സാമൂഹ്യ പ്രവർത്തകൻ – രചന: Aisha Jaice
ഇന്ദു വരാൻ അല്പം താമസിക്കുമെന്നു മെസ്സേജ് അയച്ചിരിക്കുന്നു. ഗോപൻ ഒരു ലൈം സോഡാ ഓർഡർ ചെയ്തു മൊബൈലിൽ തോണ്ടി ഇരിക്കുമ്പോൾ പുറകിലെ ടേബിളിൽ നിന്നും രണ്ടു ചേച്ചിമാർ സംസാരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു…
നേരെ ചൊവ്വേ ഒന്നുറങ്ങീട്ടു മാസങ്ങളായി, ഒരു വശത്തേക്ക് തന്നെ മണിക്കൂറോളും ചെരിഞ്ഞു കിടക്കുന്നോണ്ട് മേലുവേദനയും ഉണ്ട്. സമയത്തിന് ആഹാരം കഴിക്കാൻ പറ്റുന്നില്ല. പലപ്പോഴും നേരം വല്ലാതെ വൈകി കഴിക്കുന്നത് കൊണ്ടു ഗ്യാസ് ട്രബിളും നെഞ്ചിൽ എരിച്ചലും പുകച്ചിലും…
ഒന്ന് ശരിക്കും തേച്ചു കുളിച്ചിട്ടു എത്ര നാളായി…എന്തിനധികം പറയുന്നു ഒന്ന് തോന്നുമ്പോൾ ഉടനെ തന്നെ ടോയ്‌ലെറ്റിൽ പോലും പോയിട്ട് നാളുകളായി….ഒരു ചേച്ചി തൻ്റെ സങ്കടങ്ങൾ പങ്കു വെക്കുകയാണ്.
ഗോപനിലെ ഡോക്ടറും സാമൂഹ്യപ്രവർത്തകനും ഒരുമിച്ചുണർന്നു. ഒട്ടും അമാന്തിക്കാതെ അവൻ പുറകിലേക്ക് തിരിഞ്ഞു….
ചേച്ചി തെറ്റാണെന്നറിയാം…ക്ഷമിക്കുക…നിങ്ങൾ സംസാരിക്കുന്നതു ഞാൻ കേൾക്കുകയായിരുന്നു. ഞാൻ ഒരു ഡോക്ടറാണ്…ഇപ്പോൾ പഠിച്ചിറങ്ങിയതേ ഉള്ളു…പോരാത്തതിന് ഒരു സാമൂഹ്യ പ്രവർത്തകനും…ചേച്ചിയുടെ പ്രശ്നം ന്താണെന്നു തുറന്നു പറഞ്ഞാൽ നമുക്ക് പരിഹാരം ഉണ്ടാക്കാം….
ന്റെ പൊന്നു ഡോക്ടർ മോനെ….ഞാൻ ഒരമ്മയായി…അത്രേ ഉള്ളു…എന്താ വല്ല പ്രശ്നവുമുണ്ടോ….?അവർ ചിരി ഉള്ളിലൊതുക്കി ഗൗരവത്തോടെ മറുപടി പറഞ്ഞു.
ഏയ് എന്തു പ്രശ്നം…ഒരു പ്രശ്നവുമില്ല…ഗോപൻ വേഗം എഴുന്നേറ്റു കൗണ്ടറിൽ ചെന്നു…