എഴുത്ത്:-സൽമാൻ സാലി
” അകുല്ലക്ക് .. ഇന്ത മലബാരി ..?
ഇന്നലെ ഉച്ചക്ക് പള്ളിയിൽ നിന്നിറങ്ങുമ്പോൾ ഒരു ഒമാനി പിന്നിൽ നിന്നും വിളിച്ചോണ്ട് മലബാരിയാണോ എന്ന് ചോദിച്ചത് ..
” ഐവ .. അന മലബാരി ..( അതെ ഞാൻ മലബാരി ആണ് ..)
അയാളെ മുൻപ് എനിക്ക് കടയിൽ വന്നപ്പോളുള്ള പരിചയം ഉണ്ട് .. ഞാൻ മലബാരി ആണെന്നറിഞ്ഞപ്പോ അയാൾക്ക് സന്തോഷമായി ..
(ബാക്കി സംഭാഷണം മലയാളത്തിൽ )
” നിന്റെ ആരെങ്കിലും നാട്ടിൽ നിന്നും വരുന്നുണ്ടോ .. എനിക്കൊരു ചെടി കൊണ്ട് വരണമായിരുന്നു ..
ചെടി എന്ന് കേട്ടപ്പോ അയാൾ നാട്ടിന്ന് വരുന്ന ആളെകൊണ്ട് ക ഞ്ചാവ് കൊണ്ട് വരിക്കാനുള്ള പരിപാടിയാണോ എന്ന് ഞാൻ ആലോചിച്ചു ..
” ഇപ്പൊ അറിവിൽ ആരും വരുന്നില്ല .. എന്ത് ചെടിയാണ് നിങ്ങൾക്ക് വേണ്ടത് ..
” എനിക്ക് വേണ്ടത് നിന്റെ നാട്ടിൽ ഉള്ള മാജിക് ചെടിയാണ് .. എന്റെ വീട്ടില് ഒരെണ്ണം ഉണ്ട് എന്റെ സുഹൃത്തിനും ഒന്ന് വേണം എന്ന് പറഞ്ഞു അതുകൊണ്ടാണ് ..
മുൻപ് എന്റെ ഒരു ജോലിക്കാരൻ നാട്ടിന്ന് വരുമ്പോൾ കൊണ്ട് തന്നതാണ് .. അന്ന് അതിന് ആയിരം റിയൽ ((രണ്ട് ലക്ഷംരൂപ )ആണ് അവൻ വാങ്ങിച്ചത് ..
ഓഹോ മാജിക് ചെടിയോ ഇത് അത് തന്നെ ക ഞ്ചാവ് അല്ലാതെ ഇത്ര പൈസയുടെ ചെടി നമ്മുടെ നാട്ടിൽ ഇല്ലല്ലോ .. എന്ന് ഞാൻ മനസ്സിൽ ഓർത്തു ..
അല്ല നിങ്ങളുടെ വീട്ടില് ഇപ്പോഴും ഉണ്ടോ ആ ചെടി ..?
” അതെ ഉണ്ടല്ലോ .. നീ എന്റെ കൂടെ വന്നാൽ ഞാൻ കാണിച്ചു തരാം പക്ഷെ എനിക്ക് ഒരു തൈ കൂടെ ഒപ്പിച്ചു തരണം ..
പടച്ചോനെ ഇയാള് എന്നെകൊണ്ട് ക ഞ്ചാവ് കടത്തിക്കും എന്ന് തന്നെയാ തോന്നുന്നത് ..
” ഞാൻ കണ്ടിട്ട് എന്റെ നാട്ടിൽ കിട്ടുകയാണെങ്കിൽ ഞാൻ നാട്ടിന്ന് എത്തിച്ചു തരും എന്നുള്ള ഉറപ്പിൽ അയാളുടെ വീട്ടിലേക് പോയി .. പോകുമ്പോൾ അയാൾ ആ ചെടിയുടെ മാജിക് വിശദീകരിക്കുകയായിരുന്നു ..
ആ വലിയ വീടിനുള്ളിലേക്ക് കടന്നു അവിടെ ഭംഗിയുള്ള ഒരു തോട്ടം അതിന്റെ നടുവിലായി ചുറ്റും പൂക്കൾ ഉള്ള ഒരു കണ്ണാടി കൂട് .. അതിലാണ് അയാളുടെ മാജിക് ചെടി ഉള്ളത് എന്നും പറഞ്ഞു എന്നെ ആ ചെടിയുടെ അടുത്തേക്ക് കൊണ്ട് പോയി .. എന്നിട്ട് അയാൾ എന്നോട് പറഞ്ഞു നീ ഇവിടെ നിന്ന് നോക്കിയാൽ മതി ഞാൻ പോയി ഒന്ന് തഴുകിയാൽ ആ ചെടി അപ്പോൾ ഉറങ്ങും ….പിന്നെ ഞാൻ അവിടെ നിന്ന് മാറിയാൽ മാത്രമേ അത് ഉണരൂ ..
ഞാൻ ആകാംഷയോടെ ആ ചെടിയുടെ അടുത്തേക്ക് നടന്നു .. അയാൾ ആ ചെടിയെ ഒന്ന് തലോടിയപ്പോൾ ആ ചെടി കണ്ണുകൾ ഇറുകിയടക്കും പോലെ ഇലകൾ തമ്മിൽ ഇഴുകി ചേർന്നു ..
” നോക്കൂ ഞാൻ പറഞ്ഞില്ലേ ഞാൻ ഒന്ന് തഴുകിയാൽ ചെടി ഉറങ്ങുമെന്ന് ..!!
അയാൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി …
””അയാളെ നോക്കി ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും നിന്നു ..
നല്ല ഭംഗിയുള്ള പൂന്തോട്ടത്തിൽ എത്ര സുരക്ഷയോടെയാണ് അയാൾ തൊട്ടാവാടി തൈ വളർത്തുന്നത് എന്നോർത്തപ്പോ ഞാൻ ഉള്ളിൽ ചിരിച്ചു മരിച്ചു ..
ഏതോ ഒരു ചങ്ങായി നാട്ടിലെ റോഡ്സൈഡിൽ നിന്നും പിഴുതെടുത്ത ആ തൈ രണ്ട് ലക്ഷം രൂപക്ക് ഇങ്ങേർക്ക് വിറ്റു പണികൊടുത്തത് അറിഞ്ഞപ്പോ സങ്കടമാണോ ചിരിയാണോ വന്നത് എന്ന് എനിക്ക് തന്നെ അറിയാൻ മേല …
പാവത്തിനെ ഇനിയും പറ്റിക്കാൻ മേലാത്തത്കൊണ്ട് ഞാൻ ഇത് എന്റെ നാട്ടിൽ കിട്ടില്ല എന്നും പറഞ്ഞു അവിടെ നിന്നിറങ്ങി പോരുമ്പോഴും അയാൾ ആ മാജിക് ചെടിയെ നോക്കി നിക്കുവായിരുന്നു .
എന്നാലും തൊട്ടാവാടി ചെടിയെ രണ്ട് ലക്ഷം രൂപക്ക് വിറ്റ ആ മഹാൻ എവിടെയാണോ ആവോ …
സൽമാൻ ..
nb: ഒൺലി കോമഡി പർപ്പസ് എഴുത്ത് മാത്രം ..