വില കൊടുക്കുമ്പോൾ
എഴുത്ത്:-അപ്പു
” അജിതേ.. നീ ചോറ് എടുത്ത് വെക്കുന്നുണ്ടോ..? “
രാവിലെ പത്രം വായിക്കുന്നതിനിടയിൽ രമ വിളിച്ചു ചോദിച്ചു.
” ഇപ്പോൾ എടുത്തു വയ്ക്കാം ചേച്ചി.. ഒരു ഓംലറ്റ് കൂടി ഉണ്ടാക്കട്ടെ..”
അടുക്കളയിൽ നിന്ന് മറുപടി വന്നു.
“നീ പിന്നെ ഇത്രയും സമയം അവിടെ എന്ത് ചെയ്യുകയായിരുന്നു..? അവന് പോകാനുള്ള സമയമായി..”
ദേഷ്യത്തോടെ രമ ചോദിച്ചു. അതിനു മറുപടി പറയാതെ അജിത് പെട്ടെന്ന് തന്നെ ഒരു ഓംലറ്റ് ഉണ്ടാക്കി. അതും കൂടി ചേർത്ത് ആഹാരം പൊതിഞ്ഞെടുത്തു.
അതെടുത്ത് ഡൈനിങ് ടേബിളിൽ കൊണ്ടു വയ്ക്കുമ്പോഴേക്കും മകൻ ആഹാരം കഴിക്കാൻ എത്തിയിരുന്നു.
” അമ്മേ ഈ ആഹാരം ഒന്ന് എനിക്ക് വിളമ്പി തരുമോ..? “
അവൻ രമയോട് അന്വേഷിച്ചു.
” അജിതേ.. മോന് ആഹാരം എടുത്തു കൊടുക്ക്.. “
രമ പറഞ്ഞത് കേട്ട് അജിത വേഗം തന്നെ വന്ന് അവനു ആഹാരം വിളമ്പി കൊടുത്തു.
“ചേച്ചി കഴിച്ചതാണോ..?”
അവൻ അജിതയോട് കുശലം ചോദിച്ചു.
” ഇല്ല മോനെ.. മോൻ കഴിച്ചിട്ട് ആകാം എന്ന് കരുതി. “
അജിത പതിഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു.
“അതെന്തിനാ ചേച്ചി ഞാൻ കഴിക്കാൻ വേണ്ടി നോക്കിയിരിക്കുന്നത്..? ചേച്ചിക്ക് വിശക്കുമ്പോൾ ചേച്ചിക്ക് ആഹാരം കഴിച്ചു കൂടെ..? ഇതിപ്പോൾ ഇവിടുത്തെ എല്ലാ പണിയും കഴിഞ്ഞില്ലേ..? ആഹാരം കഴിക്കാൻ നോക്ക്..”
അവൻ സ്നേഹത്തോടെ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ചെന്നു നിന്നത് രമയിൽ ആയിരുന്നു.
” അവന് കൊണ്ടുപോകാനുള്ള ബാഗ് എടുത്ത് അവന്റെ വണ്ടിയിലേക്ക് വയ്ക്കുക. എന്നിട്ട് കഴിച്ചാൽ മതി.. “
ഗൗരവത്തോടെ പറഞ്ഞപ്പോൾ അജിത തലകുലുക്കി സമ്മതിച്ചു കൊണ്ട് അകത്തേക്ക് പോയി. മനു രണ്ടുപേരെയും ഒന്നു നോക്കിയിട്ട് ആഹാരം കഴിക്കാൻ തുടങ്ങി.
ഒരു അവധി ദിവസം, മനു ഹാളിൽ ഇരിക്കുമ്പോഴാണ് എന്തൊക്കെയോ ബഹളങ്ങൾ കേട്ടത്. അവൻ വേഗത്തിൽ ശബ്ദം കേട്ട ഇടത്തേക്ക് ചെന്നു.
അവന്റെ മുറിയിൽ നിന്നാണ് ബഹളം.കാര്യം എന്താണെന്ന് അറിയാൻ അവൻ ഒരു നിമിഷം അവിടെ നിന്നു.
” നിന്നെ ശമ്പളവും തന്ന് ഇവിടെ നിർത്തിയിരിക്കുന്നത് ഇവിടുത്തെ കാര്യങ്ങൾ ചെയ്യാനാണ്. ഒരു പണിയും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലെങ്കിൽ മാസമാസം ശമ്പളം എണ്ണി വാങ്ങരുത്..”
ദേഷ്യത്തോടെ രമ പറയുന്നത് കേട്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.
” ചേച്ചി ഞാൻ ഇവിടെയൊക്കെ അടിച്ചു തുടച്ചതാണ്.. ഇപ്പോൾ പൊടി എവിടെ നിന്ന് വന്നു എന്ന് എനിക്ക് അറിയില്ല.. “
ദയനീയതയോടെ അജിത പറയുന്നത് കേട്ടപ്പോൾ, മനുവിന് വല്ലായ്ക തോന്നി.
” എന്താ അമ്മ ഇവിടെ..? “
ദേഷ്യത്തോടെ മനു ചോദിച്ചു.
” നീ ഇടപെടേണ്ട വിഷയം ഒന്നുമല്ല. സാഹചര്യം ഉണ്ടെങ്കിൽ ഞാൻ അന്നേരം പറയാം.. “
ദേഷ്യത്തോടെ രമ അവനോട് പറഞ്ഞു. അവൻ അത് ശ്രദ്ധിക്കാതെ അജിതയെ നോക്കി.
” ഇവിടെ എവിടെ പൊടി ഉണ്ടെന്നാണ്..? “
ഫ്ളോറിൽ മുഴുവൻ കണ്ണോടിച്ചു കൊണ്ട് അവൻ ചോദിച്ചു. പെട്ടെന്ന് തന്നെ രമ തന്റെ വീരൽ ഫ്ലോറിൽ തൊട്ടുകൊണ്ട് അവന് നേരെ കാണിച്ചു.
“കണ്ടോ.. നീയല്ലേ പറഞ്ഞത് ഇവിടെ പൊടിയില്ല എന്ന്..? ഇത് പൊടി അല്ലെങ്കിൽ പിന്നെ എന്താണ്..?”
ദേഷ്യത്തോടെ രമ ചോദിച്ചപ്പോൾ അവൻ കണ്ണു തുറുപ്പിച്ച് അമ്മയെ നോക്കി.
” മൈക്രോസ്കോപ്പ് വച്ച് പോലും കണ്ടുപിടിക്കാൻ പറ്റാത്ത ഇതിനെയാണോ അമ്മ പൊടി എന്ന് പറയുന്നത്..?”
അവന്റെ സ്വരത്തിലെ പരിഹാസം മനസ്സിലാക്കിയപ്പോൾ അവർക്ക് ദേഷ്യം കൂടിയതേയുള്ളൂ.
” നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്. ഇവിടുത്തെ കാര്യങ്ങളെല്ലാം തൽക്കാലം ഞാൻ ചെയ്തോളാം. “
ദേഷ്യത്തോടെ അവനോട് പറഞ്ഞിട്ട് അവർ അജിതയ്ക്ക് നേരെ തിരിഞ്ഞു.
” ഇവിടെ വേഗമൊന്നു തുടയ്ക്കാൻ നോക്ക്..”
ഗൗരവത്തോടെ അജിതയോട് പറഞ്ഞിട്ട് അവർ മുറിവിട്ട് പോയി.
” ഞാനിപ്പോൾ തന്നെ ചെയ്യാം ചേച്ചി..”
പറഞ്ഞു കൊണ്ട് തിടുക്കത്തിൽ തന്നെ അജിത ആ മുറി തുടയ്ക്കാൻ തുടങ്ങി. മനു അതൊക്കെ അസഹ്യമായ ദേഷ്യത്തോടെയാണ് നോക്കി നിന്നത്.
എങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അവൻ പുറത്തേക്കിറങ്ങി പോയി.
ഉച്ചയ്ക്ക് വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് കയറിയ മനു കാണുന്നത് നിലത്തിരുന്നു കഞ്ഞി കുടിക്കുന്ന അജിതയെയാണ്.
” ചേച്ചി എന്താ കഞ്ഞി കുടിക്കുന്നത്..? അതും ഇവിടെ നിലത്തിരുന്നു കൊണ്ട്..? ചേച്ചിക്ക് അവിടെ ഡൈനിങ് ടേബിളിൽ ഇരുന്ന് കഴിക്കാൻ പാടില്ലേ..? “
മനു ചോദിച്ചപ്പോൾ അവർ അവനെ നോക്കി നിസ്സഹായതയോടെ ചിരിച്ചു.
” അമ്മ ചീത്ത പറയുമായിരിക്കും അല്ലേ..? ഈ അമ്മയെ കൊണ്ട് മനുഷ്യൻ തോറ്റു.. “
ദേഷ്യത്തോടെ അവൻ പിറുപിറുത്തു.
“ചേച്ചി എന്താ കഞ്ഞി കുടിക്കുന്നത്..? ഇന്ന് ഇവിടെ ചിക്കൻ ഒക്കെ ഉള്ളതല്ലേ..? അതൊക്കെ എടുത്ത് കഴിക്കാമായിരുന്നില്ലേ..?”
അവൻ ചോദിച്ചപ്പോൾ അവർ വെറുതെ അവനെ നോക്കി.
” വേണ്ട മോനെ.. “
അവർ തടഞ്ഞു.
” അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..? ചേച്ചി വച്ചുണ്ടാക്കിയ സാധനമല്ലേ..? അത് ഒന്ന് രുചിച്ചു നോക്കാൻ പോലും ചേച്ചിക്ക് കിട്ടിയില്ലെങ്കിൽ അതിന് നാണക്കേട് എനിക്ക് കൂടിയല്ലേ..? “
സ്നേഹത്തോടെ പറഞ്ഞു കൊണ്ട് അവൻ ഒരു ചെറിയ പ്ലേറ്റിലേക്ക് ചിക്കൻ വിളമ്പി അവരുടെ മുന്നിൽ കൊണ്ടു വന്ന് വച്ചു.
” എനിക്ക് വേണ്ട മോനെ. വീട്ടിൽ പോകുമ്പോൾ കുട്ടികൾക്ക് കൊണ്ടു പോയി കൊടുക്കാം. അവർ ഇതൊക്കെ കഴിച്ചിട്ട് ഒരുപാട് നാളുകളായി.. “
അത് പറയുമ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു.
” ചേച്ചി ഇത് എന്തൊക്കെയാ പറയുന്നത്..? ചേച്ചിക്ക് പോകുമ്പോൾ വേണമെങ്കിൽ കറി വേറെ എടുത്തിട്ട് പൊക്കോ.. ഇവിടെ ആരും ചേച്ചിയെ തടയില്ല.”
അവൻ അത് പറയുന്നതും കേട്ടുകൊണ്ടാണ് രമ അവിടേക്ക് വന്നത്.
” നീ എന്ത് വർത്തമാനം ആണ് പറയുന്നത്..? ജോലിക്കാർക്കൊക്കെ ഇങ്ങനെ കൊടുത്തുവിടാൻ തുടങ്ങിയാൽ പിന്നെ ഇവിടെ ഒന്നും ഉണ്ടാകില്ല..”
രമ ദേഷ്യത്തോടെ മകനെ നോക്കി.
“അമ്മ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്..? ഇന്നത്തെ കാലത്ത് ഇങ്ങനെ ജോലിക്കാർ എന്നും മുതലാളിമാർ ഒന്നും ഉള്ള വേർതിരിവൊന്നുമില്ല. എല്ലാവരും തുല്യരാണ്. നമ്മുടെ വീട്ടിൽ നമുക്ക് വേണ്ടി ആഹാരം ഉണ്ടാക്കുന്ന ഈ ചേച്ചിക്ക് അതിൽ ഒരു പങ്കു കൊടുക്കാൻ കഴിയാത്ത അത്ര ദാരിദ്ര്യം ഒന്നും നമ്മുടെ വീട്ടിൽ ഇല്ലല്ലോ..”
മനു അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
” ഇവിടെ ജോലിക്കാരോടൊക്കെ എങ്ങനെ പെരുമാറണം എന്ന് എനിക്ക് വ്യക്തമായി അറിയാം. അതൊന്നും നീ എന്നെ പഠിപ്പിക്കാൻ നിൽക്കണ്ട..”
രമ അത് പറഞ്ഞു അജിതയെ ഒന്ന് തുറിച്ചു നോക്കി. അവരെ നോക്കാതെ അജിത തലതാഴ്ത്തി.
” ചേച്ചി ഇങ്ങനെ തല താഴ്ന്നു നിൽക്കുന്നതു കൊണ്ടാണ് അമ്മയ്ക്ക് വീണ്ടും വീണ്ടും പറയാൻ തോന്നുന്നത്.ഇവിടെ ആരുടെയും ഔദാര്യം കൊണ്ടൊന്നുമല്ല ചേച്ചി നിൽക്കുന്നത്. എല്ലുമുറിയെ പണി ചെയ്തിട്ട് തന്നെയാണല്ലോ ഇവിടുന്ന് ശമ്പളം തരുന്നത്..? അപ്പോൾ പിന്നെ അമ്മ ഇങ്ങനെ മെക്കിട്ടു കയറാൻ വരുമ്പോൾ അത് മുഴുവൻ കേട്ട് നിൽക്കേണ്ട കാര്യം ഇല്ല..അമ്മയുടെ അഹങ്കാരത്തിന് എന്തുവേണമെന്ന് എനിക്കറിയാം.”
അതും പറഞ്ഞു അവൻ അജിതയെ ഒന്നു നോക്കി. പിന്നെ അവിടെ നിന്ന് നടന്നു പോയി.
വൈകുന്നേരം രമ സോഫയിൽ ഇരിക്കുമ്പോൾ ബാഗും പാക്ക് ചെയ്തു വരുന്ന അജിതയെയാണ് കാണുന്നത്.
” നീ എവിടേക്കാ..? “
അവർ അന്വേഷിച്ചു.
“ചേച്ചി പോവുകയാണ്. ചേച്ചിക്ക് വേറെ നല്ലൊരു ജോലി ഞാൻ ശരിയാക്കി കൊടുത്തിട്ടുണ്ട്. അവിടെയാകുമ്പോൾ ഇങ്ങനെ അമ്മയെപ്പോലുള്ള ആളുകളുടെ ഭരണം ഒന്നും സഹിക്കേണ്ട കാര്യമില്ല. ചെയ്യുന്ന ജോലിക്ക് ശമ്പളവും വാങ്ങി ഒരിടത്തിരിക്കാം.”
മനു പറഞ്ഞത് കേട്ടപ്പോൾ രമ ആകെ പകച്ചു പോയി.
” അയ്യോ അജിത പോയാൽ എങ്ങനെ ശരിയാകും..? ഞാൻ ഒറ്റയ്ക്ക് ഇവിടെ എന്ത് ചെയ്യാനാണ്..? അജിത പോവല്ലേ.. “
ദയനീയമായി അവർ പറയുന്നത് കേട്ടപ്പോൾ മനു ഉള്ളിൽ ചിരിച്ചു.
” അപ്പോൾ അജിത ചേച്ചി ഇല്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല എന്ന് അമ്മയ്ക്ക് അറിയാം.അപ്പോൾ നമുക്കു വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ആ ചേച്ചിയെ ബഹുമാനിക്കുക എങ്കിലും വേണ്ടേ..?”
അവൻ ചോദിച്ചപ്പോൾ അവരുടെ തല താഴ്ന്നു. അവർ മെല്ലെ അജിതയുടെ കയ്യിൽ പിടിച്ചു.
” എന്നോട് ക്ഷമിക്ക്. ഇവൻ പറഞ്ഞതുപോലെ എന്റെ ഭാഗത്തു നിന്ന് കുറച്ച് അധികം തെറ്റുകൾ വന്നിട്ടുണ്ട്. ഇനിയൊരിക്കലും അങ്ങനെയൊന്നും ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രമിക്കാം. അജിത ഇവിടെ നിന്ന് പോകരുത്.. “
അവരുടെ ആ അപേക്ഷയെ തള്ളിക്കളയാൻ അജിതയ്ക്ക് കഴിയുമായിരുന്നില്ല. രമയെ നോക്കി പുഞ്ചിരിക്കുമ്പോൾ നല്ലൊരു നാളെ കുറിച്ചുള്ള പ്രതീക്ഷയിൽ ആയിരുന്നു അജിത..!