് കഴിക്കുന്ന സമയത്തു ഏട്ടൻ പറഞ്ഞു.

“ഞങ്ങൾ ഒരുമിച്ചാണ് തിരിച്ചു പോകുന്നത് ..”

അത് കേട്ടതും അമ്മായിഅമ്മ പറഞ്ഞു

“അതെങ്ങനെ ശരിയാകും. എനിക്കിവിടെ മിണ്ടാനും പറയാനും ഒരാൾ വേണ്ടേ..”

“അതിനല്ലേ അച്ഛൻ ഉള്ളത്. പിന്നെ പുറംപണിക്കും അത്യാവശ്യം അടുക്കളയിൽ സഹായിക്കുവാനും ജാനുവമ്മയെ തിരിച്ചു വിളിച്ചാൽ മതി..”

പിന്നെ അമ്മായിഅമ്മ ഒന്നും മിണ്ടിയില്ല.

ഞാൻ ഏട്ടനെ അങ്ങനെ നോക്കി ഇരിക്കുകയായിരുന്നൂ. കേട്ടതൊന്നും എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. ഞാൻ എന്നെ തന്നെ ഒന്ന് നുള്ളി നോക്കി.

ഏട്ടൻ പറഞ്ഞു

“നിന്നെ കൂടെ കൊണ്ട് പോകുവാൻ തന്നെയാണ് ഞാൻ വിവാഹം കഴിച്ചത്. എൻ്റെ പെങ്ങളും അളിയനോടൊപ്പം ഗൾഫിൽ അല്ലെ. നീയും പഠിച്ച കുട്ടിയാണ്. പുറംപണിക്ക് പണം കൊടുത്തു ആളെ നിർത്തുവാൻ എനിക്കറിയാം. അതിന് നിന്നെ പോലെ ഒരാൾ വേണ്ട. നീ സ്വപ്നം കണ്ട പോലെ ഇനി ഒരു ജോലി നേടണം. മുഴുവൻ നേരവും വീടുപണി ചെയ്തു അടുക്കളയിൽ ഒതുങ്ങുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ട. ജോലിക്ക് വേണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം..”

അത് കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു.

പക്ഷേ പിറ്റേന്ന് അമ്മായിഅമ്മ യോഗം കൂടി. അടുത്ത കൂട്ടുകാരികളും അമ്മായിയമ്മയുടെ ചേച്ചിയും എത്തി.

വല്യമ്മ വന്ന പാടെ ഏട്ടനെ വിളിച്ചൂ

“എന്താടാ ഞാൻ ഈ കേൾക്കുന്നത്. സുഖമില്ലാത്ത അമ്മയെ ഇവിടെ നിർത്തിയിട്ടു നീ അവളെ കൂടെ കൊണ്ട് പോകുന്നോ..?”

ഞാൻ ഒന്ന് പേടിച്ചൂ.

“ദൈവമേ എൻ്റെ യാത്ര മുടങ്ങുമോ..?”

പെട്ടെന്ന് ഏട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അല്ല വല്ല്യമ്മ എപ്പോൾ വന്നൂ. സുഖം എന്ന് വിചാരിക്കുന്നൂ. ഊണ് കഴിച്ചിട്ടേ പോകാവൂ കേട്ടോ. അവൾ കഷ്ടപ്പെട്ട് നല്ല മീൻ കറി ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ പറയുന്ന കൊണ്ട് ഒന്നും വിചാരിക്കരുത്. വല്ല്യമ്മയുടെ രണ്ടു മരുമക്കൾ വിദേശത്തല്ലേ. അവരെയും തിരിച്ചു വിളിക്കൂ.വല്ല്യമ്മയ്ക്ക് ഒരു കൂട്ടാകും. പിന്നെ അവരുടെ കാര്യങ്ങൾ വല്ല്യമ്മ തന്നെ അന്വേഷിക്കണം. അനിയത്തിയുടെ മരുമകളുടെ കാര്യം അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത്.”

ഏട്ടൻ ഇത്തിരി കനത്തിൽ തന്നെ പറഞ്ഞു.

പിന്നെ കമ്മറ്റിക്കാർ ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും കൂടെ ഊണ് കഴിച്ചു പിരിഞ്ഞു.

പിറ്റേന്ന് ഫ്‌ളൈറ്റിൽ ഏട്ടനോടൊപ്പം ഇരിക്കുമ്പോൾ ഒന്ന് മാത്രം എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ എൻ്റെ അച്ഛൻ്റെ രാജകുമാരി ആയിരുന്നൂ ഞാൻ  ഇന്നിപ്പോൾ എൻ്റെ എട്ടൻ്റെ പട്ടമഹിഷിയും. ഈ കൈകളിൽ എന്നും ഞാൻ സുരക്ഷിതയായിരിക്കും. അതെനിക്ക് ഉറപ്പാണ്. മറ്റൊന്നും എനിക്കിനി വേണ്ട…