ചില മക്കൾക്ക് ഭാര്യയെ സഹായിക്കാനാണ് ഉമ്മയെ വേണ്ടത്. അതായത് സ്വന്തം മോന്റെയും മരുമോളുടേയും…..

ഉമ്മാനെ ഗൾഫിൽ കൊണ്ടുപോകാണ്‌

Story written by Shaan Kabeer

“ടീ മാളോ, ഞാൻ അടുത്താഴ്ച്ച ഗൾഫിൽ പോവാണ്. മോന്റെ അടുത്തേക്കാ. ചെക്കൻ വിളിയോട് വിളി, എനിക്ക് വയ്യടാ എന്നൊന്നും പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല. അവന്റെ ഭാര്യക്കാണ് വല്ലാത്ത നിർബന്ധം. ഈ കുട്ട്യോളെ ഒരുകാര്യം. മോന്റെ വല്യ ആഗ്രഹാണ് എന്നെ ഗൾഫൊക്കെ ഒന്ന് ചുറ്റിക്കാണിക്കണം എന്ന്.

അയൽവാസിയോട് അത് പറയുമ്പോൾ ആ ഉമ്മയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു. ആ ഉമ്മയുടെ അല്ല, ഗൾഫിലേക്ക് മക്കൾ വിളിക്കുമ്പോൾ എല്ലാ ഉമ്മമാരുടേയും മനസ്സ് ഇങ്ങനെയൊക്കെ ആയിരിക്കും.

ഒരു ആയുസ്സ് മുഴുവൻ സ്വന്തം വീടിനും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഉമ്മമാരെ ഗൾഫിലേക്ക് ചില മക്കളും മരുമക്കളും നിർബന്ധിച്ച് കൊണ്ടുപോകുന്നത് വയസ്സാംകാലത്ത് ഉമ്മയെ ഗൾഫ് ചുറ്റിക്കാണിച്ച് സന്തോഷിപ്പിക്കാനൊന്നും അല്ല എന്നത് പച്ചയായ സത്യമാണ്.

ചില മക്കൾക്കൊക്കെ സ്വന്തം ഉമ്മയെ ഓർമ വരുന്നത് തന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോഴാണ്. ഭാര്യയെ ശുശ്രുഷിക്കാനും മറ്റും ഹോം നഴ്‌സുമാരെ വെക്കാൻ ഗൾഫിൽ നല്ലോണം കാശ് ചിലവാകുന്ന പരിപാടിയാണ്. അപ്പൊ ജസ്റ്റ്‌ വിസിറ്റിംഗ് വിസയുടെ ചിലവ് മാത്രം വരുന്ന ഹോം നഴ്സായി ഉമ്മയെ കൊണ്ടുവരും. എന്നിട്ട് ആ പാവത്തിനെകൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ എല്ലാ ജോലികളും ചെയ്യിക്കും.

ചില മക്കൾക്ക് ഭാര്യയെ സഹായിക്കാനാണ് ഉമ്മയെ വേണ്ടത്. അതായത് സ്വന്തം മോന്റെയും മരുമോളുടേയും അടിവസ്ത്രം വരെ കഴുകാൻ ഒരു ജോലിക്കാരി. കയ്യിലെ നെയിൽ പോളിഷ് പോവും എന്ന് കരുതി ജോലിയൊന്നും ചെയ്യാത്ത ഭാര്യയെ സഹായിക്കാൻ ഉമ്മയെ കൊണ്ടുവരുന്ന നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ള മക്കൾ ഒരുപാടുണ്ട്. ആദ്യമൊക്കെ ഉമ്മയോട് ഭയങ്കര സ്നേഹം കാണിക്കും ഇവർ. പിന്നെ ആ ഫ്ലാറ്റിൽ ഇതുവരെ ഒറ്റക്കായിരുന്ന മരുമോൾക്ക് ഉമ്മയൊരു പ്രൈവസി ഡിസ്റ്റർബൻസ് ആയിമാറും. പിന്നെ ഉമ്മ ചെയ്യുന്നതൊക്കെ അവർക്ക് കുറ്റമായി മാറും. ആ പാവത്തിന് ഒന്ന് മനസ്സ് തുറന്ന് കരയാൻ പോലും ആ ഫ്ലാറ്റിൽ സാധിക്കില്ല.

സ്വന്തം ഉമ്മയെ നിർബന്ധിച്ച് ഗൾഫിൽ കൊണ്ടുവന്ന് ആദ്യമൊക്കെ കള്ള സ്നേഹം കാണിച്ച് ഒടുവിൽ ഭക്ഷണത്തിൽ വരെ വിവേചനം കാണിക്കുന്ന മക്കളും മരുമക്കളും ഉണ്ട്. ഉമ്മ കാണാതെ മുറിയിലിരുന്ന് റെസ്റ്റോറന്റിൽ നിന്ന് ഫുഡ്‌ ഓർഡർ ചെയ്ത് കഴിക്കുന്ന വിവരദോഷികൾ.

എല്ലാ മക്കളും മരുമക്കളും ഇങ്ങനെ ആണെന്ന് ഒരിക്കലും പറയില്ല. സ്വന്തം ഭർത്താവിന്റെ ഉമ്മയെ പെറ്റമ്മയേക്കാൾ സ്നേഹിക്കുന്ന മരുമക്കളുണ്ട്, നാട്ടിൽ ഒറ്റക്കായ ഉമ്മയെ ഗൾഫിൽ കൊണ്ടുവന്ന് പൊന്നുപോലെ നോക്കുന്ന മക്കളുണ്ട്. ഞാൻ പറയുന്നത് അവരെ കുറിച്ചല്ല. ഇതിൽ പെടാത്ത ആട്ടിൻകുട്ടിയുടെ രൂപവും ചൊറി പിടിച്ച പട്ടിയുടെ മനസ്സുമുള്ള മക്കളേയും മരുമക്കളേയും കുറിച്ചാണ്. അവർക്ക് വേണ്ടി മാത്രമാണ് ഈ എഴുത്ത്.

ഉമ്മ വീട്ടിൽ നിന്നും മാറിയാൽ വീട്ടിലുള്ളവർ മാത്രമല്ല സങ്കടപ്പെടുക, മുറ്റത്തുള്ള ചെടികളും കിളികളും വരെ കാത്തിരിക്കും ഉമ്മയെ കാണാൻ. അങ്ങനെയുള്ള ഉമ്മമാരെയാണ് ചില വിഷ ജന്തുക്കൾ തല്ലി കൊല്ലുന്നത്…

സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ വരെ മറന്ന് സ്വന്തം മക്കളുടെ വിളികേട്ട്

“ന്റെ കുട്ടിക്ക് അവിടെ ആരും ഇല്ലല്ലോ, ഞാൻ നോക്കുന്ന പോലെ ആരും നോക്കില്ലല്ലോ”

എന്നും പറഞ്ഞ് ഓടിപ്പോകുന്ന ആ നിഷ്കളങ്കരായ ഉമ്മമാരെ ഇനിയെങ്കിലും വെറുതേ വിട്ടൂടെ…

നീട്ടി വളർത്തി ചായം പൂശി ഭംഗിയാക്കി വെച്ചിട്ടുള്ള നഖം പൊട്ടുമെന്ന് പേടിച്ച് പാത്രം കഴുകാൻ മടിയുള്ള മരുമകളേ…

അവളുടെ മൂഡ് താങ്ങി സെൽഫിയെടുത്ത് വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടാൽ കിട്ടുന്ന മെസ്സേജുകളാണ് ജീവിതം എന്ന് കരുതുന്ന മരപ്പാഴ് മക്കളേ…

ഇനിയെങ്കിലും പെറ്റമ്മയെ വെറുതേ വിടൂ, അവർ ജീവിക്കട്ടെ…