തിരകൾപോലെ..
Story written by Unni K Parthan
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“എനിക്ക് മുന്നേ അറിയാം.. പക്ഷെ.. എന്തോ.. വന്ന് സംസാരിക്കാൻ ഒരു മടി.. എന്നെ അറിയില്ലന്ന് പറഞ്ഞാലോ എന്നൊരു ചമ്മൽ..” സൈൻ ചെയ്തു വാങ്ങിയ ഡയറി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് വരദ സേതുവിനെ നോക്കി മെല്ലെ പറഞ്ഞു..
“മ്മ്.. എന്നിട്ട് ഇപ്പൊ എന്തേ വന്നേ.. എനിക്ക് ഇപ്പോളും അറിയില്ല ലോ.. ആരാ..” സേതുവിന്റെ മറുപടി വരദയുടെ ഉള്ളം പൊള്ളിച്ചു.. വാക്കുകൾ നീറി പുകഞ്ഞ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ നീറ്റലിന്.. ഇന്നലെകളിൽ പെയ്യാൻ മറന്ന മഴയുടെ രൗദ്ര ഭാവമുണ്ടായിരുന്നു..
“മ്മ്..” നേർത്തൊരു ചിരിയോടെ വരദ തിരിഞ്ഞു നടന്നു..
“ടീച്ചറേ..” പിറകിൽ നിന്നുമുള്ള നീട്ടിയുള്ള വിളി..
“ടീച്ചർക്ക് എന്നോട് വല്യ ഇഷ്ടായിരുന്നുവല്ലേ..” അടുത്തേക്ക് നടന്നു വന്ന് സേതു വരദയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“ഇഷ്ടമല്ല… പ്രണയം..” വരദയുടെ ശബ്ദം നേർത്തിരുന്നു..
“എന്നിട്ട് എന്നോട് എന്തേ പറഞ്ഞില്ല…”
“ഇഷ്ടങ്ങളുടെ നീരാളി പിടുത്തം.. എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയത്അ റിയാൻ വൈകി ഞാൻ.. പിന്നെ.. എന്തോ.. പറയാൻ തോന്നിയില്ല..
എന്നും സേതു കൺ മുന്നിൽ ഉണ്ടാകുമെന്ന് കരുതി.. പിന്നെ.. കാലം.. അതിന്റെ യാത്രക്ക് വേഗം വളരെ കൂടുതൽ ആണെന്നും അറിയാൻ വൈകി..” വരദയുടെ ശബ്ദം നേർത്തു..
“ഇന്ന് ഇവിടെ കോഴിക്കോട് ഉണ്ടോ.. അതോ തിരികെ പോകുന്നോ കൊല്ലത്തേക്ക്..” സേതുവിന്റെ ചോദ്യം കേട്ട് വരദയുടെ ഉള്ളൊന്നു പൊള്ളി..ചോദ്യത്തിന്റെ ആഴം.. നെഞ്ചിലേക്ക് ആ ശബ്ദം നൽകിയ ഭാരം.. അതിന് പഞ്ഞികെട്ടിന്റെ മൃദുലമായ ഒരു അദൃശ്യ സ്പർശമുണ്ടായിരുന്നു..
“രാത്രി ആണ് യാത്ര…” വരദ മെല്ലെ മറുപടി നൽകി..
“അഞ്ചിന് ശേഷം ഞാൻ ഫ്രീ ആണ്.. പറ്റിയാൽ ഒന്നിരിക്കാം.. കടൽകരയിൽ..”
“വല്യ ആളാണ്.. ആളുകൾ അറിയും..” വരദ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ടീച്ചറോളം വലുതായിട്ടില്ല ഞാൻ..”
“ഞാൻ ഉണ്ടാവും..”
“മ്മ്..”
“നീ വരുമ്പോൾ.. എനിക്ക്.. ആ ഐസ് കൊണ്ട് ഒരു സാധനം ഉണ്ടാക്കില്ലേ അത് വാങ്ങി കൊണ്ട് വരണം.. ഞാൻ അവിടെ ഉണ്ടാവും..”
“മ്മ്..” സേതു മൂളി..
“സാർ.. കുറച്ചു പേര് കൂടെ ഉണ്ട്.. അവർക്ക് കൂടെ ബുക്ക് വേണമെന്ന്.. സാറിന്റെ കൈ ഓപ്പോടു കൂടി..” പ്രോഗ്രാം കോ ഓർഡിനേഷൻ ചെയ്യുന്ന അഭിലാഷ് സേതുവിന്റെ അടുത്തേക്ക് വന്നു പറഞ്ഞു..
“അഭി.. അവരുടെ കൂടെ കഴിഞ്ഞാൽ ഞാൻ ഒന്ന് പുറത്ത് പോകും… രാത്രി വൈകിയേ വരൂ..”
“മ്മ്.. ശരി സാർ..”
****************
“ഒരുപാട് നേരായോ വന്നിട്ട്..” സേതു ചോദിച്ചത് കേട്ട് വരദ തലയാട്ടി..
“ഇപ്പോളും നിനക്ക് സമയത്തിന്റെ വിലയറിയില്ല ല്ലേ..” വരദയുടെ ചോദ്യം കേട്ട് സേതു പുഞ്ചിരിച്ചു പിന്നെ കൈയ്യിൽ ഉള്ള ഗ്ലാസ് വരദയുടെ നേർക്ക് നീട്ടി..
“ദാ.. ടീച്ചറ് പറഞ്ഞ സാധനം.. എനിക്ക് ഇതിന്റെ പേര് അറിയില്ല..”
“ഐസ് ഒരാതി..” ഗ്ലാസ് വാങ്ങി കുഞ്ഞു ടീസ്പൂൺ കൊണ്ട് ഐ8സ് മെല്ലെ വായിലേക്ക് വെച്ചു വരദ പറഞ്ഞു..
“മ്മ്..”4. 4
“നിനക്ക് വേണ്ടേ..”
“വേണ്ടാ..” കടലിലേക്ക് നോട്ടം പായിച്ചു കൊണ്ട് സേതു പറഞ്ഞു..
“മ്മ്.. വല്യ എഴുത്തുകാരൻ ആയല്ലോ.. ഒരുപാട് ആരാധികമാരൊക്കെ ആയി ല്ലേ..”
“എന്തൊക്കയോ എഴുതുന്നു.. അത്രേള്ളു..”
“അല്ല ഡാ.. നിന്റെ വരികൾക്ക് വല്ലാത്തൊരു ആത്മാവുണ്ട്.. വല്ലാത്തൊരു ഫീലും..”
“ഹ.. ഹ.. ടീച്ചർക്കും വട്ട് പിടിച്ചു തുടങ്ങിയോ..”
“ഹേയ്.. അത്രേം എളുപ്പത്തിൽ ഒരു എഴുത്തിനും എന്നെ കീഴടക്കാൻ കഴിയില്ല.. പക്ഷേ… നിന്റെ വരികൾ അസാധ്യം..”
“മ്മ്.. ആയിക്കോട്ടെ..” പൊട്ടിച്ചിരിച്ചു കൊണ്ട് സേതു പറഞ്ഞു..
“നിനക്ക് ചിരിക്കാനൊക്കെ അറിയാം അപ്പൊ..”
“ടീച്ചർക്ക് എന്നോട് പ്രണയം ആവാമെങ്കിൽ എനിക്ക് പൊട്ടിചിരിക്കാം..”
“നീ എന്തേ കെട്ടാതെ നിൽക്കുന്നത്.. എത്ര എണ്ണമാ കൂടെ.. ഏതെങ്കിലും ഒരുത്തിയെ കൂടെ കൂട്ടി കൂടെ..”
“ടീച്ചർ ഡിവോഴ്സ് ആയി ല്ലേ..”
“മ്മ്..”
“ഞാൻ കാരണം..”
“മ്മ്…”
“എല്ലാ ബന്ധങ്ങളും അങ്ങേർക്ക് അ വിഹിതം.. ഒരുപാട് ഒരുപാട് ക്ഷെമിച്ചു ഞാൻ.. എന്നും നിന്നെ പറ്റി മാത്രം..”
“ഇതിനിടയിൽ ഞാൻ എങ്ങനെ വന്നു..”
“നിന്റെ എഴുത്ത്.. അത് ഞാൻ കളഞ്ഞിരുന്നില്ല.. കോളേജിലെ നിന്റെ കുഞ്ഞെഴുത്തുകൾ എല്ലാം ഇപ്പോളും എന്റെ കൈയ്യിൽ ഭദ്രമായുണ്ട്..
പിന്നെ.. നമ്മൾ തമ്മിലുള്ള ഫോട്ടോസ്.. അതും കൂടെ ഉണ്ട്.. എത്ര പറഞ്ഞിട്ടും ആൾക്ക് വിശ്വാസമായില്ല.. നമ്മൾ തമ്മിൽ അതിലൂടെ അയ്യാൾ അ വിഹിതം കണ്ടു…
നീ മാത്രമല്ല.. എന്റെ ഭൂരിപക്ഷം കുട്ടികളുമായി എനിക്ക് മോശം ബന്ധം ആണെന്ന് അയ്യാൾ പറഞ്ഞു നടന്നു.. പിന്നെ.. അറിയാലോ.. ഒരിക്കൽ നിന്റെ അടുത്തും വന്നില്ലേ.. ആ വല്യ വേദിയിൽ.. എല്ലാരുടെയും മുന്നിൽ വെച്ച് നിന്നെ നാണം കെടുത്തിയില്ലേ..
അന്ന് രാത്രി ഞാൻ ഇറങ്ങി..അവിടന്ന്.. ആറു മാസം മാത്രം പ്രായമായ ഒരു ബന്ധം അങ്ങനെ വലിച്ചെറിഞ്ഞു ഞാൻ..”
“എന്റെ ശത്രു എന്റെ എഴുത്താണ് ല്ലേ ടീച്ചറേ..”
“ഹേയ്.. കണ്ണുകൾ. കാഴ്ചകൾ.. അതിന്റെ കുഴപ്പമാണ്..
ഞാനും നീയും തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്.. പക്ഷേ.. എഴുത്തിൽ ഒരിക്കലും ആ വ്യത്യാസം കാണില്ല.. ആ വരികളോട് വല്ലാത്തൊരു ആരാധന തോന്നാം.. പക്ഷേ.. അരുതാത്തതായ ചിന്തകൾ.. അതിനു അന്നും ഇന്നും അവിടെ സ്ഥാനമില്ല.. നീ എനിക്ക് അന്നും ഇന്നും എന്റെ സേതുരാമൻ ആണ്.. പ്രിയപ്പെട്ട എന്റെ വിദ്യാർത്ഥി..” നനഞ്ഞു വന്ന മിഴികൾ മെല്ലെ തുടച്ചു കൊണ്ട് വരദ പറഞ്ഞു നിർത്തി..
“അക്ഷരങ്ങൾക്ക് ഭ്രാന്താണ് ടീച്ചറേ.. നമ്മൾ എത്ര തടഞ്ഞാലും.. നമ്മെ തട്ടി തെറിപ്പിച്ചു കൊണ്ട്.. തലച്ചോറിൽ മിന്നൽ പിണർ തീർത്തു കൊണ്ട്.. നെഞ്ചിലൂടെ.. വിരലുകളിലേക്ക് പെയ്തിറങ്ങുന്ന ഭ്രാന്ത്.. എത്ര തടയാൻ ശ്രമിച്ചാലും.. അത് ഇങ്ങനെ വരും.. തിരമാലകൾ പോലെ… ദാ.. ഇങ്ങനെ ആർത്തലച്ച്..” തിരമാലകളെ നോക്കി സേതു പറഞ്ഞു..
“മ്മ്..”
“ഇടയ്ക്ക് ശൂന്യമായ മനസിലൂടെ യാത്ര പോകാൻ നല്ല രസമാ.. കാറ്റു നിറച്ച ബലൂൺ പോലെ ഒന്ന് വീർക്കും.. അപ്പൊ കൈ വിരലുകൾ ഒന്ന് വിറയ്ക്കും.. ഹൃദയം എന്തിനോ വേണ്ടി വിറ കൊള്ളും.. അത്..ല ഹരിയായ് സിരകളിൽ പടർന്നു കയറും.. പിന്നെ ചുറ്റും നടക്കുന്നത് ഒന്നും അറിയില്ല.. ചാറ്റൽ മഴ പോലെ അക്ഷരങ്ങൾ.. കൈ വിരലിലൂടെ പെയ്തിറങ്ങും.. മെല്ലെ മെല്ലെ മഴയുടെ താളം മുറുകി.. രൗദ്ര ഭാവത്തിൽ പെയ്തൊഴിയുമ്പോൾ.. അനുഭവിക്കുന്ന ഒരു വിങ്ങലുണ്ട്.. ഇനിയും എന്തൊക്കെയോ കൂടെ പറയാൻ ഉള്ള പോലെ.. ബാക്കി വെയ്ക്കുന്ന അക്ഷരങ്ങൾ..
ആ ബാക്കി വെയ്ക്കലുകൾ ആണ്.. പിന്നീട് വീണ്ടും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന ശൂന്യതയിലേക്ക് തള്ളി വിടുന്നത്..”
“മനസ് തുറന്നു സംസാരിച്ചിട്ട് കൊറേ ആയോ നീ..”
“മ്മ്.. പെയ്തൊഴിയുന്നത് എല്ലാം അക്ഷരങ്ങളാണ് ടീച്ചറേ.. മനസ് എന്നും.. പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ ഇരുണ്ടു കൂടി നിൽക്കുവാ..”
“മ്മ്..”
“എന്റെ വിവാഹമാണ്.. അടുത്തയാഴ്ച..” വരദ പറഞ്ഞത് കേട്ട് സേതു പുഞ്ചിരിച്ചു.
“എങ്ങനെ കണ്ടെത്തി..”
“കൂടെ വർക്ക് ചെയ്യുന്ന ആളാണ്.. എല്ലാം അറിയാം..”
“എന്നെ അറിയോ..”
“ഇല്ല..”
“മ്മ്…”
സേതു എഴുന്നേറ്റു കടലിലേക്ക് നടന്നു.
“ഡാ…”
“മ്മ്..”
“നിന്നെ പറ്റി പറയട്ടെ ആളോട്..”
“ടീച്ചറെ നിലയ്ക്കു നിർത്തുന്ന മനസ് ഉണ്ടേൽ മാത്രം പറഞ്ഞാൽ മതി.. ഇല്ലേ ഞാൻ എന്നും ടീച്ചർക്ക് ഒരു ബാധ്യതയാകും..”പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് സേതു തിരമാലകളിലേക്ക് ഇറങ്ങി..