ജനിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ അച്ഛനാവില്ല ,താൻ സൃഷ്ടിച്ച മകളേ വളർത്തി വലുതാക്കി അവൾക്കൊരു ജീവിതമുണ്ടാക്കി കൊടുക്കുന്നത് വരെയുണ്ട്, ഒരച്ഛന്റെ കടമ ,അല്ലാതെ……

മകൾ

Story written by Saji Thaiparambu

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“മോളുടെ കല്യാണക്കാര്യത്തെക്കുറിച്ച് രവിയോടൊന്ന് പറയണ്ടേ?

ബെഡ് റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് മൃദുല ഭർത്താവിനോട് ചോദിച്ചു .

“അതിന്റെ ആവശ്യമുണ്ടോ? അന്ന് പിരിയാൻ നേരം മകളുടെ പൂർണ്ണ അവകാശം നിനക്ക് വിട്ട് തന്ന് കൊണ്ടല്ലേ ,കോടതി ,ഡൈവോഴ്സ് അനുവദിച്ച് തന്നത്”

മധു തന്റെ ഭാര്യയോട് ചോദിച്ചു.

“ശരിയാണ്, പക്ഷേ, മണ്ഡപത്തിൽ കയറും മുൻപ് അവൾക്ക് സ്വന്തം അച്ഛന്റെ അനുഗ്രഹം വേണമെന്ന് തോന്നിയാലോ?

മൃദുല തന്റെ ആശങ്ക അയാളുമായി പങ്ക് വച്ചു.

“ജനിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ അച്ഛനാവില്ല ,താൻ സൃഷ്ടിച്ച മകളേ വളർത്തി വലുതാക്കി അവൾക്കൊരു ജീവിതമുണ്ടാക്കി കൊടുക്കുന്നത് വരെയുണ്ട്, ഒരച്ഛന്റെ കടമ ,അല്ലാതെ നിന്റെ ആദ്യ ഭർത്താവ് ചെയ്തത് പോലെ പറക്ക മുറ്റാത്ത ഒരു പെൺകുട്ടിയെ യും നിന്നെയും നിസ്സാരമായ പൊരുത്ത ക്കേടുകൾ പറഞ്ഞ് കൊണ്ട് പാതിവഴിയിൽ ഉപേക്ഷിച്ച്, സ്വന്തം സുഖം നോക്കി പോകുകയല്ല ചെയ്യേണ്ടിയിരുന്നത്”

മധു ,രോഷത്തോടെയാണത് പറഞ്ഞത്.

“ഒച്ചവെയ്ക്കണ്ട ,മോളപ്പുറത്ത് ഉറങ്ങീട്ടില്ല ,അവള് കേൾക്കും, നിങ്ങൾ ക്കിഷ്ടമില്ലെങ്കിൽ വേണ്ട, ഞാൻ വെറുതെ ചോദിച്ചതാ ,വിട്ടേക്ക്”

ലൈറ്റണച്ചിട്ട് മൃദുല കട്ടിലിൽ അയാളുടെ ഒപ്പം വന്ന് കിടന്നു.

********************

പിറ്റേന്ന് മകൾ കോളേജിലേക്കും ,മധു കമ്പനിയിലേക്കും പോയ സമയത്ത്, മൃദുല അടുക്കളയിൽ കറിക്കരിയുമ്പോഴാണ് ഹാളിലിരുന്ന ലാന്റ് ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടത്.

മൃദുല ഓടി വന്ന് റിസീവറെടുത്ത് ചെവിയിൽ വച്ചു.

“ഹലോ ഇത് മൃദുലയുടെ വീടല്ലേ?

അപ്പുറത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം.

“അതെ, മൃദുലയാണ് സംസാരിക്കുന്നത് ഇത് ആരാ?

“ഞാൻ ശിവകാമിയാ ,”

ആ പേര് കേട്ടതും മൃദുലയ്ക്ക് ഞെട്ടലുണ്ടായി.

“ങ്ഹേ ,എന്താ ശിവകാമി പതിവില്ലാതെ”

മൃദുലയുടെ മനസ്സിൽ പലവിധ ചോദ്യങ്ങൾ മിന്നി മറഞ്ഞു.

“എനിക്കെന്റെ മോളെ തിരികെ വേണം”

ആ ചോദ്യം കേട്ട് മൃദുല സ്തംഭിച്ച് പോയി.

“എന്താ മൃദുലേ ഒന്നും മിണ്ടാത്തത്, പതിനേഴ് വർഷങ്ങൾക്ക് മുമ്പ് എന്റെ പിഞ്ചുമകളെ വെറും അയ്യായിരം രൂപയ്ക്ക് എന്റെ കയ്യിൽ നിന്ന് വാങ്ങിയത് നീ മറന്ന് പോയോ?

പരിഹാസം കലർന്ന അവളുടെ ചോദ്യം കേട്ട് മൃദുല ഒന്ന് കൂടി തളർന്നു.

ശരിയാണ് ശിവകാമി പറഞ്ഞത്, അന്ന് താൻ അറിയപ്പെടുന്ന മോഡലായി തിളങ്ങുന്ന കാലം, രവിയേട്ടനുമായുള്ള പ്രണയവിവാഹം കഴിഞ്ഞ് രണ്ട് വർഷമായെങ്കിലും, പ്രസവിച്ചാൽ തന്റെ സൗന്ദര്യം പോകുമെന്നും തന്റെ പ്രൊഫഷനെ അത് പ്രതികൂലമായി ബാധിക്കുമെന്നും കരുതി, രവിയേട്ടനോട് അനുവാദം വാങ്ങാതെ താൻ ചെയ്തൊരു തെറ്റാണ്, അന്ന് തന്റെ സഹായി യായിരുന്ന ശിവകാമിയുടെ ഏകമകള വിലയ്ക്ക് വാങ്ങിയത് ,അന്ന് ആ കുട്ടിയോട് തനിക്ക് തോന്നിയ ഒരു പ്രത്യേക ഇഷ്ടവും അതിന് കാരണമായിരുന്നു .

പക്ഷേ, രവിയേട്ടൻ തന്റെയാ പ്രവൃത്തി ഒരിക്കലും അംഗീകരിച്ച് തരാൻ തയ്യാറല്ലായിരുന്നു.

അതിന്റെ പേരിൽ തുടങ്ങിയ വഴക്കായിരുന്നു, ഒടുവിൽ തന്റെ ഡൈവോഴ്സിൽ വരെ എത്തിച്ചത്.

ഇതൊന്നും പക്ഷേ,തന്നെ രണ്ടാമത് വിവാഹം കഴിച്ച മധുവേട്ടനറിയില്ല ,തന്റെ മകൾ അമൃതയുടെ അച്ഛ്ൻ രവിയാണെന്നാണ് ഇത് വരെ അച്ഛനോടും മകളോടും പറഞ്ഞിരിക്കുന്നത് ,അദ്ദേഹം കല്യാണം കഴിച്ച സമയത്ത് മോഡലിങ്ങ് രംഗത്ത് നിന്ന് താൻ പൂർണ്ണമായും വിടവാങ്ങുകയും ചെയ്തിയിരുന്നു.

ഇപ്പോൾ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെ പ്രസവിച്ചെങ്കിലും , താൻ പ്രസവിക്കാത്ത തന്റെ മകളെയും ‘ അദ്ദേഹം സ്വന്തം മകളായി തന്നെയാണ് വളർത്തുന്നത്.

അന്ന് വരുമാനമൊന്നുമില്ലാത്ത ഭർത്താവിനെക്കുറിച്ചും, വീട്ടിലെ അവളുടെ ഇല്ലായ്മയെ കുറിച്ചും ശിവകാമി തന്നോട് എപ്പോഴും പറയുമായിരുന്നു, അവളുടെ മകളെ തന്നെ വാങ്ങാൻ ,അന്ന് ഇടയായതും അത് കൊണ്ട് തന്നെയായിരുന്നു.

“എന്റെ മകളെ നല്ല നിലയിൽ വളർത്താൻ ,അന്ന് യാതൊരു വഴിയുമില്ലാത്തത് കൊണ്ടാണ് ,അവളെങ്കിലും സുഖമായിജീവിക്കട്ടെ എന്ന് കരുതി , നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ നിസ്സാര വിലയ്ക്ക് വിട്ട് തന്നത് ,പക്ഷേ ഇപ്പോൾ ദൈവം എനിക്ക് ഒരു പാട് സ്വത്ത് തന്നു,അന്ന് തന്നതിന്റെ നൂറിരട്ടി ഞാൻ തിരിച്ച് തരാം, എന്റെ മോളെ എനിക്ക് തിരിച്ച് തന്നേര്”

ശിവകാമിയുടെ ശബ്ദം റിസീവറിലൂടെ വീണ്ടുo കേട്ടു .

“ശിവകാമി പ്ളീസ്, എന്നോടിങ്ങനെയൊന്നും പറയരുത് ,അന്ന് ഞാൻ എന്റെ ഭർത്താവിനോടാ ലോചിക്കാതെയാണ് ,നിന്റെ മോളെ വാങ്ങിയത്, അതിന്റെ ഫലമാണ് രവിയേട്ടനെ എനിക്ക് നഷ്ടമായത് ,പക്ഷേ അതിന് ശേഷം അതൊന്നുമറിയാതെയാണ് , മധുവേട്ടൻ എനിക്കൊരു ജീവിതം തന്നത്,
ഞാൻ പ്രസവിച്ചതാണെന്ന് കരുതി സ്വന്തം മോളെ പോലെയാണ് അദ്ദേഹം അവളെ വളർത്തുന്നത്, അടുത്ത മാസം, അവളുടെ വിവാഹം വരെ ഉറപ്പിച്ചിരിക്കുകയാണ് ,അത് കൊണ്ട് ദയവ് ചെയ്ത് എന്റെ കുടുംബം തകർക്കരുത്, ശിവകാമിയുടെ കാല് ഞാൻ പിടിക്കാം”

മൃദുല അവരോട് കരഞ്ഞപേക്ഷിച്ചു.

“ശരിയാ നിങ്ങൾ പറഞ്ഞത്, ദാരിദ്ര്യമായിരുന്നെങ്കിലും എന്റെ ഭർത്താവും മകളും അടങ്ങിയ കുടുംബമായിരുന്നു എന്റെ സ്വർഗ്ഗം, ആ സ്വർഗ്ഗത്തിൽ നിന്നും നിങ്ങൾ അടർത്തിക്കൊണ്ട് പോയത് എന്റെ മകളെ മാത്രമായിരുന്നില്ല, നിങ്ങളുടെ ഭർത്താവിനോട് ചോദിക്കാതെ എന്റെ മകളെ നിങ്ങൾ വിലയ്ക്ക് വാങ്ങിയില്ലേ? അത് പോലെ, എന്റെ ഭർത്താവിനോട് ചോദിക്കാതെയായിരുന്നു ഞാനവളെ നിങ്ങൾക്ക് തന്നത്, അതിന്റെ പേരിൽ അന്ന് എന്നോട് വഴക്കിട്ട് പോയ അദ്ദേഹം, എന്നെ ഉപേക്ഷിക്കുകയും ചെയ്തു ,ഇപ്പോൾ ഭർത്താവും മകളുമില്ലാതെ കുറെ സ്വത്തുക്കൾ മാത്രമുള്ള എനിക്ക് ഒറ്റക്ക് ജീവിച്ച് മടുത്തു ,ഭർത്താവ് എവിടെ യാണെന്നെനിക്കറിയില്ല, പക്ഷേ എന്റെ മോള് നിന്റെയടുത്തുണ്ടല്ലോ? നിന്റെ തറവാട്ടിൽ അന്വേഷിച്ചിട്ടാ നിന്റെ ഫോൺ നമ്പർ ഞാൻ സംഘടിപ്പിച്ചത് “

ശിവകാമിയുടെ വാക്കുകൾ കേട്ട് സ്വബോധം നഷ്ടപ്പെട്ടവളെ പോലെ നില്ക്കുകയായിരുന്നു മൃദുല.

തന്റെ സ്വാർത്ഥത കൊണ്ട്, തനിക്ക് മാത്രമായിരുന്നില്ല നഷ്ടങ്ങൾ ഉണ്ടായതെന്ന തിരിച്ചറിവ്, മൃദുലയെ വല്ലാതെ തളർത്തിക്കളഞ്ഞു.

“ഇപ്പോൾ മറുപടിയൊന്നും പറയേണ്ട ,നിന്റെ ഭർത്താവ് വന്ന് രണ്ട് പേരും കൂടി ആലോചിച്ചിട്ട് ഒരു തീരുമാനമെടുത്താൽ മതി “

അതും പറഞ്ഞ് ശിവകാമി ഫോൺ കട്ട് ചെയ്തു.

റിസീവറും കയ്യിൽ പിടിച്ച് മൃദുല ഏറെനേരം മരവിച്ച്നിന്നു പോയി.

*******************

“ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ?

കമ്പനിയിലെ ഫയലുകൾ , ബെഡ് റൂമിലിരുന്ന് പരിശോധിച്ച് കൊണ്ടിരുന്ന, മധുവിനോട് മൃദുല ചോദിച്ചു..

“ഉം, എന്ത് കാര്യം?

ഗൗരവം വിടാതെ അയാൾ ചോദിച്ചു.

മൃദുല നടന്നതെല്ലാം തുറന്ന് പറഞ്ഞു.

“ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞാനും നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്, അന്ന് ശിവകാമിയുമായി വഴക്കിട്ട് അവളെ ഉപേക്ഷിച്ച് പോയ ഭർത്താവ് മണിവർണ്ണൻ ഞാനായിരുന്നു”

“ങ്ഹേ, എന്താ മധുവേട്ടാ ഈ പറയുന്നത്”

മൃദുല അവിശ്വസനീയതയോടെ അയാളെ നോക്കി.

“അതെ മൃദു .. ശിവകാമിയുമായി വഴക്കിട്ട് പോയ ഞാൻ, നേരെ ഒരു വക്കീലിനെ കാണാനാണ് പോയത്, എന്റെ മോളെ എനിക്ക് തിരിച്ച് കിട്ടാൻ എന്തെങ്കിലുo വഴിയുണ്ടോ എന്നറിയാൻ ,വക്കീലിന്റെ മുറിയിൽ എന്നെക്കാൾ മുമ്പെ അവിടെയെത്തിയ ഒരു കക്ഷിയുമായി, അയാൾ സംസാരിക്കുന്നത് കണ്ട്, ഞാൻ മുറിക്ക് പുറത്ത് വെയ്റ്റ് ചെയ്തു,

അപ്പോഴാണ് അകത്തിരിക്കുന്നയാൾ വക്കീലിനോട് സംസാരിക്കുന്നത് ഒരു കുട്ടിയുടെ കാര്യമാണെന്ന് എനിക്ക് മനസ്സിലായത് ,അപ്പോൾ എന്റെ ജിജ്ഞാസ വർദ്ധിച്ചു ,ഞാൻ ഡോർകർട്ടന്റെ വിടവിലൂടെ അകത്തേക്ക് നോക്കിയപ്പോൾ, അയാൾ വക്കീലിനെ ഒരു ഫോട്ടോ കാണിച്ച് കൊടുക്കുന്നത് കണ്ടു ,

ആ ഫോട്ടോ കണ്ട ഞാൻ ഞെട്ടിപ്പോയി, അതെന്റെ മകൾ അമുദയായിരുന്നു. അയാളിറങ്ങി കഴിഞ്ഞപ്പോൾ ഞാൻ വക്കീലിനെ കയറി കണ്ടു ,നടന്ന കാര്യങ്ങളെല്ലാം വക്കീലിനോട് പറഞ്ഞു.

അപ്പോൾ അദ്ദേഹമാണ് പറഞ്ഞത്, എന്റെ മകളെ തിരിച്ച് കിട്ടണമെങ്കിൽ നിയമപരമായ ഒരു പാട് കടമ്പകൾ ഉണ്ടെന്ന്, കുട്ടിയെ വിലയ്ക്ക് വാങ്ങിയ മൃദുല, അവളുടെ കുട്ടിയാണ് അമുദ എന്ന് വാദിച്ചാൽ, ഒരു പക്ഷേ, അത് തെളിയിക്കാൻ ശിവകാമിയെ DNA ടെസ്റ്റിന് വിധേയമാക്കേണ്ടി വരുമെന്നും, അതിന് ഒരു പാട് സാമ്പത്തികച്ചിലവും, ചിലപ്പോൾ കേസ് വിധിയാകാൻ വർഷങ്ങളുടെ കാത്തിരിപ്പും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വേറെന്താണ് പോംവഴിയെന്ന് ഞാൻ വീണ്ടും വക്കീലിനോട് ചോദിച്ചപ്പോൾ അയാളാണ് ഒരു എളുപ്പവഴി പറഞ്ഞ് തന്നത്.

“മണീ… നിങ്ങളൊരു കാര്യം ചെയ്യ് ,ഈ രവിയും മൃദുലയും തമ്മിൽ താമസിയാതെ ഡൈവോഴ്സാകും ,തനിക്ക് എന്തായാലും ഇനി ശിവകാമിയുമായി ഒത്ത് പോകാൻ കഴിയില്ലെന്നല്ലേ പറഞ്ഞത്, അപ്പോൾ ശിവകാമിയെ ഉപേക്ഷിച്ച് നിങ്ങൾ മൃദുലയെ വിവാഹം കഴിക്കാൻ നോക്ക് ,കേസും വഴക്കു മൊക്കെയായത് കൊണ്ട് മൃദുലയിപ്പോൾ മോഡലിങ്ങ് രംഗത്ത് നിന്ന് ഔട്ടായിരിക്കുവാ ,അവൾ സാമ്പത്തി കമായും തകർന്ന് പോയെന്നാ കേട്ടത്, നഗരത്തിലെ ഫ്ളാറ്റ് കൊടുത്തിട്ട് ഇപ്പോൾ നാട്ടിലുള്ള ആങ്ങളയുടെ വീട്ടിലാ താമസം ,താനാദ്യം നല്ലൊരു ജോലി സമ്പാദിക്ക്, എന്നിട്ട് ഈ മണിയെന്നുള്ള പേര് മാറ്റി, ഒരു മലയാളിയുടെ പേരുമിട്ട് മൃദുലയെ പോയി വിവാഹമാലോചിക്ക് ,അവൾ സമ്മതിച്ചാൽ ,തനിക്ക് തന്റെ മോളെയും കിട്ടും, നല്ലൊരു കുടുംബ ജീവിതവും കിട്ടും, പക്ഷേ ‘ഒരിക്കലും മൃദുലയും മകളും ഇതറിയാതെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്”

“അന്നെനിക്ക് വക്കീല് പറഞ്ഞത് ബുദ്ധിയാണെന്ന് തോന്നി ,അത് വരെ ജോലിക്ക് ശ്രമിക്കാതിരുന്ന ഞാൻ കുറച്ച് അലഞ്ഞിട്ടാണെങ്കിലും, നല്ലൊരു കമ്പനിയിൽ ജോലി സമ്പാദിച്ചു.”

“ഇതിനിടയിൽ, നീയും രവിയും തമ്മിൽ ഡൈവോഴ്സായ കാര്യം വക്കീൽ എന്നെ വിളിച്ചറിയിച്ചു ,അതിന് ശേഷം പിന്നെ നടന്നതൊക്കെ നിനക്ക് കൂടി അറിവുള്ളതല്ലേ?

“നീ എന്നോടും ഞാൻ നിന്നോടും ചിലതൊക്കെ മറച്ച് പിടിച്ചു”

“അത് പക്ഷേ, നമുക്ക് രണ്ട് പേർക്കും ഒരു പോലെ ഗുണകരമാകുന്ന കാര്യമായിരുന്നു, മകളെ വേണമെന്ന ശിവകാമിയുടെ ആവശ്യം ന്യായമാണ്, പക്ഷേ അവളോടൊപ്പം പോകണമോ ,വേണ്ടയോ എന്ന് നമ്മുടെ മോള് തീരുമാനിക്കട്ടെ , നീ അവളെ വിളിക്ക്”

മധു, മൃദുലയോട് പറഞ്ഞു .

“ഞാനിവിടെയുണ്ടച്ഛാ ,നിങ്ങൾ സംസാരിച്ചതൊക്കെ ഞാൻ കേട്ടു, അതൊക്കെ വെറുമൊരു കഥയായി മാത്രമേ എനിക്ക് ഫീല് ചെയ്തുള്ളു ,പണ്ട് ഞാൻ ഉറങ്ങാൻ വേണ്ടി നിങ്ങൾ എനിക്ക് പറഞ്ഞ് തരുന്ന വെറുമൊരു കെട്ട് കഥ ,അതിനെ അങ്ങനെ തന്നെ കാണാനാ എനിക്കിഷ്ടം ,ഇനി അവർ വിളിച്ചാൽ നിങ്ങൾ അവരോട് പറഞ്ഞുകൊള്ളു, അവളുടെ അച്ചൻ മധുവും , അമ്മ മൃദുലയുമാണെന്ന്”

മകളുടെ ആ വാക്ക് മാത്രം കേട്ടാൽ മതിയായിരുന്നു ആ ദമ്പതികൾക്ക്..