ഞാനൊരിക്കലും തന്റെ പിറകെ നടന്ന് ശല്യപ്പെടുത്തില്ലെടോ. തന്റെ വീട്ടിൽ വന്ന് ഞാൻ തന്റെ അച്ഛനോട് ചോദിക്കട്ടെ……

സ്നേഹ നിലാവ്

Story written by Nisha L

നിലാവിൽ കുളിച്ചു നിൽക്കുന്ന നിശയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവളാ ബാൽക്കണിയിൽ അവനു വേണ്ടി കാത്തു നിന്നു..

ആ പൂച്ചക്കണ്ണുകാരനെ ആദ്യമായി കണ്ടതും നിലാവുള്ള ഒരു രാത്രിയിൽ ആയിരുന്നു. നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് താലപ്പൊലിയും എടുത്ത് നിന്ന അവളെ അവന്റെ പൂച്ചക്കണ്ണുകൾ വിടാതെ പിന്തുടരുന്നത് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താലപ്പൊലിക്കിടയിലും പലപ്പോഴും അവളുടെ നോട്ടം അവനിലേക്ക് പാറി വീണുകൊണ്ടിരുന്നു. അവന്റെ നോട്ടം അവളിൽ ലജ്ജയും ഭയവും ഒരു പോലെ ഉണ്ടാക്കി. കൂടെ അമ്മയുണ്ട്. അമ്മ എങ്ങാനും കാണുമോ എന്നുള്ളതായിരുന്നു അവളുടെ ഭയത്തിന് കാരണം.

പിന്നീട് അവൾ അവനെ കാണുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. നിലാവെളിച്ചത്തിൽ കണ്ട മുഖം പകൽവെളിച്ചത്തിൽ വീണ്ടും അവൾ കണ്ടു. കോളേജിൽ നിന്ന് തിരികെ വരും വഴി ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിറകിൽ ഒരു സൈക്കിളിൽ അവൻ. അവനെ കണ്ടു പരിഭ്രമത്തോടെ അവൾ ചുറ്റും നോക്കി… ഈശ്വരാ ആരെങ്കിലും കണ്ടാലോ.. !!

അവനോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു എങ്കിലും അവൾക്ക് അവന്റെ മുഖത്ത് നോക്കി ഒന്നും പറയാൻ കഴിഞ്ഞില്ല. അവൾ തല താഴ്ത്തി മുന്നോട്ടു നടന്നു.

“ഒന്നു നിൽക്കെടോ.. എനിക്ക് തന്നോടൊന്നു സംസാരിക്കാൻ ഉണ്ടായിരുന്നു… എന്റെ പേര് സനോജ്… ഞാൻ.. രാഘവനെ മകനാണ്.. “!!

അവൻ പറഞ്ഞത് കേട്ട് അവൾ ഭയത്തോടെ അവനെ നോക്കി.

രാഘവൻ ഒരു മ ദ്യപാനിയും തെ മ്മാടിയുമാണ്. അയാളുടെ മോനായിരുന്നോ ഇത്… പക്ഷേ ഇവനെ കണ്ടിട്ട് നല്ല പക്വതയും പാകതയും വന്നത് പോലെ… മിതമായ ചിരിയും സംസാരവും..

“താൻ എന്താ ചിന്തിക്കുന്നത് എന്നെനിക്കറിയാം… താൻ പേടിക്കണ്ടടോ.. ഞാൻ അച്ഛനെ പോലെ അല്ല .. ഞാൻ ഇതുവരെ മ ദ്യം തൊട്ടു പോലും നോക്കിയിട്ടില്ല… മദ്യത്തിന്റെ ദോഷം എന്നെപോലെ അറിയുന്ന മറ്റാരുണ്ട്… “

ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ട് അവൻ തുടർന്നു..

“എനിക്കെന്തോ തന്നെ കണ്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ടമായി. ഞാൻ പി എസ് സി റാങ്ക് ലിസ്റ്റിൽ ഒക്കെ ഉണ്ടെടോ.. എനിക്ക് ഉറപ്പായും ജോലി കിട്ടും.. ഇനി കിട്ടിയില്ല എങ്കിലും എന്ത് ജോലിയും ചെയ്യാനുള്ള മനസുണ്ട്.. എനിക്ക് തന്നെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്…. “

“വേണ്ട എനിക്ക് പേടിയാണ്.. പ്ലീസ് എന്നെ ഉപദ്രവിക്കരുത്… എന്നെ എന്റെ വഴിക്ക് വിടണം.. “

“ഞാനൊരിക്കലും തന്റെ പിറകെ നടന്ന് ശല്യപ്പെടുത്തില്ലെടോ. തന്റെ വീട്ടിൽ വന്ന് ഞാൻ തന്റെ അച്ഛനോട് ചോദിക്കട്ടെ.. “??

അവൾ അതിനു മറുപടി ഒന്നും പറയാതെ മുന്നോട്ട് നടന്നു…എങ്കിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. എന്തോ ഒരു ആകർഷണം അവനോട് അവൾക്കും തോന്നിയിരുന്നു… പക്ഷേ അത് പ്രണയമാണോ എന്നൊന്നും അവൾക്കറിയില്ല..

സനോജിന്റെ ചെറുപ്പത്തിൽതന്നെ അവന് അമ്മയെ നഷ്ടപ്പെട്ടതാണ്. മ ദ്യപിച്ചു വന്ന രാഘവൻ അവരുടെ അടിവയറ്റിൽ തൊഴിക്കുകയും ആ സ്ത്രീ രക്തം വാർന്നു മരിക്കുകയും ചെയ്തു.അന്ന് മുതൽ സനോജ് അകന്ന ബന്ധത്തിലുള്ള പ്രായമായ അവന്റെ വല്യമ്മയ്‌ക്കൊപ്പമാണ് താമസം. രാഘവനെ ആ നാട്ടിൽ ആർക്കും ഇഷ്ടമല്ല. പക്ഷേ സനോജ് നല്ലൊരു പയ്യനാണ്.അവൻ നന്നായി പഠിക്കുമായിരുന്നു. പഠനത്തോടൊപ്പം തന്നെ കിട്ടുന്ന എല്ലാ പണിക്കും പോകുകയും ചെയ്തിരുന്നു. അവന്റെ ആവശ്യങ്ങൾക്കുള്ള പണം അവൻ തന്നെ ജോലി ചെയ്ത് സമ്പാദിച്ച് മറ്റാരുടെയും സഹായമില്ലാതെ ജീവിച്ചു.

അവൻ പറഞ്ഞതുപോലെ തന്നെ ഒരു ദിവസം അവളുടെ വീട്ടിൽ കയറി ചെന്ന് അവളുടെ അച്ഛനോട് അവളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു.

രാഘവന്റെ മകൻ ആണെന്നറിഞ്ഞപ്പോൾ അവളുടെ അമ്മയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല എങ്കിലും അച്ഛന് അവനോട് എന്തോ സഹാനുഭൂതി തോന്നി. അവനെക്കുറിച്ച് ഇന്നുവരെ ആരും മോശം പറഞ്ഞിട്ടില്ല… എല്ലാവർക്കും അവനെ കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത്.

“മോനിപ്പോൾ പൊയ്ക്കോ… ഞാൻ മോളോട് കൂടി ചോദിച്ച ശേഷം വിവരം അറിയിക്കാം.. “!! എന്ന ഉറപ്പിൽ അവനെ തിരിച്ചയച്ചു.

ശേഷം അച്ഛൻ അവളെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അവൾക്കും അവനെ ഇഷ്ടമാണെന്ന് അറിഞ്ഞ അച്ഛൻ അവരുടെ ഇഷ്ടത്തിന് ഒപ്പം നിൽക്കാൻ തീരുമാനിച്ചു.

അങ്ങനെ അവർ ഇരുവരും ഒരുപോലെ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ നെയ്തു തുടങ്ങി.

പക്ഷേ…

അവൻ കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആ ജോലി അവന് നഷ്ടമായി. അപ്രതീക്ഷിതമായി ആ പിഎസ് സ്സിയുടെ റാങ്ക്ലിസ്റ്റ് റദ്ദായി പോയി. അതവനെ വല്ലാതെ ഉലച്ചു. പക്ഷേ ആ സമയം അവളും അച്ഛനും അവന് ധൈര്യം നൽകി കൂടെ തന്നെ നിന്നു.. ആ വിഷമത്തിൽ നിന്നും കരകയറി വന്നപ്പോഴായിരുന്നു മറ്റൊരു ദുരന്തം അവന്റെ ജീവിതത്തിൽ സംഭവിച്ചത്.

മദ്യപിച്ച് ലക്കുകെട്ട അവന്റെ അച്ഛൻ ഒരു സ്ത്രീയെ കടന്നുപിടിക്കുകയും നാട്ടുകാർ അയാളെ ഇഞ്ച ചതക്കും പോലെ തല്ലി ചതക്കുകയും ചെയ്തു.

അന്നാണ് അവൾ അവസാനമായി അവന്റെ സ്വരം കേട്ടത്. അച്ഛന്റെ പ്രവർത്തിയിൽ മനംനൊന്ത് നാണക്കേടും അപമാനവും സഹിക്കാനാവാതെ അവൻ ആ നാടുവിട്ട് എങ്ങോട്ടോ പോയി മറഞ്ഞു.

“ഞാൻ ഇനി തിരികെ നാട്ടിലേക്ക് വരില്ല… നമുക്കെല്ലാം മറക്കാം..”!! എന്നൊരു വാട്സ്ആപ്പ് വോയിസ് മെസ്സേജിൽ അവൻ എല്ലാം അവസാനിപ്പിച്ചു..

അന്നുമുതൽ അവൾ അവനായി കാത്തിരിപ്പിലാണ്. ഓരോ നിലാവുള്ള രാത്രിയിലും അവൾ അവനെ കാത്തിരുന്നു. അവന്റെ നനുത്ത ചിരിയിൽ,, സൗമ്യമായ സംഭാഷണത്തിൽ,, അങ്ങനെ അങ്ങനെ അവന്റെ ഓർമ്മയിൽ അവൾ അവനായി കാത്തിരുന്നു എന്നെങ്കിലും തിരികെ എത്തുമെന്ന പ്രതീക്ഷയോടെ..

ഇന്നുമവൾ മറ്റൊരു വീടിന്റെ ബാൽക്കണിയിൽ അവനുവേണ്ടി കാത്തിരിപ്പിലാണ്….

ഓഫീസ് ആവശ്യത്തിനായി ബാംഗ്ലൂർക്ക് പോയിരിക്കുകയാണ് അവൻ.. ജോലി കഴിഞ്ഞ് ഇന്ന് രാത്രി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നറുനിലാവു പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന രാവിനെ നോക്കി അവൾ അവന്റെ വരവും കാത്തിരിക്കുകയാണ്..

ഒരു വോയിസ് മെസ്സേജിൽ എല്ലാമവസാനിപ്പിച്ചിട്ട് പോയ അവനുവേണ്ടി കാത്തിരുന്ന വർഷങ്ങൾ അവളുടെ ഓർമയിലൂടെ തെളിഞ്ഞു വന്നു.

മകളുടെ വിഷമം കണ്ട അച്ഛൻ എല്ലാ വഴിയിലും അവനെ അന്വേഷിച്ചു. ഒടുവിൽ ഒരു വർഷവും രണ്ടു മാസം കഴിഞ്ഞ ഒരു നാൾ അവൻ എവിടെയുണ്ടെന്ന വിവരം അച്ഛന് കിട്ടി. അവനെ തിരികെ കൊണ്ടു വരുമെന്ന് ഉറപ്പ് നൽകി ആ അച്ഛൻ അവന്റെ അടുത്തേക്കുള്ള യാത്ര ആരംഭിച്ചു.

തന്നെ തേടി ഇത്ര ദൂരം താണ്ടി വന്ന ആ അച്ഛനു മുന്നിൽ അവൻ കുനിഞ്ഞ ശിരസ്സോടെ നിന്നു…

“അച്ഛാ അന്നത്തെ സാഹചര്യത്തിൽ എനിക്ക്.. എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു… അതാ ഞാൻ അന്ന് അങ്ങനെ… അച്ഛൻ എന്നോട് ക്ഷമിക്കണം… “!!

“സാരമില്ല മോനെ… ഒരു മ ദ്യപാനിയുടെ മകന്റെ ദുഃഖം എനിക്ക് നന്നായി അറിയാം. കാരണം ഞാനും ഒരു മ ദ്യപാനിയുടെ മകനായിരുന്നു. ഒരു നൂലിഴ ബന്ധം പോലും ഇല്ലാതെ നഗ്നനായി വഴിയോരത്ത് കിടന്ന എന്റെ അച്ഛനെ നോക്കി കൂട്ടുകാരും നാട്ടുകാരും ആർത്ത് ചിരിച്ചപ്പോൾ,,, കല്ലെറിഞ്ഞപ്പോൾ,, മനസ്സു മുറിഞ്ഞു നെഞ്ചുകീറി ഞാനും നിന്നിട്ടുണ്ട് എന്റെ പതിമൂന്നാം വയസ്സിൽ…!!

അന്ന് ഉപേക്ഷിച്ചതാണ് ഞാനെന്റെ പഠനം… അതു കൊണ്ട് നിന്റെ ദുഃഖം എനിക്ക് നന്നായി മനസ്സിലാകും കുഞ്ഞേ.. നീ വിഷമിക്കേണ്ട നിനക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് എന്നെ മോളവിടെ കാത്തിരിപ്പുണ്ട്… ആർക്കും വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം നിന്നെ… നീ എന്റെ കൂടെ തിരിച്ചു വരണം… അച്ഛന്റെ തെറ്റിന്റെ ഫലം അച്ഛൻ അനുഭവിച്ചു കൊള്ളും.. അത് നീ അനുഭവിക്കേണ്ടതില്ല.. നീയത് നിന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കൂ. എന്നിട്ട് തലയുയർത്തിപ്പിടിച്ച് എന്നോടൊപ്പം തിരികെ വരൂ… “!!

അങ്ങനെ നാളുകൾക്കു ശേഷം അവൻ സ്വന്തം നാട്ടിൽ തിരിച്ചെത്തി അവളുടെ അച്ഛനോടൊപ്പം.. നാടും വീടും അറിഞ്ഞുതന്നെ ആ അച്ഛൻ മകളെ കൈപിടിച്ച് അവനെ ഏൽപ്പിച്ചു. അങ്ങനെ ഇടയ്ക്കെപ്പോഴോ കൈവിട്ടുപോയ അവരുടെ സ്വപ്നം ആ അച്ഛൻ ചേർത്തുവച്ചു…